യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 485 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ഇന്ദ്രിയോത്തമരോഗാണാം ഭോഗാശാവര്‍ജനാദൃതേ
നൌഷധാനി ന തീര്‍ത്ഥാനി ന ച മന്ത്രാശ്ച ശാന്തയേ (6.2/6/45)

വിദ്യാധരന്‍ തുടര്‍ന്നു: അനാദിയും അനന്തവും അപരിമേയവും വളര്‍ച്ചയോ തളര്‍ച്ചയോ ഇല്ലാത്തതും നിത്യശുദ്ധവുമായ ആ സത്തയെപ്പറ്റി പറഞ്ഞു തന്നാലും. ഇത്രയും കാലം ഞാന്‍ ഉറക്കത്തിലെന്നപോലെ തമസ്സിലായിരുന്നു. അങ്ങാണ് കൃപാപൂര്‍വ്വം എന്നെ വന്നുണര്‍ത്തിയത്. എന്നെ വിഭ്രമം എന്ന കൊടുംതീയില്‍ നിന്നും മോചിപ്പിച്ചാലും.

ജീവികള്‍ ഇവിടെ ജനിച്ചു ജീവിച്ചു മരിക്കുന്നു. അതൊന്നും ധര്‍മ്മത്തിനോ മോക്ഷത്തിനോ വേണ്ടിയല്ലെന്നു തോന്നുന്നു. ഈ ഭ്രമക്കാഴ്ചയ്ക്ക് ഒരിക്കലും അന്തമില്ലതാനും. ലോകത്തിലെ സുഖാനുഭാവദാതാക്കളും അവയുടെ സ്രോതസ്സുകളും ഈ ഭ്രമത്തിന്റെ രൂക്ഷതയെ കൂട്ടുന്നതല്ലേയുള്ളു? എനിക്കവയില്‍ ആഹ്ലാദം കണ്ടെത്താനാവുന്നില്ല. സ്വര്‍ഗ്ഗീയസുഖങ്ങള്‍ എല്ലാംതന്നെ ഞാന്‍ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ വിവേകത്തിന്റെ വെളിച്ചത്തില്‍ എന്നില്‍ അത്തരം സുഖങ്ങള്‍ക്കായുള്ള ആസക്തി തീരെ ഇല്ലാതായിരിക്കുന്നു.

പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളായ കാണല്‍, തൊടല്‍, സ്വാദറിയല്‍, മണക്കല്‍, കേള്‍ക്കല്‍ എന്നിവയെല്ലാം എന്നില്‍ എന്തൊക്കെ താറുമാറാണുണ്ടാക്കുന്നത്! ഇത്തരത്തിലുള്ള ആവര്‍ത്തനവിരസങ്ങളായ സുഖാനുഭവംകൊണ്ട് ഞാന്‍ എന്ത് നേടാനാണ്? ആയിരംകൊല്ലം അനുഭവിച്ചാലും ആരിലും ഈ സുഖാസക്തിയ്ക്ക് മതിവരുക എന്നതില്ല. ലോകത്തിന്റെ തന്റെ ചക്രവര്‍ത്തിപദം ലഭിച്ചാലും അതിലെന്താണിത്ര അസാധാരണത്വം ഉള്ളത്? എല്ലാമെല്ലാം നാശത്തിനും മരണത്തിനും വശംവദമാണല്ലോ! പറയൂ ഞാന്‍ എന്ത് നേടിയാലാണ് ഒരിക്കലും അവസാനിക്കാത്ത, ശാശ്വതമായ സംതൃപ്തി എന്നിലുണ്ടാവുക?

വിഷമയമായ ഇന്ദ്രിയാനുഭവങ്ങളുടെ സ്വഭാവം എനിക്ക് മനസ്സിലായിരിക്കുന്നു. എന്റെ ദുരിതത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുവാനേ അതുതകൂ. ഇന്ദ്രിയങ്ങളാകുന്ന അതിശക്തരായ പോരാളികളെ ചെറുത്തു നില്‍ക്കുന്നവനെ മാത്രമേ ധീരനെന്നു വിളിക്കാനാകൂ. ഈ പോരാളികളെ നയിക്കുന്നത് മനസ്സെന്ന സൈന്യാധിപനാണ്. ശരീരമെന്ന ഈ പട്ടണത്തില്‍ ചുറ്റിനടക്കാന്‍ ഈ സൈന്യത്തിനുള്ളത് ഇന്ദ്രിയാനുഭവങ്ങളാകുന്ന കുതിരകളാണ്‌. മഹാത്മാക്കള്‍ക്ക് പോലും ഇന്ദ്രിയങ്ങളുമായി മല്ലടിക്കേണ്ടിവരുന്നുണ്ട്. ഈ രണത്തില്‍ വിജയിയാവുന്നവനാണ് ശരിയായ മഹാത്മാവ്. മറ്റുള്ളവര്‍ വെറും യന്ത്രപ്പാവകള്‍ മാത്രം.

“സുഖാസക്തിയെ കര്‍ശനമായി വര്‍ജ്ജിക്കുക എന്നത് മാത്രമേ ഇന്ദ്രിയാസക്തിയെന്ന രോഗത്തിന് പ്രതിവിധിയായുള്ളു. മരുന്നുകളോ, തീര്‍ത്ഥയാത്രകളോ, മന്ത്രങ്ങളോ ഒന്നും ഇതിനുതകുകയില്ല.” കൊടുംവനത്തിലൂടെ യാത്രപോകുന്നവനെ കൊള്ളയടിച്ചു വഴിയില്‍ ഉപേക്ഷിക്കുന്ന കൊള്ളക്കാരെപ്പോലെ ഇന്ദ്രിയങ്ങള്‍ എന്നെ വഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നു. വൃത്തിഹീനങ്ങളായ ഈ ഇന്ദ്രിയങ്ങള്‍ മഹാവിപത്തിലേയ്ക്കാണെന്നെ നയിക്കുന്നത്. അത് ലോഭമുണ്ടാക്കുന്നു. മറുപിറവികള്‍ക്ക് കാരണമായ അവയെ തരണം ചെയ്യുക പ്രയാസകരമാണ്.

ജ്ഞാനിയുടെ ശത്രുവും, മൂഢന്റെ മിത്രവുമാണവ. പതിതരാണ് ഇന്ദ്രിയങ്ങളെ ആശ്രയിക്കുക. പുണ്യാത്മാക്കള്‍ അവയെ അവഗണിക്കുന്നു. അജ്ഞാനമെന്ന ഇരുട്ടില്‍ പ്രേതങ്ങളെപ്പോലെ അവര്‍ തപ്പിത്തടഞ്ഞു നടക്കുന്നു. അകംപൊള്ളയായ പാഴ്മുളപോലെ, എരിച്ചുകളയാന്‍ മാത്രം യോഗ്യമാണ് ഇന്ദ്രിയങ്ങള്‍. ഭഗവാനേ, അങ്ങാണ് സാധകനുള്ള ഏകാശ്രയം. അവനെ അങ്ങാണ് ആഴക്കയങ്ങളില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടുവരുന്നത്. അങ്ങയുടെ പ്രബുദ്ധമായ ഉപദേശത്താല്‍ എന്നെ സംസാരമെന്ന ഈ ഘോരസാഗരത്തില്‍ നിന്നും കരകയറ്റിയാലും. ദുഖനിവാരണത്തിന് അങ്ങയേപ്പോലുള്ള മാമുനിമാരെ സേവിക്കുക മാത്രമേ കരണീയമായുള്ളു.