യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 504 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

യഥാക്രമം യഥാദേശം കുരു ദുഃഖമദുഃഖിത:
ബാഷ്പകന്ദാദിപര്യന്തം ദ്വന്ദ്വയുക്തസുഖാനി ച (6.2/29/4)

വസിഷ്ഠന്‍ തുടര്‍ന്നു: “രാമാ, എല്ലായിടത്തുമുള്ള എല്ലാ കര്‍മ്മങ്ങളും ശുദ്ധാവബോധം മാത്രമായിക്കണ്ട് അന്തര്‍മുഖനായി ജീവിക്കൂ. ദുഖത്തിലും ദുരിതത്തിലും, വേദനയിലും എല്ലാം സ്വയമുള്ളില്‍ ദുഖിതനാകാതെ എന്നാല്‍ ദുഖിതനെപ്പോലെ ആനുകാലികസ്ഥിതിഗതികള്‍ നോക്കി, ആചാരരീതികള്‍ക്കനുസരിച്ച് പെരുമാറുക. വേണ്ടിവന്നാല്‍ ഒരല്‍പം കണ്ണീരു പൊഴിക്കുക. സുഖദുഖങ്ങളെ അനുഭവിക്കുന്ന ഒരുവനെപ്പോലെ സമൂഹത്തില്‍ പെരുമാറുക.”

ഭാര്യാപുത്രന്മാരുമായിരിക്കുമ്പോഴും ഉത്സവാദികളില്‍ പങ്കുകൊള്ളുമ്പോഴും സാധാരണക്കാരെപ്പോലെ, മനോപാധികളില്‍ ചാഞ്ചാടുന്നവനെപ്പോലെ ആഹ്ലാദം പ്രകടിപ്പിക്കുക.

ശവസംസ്കാരചടങ്ങുകളിലും യുദ്ധങ്ങളിലും ചിലപ്പോള്‍ ഒരജ്ഞാനിയെപ്പോലെ, പരിമിതമായ അറിവ് മാത്രമുള്ളവനെപ്പോലെ പങ്കെടുക്കുക. ധനമാര്‍ജ്ജിക്കുക, ശത്രുക്കളെ വെല്ലുക മുതലായ പരിമിതപ്രഭാവന്മാരുടെ പ്രവൃത്തികള്‍ ഏറ്റെടുക്കുക. കഷ്ടപ്പെടുന്നവരോടു സഹാനുഭൂതിയുള്ളവനായിരിക്കുക.

മഹാത്മാക്കളെ പൂജിക്കുക. ആനന്ദാവസ്ഥകളില്‍ ആഹ്ലാദിക്കുക. മറ്റുള്ളവരുടെ ദുഖങ്ങളില്‍ പങ്കുകൊള്ളുക. വീരന്മാരില്‍ അഗ്രഗണ്യനാവുക. ഉള്ളിലേയ്ക്ക് ദൃഷ്ടിയൂന്നി ആത്മാവെന്ന ആനന്ദസമുദ്രത്തില്‍ നീന്തി മനസ്സും ഹൃദയവും പ്രശാന്തമാക്കി നീയെന്തു ചെയ്താലും നീയത് ‘ചെയ്യുന്നില്ല’. അത് ‘കര്‍മ്മ’മാകുന്നില്ല.

നീയങ്ങനെ അത്മാഭിരാമനായിരിക്കുമ്പോള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ക്ക് നിന്നെ മുറിക്കാനാവില്ല. ആത്മജ്ഞാനത്തെ ഒന്നിനും മുറിവേല്‍പ്പിക്കാനാവില്ല. അഗ്നിയ്ക്ക് എരിക്കാനാവില്ല, മഴയ്ക്ക് നനയ്ക്കാനാവില്ല. കാറ്റിന് ഉണക്കാനാവില്ല.

ആത്മജ്ഞാനമെന്ന ഉറച്ചതൂണില്‍ പിടിച്ചിരിക്കുക. ആത്മാവ് ജനനമരണജരാനരകള്‍ക്ക് അപ്രാപ്യമാണെന്നറിയുക.

ബാഹ്യമായി തികച്ചും കര്‍മ്മോല്‍സുകനായി, അത്മജ്ഞാനത്തില്‍ ഉറച്ചു ജീവിക്കുക. ഒരിക്കലും വാസനകളുടെ ബന്ധനത്തില്‍ വീഴാതിരിക്കുക. ഉള്ളില്‍ ദീര്‍ഘനിദ്രയിലെന്നപോലെയാണെങ്കിലും പുറമേയ്ക്ക് കര്മ്മനിരതനായി നിലകൊള്ളുക. വിഭജനാത്മകചിന്തകളെ ഒരിക്കലും വച്ച്പുലര്‍ത്താതിരികുക. സ്വാവബോധത്തെ ഒരല്‍പം ബാഹ്യലോകത്തില്‍ വച്ചുകൊണ്ട് ആത്മാഭിരാമനായി വര്‍ത്തിക്കുക.

അങ്ങനെ നിനക്ക് ആഴമേറിയ നിദ്രയിലെന്നപോലെ വിശ്രാന്തനാകാം. പുറമേയ്ക്ക് കര്‍മ്മനിരതനായാലും അല്ലെങ്കിലും എന്തിനെയെങ്കിലും സമാശ്രയിച്ചാലും ഇല്ലെങ്കിലും ഈ വിശ്രാന്തി നിനക്ക് സ്വായത്തമാണ്. എല്ലാ കാലുഷ്യങ്ങളില്‍ നിന്നും നീയപ്പോള്‍ സര്‍വ്വ സ്വതന്ത്രനാണ്. സുഷുപ്തിയവസ്ഥയും ജാഗ്രദവസ്ഥയും നിന്നില്‍ അഭേദമാണപ്പോള്‍.

അങ്ങനെ ആദിയന്തങ്ങളില്ലാത്ത ആത്മാവബോധം പരിശീലിക്കുന്നതിലൂടെ നിനക്ക് അചിരേണ പരമാത്മബോധതലത്തില്‍ എത്താം. അവിടെ ദ്വന്ദതകളില്ല. എല്ലാ വിഷയീകരണങ്ങള്‍ക്കും അതീതമാണത്. അവിടെ എകത്വവും നാനാത്വവും ഇല്ല. ഉള്ളത് പരമപ്രശാന്തി മാത്രം.

രാമന്‍ ചോദിച്ചു: അഹംകാരത്തെ സംബന്ധിച്ച ഉണ്മ അങ്ങനെയാണെങ്കില്‍ മഹാമുനേ അങ്ങ് വസിഷ്ഠനെന്ന് നാമധാരിയായി എങ്ങനെയാണിവിടെ നില്‍ക്കുന്നത്?

രാമന്‍ ഇത് ചോദിക്കേ വസിഷ്ഠന്‍ കുറച്ചു നിമിഷം നിശ്ശബ്ദനായിരുന്നു. സഭാവാസികള്‍ ആശങ്കിതരായി.

അതുകണ്ട് രാമന്‍ വീണ്ടും ചോദിച്ചു: എന്താണ് മാമുനേ അങ്ങ് മൌനിയായത്? മഹാത്മാക്കളായ ഋഷിവര്യന്മാര്‍ക്ക് ഉത്തരം നല്‍കാനാവാത്ത ചോദ്യങ്ങളില്ല.

വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ഉത്തരം പറയാതെ മൌനമവലംബിച്ചത് ഉത്തരം അറിയാഞ്ഞിട്ടല്ല. കാരണം മൌനം മാത്രമാണ് നിന്റെ ചോദ്യത്തിനുള്ള ഉത്തരം എന്നതുകൊണ്ടാണ്.