ഡൗണ്‍ലോഡ്‌ MP3

സ്ഥിതഃ സ കമലോദ്ഭവസ്തവ ഹി നാഭീപങ്കേരുഹേ
കുത: സ്വിദിദമംബുധാവുദിതമിത്യനാലോകയന്‍ |
തദീക്ഷണകുതൂഹലാത് പ്രതിദിശം വിവൃത്താനന-
ശ്ചതുര്‍വദനതാമഗാദ്വികസദഷ്ടദൃഷ്ട്യംബുജ‍ാം || 1 ||

ആ ബ്രഹ്മദേവനാകട്ടെ അങ്ങയുടെ നാഭിപത്മത്തില്‍ ഇരുന്നരുളുന്നവനായി “ഈ താമരപ്പുവ് സമുദ്രത്തില്‍ എവിടെനിന്നാണ് ഉത്ഭവിച്ചത്” എന്ന് ആലോചിച്ചിട്ടും അറിയാതെ അത് കണ്ടുപിടിക്കുവാനുള്ള കൗതുകംകോണ്ട് ദിക്കുതോറും തിരിക്കപ്പെട്ട മുഖത്തോടുകൂടിയവനായി വികസിച്ച താമരകള്‍ക്ക് തുല്യം കമനീയമായ എട്ടു കണ്ണുകളോടുകൂടി നാലു മുഖത്തോടുകൂടിയ അവസ്ഥയെ പ്രാപിച്ചു.

മഹാര്‍ണ്ണവവിഘൂര്‍ണ്ണിതം കമലമേവ തത്കേവലം
വിലോക്യ തദുപാശ്രയം തവ തനും തു നാലോകയന്‍ |
ക ഏഷ കമലോദരേ മഹതി നിസ്സഹായോ ഹ്യഹം
കുത: സ്വിദിദമ്ബുജം സമജനീതി ചിന്താമഗാത് || 2 ||

മഹാസമുദ്രത്തില്‍ ഇളകിക്കൊണ്ടിരിക്കുന്ന വെറും ആ താമരയെ മാത്രം കാണുകയും അതിന്നു ആശ്രയഭൂതമായ നിന്തിരുവടിയുടെ ശരീരത്തെ കാണാതിരിക്കുകയും ചെയ്കയാല്‍ “വിശാലമായ പത്മത്തിന്നകത്ത് യാതൊരു സഹായവുമില്ലാത്ത ഈ ഞാന്‍ തന്നെ ആരാണ്? ഈ താമരപ്പൂവ് എവിടെ നിന്നാണ് ഉണ്ടായിട്ടുള്ളത് ?” എന്നിങ്ങിനെ അദ്ദേഹം ആലോചനതുടങ്ങി.

അമുഷ്യ ഹി സരോരുഹ: കിമപി കാരണം സംഭവേ –
ദിതി സ്മ കൃതനിശ്ചയസ്സ ഖലു നാളരന്ധ്രാദ്ധ്വനാ |
സ്വയോഗബലവിദ്യയാ സമവരൂഢവാന്‍ പ്രൗഢധീ –
സ്ത്വദീയമതിമോഹനം ന തു കളേബരം ദൃഷ്ടവാന്‍ || 3 ||

ഊഹാപോഹബുദ്ധിയോടുകൂടിയ അദ്ദേഹമാകട്ടെ “ഈ പങ്കജത്തിന്നു ഏതെങ്കിലുമൊരു ആധാരം ഉണ്ടായിരിക്കുകതന്നെ ചെയ്യും” എന്നിപ്രകാരം ആലോചിച്ചുറച്ചവനായി തന്റെ യോഗശക്തിയോടുകൂടിയ ആത്മജ്ഞാനംകൊണ്ട് വളയത്തിലുള്ള ദ്വാരം വഴിയായി കീഴോട്ടിറങ്ങി; എങ്കിലും നിതാന്തസുന്ദരമായ അങ്ങയുടെ തിരുമേനിയെ കണ്ടെത്തിയില്ല.

തത: സകലനാളികാവിവരമാര്‍ഗ്ഗഗോ മാര്‍ഗ്ഗയന്‍
പ്രയസ്യ ശതവത്സരം കിമപി നൈവ സംദൃഷ്ടവാന്‍ |
നിവൃത്യ കമലോദരേ സുഖനിഷണ്ണ ഏകാഗ്രധീ:
സമാധിബലമാദധേ ഭവദനുഗ്രഹൈകാഗ്രഹീ || 4 ||

അനന്തരം അദ്ദേഹം ആ താമരവളയത്തിന്റെ എല്ലാ സുഷിരഭാഗങ്ങളാകുന്ന മാര്‍ഗ്ഗങ്ങളിലും പ്രവേശിച്ച് അന്വേഷിക്കുന്നവന്നയി നൂറു ദിവ്യസംവത്സരങ്ങ‍ള്‍ പ്രയത്നിച്ചിട്ടും ഒന്നുംതന്നെ കണ്ടെത്താത്തവനായി അങ്ങയുടെ കാരുണ്യത്തെ മാത്രം ക‍ാംക്ഷിക്കുന്നവനായിട്ട് ഏകാഗ്രമായ ബുദ്ധിയോടുകൂടി സമാധിയിലുള്ള സ്ഥൈര്യത്തെ കൈക്കൊണ്ടു.

ശതേന പരിവത്സരൈര്‍ദൃഢസമാധിബന്ധോല്ലസത്-
പ്രബോധവിശദീകൃത: സ ഖലു പത്മിനീസംഭവ: |
അദൃഷ്ടചരമദ്ഭുതം തവ ഹി രൂപമന്തര്‍ദൃശാ
വ്യചഷ്ട പരിതുഷ്ടധീര്‍ഭുജഗഭോഗഭാഗാശ്രയം || 5 ||

ആ കമലോത്ഭവനാകട്ടെ അനേക വ‍ര്‍ഷങ്ങള്‍കൊണ്ട് സുദൃഢമായിത്തീര്‍ന്ന  സമാധിബന്ധത്താല്‍ ഉല്‍ക്കര്‍ഷേണ പ്രകാശിച്ചുതുടങ്ങിയ ആത്മജ്ഞാനത്താ‍ല്‍ നിര്‍മ്മലനായി അതിനുമുമ്പ് കാണപ്പെടാത്തതും ആശ്ചര്യകരവും സര്‍പ്പത്തിന്റെ ശരീരഭാഗത്തെ ആശ്രയിച്ചിരിക്കുന്നതുമായ അങ്ങയുടെ സാക്ഷാല്‍ സ്വരൂപത്തെ ജ്ഞാനദൃഷ്ടികൊണ്ട് സന്തുഷ്ടചിത്തനായി ദര്‍ശിച്ചു.

കിരീടമുകുടോല്ലസത്കടകഹാരകേയൂരയുങ്-
മണിസ്ഫുരിതമേഖലം സുപരിവീതപീത‍ാംബരം |
കളായകുസുമപ്രഭം ഗളതലോല്ലസത്കൗസ്തുഭം
വപുസ്തദയി ഭാവയേ കമലജന്മേ ദര്‍ശിതം || 6 ||

അല്ലേ ഭഗവന്‍! ശ്രേഷ്ഠമായ കിരീടം കൊണ്ടുല്ലസിക്കുന്നതും വള, മുത്തുമാല, തോള്‍വള ഇവയിണങ്ങിയതും രത്നങ്ങളെക്കൊണ്ടുപശോഭിക്കുന്ന അരഞ്ഞാണോടും ഭംഗിയി‍ല്‍ ഉടുക്കപ്പെട്ട മഞ്ഞപ്പട്ടോടും കൂടിയതും കായ‍ാംപുവിന്റെ ഭാസുരപ്രഭയാര്‍ന്നതും കണ്ഠദേശത്തില്‍ ശോഭിക്കുന്ന കൗസ്തുഭമണിയോടുകൂടിയതും ബ്രഹ്മദേവന് പ്രത്യക്ഷപെടുത്തപ്പെട്ടതും ആയ ആ ദിവ്യ വിഗ്രഹത്തെ ഞാന്‍ ധ്യാനിക്കുന്നു.

ശ്രുതിപ്രകരദര്‍ശിതപ്രചുരവൈഭവ ശ്രീപതേ
ഹരേ ജയ ജയ പ്രഭോ പദമുപൈഷി ദിഷ്ട്യാ ദൃശോ: |
കുരുഷ്വ ധിയമാശു മേ ഭുവനനിര്‍മ്മിതൗ കര്‍മ്മഠാ-
മിതി ദ്രുഹിണവര്‍ണ്ണിതസ്വഗുണബംഹിമാ പാഹി മ‍ാം || 7  ||

ഉപനിഷദ് വാക്യങ്ങളാല്‍ പ്രതിപാദിക്കപ്പെട്ട മഹിമാതിശയത്തോടുകൂടിയ രമാവല്ലഭ! സംസാരദുഃഖങ്ങളെ ഉന്മൂലനം ചെയ്യുന്ന ഹേ ഭഗവന്‍! ജയിച്ചാലും! ഭാഗ്യവിശേഷത്താല്‍ എന്റെ ദൃഷ്ടിപഥത്തെ അങ്ങു പ്രാപിക്കുന്നു! എനിക്കു ജഗത് സൃഷ്ടിയില്‍ സമര്‍ത്ഥമായ ബുദ്ധിയെ താമസം കൂടാതെ അരുളിച്ചെയ്യേണമേ!” ഇപ്രകാരം നാന്മുഖനാല്‍ കീര്‍ത്തിക്കപ്പെട്ട സ്വഗുണവൈഭവത്തോടുകൂടിയ നിന്തിരുവടി എന്നെ രക്ഷിക്കേണമേ!

ലഭസ്വ ഭുവനത്രയീരചനദക്ഷതാമക്ഷത‍ാം
ഗൃഹാണ മദനുഗ്രഹം കുരു തപശ്ച ഭൂയോ വിധേ |
ഭവത്വഖിലസാധനീ മയി ച ഭക്തിരത്യുത്കടേ-
ത്യുദീര്യ ഗിരമാദധാ മുദിതചേതസം വേധസം || 8 ||

“ഹേ ബ്രഹ്മദേവ! അങ്ങ്  തടസ്ഥമില്ലാത്തതായ മുന്നു ലോകങ്ങളേയും സൃഷ്ടിക്കുവാനുള്ള കുശലതയെ ലഭിച്ചുകൊണ്ടാലും. എന്റെ അനുഗ്രഹത്തേയും സ്വീകരിച്ചുകൊള്ളുക, വീണ്ടും തപസ്സുചെയ്യുക; അഭീഷ്ടങ്ങളെല്ല‍ാം സാധിപ്പിക്കുന്നതും ഏറ്റവും വര്‍ദ്ധിച്ചതുമായ എന്നിലുള്ള ഭക്തിയും സംഭവിക്കട്ടെ; എന്നിങ്ങനെയുള്ള വാക്കുകളെ ഉച്ചരിച്ചിട്ട് ബ്രഹ്മാവിനെ നിന്തിരുവടി സന്തുഷ്ടചിത്തനാക്കിത്തീര്‍ത്തു.

ശതം കൃതതപാസ്തത: സ ഖലു ദിവ്യസംവത്സരാ-
നവാപ്യ ച തപോബലം മതിബലം ച പൂര്‍വ്വാധികം |
ഉദീക്ഷ്യ കില കമ്പിതം പയസി പങ്കജം വായുനാ
ഭവദ്ബലവിജൃംഭിത: പവനപാഥസീ പീതവാന്‍ || 9 ||

അനന്തരം ആ ബ്രഹ്മദേവന്‍ നൂറു ദിവ്യവര്‍ഷങ്ങളോളം തപസ്സുചെയ്തവനായി മുന്നേതിലുമധികം തപശ്ശക്തിയേയും ബുദ്ധിശക്തിയേയും പ്രാപിച്ചിട്ട് പ്രളയജലത്തില്‍ തനിയ്ക്കാധാരമായ താമരപ്പൂവ് വായുവിനാല്‍ ഇളകുന്നതായി കണ്ട് അങ്ങയുടെ മഹിമാതിശയത്താല്‍ വര്‍ദ്ധിച്ച വീര്യത്തോടുകൂടിയവനായി വായുവിനേയും ജലത്തേയും പാനംചെയ്തുപോല്‍!

തവൈവ കൃപയാ പുനസ്സരസിജേന തേനൈവ സ:
പ്രകല്പ്യ ഭുവനത്രയീം പ്രവവൃതേ പ്രജാനിര്‍മ്മിതൗ |
തഥാവിധകൃപാഭരോ ഗുരുമരുത്പുരാധീശ്വര
ത്വമാശു പരിപാഹി മ‍ാം ഗുരുദയോക്ഷിതൈരീക്ഷിതൈ: || 10 ||

പിന്നീട് അദ്ദേഹം അങ്ങയുടെ അനുഗ്രഹംകൊണ്ടുതന്നെ ആ താമരമലര്‍കൊണ്ട് മൂന്നു ലോകങ്ങളേയും നിര്‍മ്മിച്ചിട്ട് പ്രജകളെ സൃഷ്ടിക്കുന്ന വിഷത്തില്‍തന്നെ ഉദ്യുക്തനായി; ഗുരുവായുപുരേശാ! ഇപ്രകാരമുള്ള കാരുണ്യാതിരേകത്തോടുകൂടിയ നിന്തിരുവടി വര്‍ദ്ധിച്ച കൃപാരസംകൊണ്ട് ആര്‍ദ്രമാക്കപ്പെട്ട കടാക്ഷവിശേഷങ്ങളാല്‍ എന്നെ താമസംവിനാ കാത്തരുളിയാലും.

ജഗത് സൃഷ്ടിപ്രകാരവര്‍ണ്ണനം എന്ന ഒമ്പത‍ാം ദശകം.
ആദിതഃ ശ്ലോകാഃ 98.
വൃത്തം : – പൃത്ഥ്വി. ലക്ഷണം – ജസം ജസലയങ്ങളും ഗുരുവുമെട്ടിനാ‍ല്‍ പൃത്ഥ്വിയ‍ാം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.