യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 516 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
കാലോ ജഗന്തി ഭുവനാന്യഹമക്ഷവര്‍ഗ്ഗ
സ്ത്വം താനി തത്ര ച തഥേതി ച സര്‍വമേകം
ചിദ് വ്യോമ ശാന്തമജമവ്യയമീശ്വരാത്മ
രാഗാദയ: ഖലു ന കേചന സംഭവന്തി (6.2/37/84)
വസിഷ്ഠന്‍ തുടര്‍ന്നു: ആശകളെ ഇല്ലാതെയാക്കാന്‍ ആത്മജ്ഞാനം അല്ലെങ്കില്‍ സത്യജ്ഞാനം അല്ലാതെ മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. മറ്റു പോവഴികള്‍ എല്ലാം വെറും വ്യര്‍ഥമാണ്. കാരണം അവ തെറ്റായ ഭാവനാതലത്തില്‍ നിന്നുമാണല്ലോ ഉദ്ഭവിക്കുന്നത്. അഹംകാരം ബോധത്തെ ജഡവസ്തുവായി വ്യവക്ഷിക്കാന്‍ ഇടയാക്കുന്നു. അതാണ് മനസ്സും ശരീരവുമായി മാറുന്നത്. എന്നാല്‍ അതും ബോധമായതിനാല്‍ സ്വയം അതിനു തന്നെ ദേഹമായി തിരിച്ചറിയാന്‍ കഴിയുന്നു. ബോധമെന്ന സ്വരൂപത്തെ അത് മറക്കുന്നില്ല. അതിനാല്‍ ഈ സൃഷ്ടി, ലോകം, ദേഹം എന്നിവയെല്ലാം ഉന്മയാണെന്നോ അല്ലെന്നോ പറയുവാന്‍ വയ്യ.
ഭൂമിയും, മലകളും, ഘരവസ്തുക്കളും, ലോകങ്ങളും, ചലനങ്ങളും എന്നുവേണ്ട സൃഷ്ടിയെക്കുറിക്കുന്ന അനുഭവങ്ങള്‍ പോലും വെറും നിശ്ശൂന്യത മാത്രമാണ്. അതിനാല്‍ ലോകമെന്ന പ്രതിഭാസം വാസ്തവത്തില്‍ ഉണ്ടാവുന്നില്ല, അവസാനിക്കുന്നുമില്ല. ഈ അനന്തമായ ബോധത്തില്‍ ലോകങ്ങള്‍ ഉണ്ടാവുന്നത് കടലിലെ അലകള്‍ പോലെയാണ്. കാഴ്ചയില്‍ വൈവിദ്ധ്യതയുണ്ടെങ്കിലും വാസ്തവത്തില്‍ അവയെല്ലാം ഒന്നുതന്നെയാണ്. അലകളുണ്ടാവാന്‍ നിയതമായ കാരണങ്ങളും ഇല്ല. എന്നാല്‍ വാസ്തവത്തില്‍ അവ ഉണ്ടാകുന്നുണ്ടെന്നോ ഇല്ലെന്നോ പറയുക വയ്യ.
അനന്തബോധത്തില്‍ അതല്ലാതെ വേറൊരു വസ്തു ഉണ്ടാവുക അസാദ്ധ്യം. ഇമചിമ്മി അടയുന്ന വേഗത്തില്‍ പ്രബുദ്ധയോഗികള്‍ക്ക് ലോകത്തെ നിശ്ശൂന്യതയാക്കാനും മറിച്ച് ആ ശൂന്യതയില്‍ ലോകത്തെ സൃഷ്ടിക്കാനും സാധിക്കും. അതിനുള്ള മാന്ത്രികക്കൂട്ടാണ് ബോധം. സിദ്ധയോഗികള്‍ ഇങ്ങനെയുള്ള അനേകമനേകം ലോകങ്ങളെ ആകാശദേശങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അവയൊക്കെ ബോധം മാത്രമാകുന്നു. ഇങ്ങനെ സൃഷ്ടങ്ങളായ ലോകങ്ങളില്‍ സിദ്ധപുരുഷന്മാര്‍ വിഹരിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഒന്നറിയുക. ഈ ലോകങ്ങള്‍ പൂവിന്റെ സുഗന്ധമെന്നപോലെ ബോധം തന്നെയാണ്. അനന്തബോധത്തില്‍ കാണപ്പെടുന്ന ഈ ലോകങ്ങള്‍ ഭ്രമാത്മകമത്രേ. ഈ ലോകങ്ങള്‍ അവയെ നിരീക്ഷിക്കുന്നവന്റെ ഭാവനയ്ക്കനുസരിച്ച് ക്രമീകരിക്കപ്പെടുന്നതിനാല്‍ അവയുടെ അനുഭവങ്ങളും അതതു ഭാവനാസങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചു വേറിട്ടാണ് ഉണ്ടാവുക. യോഗികളില്‍ ഈ ധാരണകള്‍ തുലോം ക്ഷീണപ്രായമായിരിക്കും. അതിനാല്‍ അവര്‍ക്ക് സത്യം കാണാകുന്നു. അവരുടെ ഉദീരണങ്ങള്‍ സത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. എന്നാല്‍ മറ്റുള്ളവരില്‍ മനോപാധികള്‍ ഉള്ളതിനാല്‍ അവരുടെ പ്രഖ്യാപനങ്ങളില്‍ അസത്യത്തിന്റെ നിറഭേദം കാണാകുന്നു.
രാമാ കാലമാണ് ലോകങ്ങളെ ചലിപ്പിക്കുന്നത്. അതിലാണ് വെറും കെട്ടുകഥകളായ ‘ഞാന്‍’, ‘നീ’, ‘അവര്‍’, ‘അവിടെ’, ‘ഇവിടെ’, ‘അങ്ങനെ’, എന്നിവ വാഴുന്നത്. ഇതെല്ലാം നിര്‍മ്മലമായ, പരമപ്രശാന്തമായ അസൃഷ്ടമായ അക്ഷയമായ അനന്തബോധം മാത്രം. അതാണ് ഭഗവാന്‍. ആത്മാവ്. ആരിലാണ് എങ്ങനെയാണ് ആശകളും മറ്റുള്ള വസ്തുക്കളും ഉണര്‍ന്നുയര്‍ന്ന്‍ വരുന്നത്?