യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 531 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

സര്‍വജ്ഞത്വാത്സര്‍വഗസ്യ സര്‍വം സര്‍വത്ര വിദ്യതേ
യേന സ്വപ്നവതാം തേഷാം വയം സ്വപ്നനരാ: സ്ഥിതാ: (6.2/50/9)

വസിഷ്ഠന്‍ തുടര്‍ന്നു: പത്തുദിക്കുകളിലും കാണപ്പെടുന്ന വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങള്‍ ഇനിപ്പറയുന്ന വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്നില്‍പ്പെടുന്നു. ചിലര്‍ സ്വപ്ന-ജാഗ്രദ് അവസ്ഥയിലാണ്. ചിലര്‍ പേരിന് ഉണര്‍ന്നിരിക്കുന്നു. ചിലര്‍ ശുദ്ധമായ ജാഗ്രദവസ്ഥയിലാണ്. ചിലര്‍ ദീര്‍ഘമായ ജാഗ്രദിലാണ്. ചിലര്‍ സ്ഥൂലമായ ജാഗ്രദിലും. മറ്റുചിലര്‍ ജാഗ്രദ്-സ്വപ്ന അവസ്ഥയിലാണ്. ഇനിയും ചിലര്‍ ജാഗ്രദവസ്ഥയുടെ അധോഗതിയിലാണ് നിലകൊള്ളുന്നത്.

രാമാ, ഏതോ ഒരു ലോകചക്രത്തില്‍ സൃഷ്ടിയുടെ ഏതോ കോണില്‍ ചില ജീവികള്‍ ജീവിച്ചിരുന്നുവെങ്കിലും അവര്‍ ദീപ്തമായ ഉറക്കത്തിലായിരുന്നു. അവര്‍ സ്വപ്നത്തില്‍ കണ്ടതെന്തോ അതാണ്‌ വിശ്വമായത്. അവര്‍ സ്വപ്ന-ജാഗ്രദ് അവസ്ഥയിലുള്ളവരാണ്. നാമെല്ലാം അവരുടെ സ്വപ്നവിഷയങ്ങളാണ്.

അവരുടെ സ്വപ്നം സുദീര്‍ഘമായതിനാല്‍ ആ സ്വപ്നങ്ങള്‍ ഉണ്മയാണെന്നും നാം ജാഗ്രദിലാണെന്ന തോന്നലും ഉണ്ടാവുന്നു. സ്വപ്നം കാണുന്നവന്‍ ഇതിലൊക്കെ ജീവികളായി വിലസുന്നു.

“സര്‍വ്വ വ്യാപിയെന്നാല്‍ സര്‍വ്വവ്യാപിയായ ബോധമായതിനാല്‍ എല്ലാം എല്ലായിടത്തും നിലകൊള്ളുന്നു. അതിനാല്‍ അനാദി കാലത്ത് സ്വപ്നംകണ്ടവരുടെ സ്വപ്നത്തിലെ വിഷയങ്ങളായി നാം നിലകൊള്ളുന്നു.”

ഈ സ്വപ്നലോകത്ത് ഭ്രമക്കാഴ്ചകളെ തിരസ്കരിക്കാന്‍ ഏതൊരുവന്‍ തയാറാണോ അയാള്‍ മോചിതനാകുന്നു. ഒരുവന്റെ സ്വരൂപ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് അവന്‍ സ്വയം മറ്റൊരു രൂപമായി കണക്കാക്കുന്നു.

ലോകമെന്ന അനുഭവം ഈ ധാരണാ സങ്കല്‍പ്പത്തില്‍ നിന്നുമാണ് ഉദിക്കുന്നത്. ഏതോ ഒരനാദിലോകചക്രത്തില്‍ ഏതോ ഒരിടത്ത് ചിലജീവികള്‍ ജാഗ്രദില്‍ വൈവിദ്ധ്യമാര്‍ന്ന ധാരണകളില്‍ നിന്നും ഉണ്ടായ ജീവജാലങ്ങളുമായി ജീവിച്ചിരുന്നു. അവ ധാരണ ജാഗ്രദ് അവസ്ഥയാണ്.

അവരിലെ സങ്കല്‍പ്പങ്ങള്‍ കാലാകാലങ്ങളായി തുടര്‍ന്നു രൂഢമൂലമായിത്തീര്‍ന്നു. പുതുതായ സങ്കല്‍പ്പങ്ങള്‍ ഇല്ലെങ്കിലും പഴയ സങ്കല്‍പ്പങ്ങളുടെ ബാക്കി അവശേഷിക്കുന്നുണ്ട്. അനാദിയില്‍ സ്വപ്ന ജാഗ്രദ് കാലഭേദങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ ബ്രഹ്മാവിന്റെ വികസിതബോധത്തില്‍ ഉരുത്തിരിഞ്ഞ ഭാവനയില്‍ ഉണ്ടായ ജീവികള്‍ നിലകൊള്ളുന്നത് ശുദ്ധമായ ജാഗ്രദ് അവസ്ഥയിലാണ്. അവര്‍ തുടര്‍ന്നുള്ള മൂര്‍ത്തീകരണങ്ങളില്‍ ദേഹമെടുത്ത് ദീര്‍ഘജാഗ്രദ് അവസ്ഥയില്‍ തുടരുന്നുമുണ്ട്. അവര്‍ ബോധത്തിന്റെ അതിസാന്ദ്രമായതലത്തില്‍ – അതായത് അബോധസ്ഥിതിയില്‍ നിലകൊള്ളുമ്പോള്‍ അവര്‍ സ്ഥൂലജാഗ്രദ് അവസ്ഥയിലാണ്.

ശാസ്ത്രപാഠങ്ങള്‍ കേട്ട് ജാഗ്രദവസ്ഥയെ വെറുമൊരു സ്വപ്നമാണ് എന്ന് കരുതുന്നവര്‍ ജാഗ്രദ്-സ്വപ്ന അവസ്ഥയിലാണ്. അവര്‍ പൂര്‍ണ്ണമായും ഉണര്‍ന്ന് പരംപൊരുളില്‍ അഭിരമിക്കുമ്പോള്‍ അവരുടെയുള്ളില്‍ ബാഹ്യലോകമെന്ന പ്രതീതി ക്ഷീണിതമായിത്തീരുന്നു. ഇങ്ങനെ കുറഞ്ഞു കുറഞ്ഞു വരുന്ന ജാഗ്രദവസ്ഥ തുരീയത്തില്‍ എത്തുന്നു. ഇതാണ് നാലാമത്തെ ബോധതലം.

ഇവയാണ് നാനാതരത്തിലുള്ള ജീവജാലങ്ങളുടെ ഏഴ് അവസ്ഥകള്‍. കടലിനെ സപ്തസമുദ്രങ്ങള്‍ എന്ന് നാം പേരിട്ടു വിളിച്ചാലും അവയെല്ലാം വെറും ജലം മാത്രം. ഏഴവസ്ഥകള്‍ എന്ന് നാം പറഞ്ഞാലും അതെല്ലാം അനന്തമായ അവബോധം മാത്രം.