യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 532 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ന കശ്ചിദേവ കുരുതേ ശരീരാണി കദാചന
ന മോഹയതി ഭൂതാനി കശ്ചിദേവ കദാചന
രാമന്‍ ചോദിച്ചു: മഹര്‍ഷേ, എങ്ങനെയാണ് ശുദ്ധമായ ജാഗ്രദവസ്ഥ ഉണ്ടാകുന്നത്? യാതൊരുവിധത്തിലുള്ള കാരണമോ ഉദ്ദേശമോ ഇല്ലാതെ എങ്ങനെയാണ് ജീവികള്‍ ഇങ്ങനെയൊരു തലത്തില്‍ നിലകൊള്ളുന്നത്?
വസിഷ്ഠന്‍ പറഞ്ഞു: രാമാ, കാരണമില്ലാതെ ഒരു കാര്യവും ഉണ്ടാകുന്നില്ല. അതുകൊണ്ട് ആത്യന്തികമായി ശുദ്ധജാഗ്രദ് അവസ്ഥ എന്നത് ശരിക്കും ‘ഉള്ള’തല്ല. അതുപോലെയാണ് ഈ സൃഷ്ടികളും. അവയൊന്നും ഭവിക്കുന്നവയല്ല. വാസ്തവത്തില്‍ യാതൊന്നും സൃഷ്ടിക്കപ്പെടുന്നില്ല; യാതൊന്നും നശിപ്പിക്കപ്പെടുന്നുമില്ല.
രാമന്‍ വീണ്ടും ചോദിച്ചു: ആരാണ് മനസ്സും, ദേഹവും എല്ലാം ഉണ്ടാക്കുന്നത്? ആരാണ് ഈ ജീവികളെയെല്ലാം സൗഹൃദം, ഇഷ്ടാനിഷ്ടങ്ങള്‍ മുതലായ കെട്ടുപാടുകള്‍ കൊണ്ട് ഭ്രമിപ്പിച്ചു ബന്ധിച്ചു നിര്‍ത്തുന്നത്?
വസിഷ്ഠന്‍ പറഞ്ഞു: “രാമാ, ആരും ഈ ദേഹങ്ങളെ ഒരു കാലത്തും സൃഷ്ടിക്കുന്നില്ല. ആരുമതിനാല്‍ ഭ്രമിച്ചുകൊണ്ടിരിക്കുന്നുമില്ല.”
ബോധം അനാദിയാണ്. ശാശ്വതമാണ്. അതുതന്നെയാണ് വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങളായി നിലകൊള്ളുന്നത്. ബോധബാഹ്യമായി ഒന്നുമില്ല; അങ്ങനെ തോന്നിക്കുന്നു എന്ന് മാത്രം.
വിത്തില്‍ നിന്നും മുളയെന്നപോലെ ഈ ‘കെട്ടുകാഴ്ച’പോലും ബോധത്തിലാണ് ഉണ്ടാവുന്നത്. വെണ്ണക്കല്ലില്‍ ശില്‍പമെന്നപോലെ വിശ്വം ബോധത്തില്‍ നിലകൊള്ളുന്നു. ബോധം അകത്തും പുറത്തും എല്ലാടവും സ്ഥിതിചെയ്യുന്നു. പൂവിന്റെ സുഗന്ധം എങ്ങും പരക്കുന്നതുപോലെ സമയദൂരങ്ങളിലൂടെ ലോകമായി വികസ്വരമാവുന്നതും ബോധം തന്നെയാണ്. ‘ഇത്’ തന്നെയാണ് ‘മറ്റേ’ലോകവും. ലോകമുണ്ടാക്കുന്ന മാനസികോപാധികള്‍ക്ക് ഒരവസാനമുണ്ടാവട്ടെ. മറ്റൊരു ലോകമെന്ന പ്രതീതി ഇല്ലാതെയായാല്‍പ്പിന്നെ അത്തരം ഉപാധിധാരണകള്‍ എവിടെനിന്നുണ്ടാവാനാണ്?
ആത്മാവ് മാത്രമേ സത്യമായുള്ളൂ. അതില്‍ കാലത്തിന്റെയോ ദേശത്തിന്റെയോ പരിമിതികള്‍ ഇല്ല. അത് നിശ്ശൂന്യവുമല്ല. സത്യം സാക്ഷാത്ക്കരിക്കുന്നത് പരംപൊരുളില്‍ വിലീനനായി ഉറച്ചവനാണ്. അഹംകാരത്തിന്റെ പിടിയില്‍ അമര്‍ന്നവന് ഇത് സാദ്ധ്യമല്ല. സത്യത്തില്‍ ഉറച്ചവന്റെ അവയവങ്ങളാണ് പതിന്നാലു ലോകങ്ങള്‍. അയാളുടെ ദുഷ്ടിയില്‍ സ്വപ്ന –ജാഗ്രദ് അവസ്ഥകള്‍ തമ്മിലുള്ള അന്തരം ഇല്ലാതെയായിരിക്കുന്നു. ലോകമെന്ന കാഴ്ചയെ, ബോധമെന്ന തിരിച്ചറിവില്‍ നോക്കുമ്പോള്‍ അതൊരു സ്വപ്നദൃശ്യം മാത്രമായി അനുഭവപ്പെടുന്നു.
അഗ്നിയില്‍ എരിയുന്നതെല്ലാം ഒന്നാകുന്നു (ചാരം). ജ്ഞാനാഗ്നിയില്‍ എല്ലാ അവസ്ഥകളും ലോകമെന്ന കാഴ്ചയും ഒന്നായിത്തീരുന്നു.
ബോധം തന്നെയാണ് സ്ഥൂലമായ ഈ പ്രപഞ്ചമായി കാണപ്പെടുന്നത്. ഈ സത്യം ഉണര്‍വ്വായി നിറയുമ്പോള്‍ വസ്തുക്കളുടെ അനസ്തിത്വം വെളിപ്പെടുന്നു. അപ്പോള്‍പ്പിന്നെ വസ്തുക്കളെ സ്വന്തമാക്കാനുള്ള ആശയും ഇല്ലാതെയാകുന്നു. അത് പ്രശാന്തിയെ പ്രദാനം ചെയ്യുന്നു. ആത്മാവിനെ ലോകമെന്നോ നിശ്ശൂന്യമെന്നോ നിര്‍വചനങ്ങള്‍ക്കുള്ളില്‍ ഒതുക്കാതെയിരിക്കുമ്പോള്‍ വസ്തുത യഥാതഥമായി അറിയുന്നു.
ആത്മസാക്ഷാത്കാരത്തില്‍ എത്തിയവന്‍ സംസാരമെന്ന സാഗരം തരണം ചെയ്തു കഴിഞ്ഞവനാണ്. അയാളുടെ കര്‍മ്മങ്ങള്‍ക്ക് അവസാനമായിരിക്കുന്നു.