MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

നാരദരാഘവസംവാദം

എങ്കിലൊരുദിനം ദാശരഥിരാമന്‍
പങ്കജലോചനന്‍ ഭക്തപരായണന്‍
മംഗലദേവതാകാമുകന്‍ രാഘവന്‍
അംഗജനാശനവന്ദിതന്‍ കേശവന്‍
അംഗജലീലപൂണ്ടന്തഃപുത്തിങ്കല്‍
മംഗലഗാത്രിയ‍ാം ജാനകി തന്നൊടും
നീലോത്‌പലദളലോലവിലോചനന്‍
നീലോപലാഭന്‍ നിരുപമന്‍ നിര്‍മ്മലന്‍
നീലഗളപ്രിയന്‍ നിത്യന്‍ നിരാമയന്‍
രത്നാഭരണവിഭൂഷിതദേഹനായ്‌
രത്നസിംഹാസനം ത്ന്മേലനാകുലം
രത്നദണ്ഡം പൂണ്ടു വെണ്‍ചാമരം കൊണ്ടു
പത്നിയാല്‍ വീജിതനായതികോമളന്‍
ബാലനിശാകരഫാലദേശേലസന്‍-
മാലേയപങ്കമലങ്കരിച്ചങ്ങനെ
ബാലാര്‍ക്കസന്നിഭകൗസ്തുഭകന്ധരന്‍
പ്രാലേയഭാനുസമാനനയാസമം
ലീലയാ ത‍ാംബൂലചര്‍വ്വണാദ്യൈരനു-
വേലം വിനോദിച്ചിരുന്നരുളുന്നേരം,
ആലോകനാര്‍ത്ഥം മഹാമുനി നാരദന്‍
ഭൂലോകമപ്പോളലങ്കരിച്ചീടിനാന്‍.
മുഗ്ദ്ധശരശ്ചന്ദ്രതുല്യതേജസ്സൊടും
ശുദ്ധസ്പടികസങ്കാശസ്രീരനായ്‌
സത്വരമംബരത്തിങ്കല്‍ നിന്നാദരാല്‍
തത്രൈവ വേഗാലവതരിച്ചീടിനാന്‍.

ശ്രീരാമദേവനും സംഭ്രമം കൈക്കൊണ്ടു
നാരദനെക്കണ്ടെഴുന്നേറ്റു സാദരം
നാരീമണിയായ ജാനകിതന്നൊടും
പാരില്വീണാശു നമസ്കരിച്ചീടിനാന്‍.
പാദ്യാസനാചമനീയര്‍ഘ്യപൂര്‍വ്വക-
മാദ്യേന പൂജിതനാകിയ നാരദന്‍
തന്നിയോഗത്താലിരുന്നൊരു രാഘവന്‍
മന്ദസ്മിതം പൂടു നന്ദിച്ചു സാദരം
മന്ദം മുനിവരന്‍ തന്നോടരുള്‍ ചെയ്തു,
“വന്ദേ പദം കരുണാനിധേ, സാമ്പ്രദം.
നാനാവിഷയസംഗം പൂണ്ടു മേവിന
മാനസത്തോടു സംസാരികളായുള്ള
മാനവന്മാരായ ഞങ്ങള്‍ക്കു ചിന്തിച്ചാല്‍
ജ്ഞാനിയാകും തവപാദപങ്കേരുഹം

നാനാവിഷയസംഗം പൂണ്ടു മേവിന
മാനസത്തോടു സംസാരികളായുള്ള
മാനവന്മാരായ ഞങ്ങള്‍ക്കു ചിന്തിച്ചാല്‍
ജ്ഞാനിയാകും തവ പാദപങ്കേരുഹം
കണ്ടുകൊള്‍വാനതി ദുര്‍ല്ലഭം നിര്‍ണ്ണയം
പണ്ടു ഞാന്‍ ചെയ്തൊരു പുണ്യഫലോദയം
കൊണ്ടു കാണ്മാനവകാശവും വന്നിതു
പുണ്ഡരീകോത്ഭവപുത്ര, മഹാമുനേ.
എന്നുടെ വംശവും ജന്മവും രാജ്യവു-
മിന്നു വിശുദ്ധമായ്‌ വന്നു തപോനിധേ.
എന്നാലിനിയെന്തു കാര്യമെന്നും പുന-
രെന്നോടരുള്‍ ചെയ്ക വേണം ദയാനിധേ.
എന്തൊരു കാര്യം നിരൂപിച്ചെഴുന്നള്ളീ
സന്തോഷമുള്‍ക്കൊണ്ടരുള്‍ ചെയ്കയും വേണം.
മന്ദനെന്നാകിലും കാരുണ്യമുണ്ടെങ്കില്‍
സന്ദേഹമില്ല, സാധിപ്പിപ്പനെല്ലാമേ.
ഇത്ഥമാകര്‍ണ്യ രഘുവരന്‍ തന്നൊടു
മുഗ്ദ്ധഹാസേന മുനിവരനാകിയ
നാരദനും ഭക്തവത്സലന‍ാം മനു-
വീരനെ നോക്കി സരസമരുള്‍ ചെയ്തു.
“എന്തിനിന്നെന്നെ മോഹിപ്പിപ്പതിന്നു നീ
സന്തതം ലോകാനുകാരികളായതി-
ചാതുര്യമുള്ളൊരു വാക്കുകളേറ്റവും
മാധുര്യമോടു ചൊല്ലീടുവതിങ്ങനെ?
മുഗ്ദ്ധങ്ങളായുള്ള വാക്കുകളെക്കൊണ്ടു
ചിത്തമോഹം വളര്‍ക്കേണ്ട രഘുപതേ.
ലൗകികമായുള്ള വാക്യങ്ങളെന്നാലും
ലോകോത്തമാന്മാര്‍ക്കു വേണ്ടിവരുമല്ലോ!
യോഗേശനായ നീ സംസാരി ഞാനെന്നു
ലോകേശ, ചൊന്നതു സത്യമത്രേ ദൃഢം,
സര്‍വ്വജഗത്തിനും കാരണഭൂതയായ്‌
സര്‍വ്വമാതാവായ മായാഭഗവതി
സര്‍വ്വജഗല്‍പ്പിതാവാകിയ നിന്നുടെ
ദിവ്യഗൃഹിണിയാകുന്നതു നിര്‍ണ്ണയം.
ഈരേഴു ലോകവും നിന്റെ ഗൃഹമപ്പോള്‍
ചേരും ഗൃഹസ്ഥനാകുന്നതെന്നുള്ളതും.
നിന്നുടെ സന്നിധിമാത്രേണ മായയില്‍
നിന്നു ജനിക്കുന്നു നാനാപ്രജകളും.
അര്‍ണ്ണോജസംഭവനായി തൃണാന്തമായ്‌
ഒന്നൊഴിയാതെ ചരാചരജന്തുക്കള്‍
ഒക്കവേ നിന്നപത്യം, പുനരാകയാല്‍
ഒക്കും പറഞ്ഞതു സംസാരിയെന്നതും.
ഇക്കണ്ട ലോകജന്തുക്കള്‍ക്കു സര്‍വ്വദാ
മുഖ്യനാകും പിതാവായതും നീയല്ലോ!
ശുക്ലരക്താസിതവര്‍ണ്ണഭേദം പൂണ്ടു
സത്വരജസ്തമോനാമഗുണത്രയ-
യുക്തയായീടിന വിഷ്ണുമഹാമായാ-
ശക്തിയല്ലോ തവ പത്നിയാകുന്നതും.
സത്വങ്ങളെ ജനിപ്പിക്കുന്നതുമവള്‍
സത്യം ത്വയോക്തമതിനില്ല സംശയം.
പുത്രമിത്രാര്‍ത്ഥകളത്രവസ്തുക്കളില്‍
സക്തനായുള്ളു ഗൃഹസ്ഥന്‍ മഹാമതേ
ലോകത്രയമഹാഗേഹത്തിനു ഭവാന്‍
ഏകനായോരു ഗൃഹസ്ഥനാകുന്നതും.
നാരായണന്‍ നീ രമാദേവി ജാനകി
ആദിത്യനല്ലോ ഭവാന്‍, പ്രഭാ ജാനകി,
ശീതകിരണന്‍ നീ രോഹിണി ജാനകി
ആദിതേയാധിപന്‍ നീ ശചി ജാനകി.
ജാതവേദസ്സു നീ സ്വാഹാ മഹീസുതാ,
അര്‍ക്കജന്‍ നീ ദണ്ഡനീതിയും ജാനകി.
രക്ഷോവരന്‍ ഭവാന്‍ താമസി ജാനകി
പുഷ്കരാക്ഷന്‍ ഭവാന്‍ ഭാര്‍ഗ്ഗവി ജാനകി.
ശക്രദൂതന്‍ നീ സദാഗതി ജാനകി.,
രാജരാജന്‍ ഭവാന്‍ സമ്പല്‍ക്കരി സീത
രാജരാജന്‍ നീ വസുന്ധര ജാനകി.
രാജപ്രവരകുമാര, രഘുപതേ,
രാജീവലോചന, രാമ, ദയാനിധേ
രുദ്രനല്ലോ ഭവാന്‍ രുദ്രാണി ജാനകി
സ്വര്‍ദ്രുമം നീ ലതാരൂപിണി ജാനകി.
വിസ്തരിച്ചെന്തിനേറെപ്പറഞ്ഞീടുന്നു
സത്യപരാക്രമ, സദ്ഗുണവാരിധേ
യാതൊന്നു യാതൊന്നു പുല്ലിംഗവാചകം
വേദാന്തവേദ്യ, തല്‍സര്‍വ്വവുമേവ നീ.
ചേതോവിമോഹനസ്ത്രീലിംഗവാചകം
യാതൊന്നതൊക്കവേ ജാനകീദേവിയും.
നിങ്ങളിരുവരുമെന്നിയേ മറ്റൊന്നു-
മെങ്ങുമേ കണ്ടീല കേള്‍പ്പാനുമില്ലല്ലോ.
അങ്ങനെയുള്ളോരു നിന്നെത്തിരഞ്ഞറി-
ഞ്ഞെങ്ങനെ സേവിച്ചു കൊള്‍വൂ ജഗല്‍പതേ.
മായയാ മൂടി മറഞ്ഞിരിക്കുന്നൊരു
നീയല്ലോ നൂനമവ്യാകൃതമായതും.
പിന്നെയതിങ്കല്‍ നിന്നുള്ളു മഹത്തത്വ-
മെന്നതതിങ്കല്‍ നിന്നുണ്ടായി സൂത്രവും,
സര്‍വ്വാത്മകമായ ലിംഗമതിങ്കല്‍ നി-
ന്നുര്‍വ്വീപതേ പുനരുണ്ടായ്ച്ചമഞ്ഞതും,
എന്നതഹങ്കാരബുദ്ധി പഞ്ചപ്രാണ-
നിന്ദ്രിയജാലസംയുക്തമായൊന്നല്ലോ!
ജന്മമൃതിസുഖദുഃഖാദികളുണ്ടു
നിര്‍മ്മലന്മാര്‍ ജീവനെന്നു ചൊല്ലുന്നതും
ചൊല്ലാവതല്ലാതനാദ്യവിദ്യാഖ്യയെ-
ച്ചൊല്ലുന്നു കാരണോപാധിയെന്നും ചിലര്‍.
മൂലവും സൂക്ഷ്മവും കാരണമെന്നതും
മൂലമ‍ാം ചിത്തിനുള്ളോരുപാധിത്രയം.
എന്നിവറ്റാല്‍ വിശിഷ്ടം ജീവനായതും
അന്യൂനന‍ാം പരന്‍ തദ്വിയുക്തന്‍ വിഭോ!
സര്‍വ്വപ്രപഞ്ചത്തിനും ബിംബഭൂതനായ്‌
സര്‍വ്വോപരിസ്ഥിതനായ്‌ സര്‍വ്വസാക്ഷിയായ്‌
തേജോമയന‍ാം പരന്‍ പരമാത്മാവു
രാജീവലോചനനാകുന്ന നീയല്ലോ!
നിങ്കല്‍ നിന്നുണ്ടായ്‌ വരുന്നിതു ലോകങ്ങള്‍
നിങ്കല്‍ പ്രതിഷ്ഠിതമായിരിക്കുന്നതും
നിങ്കലത്രേ ലയിക്കുന്നതുമൊക്കവേ
നിന്‍ കളിയാകുന്നിതൊക്കെയോര്‍ക്കും വിധൗ.
കാരണമെല്ലാറ്റിനും ഭവാന്‍ നിര്‍ണ്ണയം
നാരായണ, നരകാരേ, നരാധിപ.
ജീവനും രജ്ജുവിങ്കല്‍ സര്‍പ്പമെന്നുള്ള
ഭാവന കൊണ്ടു ഭയത്തെ വഹിക്കുന്നു.
നേരേ പരമാത്മാ ഞാനെന്നറിയുമ്പോള്‍
തീരും ഭവഭയമൃത്യുദുഃഖാദികള്‍.
ത്വല്‍ക്കഥാനാമശ്രവണാദികൊണ്ടുടന്‍
ഉള്‍ക്കാമ്പിലുണ്ടായ്‌ വരും ക്രമാല്‍ ഭക്തിയും.
ത്വല്‍പ്പാദപങ്കജഭക്തി മുഴുക്കുമ്പോള്‍
ത്വല്‍ബ്ബോധവും മനക്കാമ്പിലുദിച്ചിടും.
ഭക്തിമുഴുത്തുതത്ത്വജ്ഞാനമുണ്ടായാല്‍
മുക്തിയും വന്നിടുമില്ലൊരു സംശയം.
ത്വല്‍ഭക്തഭൃത്യഭൃത്യന്മാരിലേകനെ-
ന്നല്‍പജ്ഞനാമെന്നെയും കരുതേണമേ.
ത്വന്നാഭിപങ്കജത്തിങ്കല്‍നിന്നേകദാ
മുന്നമുണ്ടായി ചതുര്‍മുഖന്‍ മല്‍പിതാ.
നിന്നുടെ പൗത്രനായ്‌ ഭക്തനായ്‌ മേവിനോ-
രെന്നെയനുഗ്രഹിക്കേണം വിശേഷിച്ചും.
പിന്നെയും പിന്നെയും വീണു നമസ്കരി-
ച്ചന്നിവണ്ണം പറഞ്ഞീടിനാന്‍ നാരദന്‍.
ആനന്ദബാഷ്പപരിപ്ലുതനേത്രനായ്‌
വീണാധരന്‍ മുനി പിന്നെയും ചൊല്ലിനാന്‍:
“ഇപ്പോളിവിടേയ്ക്കു ഞാന്‍ വന്ന കാരണ-
മുല്‍പലസംഭവന്‍ തന്റെ നിയോഗത്താല്‍
രാവണനെക്കൊന്നു ലോകങ്ങള്‍ പാലിപ്പാന്‍
ദേവകളോടരുള്‍ ചെയ്തതുകാരണം
മര്‍ത്യനായ്‌ വന്നു ജനിച്ചു ദശരഥ-
പുത്രനായെന്നതോ നിശ്ചയമെങ്കിലും
പൂജ്യനായോരു ഭവാനെ ദശരഥന്‍
രാജ്യരക്ഷാര്‍ത്ഥമഭിഷേകമിക്കാലം
ചെയ്യുമാറെന്നൊരുമ്പെട്ടിരിക്കുന്നിതു
നീയുമതിനനനുകൂലനായ്‌ വന്നിടും.
പിന്നെ ദശമുഖനെക്കൊന്നു കൊള്ളുവാന്‍
എന്നുമവകാശമുണ്ടായ്‌ വരായല്ലോ!
സത്യത്തെ രക്ഷിച്ചു കൊള്ളുകെന്നെന്നോടു
സത്വരം ചെന്നു പറകെന്നരുള്‍ ചെയ്തു.
സത്യസന്ധന്‍ ഭവാനെങ്കിലും മാനസേ
മര്‍ത്യജന്മം കൊണ്ടൂ വിസ്മൃതനായ്‌ വരും.”
ഇത്തരം നാരദന്‍ ചൊന്നതു കേട്ടതി-
നുത്തരമായരുള്‍ ചെയ്തിതു രാഘവന്‍.
“സത്യത്തെ ലംഘിക്കയില്ലൊരു നാളും ഞാന്‍
ചിത്തേ വിഷാദമുണ്ടാകായ്കതു മൂലം.
കാലവിളംബനമെന്തിനെന്നല്ലല്ലീ
മൂലമതിനുണ്ടതും പറഞ്ഞീടുവന്‍.
കാലാവലോകനം കാര്യസാദ്ധ്യം നൃണ‍ാം
കാലസ്വരൂപനല്ലോ പരമേശ്വരന്‍!
പ്രാരബ്ധകര്‍മ്മഫലൗഘക്ഷയം വരു-
ന്നേരത്തൊഴിഞ്ഞു മറ്റാവതില്ലാര്‍ക്കുമേ
കാരണമാത്രം പുരുഷപ്രയാസമെ-
ന്നാരുമറിയാതിരിക്കയുമില്ലല്ലോ!
നാളെ വനത്തിന്നു പോകുന്നതുണ്ടു ഞാന്‍
നാളീകലോചനന്‍ പാദങ്ങള്‍ തന്നാണെ.
പിന്നെച്ചതുര്‍ദ്ദശ സംവത്സരം വനം
തന്നില്‍ മുനിവേഷമോടു വാണീടുവന്‍.
എന്നാല്‍ നിശാചരവംശവും രാവണന്‍
തന്നെയും കൊന്നു മുടിക്കുന്നതുണ്ടല്ലോ!
സീതയെക്കാരണഭൂതയാക്കിക്കൊണ്ടു
യാതുധാനാന്വയനാശം വരുത്തുവന്‍.
സത്യമി”തെന്നരുള്‍ ചെയ്തു രഘുപതി
ചിത്തപ്രമോദേന നാരദനന്നേരം
രാഘവന്‍ തന്നെ പ്രദക്ഷിണവും ചെയ്തു
വേഗേന ദണ്ഡനമസ്കാരവും ചെയ്തു.
ദേവമുനീന്ദ്രനനുജ്ഞയും കൈക്കൊണ്ടു
ദേവലോകം ഗമിച്ചീടിനാനാദരാല്‍.
നാരദരാഘവ സംവാദമിങ്ങനെ
നേരേ പഠിക്കതാന്‍ കേള്‍ക്ക താനോര്‍ക്ക താന്‍
ഭക്തികൈക്കൊണ്ടു ചെയ്യുന്ന മനുഷ്യനു
മുക്തി ലഭിക്കുമതിനില്ല സംശയം.
ശേഷമിന്നും കഥ കേള്‍ക്കണമെങ്കിലോ
ദോഷമകലുവാന്‍ ചൊല്ലുന്നതുണ്ടു ഞാന്‍.