വ്യക്താവ്യക്തമിദം ന കിഞ്ചിദഭവത്പ്രാക്പ്രാകൃതപ്രക്ഷയേ
മായായാം ഗുണസാമ്യരുദ്ധവികൃതൗ ത്വയ്യാഗതായാം ലയം |
നോ മൃത്യുശ്ച തദാമൃതം ച സമഭൂന്നാഹ്നോ ന രാത്രേ: സ്ഥിതി-
സ്തത്രൈകസ്ത്വമശിഷ്യഥാ: കില പരാനന്ദപ്രകാശാത്മനാ || 1 ||
പണ്ട് ബ്രഹ്മപ്രളയത്തില്‍ സത്വം, രജസ്സ്, തമസ്സ്, എന്നീ ഗുണങ്ങളുടെ സാമ്യാവസ്ഥയില്‍ നിരോധിക്കപ്പെട്ട വികരങ്ങളോടുകൂടിയ മായ അങ്ങയില്‍ ലയിച്ചപ്പോള്‍ സ്ഥൂല, സൂക്ഷ്മരൂപത്തിലുള്ള ഈ പ്രപഞ്ചം ഒന്നുംതന്നെ ഉണ്ടായിരുന്നില്ല; അക്കാലത്ത് ജനനമരണാത്മകമായ സംസാരവും മോക്ഷവും സംഭവിച്ചിരുന്നില്ല! പകലിന്റെ സ്ഥിതിയുമില്ല; അക്കാലത്ത് നിന്തിരുവടി ഒരുവന്‍ മാത്രം പരമാനന്ദജ്യോതിസ്വരുപമായി അവശേഷിച്ചിരുന്നുപോലും.
കാല: കര്‍മ്മ ഗുണാശ്ച ജീവനിവഹാ വിശ്വം ച കാര്യം വിഭോ
ചില്ലീലാരതിമേയുഷി ത്വയി തദാ നിര്‍ലീനതാമായയു: |
തേഷാം നൈവ വദന്ത്യസത്ത്വമയി ഭോ: ശക്ത്യാത്മനാ തിഷ്ഠതാം
നോ ചേത് കിം ഗഗനപ്രസൂനസദൃശാം ഭൂയോ ഭവേത്സംഭവ: || 2 ||
ഭഗവന്‍! സത്വം, രജസ്സ്, തമസ്സ്, എന്നീ ഗുണങ്ങളും അവയ്ക്കു ക്ഷോഭമുണ്ടാക്കുന്ന കാലവും ജീവികള്‍ക്കുള്ള അദൃഷ്ടരൂപമായ കര്‍മ്മവും ജീവരാശികളും കാര്യഭൂതമായ പ്രപഞ്ചവും അപ്പോള്‍ ചിത്താകുന്ന സ്വന്തം രൂപത്തെ അനുസന്ധാനംചെയ്യുക എന്ന ലീലയില്‍ ആസക്തനായ (യോഗനിദ്രയെ കൈക്കൊണ്ട) അങ്ങയില്‍ ലയത്തെ പ്രാപിച്ചു. അല്ലയോ ഭഗവന്‍! അങ്ങയുടെ ശക്തിയായ മായയുടെ സ്വരൂപത്തില്‍ സ്ഥിതിചെയ്യുന്ന അവയ്ക്ക് നാശരുപത്തിലുള്ള അഭാവമുണ്ടെന്ന് (ശ്രുതികള്‍) ഒന്നുംതന്നെ പറയുന്നില്ല; അങ്ങിനെയല്ലെങ്കില്‍ ആകാശകുസുമങ്ങള്‍ക്ക് തുല്യങ്ങളായ അവയ്ക്ക് വീണ്ടും പ്രളയാവസാനത്തില്‍ ഉത്ഭവം എങ്ങിനെ സംഭവിക്കും?
ഏവം ച ദ്വിപരാര്‍ദ്ധകാലവിഗതാവീക്ഷാം സിസൃക്ഷാത്മികാം
ബിഭ്രാണേ ത്വയി ചുക്ഷുഭേ ത്രിഭുവനീഭാവായ മായാ സ്വയം |
മായാത: ഖലു കാലശക്തിരഖിലാദൃഷ്ടം സ്വഭാവോപി ച
പ്രാദുര്‍ഭൂയ ഗുണാന്വികാസ്യ വിദധുസ്തസ്യാസ്സഹായക്രിയാം || 3 ||
ഈ വിധത്തില്‍ രണ്ടു പരാര്‍ദ്ധകാലത്തിന്റെ അവസാനത്തില്‍ സൃഷ്ടിക്കുന്നതിലുള്ള അഭിലാഷമാകുന്ന കടാക്ഷത്തെ നിന്തിരുവടി ധരിക്കുന്ന സമയം മൂന്നുലോകങ്ങളുടേയും സ്വരുപത്തില്‍ പരിണമിക്കുന്നതിനായി മായ തന്നത്താന്‍ ക്ഷോഭിച്ചുവശായി; ആ മായയില്‍ നിന്നുതന്നെ കാലമെന്നു പറയുന്ന ഭഗവച്ഛക്തിയും സകലജീവജാലങ്ങളുടേയും പുണ്യപാപരുപത്തിലുള്ള അദൃഷ്ടകര്‍മ്മവും അതിനനുസരിച്ച് വാസനയും പ്രത്യക്ഷമായിട്ട് ഗുണത്രയങ്ങളെ വികസിപ്പിച്ച് ആ മായയ്ക്ക് സഹായത്തെ നല്‍കി.
മായാസന്നിഹിതോപ്രവിഷ്ടവപുഷാ സാക്ഷീതി ഗീതോ ഭവാന്‍
ഭേദൈസ്താം പ്രതിബിംബതോ വിവിശിവാന്‍ ജീവോപി നൈവാപര: |
കാലാദിപ്രതിബോധിതാഥ ഭവതാ സംചോദിതാ ച സ്വയം
മായാ സാ ഖലു ബുദ്ധിതത്ത്വമസൃജദ്യോസൗ മഹാനുച്യതേ || 4 ||
മായയില്‍ പ്രവേശിക്കാത്ത സ്വരുപത്തോടെ മായയുടെ സമീപത്ത് സ്ഥിതിചെയ്യുന്നവനായ നിന്തിരുവടി സാക്ഷി എന്ന് പറയപ്പെടുന്നു; ഛായസ്വരുപേണ അനേകഭേദങ്ങളോടുകൂടി അവളെ പ്രവേശിച്ച് ജീവാത്മാവ് എന്നറിയപ്പെടുന്നതും ഭവാനല്ലാതെ മറ്റാരുമല്ല. ആ മായതന്നെയാണ് അനന്തരം കാലം, കര്‍മ്മം സ്വഭാവം എന്നവയാല്‍ ഉണര്‍ത്തപ്പെട്ട് നിന്തിരുവടിയാല്‍ പ്രേരിക്കപ്പെട്ടതുമായിട്ട് തന്നത്താന്‍ ബുദ്ധിതത്വത്തെ സൃഷ്ടിച്ചത്; ആ ബുദ്ധിതത്വം തന്നെ മഹത്തത്വം എന്ന് പറയപ്പെടുന്നത്.
തത്രാസൗ ത്രിഗുണാത്മകോപി ച മഹാന്‍ സത്ത്വപ്രധാന: സ്വയം
ജീവേസ്മിന്‍ ഖലു നിര്‍വികല്പമഹമിത്യുദ്ബോധനിഷ്പാദകഃ |
ചക്രേസ്മിന്‍ സവികല്പബോധകമഹന്തത്ത്വം മഹാന്‍ ഖല്വസൗ
സംപുഷ്ടം ത്രിഗുണൈസ്തമോതിബഹുലം വിഷ്ണോ ഭവത്പ്രേരണാത് ||5||
ആ മായ കാര്യങ്ങളാല്‍ സ്വതേതന്നെ സത്വരജസ്തമോഗുണ സ്വരുപത്തോടുകൂടിയതാണെങ്കിലും സത്വഗുണപ്രധാനിയായ ഈ മഹത്തത്വം ഈ ജീവാത്മാവില്‍ മനുഷ്യത്വാദി പ്രതീതികൂടാതെതന്നെ “ഞാന്‍” എന്ന ബോധത്തെ ഉണ്ടാക്കുന്നതാകുന്നു. സര്‍വ്വവ്യാപകനായ ഭഗവന്‍! ഈ മഹത്തത്വം അങ്ങയുടെ പ്രേരണകൊണ്ട് ഗുണത്രയങ്ങളാലും പോഷിപ്പിക്കപ്പെട്ടതായി അങ്ങിനെയാണെങ്കിലും തമോഗുണപ്രാധാനമായി ഈ ജീവാത്മവില്‍ മനുഷ്യത്വാദി വിശേഷബോധത്തെ ഉണ്ടാക്കുന്നതായ അഹങ്കാരത്തെ സൃഷ്ടിച്ചു.
സോഹം ച ത്രിഗുണക്രമാത് ത്രിവിധതാമാസാദ്യ വൈകാരികോ
ഭൂയസ്തൈജസതാമസാവിതി ഭവന്നാദ്യേന സത്ത്വാത്മനാ
ദേവാനിന്ദ്രിയമാനിനോകൃത ദിശാവാതാര്കപാശ്യശ്വിനോ
വഹ്നീന്ദ്രാച്യുതമിത്രകാന്‍ വിധുവിധിശ്രീരുദ്രശാരീരകാന്‍ || 6 ||
ആ അഹങ്കാരമാകട്ടെ ഉത്ഭവിച്ചിട്ട് പിന്നേയും സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളുടെ ക്രമമനുസരിച്ച് വൈകാരികമെന്നും തൈജസമെന്നും താമസമെന്നും ഇങ്ങിനെ മൂന്നു അവസ്ഥകളെ പ്രാപിച്ച് ഒന്നാമത്തെ സാത്വികസ്വരുപംകൊണ്ട് ദിക്ക് (*ശ്രോത്രം, ത്വക്ക്, നേത്രം, ജിഹ്വാ, ഘ്രാണം എന്നീ അഞ്ചു കര്‍മ്മേന്ദ്രിയങ്ങളും, മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നീ നാലു അന്തരീന്ദ്രിയങ്ങളുംകൂടി പതിന്നാലിന്ദ്രിയങ്ങള്‍ക്ക് യഥാക്രമം അഭിമാനദേവതകള്‍), വായു, ആദിത്യന്‍, വരുണന്‍, അശ്വിനീദേവതകള്‍, അഗ്നി, ഇന്ദ്രന്‍ , വിഷ്ണു, മിത്രന്‍ (പ്രജാപതി), ചന്ദ്രന്‍, ബ്രഹ്മാവ്, ശ്രീരുദ്രന്‍, ക്ഷേത്രജ്ഞന്‍ എന്നിങ്ങനെയുള്ള ഇന്ദ്രിയാഭിമാനികളായ ദേവന്മാരെ സൃഷ്ടിച്ചു.
ഭൂമന്‍ മാനസബുദ്ധ്യഹംകൃതിമിലച്ചിത്താഖ്യവൃത്ത്യന്വിതം
തച്ചാന്ത:കരണം വിഭോ തവ ബലാത് സത്ത്വാംശ ഏവാസൃജന്‍ |
ജാതസ്തൈജസതോ ദശേന്ദ്രിയഗണസ്തത്താമസാംശാത്പുന-
സ്തന്മാത്രം നഭസോ മരുത്പുരപതേ ശബ്ദോജനി ത്വദ്ബലാത് || 7 ||
ഐശ്വര്യാദി ഷഡ്ഗുണങ്ങളും തികഞ്ഞ സര്‍വ്വേശ്വര! നിന്തിരുവടിയുടെ പ്രേരണയാല്‍ അഹങ്കാരത്തിന്റെ ആ സാത്വികഭാഗംതന്നെ മനോബുദ്ധ്യഹങ്കാരങ്ങളോടുകൂടിചേര്‍ന്നിരിക്കുന്ന ആ ചിത്തം വൃത്തിയോടുകൂടിയ ആ അന്തഃകരണത്തേയും സൃഷ്ടിച്ച് രാജസാഹങ്കാരത്തില്‍നിന്ന് ജ്ഞാനേന്ദ്രിയങ്ങള്‍ അഞ്ചും കര്‍മ്മേന്ദ്രിയങ്ങള്‍ അഞ്ചും കൂടി പത്ത് ഇന്ദ്രിയങ്ങളുടെ സമൂഹവും ഉണ്ടായി; അല്ലയോ വാതാലയേശ! അതിന്റെ (അഹങ്കാരത്തിന്റെ ) താമസാംശത്തില്‍നിന്ന് പിന്നീട് അങ്ങയുടെ പ്രേരണയാല്‍ ആകാശത്തിന്റെ സൂക്ഷ്മാംശമായ ശബ്ദവും ഉത്ഭവിച്ചു.
ശബ്ദാദ്വ്യോമ തത: സസര്‍ജിഥ വിഭോ സ്പര്‍ശം തതോ മാരുതം
തസ്മാദ്രൂപമതോ മഹോഥ ച രസം തോയം ച ഗന്ധം മഹീം |
ഏവം മാധവ പൂര്‍വ്വപൂര്‍വ്വകലനാദാദ്യാദ്യധര്‍മ്മാന്വിതം
ഭൂതഗ്രാമമിമം ത്വമേവ ഭഗവന്‍ പ്രാകാശയസ്താമസാത് || 8 ||
ഈശ! നിന്തിരുവടി ശബ്ദത്തില്‍നിന്ന് ആകാശത്തേയും അതില്‍നിന്ന് സ്പര്‍ശത്തേയും അതില്‍നിന്ന് അനന്തരം വായുവിനേയും ആ വായുവില്‍നിന്ന് രസത്തേയും അതില്‍നിന്ന് ജലത്തേയും അതില്‍നിന്ന് ഗന്ധത്തേയും ഗന്ധത്തില്‍നിന്ന് ഭൂമിയേയും ക്രമത്തില്‍ സൃഷ്ടിച്ചു! ലക്ഷ്മിവല്ലഭ! ഭഗവന്‍ ഇങ്ങിനെ മുമ്പുമുമ്പുണ്ടായതിന്റെ സംബന്ധം ഹേതുവായി ആദ്യമാദ്യം ഉണ്ടായിട്ടുള്ളവയുടെ ഗുണങ്ങളോടുകൂടിയ ഈ ഭൂതസമൂഹത്തെ അങ്ങുതന്നെ താമസാഹങ്കാരത്തില്‍നിന്നും പ്രകാശിപ്പിച്ചു.
ഏതേ ഭൂതഗണാസ്തഥേന്ദ്രിയഗണാ ദേവാശ്ച ജാതാ: പൃഥക്‍-
നോ ശേകുര്‍ഭവനാണ്ഡനിര്‍മ്മിതിവിധൗ ദേവൈരമീഭിസ്തദാ |
ത്വം നാനാവിധസൂക്തിഭിര്‍ന്നുതഗുണസ്തത്ത്വാന്യമൂന്യാവിശം-
ശ്ചേഷ്ടാശക്തിമുദീര്യ താനി ഘടയന്‍ ഹൈരണ്യമണ്ഡം വ്യധാ: || 9 ||
ഈ ഭൂതസമൂഹങ്ങളും അതുപോലെതന്നെ ഇന്ദ്രിയഗണങ്ങളും അവയുടെ അഭിമാനദേവതകളും ജനിച്ചു. എന്നാല്‍ അവര്‍ വെവ്വേറെ ബ്രഹ്മാണ്ഡ നിര്‍മ്മാണവിഷയത്തില്‍ ശക്തരായി ഭവിച്ചില്ല; ആ സമയം ഈ ദേവന്മാരാല്‍ പലവിധത്തിലുള്ള സ്തോത്രങ്ങളെക്കൊണ്ട് കീര്‍ത്തിക്കപ്പെട്ട ഗുണങ്ങളോടുകൂടിയ നിന്തിരുവടി ഈ തത്വങ്ങളെ പ്രവേശിച്ച് അവക്ക് ക്രിയാശക്തി നല്‍കി അവയെ ഒന്നായി കൂട്ടിയിണക്കി സ്വര്‍ണ്ണമയമായ ബ്രഹ്മാണ്ഡത്തെ നിര്‍മ്മിച്ചു.
അണ്ഡം തത്ഖലു പൂര്‍വ്വസൃഷ്ടസലിലേതിഷ്ഠത് സഹസ്രം സമാ:
നിര്‍ഭിന്ദന്നകൃഥാശ്ചതുര്‍ദ്ദശജഗദ്രൂപം വിരാഡാഹ്വയം |
സാഹസ്രൈ: കരപാദമൂര്‍ദ്ധനിവഹൈര്‍നിശ്ശേഷജീവാത്മകോ
നിര്‍ഭാതോസി മരുത്പുരാധിപ സ മാം ത്രായസ്വ സര്‍വ്വാമയാത് || 10 ||
ആ ബ്രഹ്മാണ്ഡമാവട്ടെ മുമ്പേതന്നെ നിര്‍മ്മിക്കപ്പെട്ട കാരണജലത്തില്‍ ആയിരം സംവത്സരംകാലം സ്ഥിതിചെയ്തു. അനന്തരം നിന്തിരുവടി അതിനെ പലപ്രകാരത്തില്‍ വിഭാഗിച്ച് പതിന്നാലു ലോകങ്ങളാകുന്ന സ്വരുപത്തോടുകൂടിയ വിരാട് എന്ന് പറയുന്ന ശരീരമാക്കിചെയ്തു. അനേകായിരം കൈ, കാല്‍, ശിരസ്സ് എന്നീ അവയവ ങ്ങളോടുകൂടിയവനായി സകല ചരാചരങ്ങളേയും ജീവസ്വരുപനായി അങ്ങ് പരിലസിച്ചു! വാതാലയേശ! അപ്രകാരമുള്ള നിന്തിരുവടി എന്നെ എല്ലാ രോഗങ്ങളില്‍നിന്നും കാത്തരുളേണമേ.
വിരാട് പുരൂഷോത് പത്തിപ്രകാരവര്‍ണ്ണനം എന്ന അഞ്ചാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 55.
വൃത്തം – ശാര്‍ദൂലവിക്രീഡിതം.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.