സ്വായംഭുവോ മനുരഥോ ജനസര്‍ഗ്ഗശീലോ
ദൃഷ്ട്വാ മഹീമസമയേ സലിലേ നിമഗ്നാം |
സ്രഷ്ടാരമാപ ശരണം ഭവദംഘ്രിസേവാ-
തുഷ്ടാശയം മുനിജനൈ: സഹ സത്യലോകേ || 1 ||
അനന്തരം ജനസൃഷ്ടിസ്വഭാവത്തോടുകൂടിയവനായ സ്വായംഭുവമനു അകാലത്തില്‍ ഭൂമിയെ വെള്ളത്തില്‍ മുങ്ങിയതായി കണ്ട് മഹര്‍ഷിമാരോടുകൂടി സത്യലോകത്തില്‍ അങ്ങയുടെ പാദസേവകൊണ്ട് ഉള്‍ക്കുതുകമാര്‍ന്നിരുന്ന ബ്രഹ്മാവിനെ ശരണം പ്രാപിച്ചു.
കഷ്ടം പ്രജാ: സൃജതി മയ്യവനിര്‍നിമഗ്നാ
സ്ഥാനം സരോജഭവ കല്പയ തത് പ്രജാനാം |
ഇത്യേവമേഷ കഥിതോ മനുനാ സ്വയംഭൂ: –
രംഭോരുഹാക്ഷ തവ പാദയുഗം വ്യചിന്തീത് || 2 ||
“അല്ലേ കമലോത്‍ഭവ! ഞാന്‍ പ്രജകളെ സൃഷ്ടിച്ചുകൊണ്ടിരിക്കെ ഭൂമി വെള്ളത്തില്‍ മുങ്ങിപ്പോയ്ക്കളഞ്ഞു. അതിനാല്‍ പ്രജകള്‍ക്കുള്ള വാസസ്ഥലത്തെ കല്പിച്ചരുളിയാലും” എന്നിപ്രകാരം മനുവിനാല്‍ പറയപ്പെട്ട ഈ ബ്രഹ്മദേവന്‍ സരസിജേക്ഷണ! നിന്തിരുവടിയുടെ കാലിണകളെ സ്മരിച്ചു.
ഹാ ഹാ വിഭോ ജലമഹം ന്യപിബം പുരസ്താ-
ദദ്യാപി മജ്ജതി മഹീ കിമഹം കരോമി |
ഇത്ഥം ത്വദംഘ്രിയുഗലം ശരണം യതോസ്യ
നാസാപുടാത് സമഭവ: ശിശുകോലരൂപീ || 3 ||
“കഷ്ടം! കഷ്ടം! ഭഗവാനേ! ഞാന്‍ മുമ്പേതന്നെ പ്രളയജലത്തെ മുഴുവനും പാനംചെയ്തു. എന്നിട്ടും ഇപ്പോള്‍ ഭൂമി വെള്ളത്തില്‍ മുങ്ങിപ്പോകുന്നു ഞാന്‍ എന്തുചെയ്യട്ടെ?” എന്നിങ്ങിനെ അങ്ങയുടെ തൃക്കാലടിയിണകളെ ശരണംപ്രാപിച്ച അദ്ദേഹത്തിന്റെ നാസാരന്ധ്രത്തില്‍നിന്ന് നിന്തിരുവടി ബാലസൂകരൂപം ധരിച്ചവനായി അവതരിച്ചു.
അംഗുഷ്ഠമാത്രവപുരുത്പതിത: പുരസ്താത്
ഭോയോഥ കുംഭിദൃശ: സമജൃംഭഥാസ്ത്വം |
അഭ്രേ തഥാവിധമുദീക്ഷ്യ ഭവന്തമുച്ചൈ –
വ്വിര്‍സ്മേരതാം വിധിരഗാത് സഹ സൂനുഭി: സ്വൈ: || 4 ||
അങ്ങ് ആദ്യം പെരുവിരലോളം വലിപ്പമുള്ള ശരീരത്തോടുകൂടിയവനായി ആവിര്‍ഭവിച്ചു. പിന്നീട് വീണ്ടും ആനയ്ക്കുതുല്യം വര്‍ദ്ധിച്ചുയുര്‍ന്നു; അങ്ങിനെവളര്‍ന്നുകൊണ്ട് ആകാശമാര്‍ഗ്ഗത്തില്‍ ഉയരെ അങ്ങയെ കണ്ടിട്ട് ബ്രഹ്മദേവന്‍ തന്റെ പുത്രന്മാരോടുകൂടി അത്യാശ്ചര്യത്തെ പ്രാപിച്ചു.
കോസാവചിന്ത്യമഹിമാ കിടിരുത്ഥിതോ മേ
നാസാപുടാത് കിമു ഭവേദജിതസ്യ മായാ |
ഇത്ഥം വിചിന്തയതി ധാതരി ശൈലമാത്ര:
സദ്യോ ഭവന്‍ കില ജഗര്‍ജ്ജിഥ ഘോരഘോരം || 5 ||
വിചാരിക്കുവാന്‍കൂടി കഴിയാത്ത മഹിമയോടുകൂടിയതായി എന്റെ നാസാരന്ധ്രത്തില്‍നിന്ന് ചാടിപുറപ്പെട്ട ഈ സൂകരം ഏതാകുന്നു? അജിതനായ ഭഗവാന്റെ മായതന്നെയായിരിക്കാമോ?എന്നിങ്ങനെ വിധാതാവ് വിചാരിച്ചുകൊണ്ടിരിക്കെത്തന്നെ നിന്തിരുവടി പൊടുന്നനവെ മലയോളം വലിപ്പമുള്ളവനായിത്തീര്‍ന്ന് അതിഭയങ്കരമാവണ്ണം ഗര്‍ജ്ജിച്ചുപോല്‍ .
തം തേ നിനാദമുപകര്‍ണ്യ ജനസ്തപ:സ്ഥാ:
സത്യസ്ഥിതാശ്ച മുനയോ നുനുവുര്‍ഭവന്തം |
തത്സ്തോത്രഹര്‍ഷുലമനാ: പരിണദ്യ ഭൂയ-
സ്തോയാശയം വിപുലമൂര്‍ത്തിരവാതരസ്ത്വം || 6 ||
നിന്തിരുവടിയുടെ ആ ഭയങ്കരശബ്ദത്തെ കേട്ടിട്ട് ജനര്‍ലോകം, തപോലോകം ഇവയില്‍ സ്ഥിതിചെയ്യുന്നവരും സത്യലോകത്തില്‍ സ്ഥിതിചെയ്യുന്നവരുമായ മഹര്‍ഷികള്‍ നിന്തിരുവടിയെ വാഴ്ത്തിസ്തുതിച്ചു. അവരുടെ സ്തുതിവചനങ്ങള്‍കൊണ്ട് ഹൃഷ്ടമനസ്സാര്‍ന്ന ഭീമശരീരനായ നിന്തിരുവടി വീണ്ടും സിംഹനാദംചെയ്തുകൊണ്ട് സമുദ്രത്തില്‍ പ്രവേശിച്ചു.
ഊര്‍ദ്ധ്വപ്രസാരിപരിധൂമ്രവിധൂതരോമാ
പ്രോത്ക്ഷിപ്തവാലധിരവാംമുഖഘോരഘോണ: |
തൂര്‍ണ്ണ പ്രദീര്‍ണ്ണ ജലദ: പരിഘൂര്‍ണ്ണദക്ഷ്ണാ
സ്തോതൃന്‍ മുനീന്‍ ശിശിരയന്നവതേരിഥ ത്വം ||7||
ഉയര്‍ന്നു നില്ക്കുന്നവയും കറുപ്പും ചുവപ്പും കൂടിക്കലര്‍ന്ന നിറത്തോടുകൂടിയവയും കുടഞ്ഞിളക്കപ്പെട്ടവയുമായ രോമങ്ങളോടുകൂടിയവനും മേല്പോട്ടുയര്‍ത്തിപ്പിടിക്കപ്പെട്ട വാലോടുകൂടിയവനും കീഴ്പ്പോട്ടു തൂങ്ങുന്ന ഭയങ്കരമായ നാസികയോടുകൂടിയവനും മേഘങ്ങളെ ക്ഷണത്തില്‍ പിളര്‍ന്നവനുമായ നിന്തിരുവടിതന്നെ കീര്‍ത്തിക്കുന്ന മുനിജനങ്ങളെ ഉരുട്ടിമിഴിക്കുന്ന കണ്ണുകള്‍കൊണ്ട് അകംകുളുര്‍പ്പിച്ചു ജലത്തിലേയ്ക്കിറങ്ങി.
അന്തര്‍ജ്ജലം തദനുസംകുലനക്രചക്രം
ഭ്രാമ്യത്തിമിംഗിലകുലം കലുഷോര്‍മ്മിമാലം |
ആവിശ്യ ഭീഷണരവേണ രസാതലസ്ഥാ –
നാകമ്പയന്‍ വസുമതീമഗവേഷയസ്ത്വം || 8 ||
അനന്തരം ഇളകിക്കൂടിയ മുതലക്കൂട്ടങ്ങളോടുകൂടിയതും അങ്ങുമിങ്ങും പായുന്ന തിമിംഗലങ്ങളോടുകുടിയതും കലങ്ങിമറിഞ്ഞ തിരമാലകളാര്‍ന്നതുമായ ജലാന്തര്‍ഭാഗത്തു പ്രവേശിച്ച് ഭയങ്കരമായ ഗര്‍ജ്ജനംകൊണ്ട് പാതാളവാസികളെ വിറകൊള്ളിച്ചുകൊണ്ട് നിന്തിരുവടി ഭൂദേവിയ അന്വേഷിച്ചു.
ദൃഷ്ട്വാഥ ദൈത്യഹതകേന രസാതലാന്തേ
സംവേശിതാം ഝടിതി കൂടകിടിര്‍വിഭോ ത്വം |
ആപാതുകാനവിഗണയ്യ സുരാരിഖേടാന്‍
ദംഷ്ട്രാങ്കുരേണ വസുധാമദധാ: സലീലം || 9 ||
സര്‍വ്വേശ്വര! മായവരാഹരുപിയായ നിന്തിരുവടി അനന്തരം അസുരാധമനായ ഹിരണ്യാക്ഷനാല്‍ പാതാളത്തിന്നടിയില്‍ കൊണ്ടുവയ്ക്കപ്പെട്ടിരുന്ന ഭൂമിയെ കണ്ടിട്ട് നേരിട്ട് പാഞ്ഞുവരുന്ന ദുഷ്ടഭാനവന്മാരെ ഒട്ടും കൂട്ടാക്കാതെ തേറ്റയുടെ അഗ്രംകൊണ്ട് കളിയായ് ത്തന്നെ ക്ഷണത്തില്‍ പൊക്കിയെടുത്തു.
അഭ്യുദ്ധരന്നഥ ധരാം ദശനാഗ്രലഗ്ന
മുസ്താങ്കുരാങ്കിത ഇവാധികപീവരാത്മാ |
ഉദ്ധൂതഘോരസലിലാജ്ജലധേരുദഞ്ചന്‍
ക്രീഡാവരാഹവപുരീശ്വര പാഹി രോഗാത് || 10 ||
ഭഗവന്‍! അതില്‍പിന്നെ ദംഷ്ട്രയുടെ അറ്റത്ത് പറ്റിയ മുത്തങ്ങാമുളകൊണ്ട് അടയാളപ്പെട്ടവനെന്ന പോലെയിരിക്കുന്നവനും തടിച്ച ദേഹത്തോടുകൂടിയവനും ഭൂമിയെ ഉയര്‍ത്തിപിടിച്ചുകൊണ്ട് കലക്കിമറിക്കപ്പെട്ട ഭയങ്കരമായ ജലത്തോടുകൂടിയ സമുദ്രത്തില്‍നിന്നു പൊങ്ങിവന്നവനുമായ ലീലാവരാഹസ്വരുപിയായ നിന്തിരുവടി രോഗത്തില്‍നിന്ന് രക്ഷിച്ചരുളേണമേ !
വരാഹാവതാരവര്‍ണ്ണനവും ഭൂമ്യുദ്ധരണ വര്‍ണ്ണനവും എന്ന പന്ത്രണ്ടാംദശകം സമാപ്തം.
ആദിതഃ ശ്ലോകഃ 128.
വൃത്തം. വസന്തതിലകം.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.