യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 518 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

തൈസ്തു യോ വ്യവഹാരോ മേ തദ്ബ്രഹ്മ ബ്രഹ്മണി സ്ഥിതം
തേ യത്പശ്യന്തി പശ്യന്തു തത്തൈരലമലം മമ (6.2/39/29)

വസിഷ്ഠന്‍ തുടര്‍ന്നു: ആരിലാണോ അജ്ഞാനത്തിന്റെ മൂടുപടം ഇല്ലാതെയായത്, ആരിലാണോ ആശകള്‍ അടങ്ങിയിരിക്കുന്നത്, അയാളില്‍ ശുദ്ധപ്രജ്ഞയുടെ പ്രഭാപൂരം പ്രോജ്വലിച്ചു കാണപ്പെടുന്നു. എല്ലാ ആശങ്കകളും അസ്തമിച്ചതിനാല്‍ അയാള്‍ തന്റെ ചുറ്റുപാടിനെ പ്രശോഭിപ്പിക്കുന്നു.

ഇങ്ങനെ ശങ്കകള്‍ അടങ്ങി സ്വതന്ത്രനായ ഒരുവനെ ആരാണോ സമീപിക്കുന്നത്, അയാളും നിര്‍മലനായി ഭവിക്കുന്നു. അയാളും തന്റെ ചുറ്റുപാടുകളെ ശോഭായമാനമാക്കുന്നു. ലോകവസ്തുക്കളുടെ ‘യാഥാര്‍ത്ഥ്യ’തയെപ്പറ്റി അജ്ഞാനിക്കേ ധാരണകള്‍ ഉള്ളു. വിഷയവസ്തുക്കള്‍ ഉണ്മയല്ല എന്ന ഉറപ്പുള്ളവനില്‍ അവയോടുള്ള ആസക്തി എങ്ങനെ ഉണ്ടാകാനാണ്? സൃഷ്ടി, മുക്തി എന്നിത്യാദി പദങ്ങള്‍ കേവലം വാക്കുകള്‍ മാത്രം.

എന്നാല്‍ ഈ ലോകം ബോധം തന്നെയാണ്. അങ്ങനെയല്ല എന്ന് വരികില്‍ ‘ഞാന്‍’, ‘അത്’, ഇങ്ങനെയുള്ള തരംതിരിവിന്റേതായ അവബോധം ഉണ്ടാകുമായിരുന്നില്ല. ഒരുവനില്‍ അഹംഭാവവും ദുഖമടക്കമുള്ള കൂട്ടാളികളും ഉണരാത്തപ്പോഴാണ് ശരിയായ പ്രശാന്തത അനുഭവപ്പെടുന്നത്.

ദീര്‍ഘനിദ്രയില്‍ സ്വപ്നാനുഭവം ഉണ്ടാകുന്നില്ല. അതുപോലെ അഹംഭാവം, ദുഃഖം, പ്രശാന്തി (നിര്‍വാണം) എന്നിവ ഒരേസമയം ഉണ്ടാവുകയില്ല. ഇവയെല്ലാം വെറും ധാരണകള്‍ മാത്രം. വാസ്തവത്തില്‍ നിര്‍വാണവും സൃഷ്ടിയും ഒന്നും ഉള്ളവയല്ല. നിദ്രയും സ്വപ്നങ്ങളും അങ്ങനെതന്നെയാണ്. ഇവയെല്ലാം ത്യജിക്കുമ്പോഴാണ് ശരിയായ ശാന്തി. ചിന്താക്കുഴപ്പവും ഭ്രമക്കാഴ്ചയും മിഥ്യയാണ്. ഇല്ലാത്തതിന് അസ്തിത്വമില്ല. ഇല്ലാത്തത് ഉണ്ടാവുകയില്ല. അന്വേഷിച്ചു ചെല്ലുമ്പോള്‍ കണ്ടെത്താന്‍ കഴിയാത്തത് അവസ്തുവാണ്.

ആത്മാന്വേഷണത്തിന്റെ അവസാനം കണ്ടെത്തുന്ന ഒരുവന്റെ സഹജസ്വരൂപം മാത്രമേ നിലനില്‍ക്കുന്നുള്ളു. അതില്‍ വൈവിദ്ധ്യത ഇല്ല. ഒരുവന്‍ തന്റെ സ്വരൂപത്തില്‍ നിന്നും അകന്നാല്‍ അത് ദുഖഹേതുവായി. എന്നാല്‍ ഒരുവന്‍ സ്വരൂപത്തില്‍ അഭിരമിക്കുമ്പോള്‍ അത് ആത്മനിയന്ത്രണമാണ്; പരമ പ്രശാന്തിയാണ്.

പഞ്ചേന്ദ്രിയങ്ങളും മനസ്സും മറ്റും അതാതിന്റെ വിഷയബന്ധുക്കളുടെ സാമീപ്യത്തില്‍ മാത്രമേ പ്രവര്‍ത്തനനിരതമാവൂ. എന്നാല്‍ ആത്മാവും ബോധവും കര്‍മ്മങ്ങളില്‍ ആമഗ്നമല്ല. ലോകത്തെ സത്തെന്നു കരുതുന്നവന് ആത്മജ്ഞാനമില്ല. അവനു നമ്മെപ്പോലുള്ള സാധകര്‍ അസത്തുക്കളാണ്.

എന്നില്‍ ഉള്ള ബോധം വിശ്വാവബോധം തന്നെയാണ്. അതുകൊണ്ട് ലോകവ്യാപാരങ്ങള്‍ എല്ലാം ബോധത്തില്‍ നിന്നും വിഭിന്നമായി എനിക്ക് തോന്നുന്നതേയില്ല. കാറ്റില്‍ നിന്നും ചലനം വ്യതിരിക്തമല്ലാ എന്നതുപോലെയാണത്. അവരുടെ മനസ്സില്‍ എന്റെ ദേഹം ‘സത്താ’ണെന്ന് തോന്നിയേക്കാം. എന്നാല്‍ ഉറങ്ങിക്കിടക്കുന്ന ആള്‍ക്കെന്നപോലെ എന്നെ സംബന്ധിച്ചിടത്തോളം അവരുടെ ഭൌതീകാസ്തിത്വം ഉണ്മയല്ല.

“എനിക്കവരുമായുള്ള ബന്ധം ബ്രഹ്മമത്രേ. അത് ബ്രഹ്മത്തില്‍ നിലകൊള്ളുന്നു. അവരുടെ കാഴ്ചപ്പാട് എന്തുമായിക്കൊള്ളട്ടെ. അതെല്ലാം എനിക്ക് ചിതമാണ്.”

സര്‍വ്വവും ബ്രഹ്മമായി നിലകൊള്ളുമ്പോള്‍ ‘ഞാന്‍’ ഇല്ല. ഞാനീപ്പറയുന്ന വാക്കുകള്‍ നിനക്കുവേണ്ടി ഉണ്ടാവുന്നതാണെന്നറിയുക. സത്യജ്ഞാനിയായ ഒരുവനില്‍ സുഖാസക്തിയോ മുക്തിവാഞ്ഛയോ സമ്പത്തിനോടുള്ള ആഭിമുഖ്യമോ ഒന്നും ഉണ്ടാവുകയില്ല. അവയൊന്നും അയാള്‍ക്ക് ആവശ്യമില്ല. ‘ഞാനും’, ‘ലോകവും’ ഒന്നും ഇല്ലാത്തവയാണെന്ന സാക്ഷാത്ക്കാരത്തിന്റെ നിറവിലാണയാള്‍.