ഡൗണ്‍ലോഡ്‌ MP3

ദക്ഷോ വിരിഞ്ചതനയോഥ മനോസ്തനൂജ‍ാം
ലബ്ധ്വാ പ്രസൂതിമിഹ ഷോഡശ ചാപ കന്യാ: |
ധര്‍മ്മേ ത്രയോദശ ദദൗ പിതൃഷു സ്വധ‍ാം ച
സ്വാഹ‍ാം ഹവിര്‍ഭുജി സതീം ഗിരിശേ ത്വദംശേ || 1 ||

അക്കാലം ബ്രഹ്മപുത്രനായ ദക്ഷന്‍ സ്വായംഭുവമനുവിന്റെ പുത്രിയായ പ്രസൂതിയെ കൈകൊണ്ട്, അവളില്‍ പതിനാറു കന്യകകളെ ലഭിച്ചു; എന്നല്ല, പതിമൂന്നുപേരെ ധര്‍മ്മരാജാവിലും സ്വധയെന്നവളെ പിതൃക്കളിലും സ്വാഹാ എന്ന കന്യകയെ അഗ്നിദേവനിലും സതീദേവിയെ അങ്ങയുടെ അംശമായ ശ്രീ പരമേശ്വരനിലും സമര്‍പ്പിച്ചു.

മൂര്‍ത്തിര്‍ഹി ധര്‍മ്മഗൃഹിണീ സുഷുവേ ഭവന്തം
നാരായണം നരസഖം മഹിതാനുഭാവം |
യജ്ജന്മനി പ്രമുദിതാ: കൃതതൂര്യഘോഷാ:
പുഷ്പോത്കരാന്‍ പ്രവവൃഷുര്‍ന്നുനുവു: സുരൗഘാ: || 2 ||

ധര്‍മ്മരാജാവിന്റെ പത്നിയായ മൂര്‍ത്തിയെന്നവളാകട്ടെ സകലരാലും വാഴ്ത്തപ്പെട്ട മഹിമയോടുകൂടിയവനും നരനെന്ന സഖാവോടുകൂടിയ നാരായണമൂര്‍ത്തിയായ നിന്തിരുവടിയെ പ്രസവിച്ചു.  നിന്തിരുവടിയുടെ അവതാരകാലത്ത് ആനന്ദതുന്ദിലരായ ദേവഗണങ്ങള്‍ പെറുമ്പറ മുഴക്കിക്കൊണ്ട് പുഷ്പസഞ്ചയങ്ങളെ വര്‍ഷിച്ചു; വാഴ്ത്തി സ്തുതിക്കുകയും ചെയ്തു.

ദൈത്യം സഹസ്രകവചം കവചൈ: പരീതം
സാഹസ്രവത്സരതപഃ സമരാഭിലവ്യൈ: |
പര്യായനിര്‍മ്മിതതപസ്സമരൗ ഭവന്തൗ
ശിഷ്ടൈകകങ്കടമമും ന്യഹത‍ാം സലീലം || 3 ||

ആയിരം സംവത്സരകാലത്തെ തപസ്സുകൊണ്ടും, യുദ്ധംകൊണ്ടും മാത്രം ഛേദിക്കപ്പെടാവുന്ന കവചങ്ങളാല്‍ ചുറ്റപ്പെട്ട സഹസ്രകവചനെന്ന അസുരനെ ഓരൊരുത്തരായി ക്രമത്തില്‍ ചെയ്യപ്പെട്ട തപസ്സോടും കൂടിയവരായി നരനാരായണന്മാരായ നിങ്ങളിരുവരൂം ഒരു കവചംമാത്രം ശേഷിപ്പുള്ളാനായിട്ട് നിഷ്പ്രയാസം വധിച്ചുകളഞ്ഞു.

അന്വാചരന്നുപദിശന്നപി മോക്ഷധര്‍മ്മം
ത്വം ഭ്രാതൃമാന്‍ ബദരികാശ്രമമധ്യവാത്സീ: |
ശക്രോഥ തേ ശമതപോബലനിസ്സഹാത്മാ
ദിവ്യ‍ാംഗനാപരിവൃതം പ്രജിഘായ മാരം || 4 ||

നിന്തിരുവടി സഹോദരനായ നരനോടുകൂടി മോക്ഷം ലഭിക്കുവാനുള്ള ധര്‍മ്മത്തെ അനുഷ്ഠിച്ചുകൊണ്ടും മറ്റുള്ളവര്‍ക്ക് ഉപദേശിച്ചുകൊണ്ടും ബദരികാശ്രമത്തില്‍ പാര്‍ത്തുവന്നു. അക്കാലത്ത് ദേവേന്ദ്രന്‍ നിന്തിരുവടിയുടെ ഇന്ദ്രിയനിഗ്രഹം, തപഃശക്തി എന്നിവയില്‍ അസൂയയോടുകൂടിയവനായിട്ട് അപ്സരസ്രീകളാ‍ല്‍ ചൂഴപ്പെട്ട കാമദേവനെ പറഞ്ഞയച്ചു.

കാമോ വസന്തമലയാനിലബന്ധുശാലീ
കാന്താകടാക്ഷവിശിഖൈര്‍വ്വികസദ്വിലാസൈ: |
വിധ്യന്മുഹുര്‍മുഹുരകമ്പമുദീക്ഷ്യ ച ത്വ‍ാം
ഭീരുസ്ത്വയാഥ ജഗദേ മൃദുഹാസഭാജാ || 5 ||

വസന്തന്‍, മലയാനിലന്‍ എന്നി ബന്ധുക്കളോടുകൂടിയ കാമദേവ‍ന്‍ വിസ്തരിച്ച വിലാസങ്ങളോടുകൂടി സുരസുന്ദരികളുടെ കടാക്ഷങ്ങളാകുന്ന ബാണങ്ങളെക്കൊണ്ട് വീണ്ടും വീണ്ടും എയ്തിട്ടും, നിന്തിരുവടിയെ യാതൊരിളക്കവുമില്ലാത്തവനായിക്കണ്ടിട്ട് ഭയപ്പെട്ടവനായി അനന്തരം മന്ദഹാസത്തോടുകൂടി നിന്തിരുവടിയാല്‍ അരുളിച്ചെയ്യപ്പെട്ടു.

ഭീത്യാലമംഗജ വസന്ത സുര‍ാംഗനാ വോ
മന്മാനസം ത്വിഹ ജുഷധ്വമിതി ബ്രുവാണ: |
ത്വം വിസ്മയേന പരിത: സ്തുവതാമഥൈഷ‍ാം
പ്രാദര്‍ശയ: സ്വപരിചാരകകാതരാക്ഷീ: || 6 ||

“ഹെ മന്മഥ ! വസന്ത ! അല്ലേ അപ്സരസ്ത്രീകളേ ! നിങ്ങള്‍ക്ക് ഭയം മതി. ഇവിടെ എന്റെ മനസ്സിനെത്തന്നെ അനുവര്‍ത്തിക്കുവി‍ന്‍” എന്നിങ്ങിനെ അരുളിച്ചെയ്തുകൊണ്ട് നിന്തിരുവടി ആശ്ചര്യത്തോടുകൂടി ചുറ്റും നിന്ന് സ്തുതിക്കുന്ന ഇവര്‍ക്ക് ആ സമയം തന്റെ പരിചാരകമാരായ സുന്ദരിമാരെ കാണിച്ചുകൊടുത്തു.

സമ്മോഹനായ മിളിതാ മദനാദയസ്തേ
ത്വദ്ദാസികാപരിമളൈ: കില മോഹമാപു: |
ദത്ത‍ാം ത്വയാ ച ജഗൃഹുസ്ത്രപയൈവ സര്‍വ്വ-
സര്‍വ്വാസിഗര്‍വ്വശമനീം പുനരുര്വശീം ത‍ാം ||7||

നിന്തിരുവടിയെ മോഹിപ്പിക്കുവാനായ് ഒരുമിച്ചുകൂടിയ കാമദേവന്‍ മുതലായവ‍ര്‍ അങ്ങയുടെ ദാസിമാരുടെ അംഗസൗരഭ്യംകൊണ്ട് മോഹിതമായി; അനന്തരം നിന്തിരുവടിയാല്‍ നല്‍ക്കപ്പെട്ടവളും സ്വര്‍ലോകവാസികളായ എല്ലാവരുടേയും ഗര്‍വ്വത്തെ ശമിപ്പിക്കുന്നവളുമായ ആ ഉര്‍വ്വശിയെന്നവളെ ലജ്ജയോടുകൂടിത്തന്നെ അവര്‍ സ്വീകരിക്കുകയും ചെയ്തു.

ദൃഷ്ട്വോര്‍വശീം തവ കഥ‍ാം ച നിശമ്യ ശക്ര:
പര്യാകുലോജനി ഭവന്മഹിമാവമര്‍ശാത് |
ഏവം പ്രശാന്തരമണീയതരാവതാരാ-
ത്ത്വത്തോധികോ വരദ കൃഷ്ണതനുസ്ത്വമേവ || 8 ||

ഉര്‍വ്വശിയെ കണ്ടിട്ടും നിന്തിരുവടിയുടെ വൃത്താന്തത്തെ കേട്ടിട്ടും ദേവേന്ദ്ര‍ന്‍ അങ്ങയുടെ മഹിമയെപ്പറ്റിയുള്ള വിചാരംകൊണ്ട് വ്യാകുലചിത്തനായി ഭവിച്ചു. അല്ലേ സര്‍വ്വാഭീഷ്ടദായക! ഇപ്രകാരം ശാന്തവും മനോമോഹനവുമായ അവതാരത്തോടുകൂടിയ ശ്രീ നാരായണമൂര്‍ത്തിയായ നിന്തിരുവടിയേക്കാ‍ള്‍ മേന്മകൂടിയ കൃഷ്ണമൂര്‍ത്തിയും നിന്തിരുവടിതന്നെ.

ദക്ഷസ്തു ധാതുരതിലാലനയാ രജോന്ധോ
നാത്യാദൃതസ്ത്വയി ച കഷ്ടമശാന്തിരാസീത് |
യേന വ്യരുന്ധ സ ഭവത്തനുമേവ ശര്‍വ്വം
യജ്ഞേ ച വൈരപിശുനേ സ്വസുത‍ാം വ്യമാനീത് || 9 ||

ദക്ഷനാവട്ടെ, ബ്രഹ്മവിന്റെ അധികലാളനകൊണ്ട് രജോഗുണത്താല്‍ വിവേക മില്ലാത്തവനായി, നിന്തിരുവടിയില്‍കൂടി വലിയ ബഹുമാനമില്ലാത്തവനായി അടക്കമില്ലാത്തവനായിത്തീര്‍ന്നു; കഷ്ടംതന്നെ! അക്കാരണത്താല്‍ അദ്ദേഹം അങ്ങയുടെ മൂര്‍ത്ത്യന്തരമായിത്തന്നെയിരിക്കുന്ന പരമശിവനെ ദ്വേഷിച്ചു; വിരോധസൂചകമായ യാഗത്തില്‍ തന്റെ സ്വന്തം മകളായ സതിയെ അവമാനിക്കുകയും ചെയ്തു.

ക്രുദ്ധേശമര്‍മദ്ദിതമഖ: സ തു കൃത്തശീര്‍ഷോ
ദേവപ്രസാദിതഹരാദഥ ലബ്ധജീവ: |
ത്വത്പൂരിതക്രതുവര: പുനരാപ ശാന്തിം
സ ത്വം പ്രശാന്തികര പാഹി മരുത്പുരേശ || 10 ||

ആ ദക്ഷനാകട്ടെ, കോപവിഷ്ടനായ ശിവനാല്‍ നശിപ്പിക്കപ്പെട്ട യാഗത്തോടുകൂടിയവനായി തലയറുക്കപ്പെട്ട്, പിന്നീട് ദേവന്മാരാല്‍ പ്രസാദിപ്പിക്കപ്പെട്ട ശങ്കരനില്‍നിന്ന് ലഭിക്കപ്പെട്ട ജീവനോടുകൂടിയവനായി നിന്തിരുവടിയാ‍ല്‍ പൂര്‍ത്തിയാക്കപ്പെട്ട ശ്രേഷ്ഠമായ യാഗത്തോടുകൂടിയവനായി വീണ്ടും ശാന്തിയെ പ്രാപിച്ചു.  സകല ദുഃഖങ്ങള്‍ക്കും ശാന്തി ചേര്‍ക്കുന്ന ഗുരുവായുപുരേശ ! അപ്രകാരമുള്ള നിന്തിരുവടി എന്നേയും കാത്തരുളേണമേ !

നരനാരായണവര്‍ണ്ണനവും ദക്ഷയാഗവര്‍ണ്ണനവും എന്ന പതിനാറ‍ാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 168
വൃത്തം : വസന്തതിലകം

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.