യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 507 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ചിത്രസംഗരയുദ്ധസ്യ സൈന്യസ്യാക്ഷുബ്ധതാ യഥാ
തഥൈവ സമതാ ജ്ഞസ്യ വ്യവഹാരവതോപി ച (6.2/30/5)
വസിഷ്ഠന് തുടര്‍ന്നു: ‘ഞാന്‍’ എന്ന ധാരണ വെറും അജ്ഞാനമാണ്. അത് നിര്‍വാണപദത്തിന് വിഘാതമായി നില്ക്കുന്നു. മുക്തിയ്ക്ക് തടസ്സമായുള്ളത് ‘ഞാനാ’ണ്. എന്നാല്‍ മൂഢമതികള്‍, ഈ അജ്ഞാനമാകുന്ന ഇരുട്ടിന്റെ സഹായത്താല്‍ സത്യപ്രകാശത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നു!.
അഹംകാരത്തെപ്പറ്റി അന്വേഷിച്ചുചെല്ലുമ്പോള്‍ അത് സ്വയം അതിന്റെ പരിമിതികളും ഉപാധിസ്ഥമായ സ്വഭാവവും ഒടുവില്‍ അതിന്റെ വ്യര്‍ഥതയും വ്യക്തമാക്കുന്നു. അജ്ഞാനിയാണ് ‘അഹ’ത്തിനെ ‘കണ്ടെത്തുന്നത്’; ജ്ഞാനിയല്ല. സത്യത്തെ അറിഞ്ഞ ജ്ഞാനി മൂര്‍ത്തമോ അമൂര്‍ത്തമോ ആയ അവസ്ഥകളില്‍ ഇരുന്നാലും അവയിലൊന്നും ആശങ്കാലേശമില്ലാതെ അഹംകാരത്തെ പൂര്‍ണ്ണമായും ഉപേക്ഷിച്ചു നിലകൊള്ളുന്നു.
“ചിത്രപടത്തിലുള്ള യുദ്ധക്കളത്തിലെ നാശം ഭീതിയുണ്ടാക്കുന്നില്ല. അതുപോലെ സത്യജ്ഞാനി സമതാഭാവത്തില്‍ അഭിരമിക്കുമ്പോള്‍ കര്‍മ്മങ്ങള്‍ അയാളെ ബാധിക്കുന്നില്ല.” പ്രബുദ്ധനായ മുനിയെ സംബന്ധിച്ചിടത്തോളം മൂര്‍ത്തീകരിക്കപ്പെട്ടതും ഉപാധിസ്ഥവും ആയ കാര്യങ്ങള്‍ എല്ലാം സത്യമല്ല എന്ന് നിശ്ചയമുണ്ട്. അയാളുടെ മനസ്സ് നിര്‍മനമാണ്. അയാളിലെ ഉപാധികള്‍ ഉപാധികളല്ല.
അത് ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല. പുറമേയ്ക്ക് വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളില്‍ ആമഗ്നമാവുമ്പോഴും ആരൊരുവന് അകമേ പൂര്‍ണ്ണപ്രശാന്തനായി ഇരിക്കുന്നുവോ അവന് മുക്തനത്രേ. ആകാശത്തു പാറിപ്പറക്കുന്നതായി കാണപ്പെടുന്ന ആനയും തേരുമെല്ലാം മേഘങ്ങളുടെ രൂപവിന്യാസങ്ങളാണ്. അതുപോലെയാണ് ലോകങ്ങളും പരമാത്മാവില്‍, അല്ലെങ്കില്‍ ബ്രഹ്മത്തില്‍ കാണപ്പെടുന്നത്.
അയഥാര്‍ത്ഥമായതിനെ ഉണ്മയായി തെറ്റിദ്ധരിച്ചതാണ് ദുഖത്തിന് ഹേതു. ഉണ്മയെ വികലമായിമാത്രം, ഭ്രമാത്മകമായി അറിഞ്ഞതാണ് അത്തരം ധാരണകള്‍ക്ക് കാരണം. അഹംകാരം കൊണ്ട് അജ്ഞാനി തന്റെയുള്ളില്‍ ലോകത്തെ അനുഭവിക്കുന്നു. താന്‍ വാസ്തവത്തില്‍ അനന്തമായ അവബോധമാണെന്നുള്ള കാര്യം വിസ്മരിക്കുന്നു. ഒരു തീക്കൊള്ളി ചുഴറ്റുമ്പോള്‍ ഉണ്ടാകുന്ന തീവലയം ആകാശത്ത് പലവിധ രൂപങ്ങളെ ഉണ്ടാക്കുന്നതുപോലെയാണത്. വാസ്തവത്തില്‍ ഒരേയൊരു തീപ്പൊരിയേ ഉണ്മയായി ഉള്ളു. തീവലയങ്ങള്‍ ഉണ്ടാകുന്നതു പോലെയാണ് വൈവിദ്ധ്യമാര്‍ന്ന നാമരൂപങ്ങള്‍ ഉണ്ടാകുന്നത്. അവ, ഏകാത്മകമായ ബ്രഹ്മത്തിന്റെ, അനന്തമായ ബോധത്തിന്റെ പ്രസ്ഫുരണങ്ങള്‍ മാത്രമാണ്.
ആദിമദ്ധ്യാന്തങ്ങള്‍, ഉയര്‍ച്ചതാഴ്ചകള്‍, കാലദേശാദികള്‍, എല്ലാമെല്ലാം അങ്ങനെതന്നെ ഇരുന്നുകൊള്ളട്ടെ. ഉള്ളില്‍ നിറയുന്ന പരമപ്രശാന്തിയാണ് പ്രധാനം. ജഡമായ ജലത്തിന് കപ്പലിനെ താങ്ങി നിര്‍ത്തി മറുകരയണയ്ക്കാന്‍ സാധിക്കുന്നു. സ്വാര്‍ജ്ജിതമായ (ജലമെന്ന) പരിമിതിയെ ജലം അങ്ങനെ മറികടക്കുന്നു!. അതുപോലെ മനുഷ്യന് ലോകമെന്ന കെട്ടുകാഴ്ചയുടെ മറുകരയണയാന്‍ ഈ ജഡപ്രപഞ്ചംതന്നെ വേണം. ചിന്തകള്‍കൊണ്ട് നിര്‍മ്മിച്ചവയെ ചിന്തകളെക്കൊണ്ട് തന്നെ ഇല്ലാതാക്കാം.
അതിനാല്‍ ഇതൊന്നും ‘ഞാനും’, ‘മറ്റുള്ളവരും’ അല്ല എന്ന അറിവിന്റെ നിറവില്‍ നിര്‍ഭയനായിത്തീരൂ. ദേഹമനസ്സുകളെ അന്വേഷിച്ച് ചെല്ലുമ്പോള്‍ ‘ഞാന്‍’ എന്നൊരു സാധനം കിട്ടുകയില്ല. സുഖാനുഭാവാസക്തികളെ ഉപേക്ഷിച്ച് ആത്മാന്വേഷണനിരതനായി സ്വപ്രയത്നത്തില് ജാഗരൂകനായിരിക്കൂ.