യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 501 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
വേദനാത്മാ ന സോഽസ്ത്യന്യ ഇതി യാ പ്രതിഭാ സ്ഥിരാ
ഏഷാവിദ്യാ ഭ്രമസ്ത്വേഷ സ ച സംസാര ആതത: (6.2/25/8)
വസിഷ്ഠന്‍ പറഞ്ഞു: അനുഭവം, ചിന്തകള്‍, മനോപാധികള്‍, ഭാവനകള്‍, എന്നിവയെല്ലാം വാസ്തവത്തില്‍ അര്‍ത്ഥശൂന്യമത്രേ. അവ മാനസിക ദുരിതങ്ങളുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ. ഇന്ദ്രിയാനുഭവങ്ങളും ചിന്തകളുമാണ് ജീവിതത്തിലെ എല്ലാ ദൌര്‍ഭാഗ്യങ്ങളുടെയും ദുരിതങ്ങളുടെയും മൂലഹേതു. വാസനകളാലും മാനസികോപാധികളാലും നയിക്കപ്പെടുന്നവന്റെ ജീവിതം ഈ ലോകത്ത് വക്രതകളും കഷ്ടപ്പാടുകളും നിറഞ്ഞതാണ്. എന്നാല്‍ പ്രബുദ്ധതയാര്‍ജ്ജിച്ച ജ്ഞാനിയില്‍ മനോപാധികള്‍ അവസാനിക്കുന്നതോടെ സംസാരവും നിലയ്ക്കുന്നു.
വാസ്തവത്തില്‍ ശുദ്ധമായ ബോധമല്ലാതെ മറ്റൊന്നും ഇല്ല. ആകാശത്തില്‍ നിശ്ശൂന്യതയല്ലാതെ മറ്റൊന്നുമില്ല.
“ശുദ്ധാവബോധത്തില്‍ നിന്നും വേറിട്ട് അനുഭവജ്ഞനായി ഒരാളുണ്ട് എന്ന് കരുതുന്നത് അജ്ഞാനമാണ്. ആ അജ്ഞാനം വികസ്വരമാവുന്നതാണ് സംസാരം, അല്ലെങ്കില്‍ ലോകം.” ശരിയായ നിരീക്ഷണമില്ലാത്തതുകൊണ്ട് ദൃശ്യമായ വസ്തു ആ വസ്തുവിലേയ്ക്ക് പ്രകാശം കേന്ദ്രീകരിക്കുന്നതോടെ അപ്രത്യക്ഷമാവുന്നു.
അതുപോലെ, പരമാത്മാവിന്റെ പ്രതിഫലനം മാത്രമായ ‘അനുഭവജ്ഞനായ’ ആത്മാവ് ശരിയായ അന്വേഷണത്തില്‍ അപ്രത്യക്ഷമാവുന്നു. വിഷയബോധം ഉണ്ടാക്കിയ വിഭജനം ബോധത്തിന്റെ അവിച്ഛിന്നത ബോധ്യമാവുമ്പോള്‍ ഇല്ലാതെയാവുന്നു.
മണ്ണില്‍ നിന്നും വിഭിന്നമായി മണ്‍കുടത്തിന് അസ്തിത്വമില്ല. വസ്തുക്കളും ബോധം തന്നെയാണ്. അവയെ ‘ബോധവസ്തുക്കള്‍’ എന്ന് തരം തിരിക്കുന്നത് ശരിയല്ല. അറിവിലൂടെ തിരിച്ചറിയപ്പെടുന്നത് അറിവ് തന്നെയാണല്ലോ. അറിയപ്പെടാത്ത കാര്യം എന്നത്, ഇല്ല എന്ന അറിവാണ്!
ഇവയിലെല്ലാം ബോധം എന്നത് പൊതുവായ ഒന്നാണ്. അറിവും അറിയുന്ന വസ്തുവുമാണത്. അറിവോ ബോധമോ അല്ലാതെ മറ്റൊന്നും ഇല്ല. മരവും കല്ലും വാസ്തവത്തില്‍ ബോധസ്വരൂപം തന്നെയാണ്. അതുകൊണ്ടാണ് അവയെ തിരിച്ചറിയാന്‍ സാധിക്കുന്നത്. ലോകത്ത് എന്തെല്ലാം ഉണ്ടോ അതെല്ലാം ശുദ്ധമായ ബോധം മാത്രമാണ്. വിവിധവസ്തുക്കള്‍ അവയുടെ വൈവിദ്ധ്യതയോടെ കാണപ്പെടുന്നുവെങ്കിലും അവയെ കാണുന്ന ദൃഷ്ടാവിന്റെ നോട്ടത്തില്‍ അവ അഭിന്നങ്ങളാണ്. ആ ദൃഷ്ടാവ് ബോധമാണ്.
വൈവിദ്ധ്യതയെന്ന ധാരണയെ ഉണ്ടാക്കുന്ന അഹംകാരമാണ് എല്ലാ ഭിന്നതകള്‍ക്കും കാരണം. അഹംകാരമാണ് ബന്ധനം. മോക്ഷത്തിനു തടസ്സം നില്‍ക്കുന്നത് അതാണ്. എത്ര എളുപ്പമാണത് അറിയാന്‍! എന്താണിതിലിത്ര ബുദ്ധിമുട്ട്?
കണ്ണിന് അസുഖം ബാധിച്ചവന്‍ ആകാശത്ത് രണ്ടു ചന്ദ്രനെ കാണുന്നു. അതുകൊണ്ട് രണ്ടാമതൊരു ചന്ദ്രന്‍ കൂടി ഉണ്ടായി എന്ന് പറയാന്‍ എങ്ങനെ സാധിക്കും? അത് തികച്ചും തെറ്റാണല്ലോ.
ബോധവും ജഡവും കൂടി ഒരു ബന്ധം ഉണ്ടാവുക അസാദ്ധ്യം. ബോധത്തിന് ‘അബോധ’മാവുക സാദ്ധ്യമല്ല. എന്നാല്‍ ഈ ബോധം തന്നെയാണ് സ്വയം ജഡമായി ഭാവനചെയ്ത് പരിമിതപ്പെടുന്നത്. എന്നിട്ടത് തട്ടിത്തടഞ്ഞ് ഒരു കല്ല് താഴേയ്ക്ക് വീഴുന്നതുപോലെ വിഷയധാരണകളില്‍ എത്തിച്ചേരുന്നു.