യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 530 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ആതിവാഹികദേഹോഽപി നീത്വാ ജീവപദം തഥാ
ധൃഠേന ബോധാഭ്യാസേന നേതവ്യോം ബ്രഹ്മതാമപി (6.2/49/37)

വസിഷ്ഠന്‍ തുടര്‍ന്നു: വിവേകവിജ്ഞാനങ്ങള്‍ പ്രബലമാര്‍ന്നുറച്ച് മനോപാധികളാകുന്ന അഴുക്ക് ഇല്ലാതെയായാല്‍ സാധകന്‍ അനിതരസാധാരണമായ ആത്മപ്രഭയില്‍ പ്രോജ്വലിക്കുന്നു. അകമേയുള്ള ധാരണകളും പുറമെയുള്ള പ്രതീതികളും അയാളില്‍ അവസാനിച്ചിരിക്കുന്നു. വാസ്തവത്തില്‍ ഇതെല്ലാം അവിദ്യ മാത്രമായതിനാല്‍ യാതൊന്നും അവസാനിച്ചു എന്ന് പറയുന്നത് ശരിയല്ല. അവസാനിക്കാന്‍ എന്താണ് ഉണ്മയായി ഉണ്ടായിരുന്നത്?

ലോകമെന്നത് വെറുമൊരു കാഴ്ച. അത് അനാത്മാവല്ല, സ്ഥൂലമോ ഭൌതീകമോ അല്ല. മൂലഘടകങ്ങള്‍ പോലും സത്യമല്ല. നിശ്ശൂന്യതയും തഥൈവ. ബ്രഹ്മം മാത്രമാണ് എല്ലായിടവും വ്യാപരിച്ചിരിക്കുന്നത്. അതാണ്‌ പ്രഭാസിക്കുന്നത്. ലോകം വസ്തുവല്ല. ശൂന്യത കാണപ്പെടുന്നതെങ്ങനെ?

മനസ്സ് നിര്‍മനമായിരിക്കുമ്പോള്‍ ബാക്കി അവശേഷിക്കുന്നത് സത്യമാണ്. അത് വിവരണാതീതമാണ്. അത് ഭാവമോ അഭാവമോ എന്ന് പറയുക വയ്യ. ബുദ്ധിജീവികള്‍ പരസ്പരവിരുദ്ധമായി ഇതിനെപ്പറ്റി പറയുന്നു എന്നേയുള്ളു. എന്നാല്‍ ഉചിതമായ മാര്‍ഗ്ഗങ്ങളിലൂടെ അന്വേഷിക്കുമ്പോള്‍ അത് സക്ഷാത്കരിക്കപ്പെടുന്നു. ബുദ്ധിയുണര്‍ന്നവനെ സത്യജ്ഞാനി എന്ന് പറയുന്നു. അയാള്‍ അദ്വൈതമായ ബോധത്തിലാണ് നിലകൊള്ളുന്നത്. ലോകം എന്നൊരു വ്യത്യസ്ഥസത്ത അയാളെ സംബന്ധിച്ചിടത്തോളം നിലവിലില്ല. ലോകം ഒരു വസ്തുവാകുന്നത് അനന്താവബോധം അതൊരു വസ്തുവായി കണക്കാക്കുമ്പോള്‍ മാത്രമാണ്. അനാദിയില്‍ അങ്ങനെയൊരപഭ്രംശം ഉണ്ടാകേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകുന്നു!.

ഈ ധാരണ ഒരിക്കല്‍ ഉടലെടുത്താല്‍പ്പിന്നെ അത് ബാഹ്യവിഷയമാകുന്നു. പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള അവബോധമാണ് മനസ്സ്. മനസ്സ് സ്വയം ദേഹത്തോട് ചേരുകയാണ്. ഇതെല്ലാം ഭാവനകളും വാക്കുകള്‍കൊണ്ടുള്ള കസര്‍ത്താണെന്നു മറക്കരുത്. ഭാവനകള്‍ സങ്കല്‍പ്പകല്‍പ്പിതങ്ങള്‍ മാത്രമാണല്ലോ. ബോധമാകുന്ന ആത്മാവ് ഒരിക്കലും ‘വിഷയ’മാകുന്നില്ല. ആത്മജ്ഞാനിയെ സംബന്ധിച്ചിടത്തോളം ബോധം, അബോധം ഇവയെല്ലാം അര്‍ത്ഥരഹിതശബ്ദങ്ങള്‍ മാത്രമാണ്.

നിസ്തന്ദ്രമായ ചിന്തയാല്‍ സൂക്ഷ്മമായ മാനസികദേഹത്തിലാണ് ഭൌതികദേഹം ഉണ്ടാവുന്നത്. അതുകൊണ്ട് ‘വസ്തു’ സത്യമല്ല എന്ന്‍ നമുക്കറിയാം. ‘ഞാന്‍ ചിന്താക്കുഴപ്പത്തിലാണ്’, ‘ഞാന്‍ ഭ്രാന്തന്‍’, എന്നെല്ലാം ചിന്തിക്കുന്ന ഒരുവന്‍ അങ്ങനെയായിത്തീരുന്നു. എന്നാല്‍ ‘എനിക്ക് ഭ്രമമില്ല’ എന്ന് തിരിച്ചറിയുന്നവന്‍ മനസ്സിന്റെ സമനില വീണ്ടെടുക്കുന്നു. സ്വപ്നത്തെ സ്വപ്നമായി തിരിച്ചറിയുമ്പോള്‍ അതിനു നമ്മെ കബളിപ്പിക്കാന്‍ കഴിയില്ല.

സൂക്ഷ്മശരീരം തുടര്‍ച്ചയായ ചിന്തകളാല്‍ സ്ഥൂലശരീരമായി മാറുന്നതുപോലെ ശരിയായ അറിവിന്റെ വെളിച്ചത്തില്‍ ഈ പ്രക്രിയ തിരിച്ചും സാദ്ധ്യമത്രേ.

“ഒരുവന് ശരിയായ ധ്യാനസപര്യകൊണ്ട് സൂക്ഷ്മശരീരത്തെ അതിന്റെ അനാദിയായ മൂലരൂപത്തിലേയ്ക്ക് കൊണ്ടുപോകാനാകും; അതായത് ജീവനിലേയ്ക്കും ബ്രഹ്മത്തിലേയ്ക്കും അതിനെ ആനയിക്കാം.”

യഥാക്രമം രണ്ടായിക്കണ്ട സൂക്ഷ്മവും സ്ഥൂലവുമായ മനസ്സും വസ്തുവും എകമായ അനന്താവബോധമാണെന്ന് ഉറയ്ക്കുന്നതുവരെ സാധകന്‍ അവയുടെ ശരിയായ സ്വഭാവത്തെപ്പറ്റി അന്വേഷിച്ചുകൊണ്ടിരിക്കണം. ആത്മജ്ഞാനിയെ കൊടിയ ദുരിതങ്ങള്‍പോലും ബാധിക്കുകയില്ല. അഗ്നിവര്‍ഷമോ കല്ലുമഴയോ ഉണ്ടായിക്കൊള്ളട്ടെ. ഭൂമി തകര്‍ന്നുപൊടിഞ്ഞ് ആകാശത്തിലെ ധൂളികളായി പരന്നുകൊള്ളട്ടെ, പ്രളയം വന്ന് എല്ലാറ്റിനെയും വിഴുങ്ങിക്കൊള്ളട്ടെ. അനാസക്തിയില്‍ ദൃഢചിത്തനായ ഒരുവന്‍ ‘വജ്രസമാധി’യിലാണ്. അത്തരം അനാസക്തിയോഗത്തില്‍ നിന്നുമുളവാകുന്ന പ്രശാന്തി, തപശ്ചര്യകളില്‍ നിന്നുമുള്ളതിനേക്കാള്‍ മഹത്തരമത്രേ.