യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 519 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
യജ്ജാഗ്രതി സുഷുപ്തത്വം ബോധാദരാസവാസനം
തം സ്വഭാവം വിദുസ്തജ്ഞാ മുക്തിസ്തത്പരിണാമിതാ (6.2/41/14)
വസിഷ്ഠന്‍ തുടര്‍ന്നു: ബാഹ്യഭാവങ്ങളെയും ആന്തരീകമായ മാനസികാവസ്ഥകളെയും അറിയുന്നത് സ്വരൂപമാണ്. അനാത്മവസ്തുധാരണ ക്ഷീണിതമായി ആത്മാവ് വികസ്വരമാവുമ്പോള്‍ ഉണ്ടാകുന്ന ശോഭയില്‍ ലോകം വെറുമൊരനുഭവമായി തിരിച്ചറിയപ്പെടുന്നു. ഒരുവന്‍ ആത്മാവില്‍ പൂര്‍ണ്ണമായും അഭിരമിക്കുമ്പോള്‍ ദീര്‍ഘനിദ്രയില്‍ സ്വപ്നമെന്നതുപോലെ ലോകമെന്ന കെട്ടുകാഴ്ച ഇല്ലാതെയാവുന്നു.
സുഖാനുഭവങ്ങള്‍ വാസ്തവത്തില്‍ രോഗപീഢകളത്രേ. അവയുടെ ബന്ധുക്കളാണ് ബന്ധവും അര്‍ത്ഥവും (സമ്പത്തും). അവ അനര്‍ത്ഥങ്ങള്‍ക്ക് (അസന്തുഷ്ടി) ഹേതുവാകുന്നു. സംസാരമാണ് അനാത്മവസ്തു. ആത്മാവില്‍ അഭിരമിക്കുന്നതാണ് പരമമായ നന്മ. അതിനാല്‍ ബോധത്തിന്റെ നിശ്ശൂന്യതയാണ് ഒരുവന് അഭികാമ്യമായുള്ളത് (ചിദാകാശം)
ഞാന്‍ ആത്മാവല്ല, വസ്തുക്കളല്ല, ലോകമെന്ന കാഴ്ചയല്ല. ഞാന്‍ ബ്രഹ്മമാകുന്നു. പരമപ്രശാന്തിയിലാണ് ഞാന്‍ എത്തിയിരിക്കുന്നത്. ‘നിനക്ക്’ മാത്രമേ ‘നിന്നെ’ അറിയാനാകൂ. ഞാന്‍ കാണുന്നത് പരമപ്രശാന്തി മാത്രം!
ബ്രഹ്മബോധം സൃഷ്ടിബോധത്തെ അറിയുന്നില്ല. തിരിച്ചും അങ്ങനെയാണ്. സ്വപ്നം കാണുന്നവന് ദീര്‍ഘനിദ്ര എന്തെന്നറിയില്ല. അതുപോലെ ദീര്‍ഘനിദ്രയിലുള്ളവന് സ്വപ്നാനുഭവവും അന്യമാണ്. പ്രബുദ്ധന്‍ ബ്രഹ്മത്തെ ദീര്‍ഘനിദ്രയായും ലോകത്തെ സ്വപ്നമായും കാണുന്നു. അയാള്‍ക്ക് എല്ലാറ്റിന്റെയും സത്ത എന്തെന്നറിയാം.
സൂര്യപ്രകാശമുള്ളിടത്തു വെളിച്ചം പ്രസരിക്കും എന്നുള്ളതുപോലെ ‘സര്‍വ്വവും മിഥ്യ’ എന്ന തിരിച്ചറിവ് ആത്മാവബോധത്തെ പ്രഫുല്ലമാക്കുന്നു. അസ്തിത്വത്തിന്റെ ഓരോ കണത്തിലും വിശ്വാവബോധം നടനം ചെയ്യുന്നു എന്ന ഒരേയൊരു സത്യം മാത്രമേ സത്തായി ഉള്ളു.
അപരിമേയമായ ഒന്നിനെ അളക്കാന്‍ ആര്‍ക്കാകും? അനന്തതയെ എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കു കഴിയും? രാമാ, നിന്റെ മുന്നില്‍ക്കാണുന്ന വിശ്വനര്‍ത്തനം അനന്താവബോധത്തിന്റെ ലീലാനടനം മാത്രമാകുന്നു. ദീര്‍ഘനിദ്രയില്ലാതെ ഉറങ്ങുന്നവന്‍ സ്വപ്നലോകത്തിന്റെ കളിത്തട്ടാണ്. അതുപോലെ ആത്മജ്ഞാനനിരതനല്ലാത്തപ്പോള്‍ അതേ ആത്മാവ് ലോകമെന്ന കാഴ്ച്ചയ്ക്കുള്ള ബീജമാകുന്നു.
മാനസികവ്യാകുലതകളില്ലാതെ ജാഗ്രദിലും ദീര്‍ഘനിദ്രയിലെന്നപോലെ ആത്മാനുസന്ധാനം ചെയ്തു ജീവിക്കുക. “ആത്മജ്ഞാനം സിദ്ധിച്ച ഒരാള്‍ ഉണര്‍ന്നിരിക്കുമ്പോഴും ദീര്‍ഘനിദ്രയിലെന്നപോലെ ജീവിക്കുന്ന അവസ്ഥ ‘സ്വ’ഭാവം തന്നെയാണ്. അത് മുക്തിയിലേയ്ക്ക് നയിക്കുന്നു.”
ബ്രഹ്മത്തില്‍ ഉറച്ച് ബ്രഹ്മേതരമായി ഒന്നും കാണാത്ത അവസ്ഥയില്‍ കര്‍ത്താവ് കര്‍മ്മം, ക്രിയ എന്നീ ത്രിപുടികള്‍ മുടിയുമ്പോള്‍പ്പിന്നെ കര്‍ത്തൃത്വഭാവമില്ല. എല്ലാമെല്ലാം അയാളുടെ കണ്ണില്‍ യഥാതഥമായി, നിറഭേദമില്ലാതെ കാണപ്പെടുന്നു. നാനാത്വവും ഏകത്വവും അയാള്‍ കാണുന്നില്ല. ഭാവനാനഗരം ഭാവനയാണ്, നഗരമല്ല.
ലോകമെന്ന കാഴ്ച, കാഴ്ചയാണ്. ലോകമല്ല.
അനന്താവബോധം, ബ്രഹ്മം മാത്രമാണ് ഉണ്മ. സത്ത്.
കുറിപ്പ്: ചിദാകാശം എന്നതിന് ബോധത്തിന്റെ ശൂന്യത എന്ന് പറയും. കാരണം അവിടെ അഹം ഭാവം ഇല്ലല്ലോ.