ഡൗണ്‍ലോഡ്‌ MP3

ഉത്താനപാദനൃപതേര്‍മനുനന്ദനസ്യ
ജായാ ബഭൂവ സുരുചിര്‍നിതരാമഭീഷ്ടാ |
അന്യാ സുനീതിരിതി ഭര്‍ത്തുരനാദൃതാ സാ
ത്വാമേവ നിത്യമഗതി: ശരണം ഗതാഭൂത്  || 1 ||

സ്വായംഭുവമനുവിന്റെ പുത്രനായ ഉത്താനപാദമഹാരാജവിന്നു സുരുചിയെന്ന ഭാര്യ ഏറ്റവും പ്രിയമുള്ളവളായി ഭവിച്ചു. മറ്റെ ഭാര്യ സുനീതി എന്നവള്‍ ; ഭര്‍ത്താവിനാ‍ല്‍ അനാദരിക്കപ്പെട്ട അവള്‍ മറ്റൊരു ഗതിയില്ലാത്തവളായി എല്ലായ്പോഴും നിന്തിരുവടിയെത്തന്നെ ശരണം പ്രാപിച്ച് ഭജിച്ചുവന്നു.

അങ്കേ പിതു: സുരുചിപുത്രകമുത്തമം തം
ദൃഷ്ട്വാ ധ്രുവ: കില സുനീതിസുതോധിരോക്ഷ്യന്‍ |
ആചിക്ഷിപേ കില ശിശു: സുതര‍ാം സുരുച്യാ
ദുസ്സന്ത്യജാ ഖലു ഭവദ്വിമുഖൈരസൂയാ || 2 ||

അച്ഛന്റെ മടിയില്‍ ഉത്തമനെന്ന ആ സുരുചിയുടെ പുത്രനെകണ്ട് സുനീതിയുടെ മകനായ ധ്രുവന്‍ കയറുവാ‍ന്‍ ഭാവിക്കമ്പോഴേക്കും സുരുചിയാ‍ല്‍ ആ ബാല‍ന്‍ ഏറ്റവും അധിക്ഷേപിക്കപ്പെട്ടു; നിന്തിരുവടിയുടെ വിരോധികളായിരിക്കുന്നവരാല്‍ അസൂയ ഉപേക്ഷിക്കപ്പെടുവാന്‍ കഴിയാത്തതു തന്നെയാണല്ലൊ.

ത്വന്മോഹിതേ പിതരി പശ്യതി ദാരവശ്യേ
ദൂരം ദുരുക്തിനിഹത: സ ഗതോ നിജ‍ാംബ‍ാം |
സാപി സ്വമര്‍മ്മഗതിസന്തരണായ പുംസ‍ാം
ത്വത്പാദമേവ ശരണം ശിശവേ ശശംസ || 3 ||

അങ്ങയാ‍ല്‍ മോഹിക്കപ്പെട്ടാവനായി സ്ത്രീവശഗനായിരിക്കുന്ന പിതാവ് നോക്കിക്കൊണ്ടിരിക്കെ വളരെ ഏറെ ചീത്തവചനങ്ങളാല്‍ പ്രഹരിക്കപ്പെട്ട ആ ബാ‌ല‍ന്‍ തന്റെ അമ്മയുടെ അടുക്കലേക്കു ചെന്നു; ആ സുനീതിയാവട്ടെ മനുഷ്യര്‍ക്ക് തങ്ങളുടെ ദുഷ്ക്കര്‍മ്മങ്ങളില്‍നിന്ന് വിമോചനം ലഭിക്കുവാ‍ന്‍ നിന്തിരുവടിയുടെ തൃപ്പാദങ്ങള്‍തന്നെയാണ് ശരണമായിട്ടുള്ളതെന്ന് ആ ബാലന്നു ഉപദേശിച്ചു.

ആകര്‍ണ്യ സോപി ഭവദര്‍ചനനിശ്ചിതാത്മാ
മാനീ നിരേത്യ നഗരാത് കില പഞ്ചവര്‍ഷ: |
സന്ദൃഷ്ടനാരദനിവേദിതമന്ത്രമാര്‍ഗ്ഗ-
സ്ത്വാമാരരാധ തപസാ മധുകാനനാന്തേ || 4 ||

അഞ്ചുവയസ്സുമാത്രം പ്രായമുള്ളവനായിരുന്നുള്ളുവെങ്കിലും അഭിമാനിയായിരുന്ന ആ ബാലന്‍ ആ ഉപദേശത്തെ കേട്ടിട്ട് അങ്ങയെ പുജീക്കുന്നതി‍ല്‍ ഉറച്ച ബുദ്ധിയോടുകൂടിയവനായി തലസ്ഥാനനഗരിയില്‍നിന്ന് പുറത്തു ചെന്ന് യദൃച്ഛയാ കണ്ടെത്തിയ നാരദമഹര്‍ഷിയാ‍ല്‍ ഉപദേശിക്കപ്പെട്ട മന്ത്രമാര്‍ഗ്ഗത്തോടുകൂടിയവനായി മധുവനമെന്ന വനപ്രദേശത്തി‍ല്‍ തപസ്സുകൊണ്ട് നിന്തിരുവടിയെ ആരാധിച്ചു.

താതേ വിഷണ്ണഹൃദയേ നഗരീം ഗതേന
ശ്രീനാരദേന പരിസാന്ത്വിതചിത്തവൃത്തൗ |
ബാലസ്ത്വദര്‍പ്പിതമനാ: ക്രമവര്‍ദ്ധിതേന
നിന്യേ കഠോരതപസാ കില പഞ്ചമാസാന്‍ || 5 ||

വ്യകുലമായ ഹൃദയത്തോടുകൂടിയ പിതാവായ ഉത്താനപാദന്‍ രാജധാനിയില്‍ ചെന്നുചേര്‍ന്ന ശ്രീനാരദമഹര്‍ഷിയാ‍ല്‍ സമാശ്വസിപ്പിക്കപ്പെട്ട മനോവൃത്തി യോടുകൂടിയവനായിരിക്കെ, ആ ബാലന്‍ നിന്തിരുവടിയി‍ല്‍ സമര്‍പ്പിക്കപ്പെട്ട മനസ്സോടു കൂടിയവനായിട്ട് ക്രമേണ വര്‍ദ്ധിപ്പിക്കപ്പെട്ട കഠിനതപസ്സുകൊണ്ട് അഞ്ചുമാസങ്ങ‍ള്‍ കഴിച്ചുകൂട്ടി.

താവത്തപോബലനിരുച്ഛ്-വസിതേ ദിഗന്തേ
ദേവാര്‍ത്ഥിതസ്ത്വമുദയത്കരുണാര്‍ദ്രചേതാ: |
ത്വദ്രൂപചിദ്രസനിലീനമതേ: പുരസ്താ-
ദാവിര്‍ബഭൂവിഥ വിഭോ ഗരുഡാധിരൂഢ: || 6 ||

ആ സമയം ദിങ്മണ്ഡലം മുഴുവന്‍ അവന്റെ തപോബലംകൊണ്ട് നിരുദ്ധപ്രാണമായിത്തിരവേ, പ്രഭോ! ദേവന്മാരാല്‍ പ്രാര്‍ത്ഥിക്കപ്പെട്ടവനായ നിന്തിരുവടി ധ്രുവനിലുണ്ടായ കാരുണ്യത്താല്‍ ആര്‍ദ്രമായ ചിത്തത്തോടുകൂടിയവനായി നിന്തിരുവടിയുടെ ദിവ്യരൂപാമൃതത്തില്‍ മുഴുകിയ ബുദ്ധിയോടുകൂടിയ ആ ബാലന്റെ മുമ്പി‍ല്‍ ഗരുഡാരൂഡനായി പ്രത്യക്ഷീഭവിച്ചു.

ത്വദ്ദര്‍ശനപ്രമദഭാരതരംഗിതം തം
ദൃഗ്ഭ്യ‍ാം നിമഗ്നമിവ രൂപരസായനേ തേ |
തുഷ്ടൂഷമാണമവഗമ്യ കപോലദേശേ
സംസ്പൃഷ്ടവാനസി ദരേണ തഥാദരേണ || 7 ||

നിന്തിരുവടിയുടെ ദര്‍ശനത്താലുണ്ടായ സന്തോഷാധിക്യത്താ‍ല്‍ ക്ഷോഭിച്ച ചിത്തത്തോടുകൂടിയവനും നിന്തിരുവടിയുടെ രൂപാമൃതത്തില്‍ കണ്ണിണകള്‍കൊണ്ട് മുഴുകിയവനെന്നപോലെ ഇരിക്കുന്നവനുമായ ആ ബാലനെ സ്തുതിക്കുവാനാഗ്രഹിക്കുന്നവനായറിഞ്ഞിട്ട് കവിള്‍ത്തടത്തി‍ല്‍ ശംഖുകൊണ്ട് വര്‍ദ്ധിച്ച വാത്സല്യത്തോടെ സ്പര്‍ശിച്ചു.

താവദ്വിബോധവിമലം പ്രണുവന്തമേന-
മാഭാഷഥാസ്ത്വമവഗമ്യ തദീയഭാവം |
രാജ്യം ചിരം സമനുഭൂയ ഭജസ്വ ഭൂയ:
സര്‍വ്വോത്തരം ധ്രുവ പദം വിനിവൃത്തിഹീനം || 8 ||

അപ്പോള്‍ ജ്ഞാനോദയത്താ‍ല്‍ നിര്‍മ്മലനായിത്തീര്‍ന്ന് സ്തുതിച്ചുകൊണ്ടിരിക്കുന്നവനായ അവനോട്, അവന്റെ മനോഭവത്തെ മനസ്സിലാക്കിയിട്ട് നിന്തിരുവടി അരുളിച്ചെയ്തു. “അല്ലേ ധ്രൂവ! വളരെക്കാലം രാജ്യസുഖത്തെ അനുഭവിച്ചിട്ട് പിന്നീടു എല്ലാറ്റിലും മീതെ സ്ഥിതിചെയ്യുന്നതും പുനരാവൃത്തിയില്ലാത്തതുമായ സ്ഥാനത്തെ പ്രാപിച്ചാലും. ”

ഇത്യൂചിഷി ത്വയി ഗതേ നൃപനന്ദനോസാ-
വാനന്ദിതാഖിലജനോ നഗരീമുപേത: |
രേമേ ചിരം ഭവദനുഗ്രഹപൂര്‍ണ്ണകാമ-
സ്താതേ ഗതേ ച വനമാദൃതരാജ്യഭാര: || 9 ||

എന്നിപ്രകാരം അരുളിച്ചെയ്ത് നിന്തിരുവടി അന്തര്‍ധാനംചെയ്തപ്പോ‍ള്‍ ഈ രാജകുമാര‍ന്‍ എല്ലാ ജനങ്ങളേയും ആനന്ദിപ്പിച്ചുകൊണ്ട് നഗരത്തെ പ്രാപിച്ച് അങ്ങയുടെ അനുഗ്രഹംകൊണ്ട് പരിപൂര്‍ണ്ണമായ മനോരഥത്തോടുകൂടിയവനായി, സ്വപിതാവ് വനത്തിലേയ്ക്കു പോയതില്‍പിന്നെ കയ്യേല്‍ക്കപ്പെട്ട രാജ്യഭാരത്തോടുകുടിയവനായി വളരെക്കാലും സുഖമായിക്കഴിച്ചുകൂട്ടി.

യക്ഷേണ ദേവ നിഹതേ പുനരുത്തമേസ്മിന്‍
യക്ഷൈ: സ യുദ്ധനിരതോ വിരതോ മനൂക്ത്യാ |
ശാന്ത്യാ പ്രസന്നഹൃദയാദ്ധനദാദുപേതാ-
ത്ത്വദ്ഭക്തിമേവ സുദൃഢാമവൃണോന്മഹാത്മാ || 10 ||

ഹേ ഭഗവന്‍! പിന്നീടു (സുരുചീപുത്രനായ) ഈ ഉത്തമന്‍ ഒരു യക്ഷനാ‍ല്‍ കൊല്ലപ്പെട്ടപ്പോള്‍ ആ ധ്രു‌വ‍ന്‍ യക്ഷന്മാരോടുകൂടി യുദ്ധംചെയ്പാ‍ന്‍ സന്നദ്ധനായി സ്വയംഭുവമനുവിന്റെ വാക്കിനാല്‍ അതില്‍നിന്നു വിരമിച്ചു.  മഹാമനസ്കനായ അദ്ദേഹം, യക്ഷന്മാരോടുണ്ടായ കോപത്തിന്റെ ശമനത്താല്‍ സന്തുഷ്ടചിത്തനായി (കാണ്മാന്‍) വന്നെത്തിയവനായ കുബേരനില്‍നിന്ന് സുസ്ഥിരമായ നിന്തിരുവടിയുടെനേര്‍ക്കുള്ള ഭക്തിയെത്തന്നെയാണ് വരിച്ചത്.

അന്തേ ഭവത്പുരുഷനീതവിമാനയാതോ
മാത്രാ സമം ധ്രുവപദേ മുദിതോയമാസ്തേ |
ഏവം സ്വഭൃത്യജനപാലനലോലധീസ്ത്വം
വാതാലയാധിപ നിരുന്ധി മമാമയൗഘാ‍ന‌‍ന്‍‍ || 11 ||

ഇദ്ദേഹം അവസാനത്തില്‍ തന്റെ അമ്മയോടുകൂടി അങ്ങയുടെ പാര്‍ഷദന്മാരാ‍ല്‍ കൊണ്ടുവരപ്പെട്ട വിമാനത്തില്‍ചെന്ന് ധ്രുവമണ്ഡലത്തി‍ല്‍ സന്തുഷ്ടനായി സ്ഥിതിചെയ്യുന്നു. ഗുരുവായുപുരേശ്വര! ഇപ്രകാരം തന്നെ സേവിക്കുന്നവരെ കാത്തു രക്ഷിക്കുന്നതില്‍ അനുഭവമുള്ള മനസ്സോടുകൂടിയ നിന്തിരുവടി എന്റെ രോഗസമൂഹങ്ങളെ തടുത്തരുളേണമേ.

ദ്രുവചരിതവര്‍ണ്ണനം എന്ന പതിനേഴ‍ാം ദശകം സമാപ്തം
ആദിതഃ ശ്ലോകാഃ 168
വൃത്തം: വസന്തതിലകം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.