യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 508 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
വാസനൈവേഹ പുരുഷ: പ്രേക്ഷിതാ സാ ന വിദ്യതേ
താം ച ന പ്രേക്ഷതേ കശ്ചിത്തത: സംസാര ആഗത: (6.2/31/16)
വസിഷ്ഠന്‍ തുടര്‍ന്നു: അനന്തബോധം സ്വയം അനന്തമായും ഉപാധിരഹിതമായും ചിന്തിക്കുന്നതാണ് എല്ലാവര്‍ക്കും അനുഭവമാകുന്നത്. എന്നാല്‍ വിഷയങ്ങള്‍ കടന്നുവരുമ്പോള്‍, അവയെപ്പറ്റിയുള്ള ആവര്‍ത്തിച്ചുള്ള ചിന്തകള്‍ അവയ്ക്ക് പ്രബലത നല്‍കുമ്പോള്‍ ബോധം വിഷയങ്ങള്‍ക്ക് സമൂര്‍ത്തഭാവം നല്‍കുന്നു. സ്വപ്നത്തില്‍ ഉണ്ടാകുന്ന വസ്തുക്കള്‍ ഉള്ളില്‍ ഉള്ളവയാണെങ്കിലും അവയ്ക്കൊരു വ്യതിരിക്തത തോന്നുന്നുണ്ടല്ലോ. സ്വപ്നവസ്തു നഷ്ടപ്പെടുമ്പോള്‍ ഒന്നും വാസ്തവത്തില്‍ നഷപ്പെടുന്നില്ല. അതുപോലെ ‘ലോകവും’, ‘ഞാനും’ ഇല്ലാതെയായാല്‍ ഒന്നും നഷ്ടമാവുന്നില്ല. ലോകത്തെയോ അഹംകാരത്തെയോ നിന്ദിച്ചു പറയുന്നതില്‍ കാര്യമില്ല. വെറും ഭ്രമക്കാഴ്ച്ചയെ ആരെങ്കിലും പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യുമോ?
അന്വേഷണം മാത്രമാണ് ഇവിടെ സമുചിതമായ മാര്‍ഗ്ഗം. അന്വേഷണത്തില്‍ എന്ത് ബാക്കിയാവുന്നുവോ അതാണ് സത്യം. ആ സത്യത്തില്‍ സുദൃഢനാവൂ. ഈ ലോകമെന്ന കാഴ്ച വെറും ഭാവനയാണ്. അന്വേഷണത്തില്‍ ഇല്ലാതെയാവുന്ന ധാരണകള്‍ മാത്രമാണത്. ധാരണകള്‍ ഇല്ലാതെയായാല്‍ ബാക്കിയാവുന്നത് ബ്രഹ്മം. ലോകമെന്ന വ്യര്‍ത്ഥഭാവനയെ സത്യമെന്ന് കരുതുന്നത് വന്ധ്യയുടെ പുത്രനെ വിശ്വസിച്ച് ജീവിക്കുന്നത് പോലെ അസംബന്ധം.
“വ്യതിരിക്തവ്യക്തിത്വം വാസനയാണ്, മാനസിക ഉപാധികളാണ്. അവ അന്വേഷണത്തില്‍ ഇല്ലാതെയാവുന്നവയാണ്. എന്നാല്‍ അവിദ്യയുടെ തലത്തില്‍ ശരിയായ കാഴ്ചയുടെ അഭാവത്തില്‍ ലോകം എന്ന കാഴ്ച ഉയര്‍ന്നു പൊന്തുകയായി.”
ദേഹങ്ങള്‍ പഞ്ചഭൂതങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന സംഘാതസംയുക്തമായി നിര്‍മ്മിക്കപ്പെടുന്നു. അത് ജഡമാണ്. സ്വയം അതില്‍ ചൈതന്യമില്ല. മനസ്സും ബുദ്ധിയും അഹംകാരവും എല്ലാം ജഡം. പഞ്ചഭൂതാത്മകം. മനോബുദ്ധ്യഹങ്കാരങ്ങളിലെ ജഡത്വം നീക്കിക്കഴിഞ്ഞാല്‍ അവശേഷിക്കുന്നതെന്തോ അതാണ് നിത്യശുദ്ധപ്രബുദ്ധമായ അനന്തബോധം. മുക്തിയാണത്.
വിഷയം വിഷയിയില്‍ വിലയിക്കുന്നു. അവയ്ക്ക് വ്യതിരിക്തമായ നിലനില്‍പ്പില്ല. ഉപാധിസ്ഥമായ അവസ്ഥ എന്നതും സത്യമല്ല. അന്വേഷണത്തില്‍ ഇല്ലാതെയാവുന്ന ഒന്നാണത്. അത്തരം ഭാവനകളെ ഇങ്ങിനി വരാത്തവണ്ണം എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കുകയാണുത്തമം. സാധകനില്ല, സാധനാവിഷയമില്ല, യാഥാര്‍ത്ഥ്യമോ അയാഥാര്‍ത്ഥ്യമോ ഇല്ല. പരമപ്രശാന്തത മാത്രമാണുണ്മ.
ഈ പ്രശാന്തതയില്‍ അഭിരമിക്കുന്നവന്‍ കര്‍മ്മനിരതനാണെങ്കിലും അല്ലെങ്കിലും ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അതീതനാണ്. മനസ്സ് അനന്താവബോധത്തെ പരിമിതപ്പെടുത്തുന്ന എല്ലാ ധാരണാസങ്കല്‍പ്പങ്ങള്‍ക്കും അതീതമായി വര്‍ത്തിക്കുമ്പോള്‍ പ്രബുദ്ധനായ മുനിയെങ്ങനെ ദ്വന്ദതയില്‍ നിലകൊള്ളും? പ്രേമമോ, ദ്വേഷമോ ഭയമോ ഇല്ലാതെ അവിച്ഛിന്നമനസ്സോടെ ശാന്തനായി അയാളിരിക്കുന്നു.
വിഷയിയില്‍ വിഷയം ഉണരുമ്പോള്‍ അത് തന്നില്‍ നിന്നും വിഭിന്നമായി വിഷയിയില്‍ അനുഭവപ്പെടുന്നു. എന്നാല്‍ വിഷയവും വിഷയിയും സ്വപ്നം കാണുന്നവനും സ്വപ്നവസ്തുവും എന്നപോലെ അഭിന്നങ്ങളാണ്. രണ്ടു പാത്രങ്ങളിലായി വച്ചിട്ടുള്ള പാല് പോലെയാണത്. അനന്തമായ ആത്മാവ് എല്ലാ ഭാവനകള്‍ക്കും അതീതമാണ്. ഭാവനകളാണ് വിഷയങ്ങളെ ഉണ്ടാക്കുന്നത്. എന്നാല്‍ ഭാവനകള്‍ ഇല്ലാതെയായാല്‍ വിഷയങ്ങളും അസ്തമിക്കും