യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 479 – ഭാഗം 6 നിര്‍വാണ പ്രകരണം.
ദര്‍ശനാസ്പര്‍ശനാച്ഛബ്ദാത്കൃപയാ ശിഷ്യദേഹകേ
ജനയേധ്യ: സമാവേശം ശംഭവം സ ഹി ദേശിക: (6/128/61)
വാല്മീകി തുടര്‍ന്നു: ശ്രീരാമന്‍ പരിപൂര്‍ണ്ണമായും ആത്മവിലീനനായി ഇരിക്കുന്നത് കണ്ട വിശ്വാമിത്രന്‍ വസിഷ്ഠമുനിയോട് ഇങ്ങിനെ പറഞ്ഞു: സൃഷ്ടാവിന്‍റെ പുത്രനായ അങ്ങ് എത്ര മഹാനാണ്! ശക്തിപാതയിലൂടെ ആത്മീയചൈതന്യം നേരിട്ട് ശിഷ്യനായി പകര്‍ന്നുകൊടുക്കാന്‍ കഴിവുള്ള ഗുരുവര്യനാണ് അവിടുന്ന്. “ഒരു നോട്ടം കൊണ്ടോ സ്പര്‍ശംകൊണ്ടോ വാക്കുകൊണ്ടോ കൃപകൊണ്ടോ ശിഷ്യന്റെ ബോധത്തെ അനന്തമായ ദൈവീകാവബോധത്തിലേയ്ക്ക് ഉയര്‍ത്തി ഉണര്‍ത്താന്‍ കഴിവുള്ളയാളാണ് ശരിയായ ഗുരു.”
എന്നാലും ശിഷ്യന്റെ മേധാശക്തി ഉണരുന്നത് സാധകന്‍ ത്രിവിധങ്ങളായ മാലിന്യങ്ങളെ ഉപേക്ഷിച്ച് അയാളുടെ ബുദ്ധി സൂക്ഷ്മതരമാവുമ്പോഴാണ്. പക്ഷെ മഹര്‍ഷേ, ശ്രീരാമനെ ലൌകീക ബോധത്തിലേയ്ക്ക് തിരികെ കൊണ്ട് വരൂ. കാരണം എന്റെയും ത്രിലോകങ്ങളുടെയും ഐശ്വര്യത്തിന് രാമനെക്കൊണ്ട് ഏറെക്കാര്യങ്ങള്‍ ചെയ്യിക്കേണ്ടതായി ഉണ്ട്. സഭയിലെ എല്ലാ മഹര്‍ഷിമാരും സഭാവാസികളും രാമനെ വന്ദിച്ചു.
വസിഷ്ഠന്‍ വിശ്വാമിത്രനോടു പറഞ്ഞു: സഭാവാസികളോടു രാമനെക്കുറിച്ചുള്ള സത്യം തുറന്നു പറയുക തന്നെ.’
വിശ്വാമിത്രന്‍ അവരോടായി പറഞ്ഞു: “ശ്രീരാമന്‍ ഈശ്വരന്റെ പരമാവതാരമാണ്. സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ രാമന്റെ ഇച്ഛയിലാണ് നടക്കുന്നത്. രാമന്‍ എല്ലാവര്‍ക്കും സുഹൃത്താണ്. എല്ലാവരുടെയും ദൈവവുമാണ്. ചിലപ്പോള്‍ പ്രബുദ്ധനായും ചിലപ്പോള്‍ അജ്ഞാനത്തില്‍ ഉഴറുന്നവനെപ്പോലെയും അദ്ദേഹം അവതരിക്കുന്നു. ദേവാദിദേവനാണ് രാമന്‍. എല്ലാ ദേവതമാരും രാമന്റെ അംശാവതാരങ്ങള്‍ മാത്രം. ഈ ദശരഥരാജാവ് എത്ര ഭാഗ്യവാന്‍! രാമനെ മകനായി കിട്ടിയല്ലോ!
രാവണനും അനുഗൃഹീതനത്രേ! രാമന്റെ കൈകള്‍കൊണ്ടാണല്ലോ രാവണന്റെ തല മണ്ണില്‍ വീഴാന്‍ പോവുന്നത്! വസിഷ്ഠ മഹാമുനേ, രാമനെ വീണ്ടും ലോകബോധത്തിലേയ്ക്ക് കൊണ്ടുവന്നാലും.
വസിഷ്ഠന്‍ രാമനോട് പറഞ്ഞു: ‘രാമാ, വിശ്രമത്തിനുള്ള സമയമല്ലിത്. ലോകകല്യാണത്തിനായി എഴുന്നേല്‍ക്കൂ. മനുഷ്യര്‍ ബന്ധനത്തില്‍ ഉഴന്നുജീവിക്കുമ്പോള്‍ ഉത്തമനായ യോഗി ആത്മാവില്‍ വിലീനനായി കഴിയുന്നത് ഉചിതമല്ല.
ഈ വാക്കുകളൊന്നും രാമനെ ബാധിച്ചില്ല. പിന്നീട് വസിഷ്ഠന്‍ സുഷുമ്നാനാഡിയിലൂടെ രാമന്റെ ഹൃദയത്തിനുള്ളില്‍ പ്രവേശിച്ചു. രാമനില്‍ പ്രാണന്റെ ചലനം ഉണ്ടായിരുന്നതിനാല്‍ മനസ്സ് വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ജീവന്‍ എന്നത് എല്ലാ നാഡികളെയും പ്രോജ്വലിപ്പിക്കുന്ന അന്തര്‍പ്രകാശമാണ്. രാമന്‍ കണ്ണുകള്‍ അല്പം തുറന്നു. വസിഷ്ഠനെ മുന്നില്‍ കണ്ടു.
രാമന്‍ വസിഷ്ഠനോടായി പറഞ്ഞു: എനിയ്ക്ക് അനുഷ്ഠിക്കാനോ അനുഷ്ഠിക്കാതിരിക്കാനോ യാതൊരു കര്‍മ്മങ്ങളും ഇല്ല. എന്നാലും അങ്ങയുടെ വാക്കുകള്‍ അനുസരിക്കുകയാണ് ഉചിതം’.
ഇത്രയും പറഞ്ഞു രാമന്‍ മുനിയുടെ കാല്‍ക്കല്‍ തന്റെ തല വച്ച് ഇങ്ങിനെ പ്രസ്താവിച്ചു: “എല്ലാവരും കേട്ടാലും; ആത്മജ്ഞാനത്തെക്കാളും വലുതായ യാതൊരു ജ്ഞാനവും ഇല്ല. ഗുരുവിനേക്കാള്‍ ഉന്നതനായി വേറെ ആരുമില്ല.”
സഭാവാസികളും ആകാശചാരികളായവരും രാമനെ പുഷ്പവൃഷ്ടി ചെയ്ത് അനുഗ്രഹിച്ചു. അവര്‍ ഓരോരുത്തരായി സഭയില്‍ നിന്ന് വിടവാങ്ങി. അല്ലയോ ഭരദ്വാജാ, ഞാന്‍ ശ്രീരാമന്റെ കഥ പറഞ്ഞു തന്നു. ഈ യോഗത്തെ അഭ്യസിച്ച് നിനക്കും പരമാനന്ദം പ്രാപിക്കാം. ശ്രീരാമ വസിഷ്ഠ സംവാദരൂപത്തിലുള്ള ഈ ശാസ്ത്രം നിരന്തരം കേള്‍ക്കുന്നവന്‍ മുക്തിപദം പൂകും. ഏതൊരു ജീവിത സാഹചര്യങ്ങള്‍ ആണെങ്കിലും സാധകനില്‍ ബ്രഹ്മജ്ഞാനം ഉണര്‍ത്താന്‍ ഈ ശാസ്ത്രവിചാരത്തിനു കഴിയും.