യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 523 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

സമാധിബീജം സംസാരനിര്‍വേദ: പതതി സ്വയം
ചിത്തഭൂമൌ വിവിക്തായാം വിവേകിജനകാനനേ (6.2/44/5)

വസിഷ്ഠന്‍ തുടര്‍ന്നു: ഇനി ഞാന്‍ ‘സമാധാനം’ എന്ന ഒരു വൃക്ഷത്തിന്റെ കഥ പറയാം. അത് വളരുന്നത് വിജ്ഞാനിയായ ഒരുവന്റെ ഹൃദയത്തിലാണ്. അതിന്റെ വിത്ത് സംസാരലോകത്തോടുള്ള വിമുഖതയാണ്‌. ആ താല്‍പ്പര്യക്കുറവുണ്ടാകുന്നത് ഒരുപക്ഷെ സ്വാഭാവികമായി ആവാം അല്ലെങ്കില്‍ ദുഖാനുഭവങ്ങള്‍ അയാളെ അതിലേയ്ക്ക് നയിച്ചതും ആവാം. മനസ്സ് ഒരു വിളഭൂമിയാണ്. ഉചിതമായ കര്‍മ്മങ്ങള്‍കൊണ്ട് ഉഴുതു പാകംവരുത്തി സദ്‌ഭാവം കൊണ്ട് രാത്രിയും പകലും വെള്ളമൊഴിച്ച് പ്രാണായാമം കൊണ്ട് പരിപോഷിപ്പിച്ച് ഈ ചെടിയെ നമുക്ക് വളര്‍ത്താം.

“സാധകന്‍ വിവേകമെന്ന കാട്ടില്‍ ഏകാകിയായി ഇരിക്കുമ്പോള്‍ മനസ്സെന്നറിയപ്പെടുന്ന വിളനിലത്ത് സമാധിയെന്ന വിത്ത് (ലോകനിരാസം) സ്വയം വന്നു പതിക്കുന്നു” ഈ ധ്യാനബീജത്തെ സാധകന്‍ ബുദ്ധികൂര്‍മ്മതയോടെ നനച്ച് പരിപോഷിപ്പിക്കേണ്ടതാണ്.

നിര്‍മ്മലരും ജ്ഞാനികളുമായ അഭ്യുദയകാംക്ഷികളുമായുള്ള സത്സംഗം ഇതിനനിവാര്യമാണ്. ശാസ്ത്ര പഠനത്തെ ശ്രവണമനനനിധിധ്യാസന സാധനകളിലൂടെ പക്വമാക്കി ഈ ധ്യാനബീജത്തെ നനച്ചു വളര്‍ത്തുമ്പോള്‍ ഉള്ളില്‍ നിറയുന്ന നിശ്ശൂന്യതയില്‍ അമൃതസമാനമായ ശുദ്ധജ്ഞാനം നിറയും.

മനസ്സാകുന്ന പാടത്ത് സമാധിയെന്ന ധ്യാനബീജം വന്നു വീഴുന്നത് തിരിച്ചറിയുന്ന സാധകന്‍ അതിനെ തപശ്ചര്യകള്‍ കൊണ്ടും ദാനധര്‍മ്മാദികള്‍ കൊണ്ടും വളര്‍ത്തിയെടുക്കണം. ആ വിത്തിന് മുളപൊട്ടുമ്പോള്‍ ഏറെ ജഗരൂകനായി സംതൃപ്തി, പ്രശാന്തി എന്നീ ഭാവങ്ങള്‍കൊണ്ട് അതിനെ പരിരക്ഷിക്കണം. ആശകളും, കുടുംബാസക്തികളും കാമക്രോധലോഭാദികളുമാകുന്ന പക്ഷികള്‍ വന്നു കൊത്തിക്കൊണ്ടു പോകാതെ ആ വിത്തിനെ സംതൃപ്തിയാല്‍ സംരക്ഷിക്കുകയും വേണം.

ഉചിതവും പ്രേമപൂര്‍വ്വവുമായ, കര്‍മ്മങ്ങളാകുന്ന ചൂലുകൊണ്ട് രാജസീകമായ പൊടിപടലങ്ങളെ അടിച്ചുമാറ്റി താമസീകഭാവങ്ങളുടെ ആന്ധ്യത്തെ ശരിയായ അറിവിന്റെ വെളിച്ചത്തില്‍ അകറ്റണം. സമ്പത്തിനെപ്പറ്റിയുള്ള അഹംഭാവം ആ ചെടിയെ തകര്‍ക്കുന്ന ഇടിമിന്നലാണ്; സുഖാസക്തികള്‍ മനസ്സെന്ന പാടത്ത് പെയ്തു നാശം വിതയ്ക്കുന്ന പേമാരിയാണ്.

ഔദാര്യം, ദയ, ജപം, തപസ്സ്, ആത്മനിയന്ത്രണം, ഓങ്കാരധ്യാനം മുതലായ കുന്തങ്ങള്‍ കൊണ്ട് എല്ലാ പ്രതിബന്ധങ്ങളെയും തടയാം. അങ്ങനെ പരിരക്ഷിക്കപ്പെടുന്ന വിത്ത് ജ്ഞാനമായി വളരും. അങ്ങനെ മനസ്സെന്ന പാടം മുഴുവന്‍ ഈ ചെടിയുടെ പ്രഭാവത്തില്‍ പ്രശോഭനമാവും.

ഈ വിത്ത്‌ മുളപൊട്ടി രണ്ടിലകള്‍ ഉണ്ടാവുന്നു. ഒന്ന് ശാസ്ത്രപഠനം; മറ്റേത് സത്സംഗം. താമസംവിനാ ആ ചെടിയ്ക്ക് സംതൃപ്തിയെന്ന മരത്തൊലിയും അനാസക്തിയെന്ന മജ്ജയും ഉണ്ടാവും. വേദശാസ്ത്രങ്ങളുടെ മഴകൊണ്ടത് തളിര്‍ത്തു വലുതായൊരു വന്മരമാവുന്നു. അപ്പോള്‍ അതിനെ എളുപ്പത്തില്‍ രാഗദ്വേഷങ്ങളാകുന്ന കുരങ്ങന്മാര്‍ക്ക് ഉലയ്ക്കാനാവില്ല. അതിലെ നീണ്ടു വളര്‍ന്ന ശാഖകളായി ശുദ്ധജ്ഞാനം എല്ലാടവും പടര്‍ന്നു പന്തലിക്കുന്നു.

ധ്യാനത്തില്‍ അഭിരമിക്കുന്ന സാധകന്റെയുള്ളില്‍ ഉദിക്കുന്ന കൃത്യതയുള്ള കാഴ്ചപ്പാട്, സത്യം, ധൈര്യം, കാര്‍മേഘം മൂടാത്ത അറിവ്, സമത, പ്രശാന്തി, സൌഹൃദം, ദയ, പ്രശസ്തി എന്നിവ ആ വൃക്ഷത്തിന്റെ ഉപശാഖകളത്രേ.