യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 524 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

കദാചിന്നിര്‍വൃതിം യാതി സ ശമം ച തരൌ ക്വചിത്
മനോഹരിണകോ രാജന്നാജീവമിവ ഭാസ്വതി (6.2/44/49)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ ധ്യാനവൃക്ഷത്തിന്റെ തണലില്‍ എല്ലാ ആസക്തികള്‍ക്കും ആശകള്‍ക്കും അന്ത്യമായി. ആത്മനിയന്ത്രണത്തില്‍ ധ്യാനം വികസ്വരമാവുന്നു. അത് മനസ്സിന്റെ അചഞ്ചലമാക്കുന്നു. മനസ്സെന്ന മാന്‍പേട എണ്ണമില്ലാത്ത ഭാവനാ സങ്കല്‍പ്പങ്ങളിലും, ധാരണകളിലും, മുന്‍വിധികളിലും അലയുകയായിരുന്നു. ഇപ്പോള്‍ അത് ശരിയായ പാതയറിഞ്ഞ് ധ്യാനവൃക്ഷത്തിന്റെ ചുവട്ടില്‍ അഭയം തേടിയിരിക്കുകയാണ്.

അത് സ്വരക്ഷയ്ക്കായി ദേഹമെന്ന മുള്ളുനിറഞ്ഞ കുറ്റിച്ചെടിയില്‍ നിന്നും ഒളിച്ചിരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ അതിനെ ക്ഷീണിപ്പിക്കുന്നു. സംസാരമെന്ന കാട്ടില്‍ വാസനകളാകുന്ന കൊടുങ്കാറ്റും അഹംകാരമെന്ന കൊടുംചൂടുമേറ്റ് ഈ മാന്‍പേട അലഞ്ഞു വലയുകയാണ്. മാന്‍പേടയ്ക്ക് കിട്ടുന്നതുകൊണ്ട് സംതൃപ്തിയടയാന്‍ കഴിയുന്നില്ല. അതിന്റെ ആസക്തികള്‍ പതിന്മടങ്ങ് കൂടുന്നതേയുള്ളു. ആസക്തികള്‍ക്ക് ശമനമുണ്ടാക്കാന്‍ അത് ദൂരേയ്ക്ക് ഓടിപ്പോകുന്നു. സുഖമന്വേഷിച്ച് ഭാര്യാപുത്രാദികളുമായി ഒട്ടിനിന്ന് അവരെ നോക്കി സംരക്ഷിച്ച് അത് കഷ്ടപ്പെടുന്നു.

സമ്പത്തിന്റെ വലയില്‍ കുടുങ്ങി അതില്‍ നിന്നും കരകയറാന്‍ വയ്യാതെ അത് വലയുന്നു. ഈ പരക്കം പാച്ചിലില്‍ പലകുറി വീണുവീണ് അതിന് മുറിവേല്‍ക്കുന്നു. അപ്പപ്പോഴത്തെ ആസക്തികളില്‍ അത് സ്വയം മറക്കുന്നു. എണ്ണമില്ലാത്ത രോഹപീഢകളില്‍ വലയുന്നു. ഇന്ദ്രിയാനുഭവങ്ങളില്‍ പെട്ടുഴലുന്നു. സ്വര്‍ഗ്ഗനരകലോകങ്ങളില്‍ മാറിമാറിപ്പോയിവന്നു പരിഭ്രാന്തനാകുന്നു. മാനസികോപാധികളും ചഞ്ചലഭാവങ്ങളുമാകുന്ന കല്ലുകള്‍ അതിനെ നിരന്തരം ആക്രമിക്കുന്നു.

ഈ ദുരിതങ്ങളില്‍ നിന്നും രക്ഷനേടാന്‍ അത് പലവിധ നിയമങ്ങളും ഉണ്ടാക്കി നോക്കുന്നുവെങ്കിലും അവയൊന്നും സഫലമാവുന്നില്ല. അതിനു ആത്മാവിനെപ്പറ്റിയോ അനന്തമായ അവബോധത്തെപ്പറ്റിയോ അറിയില്ല. വിഷയലോകസുഖം, സുഖാസക്തികള്‍ എന്നീ സര്‍പ്പവിഷവാതങ്ങള്‍ ആ മാനിന്റെ ബോധം കെടുത്തിയിരിക്കുന്നു. ക്രോധത്തിന്റെ തീയില്‍ അതിനു പോള്ളലേറ്റിരിക്കുന്നു. ആകുലതകളും ആകാംക്ഷകളുമാകുന്ന കാറ്റിനാല്‍ അത് ഉണങ്ങിവരണ്ടിരിക്കുന്നു. ദാരിദ്ര്യമെന്ന പുലി അതിനെയിട്ട് ഓടിക്കുന്നു. ആസക്തിയാകുന്ന പൊട്ടക്കിണറ്റില്‍ അത് വീഴുന്നു. വൃഥാഭിമാനത്തിനാല്‍ അതിന്റെ ഹൃദയം തകരുന്നു.

“എന്നാല്‍ ഒരവസരത്തില്‍ ഈ മാന്‍പേട ഇവയില്‍ നിന്നെല്ലാം തിരിഞ്ഞു നില്‍ക്കുന്നു. ധ്യാനവൃക്ഷത്തിന്റെ തണലില്‍ വിശ്രമിച്ച്‌ ഉജ്വലപ്രഭയോടെ വിരാജിക്കുന്നു.” സമാധിയെന്ന, ഉപാധികളില്ലാത്ത ബോധത്തിന്റെ തലമായ ധ്യാനവൃക്ഷത്തണലില്‍ അല്ലാതെ മറ്റൊന്നിനാലും പരമപ്രശാന്തിയടയുക സാദ്ധ്യമല്ല.