MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

അഭിഷേകവിഘ്നം

വാനവരെല്ലാവരുമൊത്തു നിരൂപിച്ചു
വാണീഭഗവതിതന്നോടപേക്ഷിച്ചു
“ലോകമാതാവേ! സരസ്വതീ! ഭഗവതി!
വേഗാലയോദ്ധ്യയ്ക്കെഴുന്നള്ളീടുകവേണം
രാമാഭിഷേകവിഘ്നം വരുത്തീടുവാനാ-
യവരും മറ്റില്ല നിരൂപിച്ചാല്‍
ചെന്നുടന്‍ മന്ഥരതന്നുടെ നാവിന്മേല്‍-
ത്തന്നെ വസിച്ചവളെക്കൊണ്ടു ചൊല്ലിച്ചു
പിന്നെ വിരവോടു കൈകേയിയെക്കൊണ്ടു
തന്നെ പറയിച്ചുകണ്ടു മുടക്കണം.
പിന്നെയിങ്ങോട്ടെഴുന്നള്ള‍ാം മടിക്കരു-
തെന്നാമരന്മാര്‍ പറഞ്ഞോരനന്തരം
വാണിയും മന്ഥരതന്‍ വദനാന്തരേ
വാണീടിനാള്‍ ചെന്നു ദേവകാര്യാര്‍ത്ഥമായ്.

അപ്പോള്‍ ത്രിവക്രയ‍ാം കുബ്ജയും മാനസേ
കല്‍പ്പിച്ചുറച്ചുടന്‍ പ്രാസാദമേറിനാള്‍
വേഗേന ചെന്നൊരു മന്ഥരയെക്കണ്ടു
കൈകേയിതാനുമവളോടു ചൊല്ലിനാള്‍.
“മന്ഥരേ ചൊല്ലൂ നെ രാജ്യമെല്ലാടവു-
മെന്തരുമൂലമലങ്കരിച്ചീടുവാന്‍?”
“നാളീകലോചനനാകിയ രാമനു
നാളെയഭിഷേകമുണ്ടെന്നു നിര്‍ണ്ണയം
ദുര്‍ഭഗേ മൂഢേ! മഹാഗര്‍വ്വിതേ! കിട-
ന്നെപ്പോഴും നീയുറങ്ങീടൊന്നറിയാതെ.
ഏറിയോരാപത്തു വന്നടുത്തു നിന-
ക്കാരുമൊരു ബന്ധുവില്ലെന്നു നിര്‍ണ്ണയം
രാമാഭിഷേകമടുത്തനാളുണ്ടെടോ!
കാമിനിമാര്‍കുലമൌലിമാണിക്യമേ!“

ഇത്തരമവള്‍ ചൊന്നതുകേട്ടു സംഭ്രമി-
ച്ചുത്ഥാനവുംചെയ്തു കേകയപുത്രിയും
ഹിത്രമായൊരു ചാമീകരനൂപുരം.
ചിത്തമോദേന നല്കീടിനാളാദരാല്‍.
“സന്തോഷമാര്‍ന്നിരിക്കുന്നകാലത്തിങ്ക-
ലെന്തൊരു താപമുപാഗതമെന്നു നീ
ചൊല്ലുവാന്‍ കാരണം ഞാനരിഞ്ഞീലതി-
നില്ലൊരവകാശമേതും നിരൂപിച്ചാല്‍.
എന്നുടെ രാമകുമാരനോളം പ്രിയ-
മെന്നുള്ളിലാരെയുമില്ല മറ്റോര്‍ക്ക നീ.
അത്രയുമല്ല ഭരതനേക്കാള്‍ മമ
പുത്രന‍ാം രാമനെ സ്നേഹമെനിക്കേറും
രാമനും കൌസല്യാദേവിയെക്കാളെന്നെ
പ്രേമമേറും നൂനമില്ലൊരു സംശയം.
ഭക്തിയും വിശ്വാസവും ബഹുമാനവു-
മിത്ര മറ്റാരെയുമില്ലെന്നറിക നീ
നല്ല വസ്തുക്കളെനിക്കു തന്നേ മറ്റു
വല്ലവര്‍ക്കും കൊടുപ്പൂ മമ നന്ദനന്‍.
ഇഷ്ടമില്ലാതൊരു വാക്കു പറകയി-
ല്ലൊട്ടുമേ ഭേദമില്ലവനൊരിക്കലും.
അശ്രാന്തമെന്നെയത്രേ മടികൂടാതെ
ശുശ്രൂഷചെയ്തു ഞായം പരിപൂര്‍വ്വകം.
മൂഢേ! നിനക്കെന്തു രാമങ്കല്‍നിന്നൊരു
പേടിയുണ്ടാവാനവകാശമായതും
സര്‍വ്വജനപ്രിയനല്ലോ മമാത്മജന്‍
നിര്‍വ്വൈരമാനസന്‍ ശാന്തന്‍ ദയാപരന്‍!”

കേകയപുത്രിതന്‍ വാക്കു കേട്ടള-
വാകുലചേതസാ പിന്നെയും ചൊല്ലിനാള്‍.
“പാപേ മഹാഭയകാരണം കേള്‍ക്ക നീ
ഭൂപതി നിന്നെ വഞ്ചിച്ചതറിഞ്ഞീലേ?
ത്വല്‍‌പുത്രനായ ഭരതനേയും ബലാല്‍
തല്‍‌പ്രിയനായ ശത്രുഘ്നനേയും നൃപന്‍
മാതുലനെക്കാണ്മാന്നായയച്ചതും
ചേതസി കല്‍പ്പിച്ചുകൊണ്ടുതന്നേയിതു
രാജ്യാഭിഷേകം കൃതം രാമനെകിലോ
രാജ്യാനുഭൂതി സൌമിത്രിക്കു നിര്‍ണ്ണയം
ഭാഗ്യമത്രേ സുമിത്രയ്ക്കതുംകണ്ടു നിര്‍-
ഭാഗ്യമായൊരു നീ ദാസിയായ് നിത്യവും
കൌസല്യതന്നെപ്പരിചരിച്ചീടുക.
കൌസല്യാനന്ദനന്തന്നെബ്ഭരതനും
സേവിച്ചുകൊണ്ടു പൊറുക്കെന്നതും വരും.
ഭാവിക്കയും വേണ്ട രാജത്വമേതുമേ,
നാട്ടില്‍നിന്നാട്ടിക്കളകിലുമൊരു
വാട്ടം വരാതെ വധിച്ചീടുകിലുമ‍ാം.
സാപത്ന്യജാതപരാഭവംകൊണ്ടുള്ള
താപവും പൂണ്ടു ധരണിയില്‍ വാഴ്കയില്‍!
നല്ല മരണമതിനില്ല സംശയം
കൊല്ലുവാന്‍ ഞാന്‍ തവ നല്ലതു കേള്‍ക്ക നീ.
ഉത്സാഹമുണ്ടു നിനക്കെങ്കിലിക്കാലം
ത്വല്‍‌സുതന്‍‌തന്നെ വാഴിക്കും നരവരന്‍.
രാമനീരേഴാണ്ടു കാനനവാസവും
ഭൂമിപാലാജ്ഞയാ ചെയ്യുമാറാക്കണം.
നാടടക്കം ഭരതന്നു വരുമതി-
പ്രൌഢകീര്‍ത്ത്യാ നിനക്കും വസിക്ക‍ാം ചിരം.
വേണമെന്നാകിലതിന്നൊരുപായവും
പ്രാണസമേ! തവ ചൊല്ലിത്തരുവാന്‍ ഞാന്‍.
മുന്നം സുരാസുരയുദ്ധേ ദശരഥന്‍-
തന്നെ മിത്രാര്‍ത്ഥം തന്നെ മഹേന്ദ്രനര്‍ത്ഥിക്കയാല്‍
മന്നവന്‍ ചാപബാണങ്ങളും കൈക്കൊണ്ടു
തന്നുടെ സൈന്യസമേതം തേരേറിനാന്‍.
നിന്നോടുകൂടവേ വിണ്ണിലകം‌പുക്കു
സന്നദ്ധനായിച്ചെന്നസുരരോടേറ്റപ്പോള്‍
ഛിന്നമായ്‌വന്നുരഥാക്ഷകീലം പോരി-
ലെന്നതറിഞ്ഞതുമില്ല ദശരഥന്‍.
സത്വരം കീലരന്ധ്രത്തിങ്കല്‍ നിന്നുടെ
ഹസ്തദണ്ഡം സമാവേശ്യ ധൈര്യേണ നീ.
ചിത്രമത്രേ പതിപ്രാണരക്ഷാര്‍ത്ഥമായ്
യുദ്ധം കഴിവോളമങ്ങിനെ നിന്നതും
ശത്രുക്കളെ വധം ചെയ്തു പൃഥീന്ദ്രനും
യുദ്ധ നിവൃത്തനായൊരു ദശാന്തരേ
നിന്‍ തൊഴില്‍ കണ്ടതി സന്തോഷമുള്‍ക്കൊണ്ടു
ചെന്തളിര്‍മേനി പുണര്‍ന്നു പുണര്‍ന്നുടന്‍
പുഞ്ചിരി പൂണ്ടു പറഞ്ഞിതു ഭൂപനും
“നിന്‍ ചരിതം നന്നു നന്നു നിരൂപിച്ചാല്‍
രണ്ടു വരം തര‍ാം നീയെന്നെ രക്ഷിച്ചു-
കൊണ്ടതു മൂലം വരിച്ചുകൊണ്ടാലും നീ!“
ഭര്‍ത്തൃവാക്യം കേട്ടു നീയുമന്നേരത്തു
ചിത്തസമോദം കലര്‍ന്നു ചൊല്ലീടിനാന്‍,
“ദത്തമായോരു വരദ്വയം സാദരം
ന്യസ്തംഭവതി മയാ നൃപതീശ്വരാ!
ഞാനൊരവസരത്തിങ്കലപേക്ഷിച്ചാ-
ലൂനം വരാതെ തരികെന്നതേവേണ്ടൂ“
എന്നു പറഞ്ഞിരിയ്ക്കുന്ന വരദ്വയ-
മിന്നപേക്ഷിച്ചുകൊള്ളേണം മടിയാതെ
ഞാനും മറന്നു കിടന്നിതു മുന്നമേ
മാനസേ തോന്നി ബലാലീശ്വരാജ്ഞയാ,
ധീരതയോടിനി ക്ഷിപ്രമിപ്പോള്‍ ക്രോധാ-
ഗാരം പ്രവിശ്യ കോപേന കിടക്ക നീ,
ആഭരണങ്ങളും പൊട്ടിച്ചെറിഞ്ഞതി-
ശോഭപൂണ്ടൊരു കാര്‍കൂന്തലഴിച്ചിട്ടു
പൂമേനിയും പൊടികൊണ്ടങ്ങണിഞ്ഞിഹ
ഭൂമിയില്‍ത്തന്നെ മലിന‍ാംബരത്തൊടും,
കണ്ണുനീരാലേ മുഖവും മിഴികളും,
നന്നായ് നനച്ചു, കരഞ്ഞു കരഞ്ഞു കൊ-
ണ്ടര്‍ത്ഥിച്ചു കൊള്‍ക വരദ്വയം ഭൂപതി
സത്യം പറഞ്ഞാലുറപ്പിച്ചു മാനസം”
മന്ഥര ചൊന്നപോലെയതിനേതുമൊ-
രന്തരം കൂടാതെ ചെന്നു കൈകേയിയും
പത്ഥ്യമിതൊക്കെത്തനിയ്ക്കെന്നു കല്‍പ്പിച്ചു
ചിത്തമോഹേന കോപാലയേ മേവിനാള്‍
കൈകേയി മന്ഥരയോടു ചൊന്നാളിനി
‘രാഘവന്‍ കാനനത്തിന്നു പോകോളവും
ഞാനിവിടെക്കിടന്നീടുവനല്ലായ്കില്‍
പ്രാണനേയും കളഞ്ഞീടുവന്‍ നിര്‍ണ്ണയം,
ഭൂപരിത്രാണാര്‍ത്ഥമിന്നു ഭരതനു
ഭൂപതി ചെയ്താനഭിഷേകമെങ്കില്‍ ഞാന്‍
വേറെ നിനക്കു ഭോഗാര്‍ത്ഥമായ് നല്‍കുവന്‍
നൂറു ദേശങ്ങളതിനില്ല സംശയം.’
‘ഏതുമിതിനൊരിളക്കം വരായ്കില്‍ നീ
ചേതസി ചിന്തിച്ച കാര്യം വരും ദൃഢം.“
എന്നു പറഞ്ഞു പോയീടിനാള്‍ മന്ഥര
പിന്നെയവ്വണ്ണമനുഷ്ഠിച്ചു രാജ്ഞിയും
ധീരനായേറ്റം ദയാന്വിതനായ് ഗുണാ-
ചാരസംയുക്തനായ് നീതിജ്ഞനായ്നിജ-
ദേശിക വാക്യസ്ഥിതനായ് സുശീലനാ-
യാശയശുദ്ധനായ് വിദ്യാനിരതനായ്
ശിഷ്ടനായുള്ളവനെന്നങ്ങിരിയ്ക്കിലും
ദുഷ്ടസംഗം കൊണ്ടു കാലാന്തരത്തിനാല്‍
സജ്ജന നിന്ദ്യനായ് വന്നുകൂടും ദൃഢം
ദുര്‍ജ്ജനസംസര്‍ഗ്ഗമേറ്റമകലവേ
വര്‍ജ്ജിയ്ക്കവേണം പ്രയത്നേന സല്പുമാന്‍,
കജ്ജളം പറ്റിയാല്‍ സ്വര്‍ണ്ണവും നിഷ്പ്രഭം.
എങ്കിലേ രാജാ ദശരഥനാദരാല്‍
പങ്കജനേത്രാഭ്യുദയം നിമിത്തമായ്
മന്ത്രിപ്രഭൃതികളോടും പറഞ്ഞുകൊ-
ണ്ടന്ത:പുരമകം പുക്കരുളീടിനാന്‍.
അന്നേരമാത്മപ്രിയതമയാകിന
തന്നുടെ പത്നിയെക്കാണായ്ക കാരണം
എത്രയും വിഹ്വലനായോരു ഭൂപനും
ചിത്തതാരിങ്കല്‍ നിരൂപിച്ചിതീദൃഢം
‘മന്ദിരം തന്നില്‍ ഞാന്‍ ചെന്നു കൂടും വിധൌ
മന്ദസ്മിതം ചെയ്തരികെ വരും പുരാ
സുന്ദരിയാമവളിന്നെങ്ങു പോയിനാള്‍?
മന്ദമാകുന്നിതുന്മേഷമെന്‍ മാനസേ
“‘ചൊല്ലുവിന്‍ ദാസികളേ!ഭവത് സ്വാമിനി
കല്യാണഗാത്രി മറ്റെങ്ങു പോയീടിനാള്‍?“
ഏവം നരപതി ചോദിച്ച നേരത്തു
ദേവിതന്നാളികളും പറഞ്ഞീടിനാര്‍:
“ക്രോധാലയം പ്രവേശിച്ചിതതിന്‍ മൂല-
മേതു മറിഞ്ഞീല ഞങ്ങളോ മന്നവ!
തത്ര ഗത്വാ നിന്തിരുവടി ദേവി തന്‍
ചിത്തമനുസരിച്ചീടുക വൈകാതെ”‘
എന്നതു കേട്ടു ഭയേനമഹീപതി
ചെന്നങ്ങരികത്തിരുന്നു സസംഭ്രമം
മന്ദമന്ദംതലോടിത്തലോടി “പ്രിയേ!
സുന്ദരീ! ചൊല്ലുചൊല്ലെന്തിതു വല്ലഭേ?
നാഥേ!വെറും നിലത്തുള്ള പൊടിയണി-
ഞ്ഞാതങ്കമോടു കിടക്കുന്നതെന്തു നീ?
ചേതോവിമോഹനരൂപേ! ഗുണശീലേ!
ഖേദമുണ്ടായതെന്തെന്നോടു ചൊല്‍കെടോ,
മല്‍ പ്രജാവൃന്ദമായുള്ളവരാരുമേ
വിപ്രിയം ചെയ്കയുമില്ല നിനക്കെടോ
നാരികളോ, നരന്മാരോ ഭവതിയോ-
ടാരൊരു വിപ്രിയം ചെയ്തതു വല്ലഭേ!
ദണ്ഡ്യനെന്നാകിലും വദ്ധ്യനെന്നാകിലും
ദണ്ഡമെനിയ്ക്കതിനില്ല നിരൂപിച്ചാല്‍
നിര്‍ദ്ധനനെത്രയുമിഷ്ടം നിനക്കെങ്കി-
ലര്‍ത്ഥപതിയാക്കി വയ്പനവനെ ഞാന്‍
അര്‍ത്ഥവാനേറ്റമനിഷ്ടന്‍ നിനക്കെങ്കില്‍
നിര്‍ദ്ധനന്നാക്കുവേനെന്നു മവനെ ഞാന്‍
വദ്ധ്യനെ നൂനമവദ്ധ്യനാക്കീടുവന്‍
വദ്ധ്യനാക്കീടാമവദ്ധ്യനെ വേണ്ടുകില്‍
നൂനം നിനക്കധീനം മമ ജീവനം
മാനിനീ! ഖേദിപ്പതിനെന്തു കാരണം?
മല്പ്രാണനേക്കാള്‍ പ്രിയതമനാകുന്നി-
തിപ്പോളെനിയ്ക്കു മല്പുത്രന‍ാം രാഘവന്‍
അങ്ങനെയുള്ള രാമന്‍ മമ നന്ദനന്‍
മംഗലശീലന‍ാം ശ്രീരാമനാണെ ഞാന്‍
അംഗനാരത്നമേ! ചെയ്‌വന്‍ തവ ഹിത-
മിങ്ങനെ ഖേദിപ്പിക്കായ്ക മ‍ാം വല്ലഭേ!”
ഇത്ഥം ദശരഥന്‍ കൈകേയി തന്നോടു
സത്യം പറഞ്ഞതു കേട്ടു തെളിഞ്ഞവള്‍
കണ്ണുനീരും തുടച്ചുത്ഥാനവും ചെയ്തു
മന്നവന്‍ തന്നോടു മന്ദമുര ചെയ്താള്‍:
സത്യപ്രതിജ്ഞനായുളള ഭവാന്‍ മമ
സത്യം പറഞ്ഞതു നേരെങ്കിലെന്നുടെ
പത്ഥ്യമായുള്ളതിനെപ്പറഞ്ഞീടുവന്‍
വ്യര്‍ത്ഥമാക്കീടായ്ക സത്യത്തെ മന്നവാ!
എങ്കിലോ പണ്ടു സുരാസുരായോധനേ
സങ്കടം തീര്‍ത്തു രക്ഷിച്ചേന്‍ ഭവാനെ ഞാന്‍
സന്തുഷ്ടചിത്തനായന്നു ഭവാന്‍ മമ
ചിന്തിച്ചു രണ്ടു വരങ്ങള്‍ നല്‍കീലയോ?
വേണ്ടുന്ന നാളപേക്ഷിയ്ക്കുന്നതുണ്ടെന്നു
വേണ്ടും വരങ്ങള്‍ തരികെന്നു ചൊല്ലി ഞാന്‍
വെച്ചിരിക്കുന്നു ഭവാങ്കലതു രണ്ടു-
മിച്ഛയുണ്ടിന്നു വാങ്ങീടുവാന്‍ ഭൂപതേ!
എന്നതിലൊന്നു രാജ്യാഭിഷേകം ഭാവാ-
നിന്നു ഭരതനു ചെയ്യണമെന്നതും
ഭൂപതിവീരന്‍ ജടാവല്‍ക്കലം പൂണ്ടു
താപസവേഷം ധരിച്ചു വനാന്തരേ
കാലം പതിന്നാലു വത്സരം വാഴണം
മൂലഫലങ്ങള്‍ ഭുജിച്ചു മഹീപതേ!
ഭൂമി പാലിപ്പാന്‍ ഭരതനെയാക്കണം
രാമനുഷസ്സി വനത്തിന്നു പോകണം.
എന്നിവ രണ്ടു വരങ്ങളും നല്‍കുകി-
ലിന്നു മരണമെനിയ്ക്കില്ല നിര്‍ണ്ണയം
എന്നു കൈകേയി പറഞ്ഞോരനന്തരം
മന്നവന്‍ മോഹിച്ചു വീണാനവനിയില്‍
വജ്രമേറ്റദ്രി പതിച്ചപോലെ ഭുവി
സജ്വര തേജസാ വീണിതു ഭൂപനും
പിന്നെ മുഹൂര്‍ത്തമാത്രം ചെന്ന നേരത്തു
കണ്ണുനീര്‍ വാര്‍ത്തു വിറച്ചു നൃപാധിപന്‍
“ദുസ്സഹ വാക്കുകള്‍ കേള്‍ക്കായതെന്തയ്യോ!
ദുസ്സ്വപ്നമാഹന്ത! കാണ്‍കയോ ഞാനിഹ
ചിത്തഭ്രമം ബലാലുണ്ടാകയോ മമ
മൃത്യു സമയമുപസ്ഥിതമാകയോ?
കിംകിമേതല്‍കൃതം ശങ്കര! ദൈവമേ!
പങ്കജലോചന! ഹാ പരബ്രഹ്മമേ!“
വ്യാഘ്രിയെപ്പോലെ സമീപേ വസിയ്ക്കുന്ന
മൂര്‍ഖമതിയായ കൈകേയി തന്‍ മുഖം
നോക്കിനോക്കിബ്ഭയം പൂണ്ടു ദശരഥന്‍
ദീര്‍ഘമായ് വീര്‍ത്തുവീര്‍ത്തേവമുര ചെയ്തു:
‘എന്തിവണ്ണം പറയുന്നതു ഭദ്രേ! നീ
എന്തു നിന്നോടു പിഴച്ചിതു രാഘവന്‍?
മല്പ്രാണഹാനികരമായ വാക്കു നീ
ഇപ്പോഴുരചെയ്‌വതിനെന്തു കാരണം?
എന്നോടു രാമഗുണങ്ങളെ വര്‍ണ്ണിച്ചു
മുന്നമെല്ല‍ാം നീ പറഞ്ഞല്ലോ കേള്‍പ്പു ഞാന്‍
‘എന്നെയും കൌസല്യാദേവിയേയുമവന്‍-
തന്നുള്ളിലില്ലൊരു ഭേദമൊരിയ്ക്കലും’
എന്നല്ലൊ മുന്നം പറഞ്ഞിരുന്നു നിന-
ക്കിന്നിതു തോന്നുവാനെന്തൊരു കാരണം?
നിന്നുടെ പുത്രനു രാജ്യം തരുമല്ലോ
ധന്യശീലേ! രാമന്‍ പോകണമെന്നുണ്ടോ?
രാമനാലേതുഭയം നിനക്കുണ്ടാകാ
ഭൂമീപതിയായ് ഭരതനിരുന്നാലും’
എന്നു പറഞ്ഞു കരഞ്ഞു കരഞ്ഞു പോയ്
ചെന്നുടന്‍ കാല്‍ക്കല്‍ വീണു മഹീപാലനും
നേത്രങ്ങളും ചുവപ്പിച്ചു കൈകേയിയും
ധാത്രീപതീശ്വരനോടു ചൊല്ലീടിനാ‍ള്‍
‘ഭ്രാന്തനെന്നാകിയോ ഭൂമീപതേ! ഭവാന്‍!
ഭ്രാന്തിവാക്യങ്ങള്‍ ചൊല്ലുന്നതെന്തിങ്ങനെ?
ഘോരങ്ങളായ നരകങ്ങളില്‍ച്ചെന്നു
ചേരുമസത്യ വാക്യങ്ങള്‍ ചൊല്ലീടിനാല്‍
പങ്കജനേത്രന‍ാം രാമനുഷസ്സിനു
ശങ്കാവിഹീനം വനത്തിന്നു പോകായ്കില്‍
എന്നുടെ ജീവനെ ഞാന്‍ കളഞ്ഞീടുവന്‍
മന്നവന്‍ മുന്‍പില്‍നിന്നില്ലൊരു സംശയം.
സത്യസന്ധന്‍ ഭുവി രാജാ ദശരഥ-
നെത്രയുമെന്നുള്ള കീര്‍ത്തി രക്ഷിയ്ക്കണം
സാധു മാര്‍ഗ്ഗത്തെ വെടിഞ്ഞതു കാരണം
യാതനാദു:ഖാനുഭൂതിയുണ്ടാക്കേണ്ട
രാമോപരി ഭവാന്‍ ചെയ്ത ശപഥവും
ഭൂമിപതേ വൃഥാ മിഥ്യയാക്കീടൊലാ’
കൈകേയി തന്നുടെ നിര്‍ബന്ധ വാക്യവും
രാഘവനോടു വിയോഗം വരുന്നതും
ചിന്തിച്ചു ദു:ഖസമുദ്രേ നിമഗ്നനായ്
സന്താപമോടു മോഹിച്ചുവീണീടിനാന്‍
പിന്നെയുണര്‍ന്നിരുന്നും കിടന്നും മകന്‍-
തന്നെയോര്‍ത്തും കരഞ്ഞും പറഞ്ഞും സദാ
രാമ രാമേതി രാമേതി പ്രലാപേന
യാമിനി പോയിതു വത്സരതുല്യയായ്
ചെന്നാനരുണോദയത്തിനു സാദരം
വന്ദികള്‍ ഗായകന്മാരെന്നിവരെല്ല‍ാം
മംഗളവാദ്യസ്തുതിജയശബ്ദേന
സംഗീതഭേദങ്ങളെന്നിവയെക്കൊണ്ടും
പള്ളിക്കുറുപ്പുണര്‍ത്തീടിനാരന്നേര
മുള്ളിലുണ്ടായ കോപേന കൈകേയിയും
ക്ഷിപ്രമവരെ നിവാരണംചെയ്താള്‍:
അപ്പോളഭിഷേകകോലാഹലാര്‍ത്ഥമായ്
തല്പുരമൊക്കെ നിറഞ്ഞു ജനങ്ങളാല്‍
ഭൂമിദേവന്മാരും ഭൂമിപാലന്മാരും
ഭൂമിസ്പൃശോ വൃഷലാദി ജനങ്ങളും
താപസവര്‍ഗ്ഗവും കന്യകാവൃന്ദവും
ശോഭ തേടുന്ന വെണ്‍കൊറ്റക്കുട തഴ
ചാമരം താലവൃന്ദം കൊടി തോരണം
ചാമീകരാഭരണാദ്യലങ്കാരവും
വാരണ വാജി രഥങ്ങള്‍ പദാതിയും
വാരനാരീജനം പൌരജനങ്ങളും
ഹേമരത്നോജ്വലദിവ്യസിംഹാസനം
ഹേമകുംഭങ്ങളും ശാര്‍ദ്ദൂല ചര്‍മ്മവും
മറ്റും വസിഷ്ഠന്‍ നിയോഗിച്ചതൊക്കവേ
കുറ്റമൊഴിഞ്ഞാശു സംഭരിച്ചീടിനാര്‍
സ്ത്രീബാലവൃദ്ധാവധിപുരാവാസിക-
ളാബദ്ധ കൌതൂഹലാബ്ധി നിമഗ്നരായ്
രാത്രിയില്‍ നിദ്രയും കൈവിട്ടുമാനസേ
ചീര്‍ത്ത പരമാനന്ദത്തോടു മേവിനാന്‍
നമ്മുടെ ജീവന‍ാം രാമകുമാരനെ
നിര്‍മ്മലരത്നകിരീടമണിഞ്ഞതി
രമ്യമകരായിതമണികുണ്ഡല
സമ്മുഗ്ദശോഭിത ഗണ്ഡസ്ഥലങ്ങളും
പുണ്ഡരീകച്ഛദലോചനഭംഗിയും
പുണ്ഡരീകാരാതിമണ്ഡലതുണ്ഡവും
ചന്ദ്രികാസുന്ദരമന്ദസ്മിതാഭയും
കുന്ദമുകുളസമാനദന്തങ്ങളും
ബന്ധൂകസൂനസമാനാധരാഭയും
കന്ധരരാജിതകൌസ്തുഭരത്നവും
ബന്ധുരാഭം തിരുമാറുമുദരവും
സന്ധ്യാഭ്രസന്നിഭ പീത‍ാംബരാഭയും
പൂഞ്ചേലമീതേവിളങ്ങി മിന്നീടുന്ന
കാഞ്ചനകാഞ്ചികളും തനുമദ്ധ്യവും
കുംഭികുലോത്തമന്‍ തുന്‍പിക്കരം കൊണ്ടു
കുമ്പിട്ടുകൂപ്പിടുമൂരുകാണ്ഡങ്ങളും
കുംഭീന്ദ്ര മസ്തകസന്നിഭജാനുവു-
മംഭോജബാണനിഷംഗാഭജംഘയും
കമ്പം കലര്‍ന്നു കമഠപ്രവരനും
കുമ്പിടുന്നോരു പുറവടിശോഭയും
അംഭോജതുല്യമാമംഘ്രിതലങ്ങളും
ജംഭാരിരത്നം തൊഴുംതിരുമേനിയും
ഹാരകടകവലയ‍ാംഗുലീയാദി
ചാരുതരാഭരണാവലിയും പൂണ്ടു
വാരണവീരന്‍ കഴുത്തില്‍ തിറത്തോടു
ഗൌരാതപത്രം ധരിച്ചരികേ നിജ
ലക്ഷ്മണനാകിയ സോദരന്‍ തന്നോടും
ലക്ഷ്മീനിവാസന‍ാം രാമചന്ദ്രം മുദാ
കാണായ് വരുന്നു നമുക്കിനിയെന്നിദം
മാനസതാരില്‍ കൊതിച്ച നമുക്കെല്ല‍ാം
ക്ഷോണീപതിസുതനാകിയ രാമനെ
ക്കാണായ് വരും പ്രഭാതേ ബത നിര്‍ണ്ണയം
രാത്രിയ‍ാം രാക്ഷസി പോകുന്നതില്ലെന്നു
ചീര്‍ത്തവിഷാദമോടൌത്സുക്യമുള്‍ക്കൊണ്ടു
മാര്‍ത്താണ്ഡദേവനെക്കാണാഞ്ഞു നോക്കിയും
പാര്‍ത്തുപാര്‍ത്താനന്ദപൂര്‍ണാമൃതാബ്ധിയില്‍
വീണുമുഴുകിയും പിന്നെയും പൊങ്ങിയും
വാണീടിനാര്‍ പുരവാസികളാദരാല്‍.