യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 511 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ബ്രഹ്മൈവാഹം ജഗച്ചാത്ര കുതോ നാശസമുദ്ഭവൌ
അതോ ഹര്‍ഷവിഷാദാനാം കിംത്വേവ കഥമാസ്പദം (6.2/34/22)

വസിഷ്ഠന്‍ തുടര്‍ന്നു: ജീവിതത്തിലെ സുഖദുഖങ്ങള്‍ക്ക് ഉന്മൂലനം വരുത്താന്‍ കഴിയുന്ന വസ്തു സംഹരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അങ്ങനെ ഉന്മൂലനം വരാത്ത വസ്തുവിന് നാശമില്ല. ആത്മീയതയുടെ ആകെത്തുക ഇതാണ്. ആശകള്‍ ഉള്ളവന് അഭികാമ്യവും അനഭികാമ്യവുമായ അനുഭവങ്ങള്‍ സഹജം. അത്തരം അനുഭവങ്ങളുടെ പീഡകളില്‍ നിന്നും രക്ഷ നേടണമെങ്കില്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളു- ആശകളെ ഒഴിവാക്കുക.

പരമാത്മാവില്‍ ‘ഞാന്‍’, ‘ലോകം’ എന്നിവയുടെ അസ്തിത്വത്തെപ്പറ്റി യാതൊരുവിധ ഭ്രമചിന്തകളുമില്ല. ശുദ്ധശൂന്യമായ പരമപ്രശാന്തതയില്‍ ആരാണീ ഭാവാവിഷ്കാരങ്ങള്‍ ഉണ്ടാക്കി ആരോപിച്ചത്? വാസ്തവത്തില്‍ ‘ഞാനോ’, ‘ലോകമോ’, ‘ബ്രഹ്മ’മോ ഇല്ല. ഇവയെല്ലാം വെറും വാക്കുകളുടെ ഉദീരണങ്ങള്‍ മാത്രം.

പരമസത്തയായ പ്രശാന്തത മാത്രമാണ് ഉണ്മ. ഇത് ഏകമായ സത്തയാകയാല്‍ അതില്‍ ഭിന്നതകളില്ല. കര്‍ത്താവില്ല, അനുഭവിക്കാന്‍ ആരുമില്ല. പഠന സൌകര്യത്തിനായി വാക്കുകളും നിര്‍വചനങ്ങളും രൂപീകരിച്ചു എന്ന് മാത്രം. ആത്മാവ് മാത്രമാണ് സത്യം. അതുമാത്രമേയുള്ളൂ.

അടുത്തടുത്ത് കിടന്നുറങ്ങുന്ന രണ്ടുപേരുടെ ഉള്ളില്‍ ഉദിക്കുന്ന സ്വപ്നദൃശ്യങ്ങള്‍ വെവ്വേറെ ആയിരിക്കുന്നതുപോലെ, അവ പരസ്പരം സംവദിക്കുക അസാദ്ധ്യമായിരിക്കുന്നതുപോലെ, ഒരുവന്റെ ആന്തരാനുഭവം തികച്ചും വ്യക്തിപരവും അനന്യവും ആയിരിക്കും.

തീര്‍ച്ചയായും അനന്താവബോധത്തിന് വിശ്വത്തിലെ എല്ലാത്തിനെപ്പറ്റിയും അറിവുണ്ടാവും. ഞാനാണ് ആ ബോധം. ലോകം, ലോകത്തിലെ എല്ലാം. ഞാന്‍ അവയില്‍ നിന്ന് വേറിട്ട ഒന്നല്ല. ഒരേയൊരാത്മാവാണ് അവിദ്യയാല്‍ പലതായി കാണപ്പെടുന്നത്.

പരമസൂക്ഷ്മമാകയാല്‍ ആത്മാവ് അതിന്റെ നിജഭാവത്തില്‍ കാണപ്പെടുന്നില്ല. ആത്മാവ് തന്റെയുള്ളില്‍ വിശ്വത്തെ അതിനു നിയതമായ രൂപഭാവങ്ങളുണ്ടെന്ന മട്ടില്‍ ദര്‍ശിക്കുകയാണ്. വാസ്തവത്തില്‍ നാമരൂപരഹിതമാണത്. സചേതനമെന്നും അചേതനമെന്നും ഉള്ള തരംതിരിവ് വാസ്തവത്തില്‍ ഉള്ളതല്ല. അതും സാധകന് പഠനസൌകര്യത്തിനായി ഉണ്ടാക്കിയ പദ സമുച്ചയങ്ങളത്രേ.

തികച്ചും ആകസ്മികമായി കാകതാലീയ ന്യായത്തിലാണ് (കാക്ക വന്നിരിക്കുന്നതും പനമ്പഴം വീഴുന്നതും തമ്മില്‍ കാരണബന്ധമൊന്നുമില്ല എന്ന ന്യായം) ബ്രഹ്മത്തില്‍ ‘ഞാന്‍’ എന്ന ഭാവം അങ്കുരിക്കുന്നത്. “വാസ്തവത്തില്‍ ഞാന്‍ സത്യം, ഞാന്‍ ബ്രഹ്മം, ലോകം ബ്രഹ്മമാകുന്നു, ആദിമധ്യാന്തങ്ങള്‍ ഒരിക്കലും സത്യമല്ലാത്ത സംജ്ഞകളാണ്. പിന്നെയെന്തിനാണ് ആനന്ദിക്കുന്നതും ആകുലപ്പെടുന്നതും?” ഈശ്വരന്‍ സര്‍വ്വശക്തനായതിനാല്‍ ചിലത് സചേതനമായും മറ്റുചിലത് അചേതനമായും കാണപ്പെടുന്നു. എന്നാല്‍ ബ്രഹ്മത്തില്‍ അത്തരം ഭിന്നതകള്‍ ഒന്നുമില്ല.

സൃഷ്ടി ഭഗവാന്റെ ഒരവയവമാണോ എന്ന് തോന്നും. അതില്‍ കാര്യകാരണ ബന്ധവും തോന്നുന്നു. എന്നാല്‍ ഇതൊന്നും സത്യമല്ല. കാരണം ബ്രഹ്മത്തില്‍ പ്രകൃതി എന്ന് തിരിച്ചു പറയാവുന്ന ഒന്നും ഇല്ല. ദ്വന്ദ്വാത്മകമായ അനുഭവവും നിലനില്‍പ്പും ബന്ധനമാണ്. അതില്‍ നിന്നുള്ള മോചനമാണ് മോക്ഷം. അത്തരം അനുഭവങ്ങളെ നിരാകരിക്കാന്‍ കഴിഞ്ഞാല്‍പ്പിന്നെ വിഷയ-വിഷയീ-വിഷയീകരണം എന്നീ ത്രിപുടികള്‍ ഇല്ലാതായി.

ബോധത്തിലെ ചലനമാണ് സൃഷ്ടി. എന്നാല്‍ ആ ചലനംതന്നെ മിഥ്യയാണെന്ന് കാണുമ്പോള്‍ അതാണ്‌ നിര്‍വാണം. ബ്രഹ്മം ഉപാധികളില്ലാത്ത പരിണാമവിധേയമല്ലാത്ത ഉണ്മയാണ്.

വിശ്വം അവിച്ഛിന്നമായ പരബ്രഹ്മമാകുന്നു.