യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 486 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
കിമജ്ഞാത്വാജ്ജഗജ്ജാതം ജഗതോഽഥ കിമജ്ഞതാ
വിചാര്യാപീതി നോ വിദ്മ ഏകത്വാദലമേതയോ: (6.2/7/8)
ഭൂശുണ്ടന്‍ മറുപടിയായിപ്പറഞ്ഞു: അല്ലയോ ഗഗനചാരിയായ വിദ്യാധരാ, അങ്ങ് അനുഗൃഹീതനാണ്. ആത്മീയമായി ഉണരാനും സ്വയം ഉയര്‍ത്താനും അങ്ങേയ്ക്ക് കഴിഞ്ഞുവല്ലോ. അങ്ങയുടെ മേധാശക്തി പൂര്‍ണ്ണമായും ഉണര്‍ന്നിരിക്കുന്നതിനാല്‍ എന്റെ ഉപദേശം അങ്ങില്‍ വേണ്ടരീതിയില്‍ത്തന്നെ അനായാസം പതിയും എന്നെനിക്കറിയാം. കാലാകാലങ്ങളായുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാന്‍ പറയുന്നത്. ശ്രദ്ധിച്ചുകേട്ടാലും.
‘ഞാന്‍’, ‘നീ’, എന്നെല്ലാം പറയപ്പെടുന്ന വസ്തുതയല്ല നിന്റെ സ്വരൂപം. കാരണം അവയ്ക്കായി നീ അന്വേഷിക്കുമ്പോള്‍ നിനക്കവയെ കാണാന്‍ സാധിക്കുന്നില്ലല്ലോ. ‘ഞാന്‍’,‘നീ’,‘ലോകം, എന്നിവയെല്ലാം അസത്താണെന്ന് തിരിച്ചറിയുന്നത് ആനന്ദത്തിന് വഴിതെളിക്കുന്നു. അതുണ്ടാക്കുന്നത് തീര്‍ച്ചയായും ദുഖമല്ല. അവിദ്യയുടെ ഉറവിടം കണ്ടെത്തുക അസാദ്ധ്യം.
“ഏറെക്കാലത്തെ അന്വേഷണത്തിനു ശേഷവും ലോകമുണ്ടായത് അവിദ്യയില്‍ നിന്നാണോ, അതോ ലോകത്തില്‍ നിന്നാണോ അവിദ്യയുണ്ടായത് എന്ന് മനസ്സിലാക്കുക വയ്യ. രണ്ടും ഒരേ കാര്യത്തിന്റെ രണ്ട് വശങ്ങളാണ്.” നിലനില്‍ക്കുന്നത് ഒരേയൊരു അനന്താവബോധം (ബ്രഹ്മം) മാത്രമാണ്. ലോകമെന്ന കാഴ്‌ച, മറു മരീചികപോലെയാണ്, ഉണ്ടെന്നോ ഇല്ലെന്നോ തീര്‍ത്ത് പറയാന്‍ കഴിയില്ല.
ലോകത്തിന്റെ ബീജം അഹമാണ്.ലോകമെന്ന വടവൃക്ഷം വളരുന്നത് അഹം ഭാവത്തില്‍ നിന്നുമാണ്. ഇന്ദ്രിയങ്ങളും അവയ്ക്ക് സംവദിക്കാനുള്ള വസ്തുക്കളും, പലവിധത്തിലുള്ള ഉപാധികളും, സ്വര്‍ഗ്ഗനരകങ്ങളും, സമുദ്രശൈലാദികള്‍ നിറഞ്ഞ ഭൂമിയും, കാലഘടനയും, എല്ലാവിധ നാമരൂപങ്ങളും, ലോകമെന്ന ഈ വൃക്ഷത്തിന്റെ ശാഖകളത്രേ.
എന്നാല്‍ ആ വിത്തിനെ തീയില്‍ എരിയിച്ച് കളഞ്ഞാല്‍പ്പിന്നെ മരമെങ്ങിനെ ഉണ്ടാകാനാണ്? എന്നാല്‍ ഈ വിത്തിനെ എങ്ങിനെയാണ് ചാമ്പലാക്കുക?
അഹംഭാവത്തിന്റെ വേരന്വേഷിക്കുമ്പോള്‍ അങ്ങിനെ ഒന്നില്ല എന്ന അറിവുണ്ടാവുന്നു. ആ അറിവിന്റെ അഗ്നിയാണ് അഹമെന്ന വേരിനെ ചാമ്പലാക്കുന്നത്. അഹം എന്ന ധാരണയ്ക്ക് ഇടം നല്‍കുമ്പോള്‍ അത് ലോകത്തെ സൃഷ്ടിക്കുന്നു. ഈ മിഥ്യാധാരണയെ വര്‍ജ്ജിക്കുന്നതോടെ അഹംഭാവം അപ്രത്യക്ഷമായി ആത്മജ്ഞാനമുണരുന്നു.
പ്രത്യക്ഷലോകത്തിന്റെ ആദിയില്‍ അഹംഭാവം ഒരു വസ്തുവായി നിലനിന്നിരുന്നിട്ടേയില്ല. അപ്പോള്‍പ്പിന്നെ അഹംഭാവത്തിന്റെ സത്തയെപ്പറ്റി, ‘ഞാന്‍’, ‘നീ’, എന്നിവയെപ്പറ്റി, ദ്വൈതാദ്വൈതങ്ങളെപ്പറ്റി, എല്ലാം നമുക്കെങ്ങിനെയാണ് വിശ്വസിക്കാനാവുക? തീവ്രമായ സാധനയോടെ, സത്യാന്വേഷണകുതുകികളായി ഗുരുമുഖത്തു നിന്നും ശാസ്ത്രജ്ഞാനം നേടിയവര്‍ അനായാസം ആത്മജ്ഞാനം പ്രാപിക്കുന്നു. ലോകമായി കാണപ്പെടുന്നത് ഒരുവന്റെ ധാരണകളും സങ്കല്‍പ്പചിന്തകളുമാണ്. അവ ബോധത്തില്‍ അധിഷ്ഠിതമാണ്. ബോധമെന്ന പൊരുളില്‍ പ്രതിഫലിക്കുന്ന ഭ്രമക്കാഴ്ചയാണ് ലോകം.
അതിനാല്‍ ലോകത്തെ സത്തെന്നും അസത്തെന്നും പറയാം.
സ്വര്‍ണ്ണവളയിലെ സ്വര്‍ണ്ണമാണ് ഉണ്മ. വളയെന്ന നിര്‍മ്മിതിയാണ് ധാരണ, അല്ലെങ്കില്‍ സങ്കല്പം. ലോകമെന്ന ഈ ഭ്രമക്കാഴ്ചയുടെ പ്രത്യക്ഷപ്പെടലും മറയലും ഈ സങ്കല്‍പ്പത്തിന്റെ മാറിമറയലുകള്‍ മാത്രമാണ്. ഈ അറിവുറച്ചവന് ഭൂമിയിലെയോ സ്വര്‍ഗ്ഗത്തിലെയോ സുഖങ്ങളില്‍ താല്‍പ്പര്യമേതുമില്ല. അയാള്‍ക്കിനി ജനനമരണങ്ങള്‍ ഇല്ല.