യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 470 – ഭാഗം 6 നിര്‍വാണ പ്രകരണം.

ഏതാവദേവ ഖലു ലിംഗമലിംഗമൂര്‍ത്തേ
സംശാന്തസംസൃതി ചിരഭ്രമനിര്‍വൃതസ്യ
തജ്ജ്ഞസ്യ യന്‍മദനകോപവിഷാദമോഹ
ലോഭാപദാമനുദിനം നിപുണം തനുത്വം (6/123/6)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങനെ മനുവിന്റെ ഉപദേശം സ്വീകരിച്ച ഇഷ്വാകു പ്രബുദ്ധനായി. രാമാ, അങ്ങനെയൊരു മനോഭാവം നീയും വളര്‍ത്തിയെടുക്കൂ.

രാമന്‍ ചോദിച്ചു: അങ്ങ് പറഞ്ഞതുപോലെയാണ് പ്രബുദ്ധനായ ഒരുവന്റെ സ്വഭാവമെങ്കില്‍ അതിലെന്താണിത്ര അസാധാരണത്വം? എന്താണതിനൊരു പ്രത്യേകതയുള്ളത്?

വസിഷ്ഠന്‍ തുടര്‍ന്നു: മറിച്ച് ആകാശഗമനാദി സിദ്ധികളും മാനസീകമായ മറ്റുകഴിവുകളും നേടിയാലും എന്താണതിനൊരു പ്രത്യേകത? സമതാഭാവം ഇല്ലാതിരിക്കുക എന്നതാണ് അജ്ഞാനിയുടെ സ്വഭാവം. എന്നാല്‍ പ്രബുദ്ധതയാര്‍ജ്ജിച്ച ജ്ഞാനിയുടേതോ, മനശ്ശുദ്ധിയും അനാസക്തിയുമാണ് സ്വഭാവം.

“പ്രബുദ്ധരായവര്‍ അവരുടെ സ്വഭാവസവിശേഷതകളാലല്ല അറിയപ്പെടുന്നത്. അയാളില്‍ ഭ്രമമോ ചിന്താക്കുഴപ്പമോ ഇല്ല. സംസാരം, അല്ലെങ്കില്‍ ലോകം അയാളില്‍ അവസാനിച്ചിരിക്കുന്നു. കാമക്രോധമദമാല്‍സര്യാദികളും മറ്റു ഗുണങ്ങളും അയാളില്‍ തീരെ ക്ഷയിച്ച് നാമമാത്രമായ അവസ്ഥയിലാണ്.

ഭഗവാനാണ് വ്യക്തിഗതജീവനായി സ്വയം മാറുന്നത്. അഹേതുകമായാണ് മൂലഘടകങ്ങള്‍ വിശ്വത്തില്‍ ഉയര്‍ന്നുവരുന്നത്. ഭഗവാനില്‍ നിന്നും ഉദ്ഭവിച്ച വ്യക്തി, വിഷയങ്ങളെ (ഘടകങ്ങളെ) അനുഭവിക്കുന്നത് അവ ഭഗവല്‍സൃഷ്ടികളാണെന്ന ഭാവത്തിലാണ്. അങ്ങനെ ആദ്യമായി ജീവനുകള്‍ ഉണ്ടായിവുന്നതിന് കാരണങ്ങള്‍ ഇല്ല. എന്നാല്‍ അവയുടെ തുടര്‍ന്നുള്ള കര്‍മ്മങ്ങള്‍ അവരുടെ പിന്‍കാലത്തെ സുഖദുഖാദി അനുഭവങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.

വ്യക്തിയുടെ അറിവിന്റെ പരിമിതികളാണ് അവന്റെ കര്‍മ്മങ്ങള്‍ക്ക് ഹേതുവാകുന്നത്. ആ പരിമിതജ്ഞാനവും ധാരണകളുമാണ് വ്യക്തിയെ ബന്ധനത്തിലാക്കുന്നത്. അവയുടെ അഭാവമാണ് മുക്തി.

അതുകൊണ്ട് എല്ലാ സങ്കല്‍പ്പധാരണകളെയും അവസാനിപ്പിക്കൂ. ഇവിടെ നിന്നെ എന്തെങ്കിലും ആകര്‍ഷിക്കുന്നുണ്ടെങ്കില്‍ അത് നിന്നെ ബന്ധിക്കുന്നു എന്നര്‍ത്ഥം. ഒന്നിനോടും നിനക്ക് ആകര്‍ഷണമില്ലായെങ്കില്‍ നീ സ്വതന്ത്രന്‍. നീയെന്തു ചെയ്യുമ്പോഴും ആസ്വദിക്കുമ്പോഴും നീയല്ല അതിന്റെ കര്‍ത്താവ്. ഈ അറിവില്‍ അഭിരമിക്കൂ.

ധാരണകള്‍ എല്ലാം മനസ്സിലാണ്. മനസ്സിനെ മനസ്സിനാല്‍ത്തന്നെ കീഴടക്കൂ. മനസ്സിനെ മനസ്സുകൊണ്ട് നിര്‍മ്മലമാക്കൂ. മനസ്സിനെ മനസ്സുകൊണ്ട് ഇല്ലാതാക്കൂ. വസ്ത്രമലക്കുന്നവന്‍ ഒരു ചെളി ഉപയോഗിച്ചാണ് മറ്റു ചെളികള്‍ ഇളക്കി വസ്ത്രം വൃത്തിയാക്കുന്നത്. ഒരു മുള്ളെടുക്കാന്‍ മറ്റൊരു മുള്ളുകൊണ്ട് സാധിക്കും. വിഷത്തിനു പരിഹാരം മറ്റൊരു വിഷം.

ജീവന് സ്ഥൂലം, സൂക്ഷ്മം, പരമം എന്നിങ്ങനെ മൂന്നുതരം ഭാവങ്ങളുണ്ട്. ഭൌതീകശരീരമാണ് സ്ഥൂലമായ ഭാവം. മനസ്സും അതിലെ സങ്കല്‍പ്പധാരണകളും ചേര്‍ന്നതാണ് സൂക്ഷ്മഭാവം. ഈ രണ്ടിനെയും ഉപേക്ഷിച്ച് നിത്യശുദ്ധവും ഉപാധിരഹിതവുമായ ബോധത്തെ സമാശ്രയിക്കൂ. മറ്റു രണ്ടിനെയും ഉപേക്ഷിച്ച് ഈ ഒന്നില്‍ സുദൃഢമായി വിരാജിക്കൂ.