യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 489 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

അര്‍ഥം, സജ്ജനസമ്പര്‍ക്കാദവിദ്യായാ വിനശ്യതി
ചതുര്‍ഭാഗസ്തു ശാസ്ത്രാര്‍ത്ഥശ്ചതുര്‍ഭാഗ: സ്വയത്നത: (6.2/12/37)

ഭൂശുണ്ടന്‍ തുടര്‍ന്നു: ബ്രഹ്മത്തില്‍ നിന്നും ഉണ്ടായ അമൃതവര്‍ഷം സൃഷ്ടിയായി കണക്കാക്കപ്പെടുന്നു. എന്നാല്‍ കാലദേശങ്ങള്‍ വാസ്തവത്തില്‍ ഉള്ളവ അല്ലാത്തതിനാല്‍ കാണപ്പെടുന്ന എല്ലാമെല്ലാം ഭഗവാനില്‍ നിന്നും വിഭിന്നമാവുക അസാദ്ധ്യം. ജലം അലകളും ചുഴികളുമായി കാണപ്പെടുന്നത് പോലെ, അകലെ നിന്ന് നോക്കുമ്പോള്‍ ആകാശത്തിലുയര്‍ന്നു പൊങ്ങുന്ന പുക കാര്‍മേഘമാണെന്ന് തോന്നുന്നതുപോലെ, ബോധം, സ്വയം അവബോധിക്കുമ്പോള്‍ ബോധം, ധാരണ എന്നിവയ്ക്കിടയ്ക്ക് സൃഷ്ടി എന്നൊരു ഘടകം കൂടി ഉടലെടുക്കുന്നു.

തൂണിലോ സ്പടികത്തിലോ പതിഞ്ഞ വാഴയുടെ നിഴല്‍പോലെ ഇത് വെറുമൊരു വിക്ഷേപം മാത്രമാണ്. എന്നാല്‍ വേണ്ടപോലെയുള്ള അന്വേഷണം നടത്തുമ്പോള്‍ ഈ സത്യമെന്ന് തോന്നിച്ച വിഷയം തന്നെ അപ്രത്യക്ഷമാവും. ലോകമെന്ന കാഴ്ച ചിത്രപടത്തിലെ സാമ്രാജ്യത്തിനു സമം. ചിത്രത്തിലെ വിവിധ ഭാഗങ്ങള്‍ അത്യാകര്‍ഷണീയങ്ങളായ ചായക്കൂട്ടുകള്‍ കൊണ്ട് വരച്ചു വച്ചിരിക്കുന്നത്പോലെ ലോകവും വൈവിദ്ധ്യമാര്‍ന്ന ഇന്ദ്രിയാനുഭവങ്ങളിലൂടെ നമ്മെ ആകര്‍ഷിക്കുന്നു.

ഈ കാഴ്ച കാഴ്ചക്കാരന്റെ അഹംഭാവത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഈ അഹംഭാവമെന്നത് അസത്താണെന്ന് നമുക്കറിയാം. അപ്പോള്‍ അത് ആത്മാവില്‍ നിന്നും വിഭിന്നമല്ല. ജലത്തില്‍ നിന്നും നനവിനെ വേര്‍പെടുത്താന്‍ വയ്യ. ബോധപ്രകാശം തന്നെയാണ് ആത്മാവ്. ‘ഞാന്‍’ എന്ന ധാരണ ആത്മാവില്‍ ഉയരുമ്പോഴാണ് സൃഷ്ടി ആരംഭിക്കുന്നത്. ഈ ധാരണയിലൂടെയല്ലാതെ മറ്റൊരു സൃഷ്ടിയുമില്ല; സൃഷ്ടാവുമില്ല. ജലത്തിന്റെ സ്വഭാവമാണ് ഒഴുക്ക്. എന്നാല്‍ ജലത്തിനെ സംബന്ധിച്ചിടത്തോളം ഒഴുക്കെന്നത് ജലത്തില്‍ നിന്ന് വേറിട്ടൊരു കാര്യമല്ല. ഒഴുകുന്ന വെള്ളം, വെള്ളം തന്നെ. ആകാശംപോലെ അനന്തമാണ്‌ ബോധം. അതിനുള്ളില്‍ മറ്റൊരാകാശത്തെപ്പറ്റി അതിന് അവബോധിക്കേണ്ടതായില്ല.

ഒരേ ജലത്തിനെ പല ദേശകാലങ്ങളില്‍ കാണുമ്പോള്‍ ചലനം എന്ന ധാരണ ഉണ്ടാവുന്നു. അതുപോലെ ബോധത്തിലുണ്ടാവുന്ന അവബോധം കാലദേശധാരണകളുമായി ചേര്‍ന്ന് സൃഷ്ടിയെന്ന ധാരണയെ ഉളവാക്കുന്നു. (വാസ്തവത്തില്‍ കാലവും ദേശവും ‘ഇല്ലാത്ത’ വസ്തുക്കളാകയാല്‍ ഇത്തരം സൃഷ്ടി എന്നത് അസാദ്ധ്യമാണ്. മാത്രമല്ല, ബോധത്തെ ജലവുമായി താരതമ്യപ്പെടുത്തുന്നത് കേവലം അപര്യാപ്തവുമാണ്.)

മനസ്സിന്റെ, അഹംഭാവത്തിന്റെ, ബുദ്ധിയുടെ, എല്ലാം തലങ്ങളില്‍ നീ എന്തൊക്കെ അറിയുന്നുവോ അതെല്ലാം അജ്ഞാനം മാത്രമാണ്. എന്നാല്‍ ഈ അജ്ഞാനം സ്വപ്രയത്നത്താല്‍ ഇല്ലാതാക്കാന്‍ സാധിക്കും. ഈ അജ്ഞാനത്തിന്റെ പകുതി മഹാത്മാക്കളുമായുള്ള സത്സംഗം കൊണ്ട് ഇല്ലാതെയാക്കാം. നാലിലൊന്ന് ശാസ്ത്രപഠനം കൊണ്ടും പിന്നെയുള്ളത് സ്വപ്രയത്നം കൊണ്ടുമാണ് ഇല്ലാതാക്കാന്‍ സാധിക്കുക.

രാമന്റെ ചോദ്യത്തിനുത്തരമായി വസിഷ്ഠന്‍ വിശദീകരിച്ചു: സാധകന്‍ ജ്ഞാനികളുടെ സാന്നിദ്ധ്യം തേടി അവരുടെ കൂടെയിരുന്ന് സൃഷ്ടിയെപ്പറ്റിയുള്ള സത്യം ഗ്രഹിക്കാന്‍ ശ്രമിക്കണം. മഹാത്മാക്കളായ ഗുരുക്കന്മാരെ കണ്ടുപിടിച്ച് അവരെ പൂജിക്കണം. കാരണം ശരിയായ മഹാത്മാക്കളെ കാണുന്ന മാത്രയില്‍, ആ സത്സംഗം ഒന്നുകൊണ്ടു മാത്രം സാധകനിലെ പകുതി അവിദ്യയ്ക്കും അവസാനമായി.

അജ്ഞാനത്തിന്റെ “പിന്നീടുള്ള നാലിലൊന്ന് ഭാഗം ശാസ്ത്രപഠനം കൊണ്ടും ബാക്കി സ്വപ്രയത്നത്താലും ഇല്ലാതാവുന്നു.” മഹാത്മാക്കളുമായുള്ള സംസര്‍ഗ്ഗം സുഖാസക്തിയെ അവസാനിപ്പിക്കുന്നു. അതിനെ സ്വപ്രയത്നത്താല്‍ സുദൃഢമായി പരിത്യജിക്കുമ്പോള്‍ അജ്ഞാനത്തിന് അന്ത്യമായി. ഇതെല്ലാം ഒന്നിച്ചുണ്ടാവാം, പടിപടിയായും സാധകനില്‍ ഇവ അങ്കുരിക്കാം.