യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 480 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ഗമ്യദേശൈക നിഷ്ഠസ്യ യഥാ പാന്ഥസ്യ പാദയോ:
സ്പന്ദോ വിഗത സങ്കല്‍പസ്ഥഥാ സ്പന്ദസ്വ കര്‍മസു (6.2/1/15)
രാമന്‍ ചോദിച്ചു: ഒരുവന്‍ എല്ലാ കര്‍മ്മങ്ങളും- കര്‍മ്മേച്ഛപോലും ഉപേക്ഷിക്കുമ്പോള്‍ ശരീരം ഇല്ലാതെയാവുന്നു. അപ്പോള്‍പ്പിന്നെ ഒരു ജീവിക്ക് അത്തരം കര്‍മ്മരഹിതാവസ്ഥയില്‍ എങ്ങിനെ നിലനില്‍ക്കാനാവും?
വസിഷ്ഠന്‍ പറഞ്ഞു: ജീവിച്ചിരിക്കുന്ന ഒരുവനില്‍ മാത്രമേ മനോപാധികളെയും പരിമിതികളെയും ഉപേക്ഷിക്കുക മുതലായ കാര്യങ്ങള്‍ ഉള്ളു. മരിച്ചുപോയ ഒരാള്‍ക്ക് അത്തരം പരിമിതികള്‍ ഇല്ല. എന്താണ് കല്പന എന്ന മനോവ്യാപാരം? അത് അഹങ്കാരം മാത്രമാണ്. കല്പന (ധാരണ)യെ നിശ്ശൂന്യതയെന്നു തിരിച്ചറിഞ്ഞാല്‍ അഹങ്കാരം ഇല്ലാതായി. ഒരുവനുള്ളില്‍ ബാഹ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന ധാരണയാണ് കല്പന.
ആ ധാരണയ്ക്ക് ശൂന്യതയുടെ, അല്ലെങ്കില്‍ ആകാശത്തിന്റെ ഭാവം വരുമ്പോള്‍ അത് ഇല്ലാതായി എന്നര്‍ത്ഥം. ഓര്‍മ്മയാണ് കല്പന. അതിനാല്‍ ജ്ഞാനികള്‍ പറയുന്നത് ‘ഓര്‍ക്കാതിരിക്കല്‍’ ഉത്തമമാണെന്നാണ്. ഓര്‍മ്മയില്‍ അനുഭവങ്ങളും ഇനിയും അനുഭവവേദ്യമായിട്ടില്ലാത്തതും ഉണ്ട്. അനുഭവിച്ചതിനെയും അനുഭവിക്കാത്തതിനെയും പറ്റിയുള്ള ഈ ‘ഓര്‍മ്മിക്കല്‍’ ഉപേക്ഷിക്കുക. എന്നിട്ട് പാതിയുണര്‍ന്നു കിടക്കുന്ന ശിശുവിനെപ്പോലെ ആത്മാവില്‍ രമിക്കുക. കുശവന്റെ ചക്രം കൂടുതല്‍ ചുറ്റിക്കാതെതന്നെ കുറെ നേരം കൂടി ചുറ്റിക്കൊണ്ടിരിക്കുമല്ലോ. അതുപോലെ കുറേക്കാലം കൂടി ഈ ലോകത്ത് കര്‍മ്മനിഷ്ഠനായി ജീവിക്കുക. യാതൊരു ധാരണകളും ഉണ്ടാക്കാതെ നിര്‍മനനായിരിക്കുക. ഇപ്പോള്‍ പൂര്‍ണ്ണസത്വമായിരിക്കുന്ന നിന്റെ മനസ്സ് ചലിപ്പിക്കേണ്ടതില്ല.
കൈകള്‍ രണ്ടുമുയര്‍ത്തി ഞാനിതാ പ്രഖ്യാപിക്കുന്നു: ‘ധാരണകള്‍ ഇല്ലാതാക്കലാണ് പരമമായ നന്മ.’ എന്നിട്ടും എന്താണ് മനുഷ്യര്‍ അത് ശ്രദ്ധിക്കാത്തത്? മായയുടെ ലീല എത്ര ശക്തം! ഈ വിഭ്രാന്തിയുടെ വലയില്‍പ്പെട്ട് ഉള്ളംകയ്യില്‍ ആത്മവിദ്യയാകുന്ന മരതകമണി ഇരുന്നിട്ടും മനുഷ്യര്‍ അത് കാണുന്നില്ല. അവര്‍ വിഭ്രാന്തരായി ഭ്രമാത്മകതയെ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല.
ഒരാള്‍ക്ക് പരമമായ നന്മയുണ്ടാകുന്നത് വിഷയപ്രതീതി അവസാനിക്കുമ്പോഴും ധാരണകള്‍ അവസാനിക്കുമ്പോഴുമാണ്. അത് അനുഭവിച്ചറിയണം. നീ ആത്മാവില്‍ വിലീനനായി പ്രശാന്തതയില്‍ രമിക്കുമ്പോള്‍ ഒരു പുല്‍ക്കൊടിയുടെ അവസ്ഥയും ഒരു ചക്രവര്‍ത്തിയുടെ പ്രതാപവും തമ്മില്‍ അന്തരമില്ല എന്ന് നീ അറിയും. “ഒരാള്‍ ഒരിടത്ത് പോവാനുറച്ചാല്‍പ്പിന്നെ അയാളുടെ കാലുകള്‍ മനസ്സിന്റെ പ്രത്യേക പ്രേരണകള്‍ കൂടാതെ തന്നെ അയാളെ ആ സ്ഥലത്തേയ്ക്ക് കൊണ്ടുപോവുമല്ലോ. അതുപോലെ നീയും ഇവിടെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക”
കര്‍മ്മങ്ങളില്‍ നിന്നുള്ള പ്രതിഫലത്തിനായി ഇച്ഛിക്കാതിരിക്കുക. പാരിതോഷികങ്ങളില്‍ ആകൃഷ്ടനാവാതിരിക്കുക. ലാഭേച്ഛയോ സുഖേച്ഛയോ ഇല്ലാതിരിക്കുക. അപ്പോള്‍ ഇന്ദ്രിയവിഷയങ്ങള്‍ക്ക് നിന്നെ ആകര്‍ഷിക്കാന്‍ കഴിയുകയില്ല. എന്നാല്‍ അവ നിന്നെ ബാധിക്കാതെ അതതിന്റെ പ്രകൃതിയ്ക്കനുസരിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. വിഷയവസ്തുക്കളുമായുള്ള സമ്പര്‍ക്കം സുഖാനുഭവങ്ങളെ പ്രദാനം ചെയ്താലും അവ നിന്നെ ആത്മാഭിമുഖനാക്കിത്തീര്‍ക്കട്ടെ.
കര്‍മ്മഫലങ്ങള്‍ക്കായി ആശിക്കാതിരിക്കുക; എന്നാല്‍ കര്‍മ്മങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുകയുമരുത്. കര്‍മ്മത്തിലോ അകര്‍മ്മത്തിലോ അതിയായ താല്‍പ്പര്യവും വേണ്ട. കാരണം, കര്‍മ്മങ്ങള്‍ ചെയ്യാനോ ചെയ്യാതിരിക്കാനോ ഉള്ള ചോദനയാണ് നമ്മെ ബന്ധിക്കുന്നത്. അത്തരം ചോദനകളുടെ അഭാവമാണ് മുക്തി. നിയതമായോ അനിയതമായോ ഒന്നുമില്ല. എല്ലാം ശുദ്ധസത്വം മാത്രം. നിന്റെ ബുദ്ധി യാതൊന്നിനെയും സ്വീകരിക്കരുത്. നിന്റെ സത്യസ്വരൂപത്തില്‍, സത്യമായി മാത്രം നിലകൊള്ളുക. ‘ഞാന്‍’, ‘എന്റെ’ തുടങ്ങിയ അവബോധങ്ങള്‍ ദുഃഖത്തിന്റെ വേരുകളത്രേ. അവ ഇല്ലാത്ത അവസ്ഥയാണ് സ്വാതന്ത്ര്യം. ഇനി നിനക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യൂ.