യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 476 – ഭാഗം 6 നിര്‍വാണ പ്രകരണം.

ദേവദ്വിജഗുരുശ്രദ്ധാഭരബന്ധുരചേതസാം
സദാഗമപ്രമാണാനാം മഹേശാനുഗ്രഹോ ഭവേത്. (6/127/58)

വാല്‍മീകി തുടര്‍ന്നു: അജ്ഞാനികള്‍ ഏകാന്തത ഇഷ്ടപ്പെടാത്തവരാണ്. വിഷാദത്തില്‍ മുങ്ങി ജീവിക്കുന്ന അവര്‍ ചിലപ്പോള്‍ പുഞ്ചിരിച്ചുവെന്നു വരാം. എന്നാല്‍ സത്യജ്ഞാനികളോ, അവര്‍ ഇപ്പോഴും ആഹ്ളാദചിത്തരായി സദാ പുഞ്ചിരിതൂകിയാണ് കാണപ്പെടുക. സത്യം അല്ലെങ്കില്‍ ആത്മാവ് അതിസൂക്ഷ്മമാകയാല്‍ അത് അജ്ഞാനമെന്ന മൂടുപടത്താല്‍ മറയ്ക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ ലോകത്തിന്റെ അണുമാത്രമായ അസ്തിത്വത്തില്‍ നീ അടിയുറച്ചു വിശ്വസിക്കുന്നുവെങ്കില്‍പ്പോലും ആത്മാവ് എങ്ങും പോവുന്നില്ല. അപ്പോള്‍പ്പിന്നെ നിനക്ക് ദുഖമെന്തിനാണ്? ഇല്ലാത്തത് (അജ്ഞാനം) ഒരിക്കലും ഉണ്ടാവുകയില്ല. ഉള്ളതിനോ? (ജ്ഞാനം) അതിനൊരിക്കലും നാശവുമില്ല. **

എന്നാല്‍ പലേ കാരണങ്ങള്‍കൊണ്ട് നമ്മില്‍ ചിന്താക്കുഴപ്പം ഉണ്ടാവുന്നു. അതില്‍ നിന്നും വിടുതി ലഭിക്കാന്‍ വിശ്വഗുരുവായ ഭഗവാനെ പൂജിക്കുക. നിന്റെ ദുഷ്കര്‍മ്മങ്ങള്‍ ഫലങ്ങളായി വീഴുന്നത് നിന്നില്‍ നിന്നുമകലെയല്ല. അവ നിന്നെ കുരുക്കുന്ന കൊലക്കയര്‍ തന്നെയാണ്. മനസ്സ് നിര്‍മനമാവുന്നതുവരെ (പൂര്‍ണ്ണ സത്വം) നാമരൂപങ്ങളെ സമാശ്രയിക്കുകതന്നെ വേണം. അതുകഴിഞ്ഞാല്‍ നിനക്ക് പരംപൊരുളിന്റെ ധ്യാനാവസ്ഥയില്‍ അരൂഢനാവാം. എന്നിട്ട് അനുനിമിഷം അകമേ ഉദിച്ചുയരുന്ന ജ്യോതിയായി അന്തരാത്മാവിനെ ആത്മനാ ദര്‍ശിക്കുക.

നിസ്വാര്‍ത്ഥവും ഉചിതവുമായ കര്‍മ്മങ്ങളാല്‍ ഒരുവന്‍ പരമപദം പ്രാപിക്കാന്‍ ഗുരുവിന്റെ കൃപയും ആവശ്യമാണ്‌. പൂര്‍വ്വാര്‍ജ്ജിത കര്‍മ്മഫലമായുണ്ടാവുന്ന വാസനകള്‍ ബലവത്താണ്. അത് നീക്കാന്‍ സ്വപ്രയത്നം മാത്രം മതിയാവുകയില്ല. അനിവാര്യമായ, വിധിവിഹിതമായ അനുഭവങ്ങളെ മാറ്റാന്‍ ദേവതമാര്‍ക്കുപോലും ആവില്ല. എല്ലാവരും ലോകനിയമങ്ങള്‍ക്കും നിയതിക്കും വശംവദരാണ് താനും. ഇവയെല്ലാം നമ്മുടെ വാക്കുകള്‍ക്കും ചിന്തയ്ക്കും ഉപരിയാണ് വര്‍ത്തിക്കുക. എന്നാല്‍ ജന്മങ്ങള്‍ അനവധി കഴിഞ്ഞിട്ടാണെങ്കിലും പ്രബുദ്ധതയെന്ന ആത്മസാക്ഷാത്കാരം ലഭിക്കുകതന്നെ ചെയ്യുമെന്ന് അത്മീയസാധനയില്‍ അഭിരമിക്കുന്ന ധീരന് നിശ്ചയമുണ്ട്.

ദുഷ്കര്‍മ്മങ്ങള്‍ ഒരുവനെ സംസാരത്തില്‍ തളച്ചിടുമ്പോള്‍ ഉചിതകര്‍മ്മങ്ങള്‍ മോക്ഷപ്രദമാണ്. ഇപ്പോള്‍ ചെയ്യുന്ന സദ്‌കര്‍മ്മങ്ങള്‍ക്ക് വാസനാമാലിന്യത്തെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. നിന്റെ കര്‍മ്മങ്ങളെയെല്ലാം ബ്രഹ്മത്തില്‍ സമര്‍പ്പിക്കുന്ന പക്ഷം പിന്നീട് നിനക്കൊരിക്കലും സംസാരചക്രത്തില്‍ ഉഴന്നുതിരിയേണ്ടതായി വരികയില്ല. കാലമെന്ന സംവിധായകന്റെ കയ്യിലെ വെറും കഥാപാത്രങ്ങളായി പലപല വേഷങ്ങള്‍ ആടാന്‍ വിധിക്കപ്പെട്ടവരാണ് അജ്ഞാനികള്‍ എന്ന് മറക്കാതിരിക്കുക.

കാലമാണ് സൃഷ്ടിക്കുന്നത്, സംരക്ഷിക്കുന്നത്, സംഹരിക്കുന്നത്. എന്തിനാണ് നീ സമ്പത്തിന്റെ നഷ്ടത്തിലും മറ്റും മാഴ്കുന്നത്? എന്തിനാണ് നീ സന്തോഷത്തില്‍ മതിമറന്നു തുള്ളുന്നത്? നിശ്ചലനായിനിന്ന് നീയാ വിശ്വനടനം തന്നെ കണ്ടാലും.

“ഭഗവദ്ഭക്തിയുള്ളവരും, മഹാബ്രാഹ്മണരോടും ഗുരുവിനോടുമുള്ള ഭക്തിപുരസരം വേദശാസ്ത്രാനുസാരിയായി ജീവിക്കുന്നവരുമാണ് ഭാഗവദ് കൃപയ്ക്ക് പാത്രമാവുക.”

ഭരദ്വാജന്‍ പറഞ്ഞു: ഭഗവന്‍, അറിയേണ്ടതെല്ലാം ഞാന്‍ അറിഞ്ഞിരിക്കുന്നു. വൈരാഗ്യമല്ലാതെ ഉത്തമനായ ഒരു സുഹൃത്തുമില്ല എന്ന് ഞാന്‍ അറിയുന്നു. സംസാരത്തില്‍ കവിഞ്ഞൊരു ശത്രുവുമില്ല. ഭഗവാനെ, മഹര്‍ഷി വസിഷ്ഠന്‍ അരുളിച്ചെയ്ത പ്രഭാഷണത്തിന്റെ സാരസത്ത ഇനിയും എനിക്ക് കേള്‍ക്കണമെന്നുണ്ട്.

വാല്മീകി പറഞ്ഞു: കേട്ടാലും ഭരദ്വാജാ. ഇതിന്റെ ശ്രവണം ഒന്നുകൊണ്ടുമാത്രം നിനക്ക് ഈ സംസാരസാഗരത്തില്‍ ഇനിയൊരിക്കലും മുങ്ങേണ്ടതായി വരികയില്ല.

** നാസതോ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സത: (ഭഗവദ് ഗീത 2:16)