യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 492 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ജഗദസ്ത്യഹമര്‍ഥേഽന്തരഹമസ്തി ജഗദ്ധൃദി
അന്യോന്യഭാവിനീ ത്വേതേ ആധാരധേയവത്സ്ഥിതേ (6.2/15/12)

ഭൂശുണ്ടന്‍ തുടര്‍ന്നു: സൂക്ഷ്മാണുവിന്റെ ഹൃദയത്തില്‍ വിശ്വം മുഴുവനും വിക്ഷേപമായത് ഇന്ദ്രന്‍ അങ്ങനെയൊരു സൃഷ്ടിക്കായി അദ്ദേഹം സങ്കല്‍പ്പിച്ചതുകൊണ്ടാണല്ലോ. എവിടെയൊക്കെ അഹം എന്ന ഭാവം സ്ഫുരിക്കുന്നുവോ അവിടെയെല്ലാം സ്വയംഭൂവായി ലോകം പ്രകടമാവുന്നു. വിശ്വത്തിന്റെ ആദികാരണമായി പറയാവുന്നത് അഹംകാരത്തെയാണ്. അതിനെ ആകാശത്തിന്റെ നീലിമയുമായി താരതമ്യപ്പെടുത്താം. ബ്രഹ്മം എന്ന പര്‍വ്വതത്തില്‍ ലോകമെന്ന വൃക്ഷം തഴച്ചുവളരുന്നത് വാസനകളും ധാരണകളും ഉള്ളതിനാലാണ്. അതിന്റെ വിത്താണ് അഹം- ഞാന്‍ എന്ന ഭാവം.

നക്ഷത്രങ്ങള്‍ അതിന്റെ പൂക്കളാണ്. നദികള്‍ ആ വൃക്ഷത്തിന്റെ നാഡികളാകുന്നു. മലകള്‍ അതിന്റെ ഇലകള്‍. ധാരണകളുടെ സത്തയും പരിമിതികളും അതിന്റെ ഫലങ്ങള്‍. ഈ മരത്തിന്റെ നിലനില്‍പ്പിനെപ്പറ്റിയുള്ള ധാരണയാണ് അതിനെ വികസ്വരമാക്കി നിലനിര്‍ത്തുന്നത്. നീണ്ടു പരന്ന ജലപ്പരപ്പ് പോലെയാണ് ലോകമെന്ന കാഴ്ച. സമുദ്രത്തിലെ അലകളെന്നപോലെ ലോകം ഉണ്ടായി മറയുന്നു. ഭ്രമചിന്തയാണ് അതിന്റെ വികാസത്തിന് കാരണമാവുന്നത്. ആത്മജ്ഞാനത്തിന് തടസ്സമാവുന്നതും മുക്തിയ്ക്ക് വിഘാതമായി നില്‍ക്കുന്നതും ഈ ഭ്രമാത്മകചിന്തകളാണ്. നിരന്തരം ജീവജാലങ്ങള്‍ ഉണ്ടായി നിലനിന്ന്‌ ഇല്ലാതെയാവുന്നതിന്റെ സുന്ദരദൃശ്യങ്ങള്‍ കൊണ്ട് അതീവഹൃദ്യമായും ആകര്‍ഷണീയമായും ലോകം കാണപ്പെടുന്നു.

അല്ലയോ വിദ്യാധരാ, ഈ സൃഷ്ടിയെ കാറ്റിന്റെ ചലനത്തോടും ഉപമിക്കാവുന്നതാണ്. അഹംകാരമാണ് കാറ്റ്. അതിന്റെ ചലനമോ, പ്രത്യക്ഷമായ ഈ ലോകവും. പൂവില്‍ നിന്നും പൂമണം മാറ്റാനരുതാത്തതുപോലെയാണ് കാറ്റും ചലനവും. അതുപോലെതന്നെയാണ് അഹംകാരവും ഈ പ്രത്യക്ഷലോകവും.

“അഹംകാരം എന്ന വാക്കിന്റെ സത്തയായി ലോകം നിലനില്‍ക്കുന്നു. ലോകം എന്ന വാക്കിനുള്ളില്‍ സത്തയായി അഹവും നിലനില്‍ക്കുന്നു. ഇവ പരസ്പരപരാധീനതയിലാണ് നിലകൊള്ളുന്നത്.”

ആത്മീയസാധനാമാര്‍ഗ്ഗമവലംബിച്ച് ഉള്ളിലെ മേധാശക്തിയെ ഉണര്‍ത്തി അഹംകാരത്തെ മാറ്റാന്‍ കഴിഞ്ഞാല്‍ ലോകമെന്ന മാലിന്യത്തെ സാധകന്റെ ബോധമണ്ഡലത്തില്‍നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയും. വാസ്തവത്തില്‍ അഹംകാരവും ഉണ്മയല്ല എന്നറിയുക. അത് ആകസ്മികമായി, മാസ്മരികമായി കാരണമൊന്നുമില്ലാതെ, യാതൊരടിസ്ഥാനവുമില്ലാതെ ഉണ്ടായി വന്നതാണ്.

എല്ലാടവും നിറഞ്ഞു നില്‍ക്കുന്നത് ബ്രഹ്മം മാത്രം. അഹംകാരം സത്തല്ല. അഹം ഉണ്മയല്ല എന്നുള്ളപ്പോള്‍ ഉണ്മയെന്നു തോന്നിപ്പിച്ചു കൂടെനിര്‍ത്തിയ ലോകമെന്ന കാഴ്ചയും അസത്താണെന്ന് വരുന്നു. അസത്തായത് അസത്തു തന്നെ. ബാക്കി, ഉണ്മയായുള്ളതോ? അത് ശാശ്വതവും പ്രശാന്തവുമാണ്. ‘നീ അതാണ്‌’. ഞാനിത് വിദ്യാധരനോടു പറഞ്ഞ മാത്രയില്‍ അദ്ദേഹം ധ്യാനത്തില്‍ ആമഗ്നനായി. പരമപദം പൂകി.

(വസിഷ്ഠന്‍ രാമനോടായി പറഞ്ഞു: യോഗ്യനായ സാധകന്റെ ഹൃദയത്തില്‍ വീഴുന്ന ജ്ഞാനബീജം മേധാശക്തിയുടെ പ്രഭാവത്താല്‍ വികസ്വരമാവുന്നു. എന്നാല്‍ അയോഗ്യരുടെ ഹൃദയത്തില്‍ അത് നിലനില്‍ക്കുകയില്ല. അഹംകാരത്തില്‍ നിന്നാണ് ‘ഇതെന്റെത്’ എന്ന ചിന്തയും അതിന്റെ അനുബന്ധമായി ലോകവും ഉണ്ടാവുന്നത്.)

അങ്ങനെ മഹാമുനേ, ഏറ്റവും അജ്ഞാനിയായ ഒരാള്‍ക്ക് പോലും ഈ വിദ്യാധരനെപ്പോലെ അനശ്വരതയെ പുല്‍കാനാവും. സത്യസാക്ഷാത്കാരം കൊണ്ട് മാത്രമേ അനശ്വരത സാധ്യമാവൂ. മറ്റു മാര്‍ഗ്ഗങ്ങള്‍ അതിനില്ല.

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ഇത് കഴിഞ്ഞ് മറ്റു മാമുനിമാര്‍ സഭകൂടുന്ന ഒരിടത്തേയ്ക്കാണ് ഞാന്‍ പോയത്. പരമപദം പൂകി മുക്തിയടഞ്ഞ വിദ്യാധരന്റെ കഥ ഞാന്‍ പറഞ്ഞുതന്നു. ഭൂശുണ്ടനില്‍ നിന്നും ഈ കഥ ഞാന്‍ കേട്ടിട്ട് ഇപ്പോള്‍ പതിനൊന്ന് ലോകചക്രങ്ങള്‍ പിന്നിട്ടിരിക്കുന്നു.