യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 497 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

അസത: ശശശൃംഗാദേ: കാരണം മാര്‍ഗയന്തി യേ
വന്ധ്യാപുത്രസ്യ പൌത്രസ്യ സ്കന്ധമാസാദയന്തി തേ (6.2/22/9)

വസിഷ്ഠന്‍ തുടര്‍ന്നു: ആത്മജ്ഞാനത്തില്‍ സുദൃഢനായിരിക്കുന്നത് കൊണ്ട് ജ്ഞാനി തന്റെ കര്‍മ്മങ്ങളുടെ പരിണിതഫലങ്ങളെപ്പറ്റി ബോധവാനല്ല. വ്യക്തിഗതമനസ്സും അതിന്റെ വിഷയങ്ങളും ജ്ഞാനിയെ ബാധിക്കുന്നില്ല. മാനസികോപാധികള്‍ എല്ലാം നീങ്ങിയ ഒരുവനത്രേ ജ്ഞാനി. അയാളുടെ മേധാശക്തി വികലതകളില്ലാതെ തെളിഞ്ഞിരിക്കുന്നു. അയാളിലെ ജ്ഞാനം വീണ്ടും ഇനിയൊരു പുനര്‍ജന്മത്തിലേയ്ക്ക് നയിക്കുന്നില്ല. അയാള്‍ ആഹാരം കഴിക്കുക, വസ്ത്രം ധരിക്കുക മുതലായ സാധാരണ പ്രവൃത്തികള്‍ ചെയ്യുന്നു. ചിലപ്പോള്‍ പൊടുന്നനെ അനിച്ഛാപൂര്‍വ്വം ആസക്തിരഹിതനായി കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നു. ആ മനസ്സ് അപ്പോഴും പ്രശാന്തമായിരിക്കും. അയാളാണ് പണ്ഡിതന്‍.

വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങള്‍ ഇവിടെ ജീവിച്ചു വളരുന്നത് പ്രത്യേകിച്ച് ഉദ്ദേശങ്ങള്‍ ഒന്നുമില്ലാതെയാണ്. കാരണം അവയൊന്നും യഥാര്‍ത്ഥത്തില്‍ ഉണ്മയല്ല. അവയെല്ലാം ഉണ്ടെന്നു തോന്നുന്നു എന്ന് മാത്രം. ഈ മായാസൃഷ്ടിയെപ്പറ്റിയുള്ള കാര്യ-കാരണബന്ധമൊക്കെ യുക്തിയ്ക്കായി പിന്നീട് സ്ഥാപിച്ചെടുത്തതാണ്. മരുമരീചിക എന്ന ദൃശ്യത്തിനു പിന്നില്‍ എന്താണൊരുദ്ദേശം?

“ദൃഷ്ടമായതുകൊണ്ട് മാത്രം ഭ്രമക്കാഴ്ച്ചകളുടെ കാരണം തിരക്കി നടക്കുന്നവര്‍ വന്ധ്യാപൌത്രന്റെ തോളത്ത് കയറി സവാരി നടത്താന്‍ ശ്രമിക്കുന്നവരാണ്.”

ഭ്രമക്കാഴ്ചയുടെ ഒരേയൊരു കാരണം ശരിയായ അറിവില്ലായ്മമാത്രമാണ്. കാരണം, ആ കാഴ്ചകളെ അറിയാനായി സസൂക്ഷ്മം നിരീക്ഷിച്ചു തുടങ്ങിയാല്‍ ആ കാഴ്ച ഇല്ലാതെയാകുന്നു. ശരിയായ രീതിയില്‍ അപഗ്രഥിച്ചു മനസ്സിലാക്കിയാല്‍ അതെല്ലാം പരമാത്മാവല്ലാതെ മറ്റൊന്നുമല്ല എന്ന് കണ്ടെത്താം. എന്നാല്‍ അവയെ മനോതലത്തില്‍ കാണുമ്പോള്‍ ഉപാധിസ്ഥമായ ജീവന്‍ ഉണ്ടാകുന്നു. ഈ ജീവനും ശരിയായ രീതിയില്‍ അന്വേഷിക്കുമ്പോള്‍ അത് പരമാത്മാവ്‌ തന്നെ എന്ന് തിരിച്ചറിയാനാകും. മനസ്സിന്റെ പിടിയില്‍ നില്‍ക്കുമ്പോള്‍ ഈ ജീവന്‍ നാനാതരത്തിലുള്ള ജനന-ജരാ-നര-മരണാദി മാറ്റങ്ങള്‍ക്ക് വിധേയമായി കാണപ്പെടുന്നു.

വിശ്വപുരുഷനെ നേരെ അറിയുന്ന ഒരുവന്‍ വൈവിദ്ധ്യതയെ അറിയുന്നില്ല. അയാളുടെ കണ്ണുകള്‍ ഈ ലോകത്തെ കാണുന്നുപോലുമില്ല. അവരുടെ മനസ്സ് പ്രവര്‍ത്തിക്കുണ്ടെങ്കിലും അവിടെ വിവിധ ദിശകളിലേയ്ക്ക് പരക്കം പായുന്ന ചിന്തകളോ കാലുഷ്യങ്ങളോ ഇല്ല. അതുകൊണ്ട് അവരുടെ മനസ്സ് നിര്‍മനമാണ്. അവിടെ ചിന്താസഞ്ചാരമില്ല. കാറ്റിലെ കരിയിലയെപ്പോലെ അനിച്ഛാപൂര്‍വ്വമാണ് അവരുടെ പ്രവൃത്തികള്‍.

മാനസികോപാധികളാല്‍ ബന്ധിക്കപ്പെട്ട മൂഢന്‍ ശാസ്ത്രാനുസാരിയായ കര്‍മ്മങ്ങളെ പ്രകീര്‍ത്തിക്കുന്നു. കാരണം അവന്‍ ആത്മീയോന്നതി പ്രാപിച്ചിട്ടില്ല. വിഷയവസ്തുക്കള്‍ അയാളുടെ ഇന്ദ്രിയങ്ങള്‍ക്ക് ഇരയാണ്. എന്നാല്‍ ജ്ഞാനിയോ അയാള്‍ ഇന്ദ്രിയങ്ങളെ അടക്കി ആത്മാവില്‍ സ്വയം അഭിരമിക്കുന്നു.

രൂപമില്ലാത്ത സ്വര്‍ണ്ണം ഇല്ലാത്തുപോലെ അമൂര്‍ത്തമായ ബ്രഹ്മവും ഇല്ല. എന്നാല്‍ മുക്തിപദം എന്നത് മൂര്‍ത്തതയെപ്പറ്റിയുള്ള ധാരണപോലും ഇല്ലാതെയിരിക്കുന്ന അവസ്ഥയാണ്.

ഈ ലോകചക്രത്തിന്റെ അവസാനം പ്രളയത്തിനൊടുവില്‍ എല്ലാസൃഷ്ടികളെയും അതികഠിനമായ ഇരുട്ട് മൂടും. എന്നാല്‍ ജ്ഞാനിയുടെ കണ്ണില്‍ വിശ്വമാകെ ബ്രഹ്മം എന്ന സത്തില്‍ നിറഞ്ഞതായിരിക്കും. വൈവിദ്ധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ കടല്‍ വലിയൊരു ഒരു ജലനിധിയാണല്ലോ. ഒരേയൊരു ബ്രഹ്മം മാത്രം. അതില്‍ എല്ലാമെല്ലാം ഉള്‍ക്കൊള്ളുന്നു.

അഹംകാരത്തില്‍ ലോകം. അഹങ്കാരം സൃഷ്ടിയില്‍. ഇവരണ്ടും ഇപ്പോഴും ഒന്നിച്ചാണ്. അവരെ രണ്ടായി പിരിക്കുക എന്നത് അസാദ്ധ്യം. പ്രേരണയോ കാരണമോ ഏതും കൂടാതെ ജീവന്‍ സ്വയം തന്നില്‍ സൃഷ്ടിയെ കാണുന്നു. വള സ്വര്‍ണ്ണമാണ്. എന്നാല്‍ വളയെ വളയായി കാണാത്തപ്പോള്‍ അത് സ്വര്‍ണ്ണം മാത്രം.

സത്യദര്‍ശികള്‍ ‘ജീവിക്കുന്ന’തിലൂടെ ജീവിക്കുന്നില്ല; ‘മരിക്കുന്ന’തിലൂടെ മരിക്കുന്നില്ല; ‘നിലനില്‍ക്കുന്ന’തിലൂടെ നിലനില്‍ക്കുന്നില്ല. അവരുടെ കര്‍മ്മങ്ങളെല്ലാം ആഗ്രഹമേതുംകൂടാതെ ദേഹം സ്വയം നിര്‍വ്വഹിക്കുന്നവയാണ്