യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 533 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ഇയം ദൃശ്യഭരഭ്രാന്തിര്‍നന്വ വിദ്യേതി ചോച്യതേ
വസ്തുതോ വിദ്യതേ നൈഷാ താപനദ്യാം യഥാ പയ: (6.2/52/5)

വസിഷ്ഠന്‍ തുടര്‍ന്നു: ഒരു മരത്തിന്റെ ‘മനസ്സില്‍’ തന്റെ അവയവങ്ങളെപ്പറ്റി ഒരവബോധമുണ്ടാകുന്നതുപോലെ അജ്ഞാനിയുടെ മനസ്സില്‍ ലോകാസ്തിത്വമെന്ന തോന്നല്‍ അങ്കുരിക്കുകയാണ്.

“അവിദ്യ, അജ്ഞാനം എന്നെല്ലാം അറിയപ്പെടുന്ന വിഷയപ്രപഞ്ചത്തെക്കുറിച്ചുള്ള ഭ്രമാത്മകമായ ധാരണ വാസ്തവത്തില്‍ സത്യമല്ല. മരുമരീചികയിലെ ജലം പോലെയാണത്. കൂട്ടിമുട്ടാന്‍ വസ്തുക്കളില്ലാതെയുണ്ടാവുന്ന ശബ്ദംപോലെയാണത്.”

എന്നാല്‍ വെറുതെയൊരു ചര്‍ച്ചക്കായി ഈ അവിദ്യയെ സത്യമെന്ന് കരുതുക. എന്നിട്ടിത് കേട്ടാലും: അപ്പോള്‍ അതിന്റെ വാസ്തവസ്ഥിതി നിനക്ക് സ്വയം പിടികിട്ടും. ഇവിടെയിപ്പോള്‍ കാണുന്ന എല്ലാം ഈ ലോകചക്രം തീരുമ്പോള്‍ അവസാനിക്കും. ഈ സര്‍വ്വനാശത്തെ തടയാന്‍ ആര്‍ക്കുമാവില്ല. ബ്രഹ്മം മാത്രമേ നിലനില്‍ക്കുന്നതായുള്ളു. ഈ തിരിച്ചറിവ് ലഹരിക്കടിമയായവന്റെ തോന്നലല്ല. ദേഹം സ്വപ്നസമാനമാണെന്നും ബോധം മാത്രമാണ് സത്യമെന്നും എനിക്കുറപ്പിച്ചു പറയാനാവും.

ലോകമെന്ന ഈ കാഴ്ചയ്ക്ക് വീണ്ടും വീണ്ടും വീഴ്ചയുണ്ടാവും. എന്താണിങ്ങനെ ആവര്‍ത്തിച്ചുണ്ടായി നശിക്കുന്നത്? എല്ലാ വസ്തുക്കളും ആകാശത്തില്‍ ഗുഢമായിരിക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വപ്രളയത്തില്‍ അവ നശിക്കുന്നില്ല എന്ന് വരുന്നു. ഇനിയതിന്റെ കാര്യ-കാരണ ബന്ധം നോക്കുക. ലോകമെന്ന ധാരണയ്ക്ക് കാരണം ഇല്ല. അതുകൊണ്ടുതന്നെ കാര്യവും ഇല്ല. എകാത്മകമാണെല്ലാം.

ഒരേയൊരു വിത്തിന്റെ വികസ്വരഭാവങ്ങളാണ് ശാഖകളും, ഇലകളും, പൂക്കളും, പഴങ്ങളുമെല്ലാം. ഇതില്‍ കാര്യകാരണബന്ധം ആരോപിക്കേണ്ടതില്ല. സത്യത്തെ അന്വേഷിക്കുമ്പോള്‍ ‘ഒരേയൊരു’ ബോധം മാത്രം സത്യമായി അവശേഷിക്കുന്നു എന്നു നാം അറിയുന്നു. ലോകചക്രത്തിന്റെ അവസാനം എല്ലാ വസ്തുപ്രതീതികളും ഇല്ലാതെയാവുന്നു. ആത്മാവെന്ന അവബോധം അനിര്‍വചനീയമാണ്. ചിന്തയ്ക്കും വിവരണങ്ങള്‍ക്കും അപ്പുറമാണത്.

ആത്മജ്ഞാനിയായ മുനിക്കേ ഇതനുഭവമാകുന്നുള്ളു. മറ്റുള്ളവര്‍ ഈ വാക്കുകളെ വായിച്ചറിയുന്നവര്‍ മാത്രം. അത് കാലമോ മനസ്സോ അല്ല; ഭാവമോ അഭാവമോ അല്ല; ബോധമോ അബോധമോ അല്ല. ശാസ്ത്രഗ്രന്ഥങ്ങളുടെ മാര്‍ഗ്ഗം പിന്‍പറ്റി ഞാനിങ്ങനെ അതിനെ വിരുദ്ധരീതിയില്‍ പറഞ്ഞതാണ്. എന്നാല്‍ എന്റെ ദൃഷ്ടിയില്‍ അത് നിര്‍മ്മലമായ, പരമപ്രശാന്തിയാണ്. ഇതിലുള്ള സാദ്ധ്യതകള്‍ അനന്തമാണ്‌. വെണ്ണക്കല്ലില്‍ കൊത്തിയെടുക്കാവുന്ന എണ്ണമറ്റ ശില്‍പ്പങ്ങളുടെ സാദ്ധ്യതയ്ക്ക് സമാനമാണിത്.

പരമാത്മാവ്‌ വൈവിദ്ധ്യമാര്‍ന്നതും അതേസമയം ഏകവുമാണ്. നേരറിവിന്റെ അഭാവത്തിലാണ് നിന്നില്‍ സംശയങ്ങള്‍ ഉയരുന്നത്. ആത്മാവില്‍ വിഭജനാത്മകമായ ചിന്തകള്‍ ഉയരുന്നതുകൊണ്ടാണ് നാനാത്വപ്രതീതിയുണ്ടാവുന്നത്. എന്നാല്‍ ആത്മാവില്‍ കാലദേശാദി ഭേദങ്ങള്‍ ഒന്നുമില്ല.

കടല്‍ അലകള്‍ക്കെങ്ങനെയോ, അതുപോലെ കാലം ദേശം എന്നുവേണ്ട, എല്ലാറ്റിന്റെയും അവിച്ഛിന്നമായ അടിസ്ഥാനം ആത്മാവാണ്. അതിനാല്‍ ഉണ്മയ്ക്ക് ഭാവാഭാവങ്ങളും ഭേദാഭേദങ്ങളും കല്‍പ്പിക്കപ്പെടുന്നു. വെണ്ണക്കല്ലില്‍ നിന്നും ശില്‍പ്പങ്ങളെ കൊത്തിയെടുക്കാം എന്നാല്‍ അനന്തബോധത്തില്‍ നിന്നും ഒരു വിശ്വപ്രപഞ്ചത്തെ ഉരുത്തിരിക്കാന്‍ ആവില്ല.

അവിച്ഛിന്നമെങ്കിലും വിഭജിതം എന്നപോലെ അത് സത്തില്‍ നിന്നും വിഭിന്നമായി കാണപ്പെടുന്നു. എന്നാല്‍ യാതൊരുവിധ ഭേദങ്ങളും അതിനില്ല.