യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 539 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ന വിചേതന്തി കല്പാന്താന്‍സര്‍വണ്യേവ പരസ്പരം
ഏകമന്ദിരസംസുപ്താ: സ്വപ്നേ രണരയാനിവ (6.2/60/20)
വസിഷ്ഠന്‍ തുടര്‍ന്നു: ഒടുവില്‍ ഞാന്‍ ആ ശബ്ദത്തിന്റെ ദിശയിലേയ്ക്ക് എന്റെ ശ്രദ്ധയെ തിരിക്കുകയുണ്ടായി. അവിടെ ഞാന്‍ ഒരപൂര്‍വ്വചൈതന്യമുള്ള മഹിളാരത്നത്തെ കണ്ടു. ആകാശംവരെ പ്രസരിക്കുന്ന തരത്തില്‍ പ്രഭാഭാസുരമായിരുന്നു അവരുടെ രൂപം. സംസ്കാരസമ്പന്നയായ അവര്‍ എന്നെ സമീപിച്ച് മധുരസ്വരത്തില്‍ ഇങ്ങനെ പറഞ്ഞു: മഹര്‍ഷേ അങ്ങ് കാമ ക്രോധ ലോഭാദി ദുഷ് പ്രവണതകളെയെല്ലാം കീഴടക്കിയിരിക്കുന്നു. അങ്ങയുടെ മനസ്സ് പൂര്‍ണ്ണമായും സ്വതന്ത്രവും അനാസക്തവും ആയിരിക്കുന്നു. അതിനാല്‍ അങ്ങയെ എല്ലാ ദിശകളില്‍ നിന്നും ഞാന്‍ നമസ്കരിക്കട്ടെ.
ആ ശബ്ദത്തിന്റെ ഉറവിടം അറിഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ഞാന്‍ മുന്‍പോട്ടുതന്നെ പോകാന്‍ നിശ്ചയിച്ചു. ഈ സ്ത്രീയുടെ അടുക്കല്‍ എനിക്കിനി ഒന്നും ചെയ്യാനില്ല. എന്നാല്‍ അപ്പോള്‍ എനിക്ക് വൈവിദ്ധ്യമാര്‍ന്ന വിശ്വങ്ങള്‍ ദൃശ്യമാവുകയും അതെന്റെ ആകാംക്ഷയെ ഉണര്‍ത്തുകയും ചെയ്തു. കൂടുതല്‍ ചുറ്റി നടന്ന് സൃഷ്ടിജാലവൈവിദ്ധ്യവും വലുപ്പവും കാണാന്‍ എനിക്കാഗ്രഹമായി. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ആ ആഗ്രഹം വെറും ഭ്രമമാണെന്ന് തിരിച്ചറിഞ്ഞ് അതുപേക്ഷിച്ച് അനന്തമായ ബോധത്തില്‍ അഭിരമിച്ചു. ക്ഷണത്തില്‍ നാനാത്വമെന്ന ധാരണതന്നെ എന്നില്‍നിന്നും അപ്രത്യക്ഷമായി. ശുദ്ധബോധമല്ലാതെ യാതൊന്നും അപ്പോള്‍ ഇല്ലായിരുന്നു.
ഇതാണ് സത്യം. ബാക്കിയെല്ലാം സങ്കല്‍പ്പം മാത്രമാകുന്നു. ധാരണകളും, ഭ്രമകല്‍പ്പനകളുമാണവ. ഈ ‘സൃഷ്ടിക്കപ്പെട്ട’ വിശ്വങ്ങള്‍ എല്ലാം അജ്ഞാനത്താല്‍ (അവിദ്യ) ആവൃതമാകയാല്‍ ഒരു വിശ്വത്തിനുള്ളിലെ ജീവജാലങ്ങള്‍ക്ക് മറ്റുള്ള ജീവജാലങ്ങളിലെ ജീവികളെപ്പറ്റി അറിവുണ്ടാവുകയില്ല. അങ്ങനെ ഒരപരാസ്തിത്വത്തെപ്പറ്റി പരസ്പര ധാരണകള്‍പോലും ഉണ്ടാവുകയില്ല.
“ഈ വൈവിദ്ധ്യമാര്‍ന്ന ലോകങ്ങള്‍ മറ്റുള്ളവരുടെ സൃഷ്ടിയെപ്പറ്റി അജ്ഞരായിരിക്കുന്നു. ഒരേ മുറിയില്‍ കിടന്നുറങ്ങുന്ന ആളുകളുടെ സ്വപ്നങ്ങളില്‍ യുദ്ധങ്ങളും അതിന്റെ അലമുറകളും ഉണ്ടാകാമെങ്കിലും അത് പരസ്പരം അറിയുക എന്നത് അസാദ്ധ്യമാണല്ലോ.”
ഞാന്‍ അനേകം ബ്രഹ്മാണ്ഡങ്ങളെയും ആയിരക്കണക്കിന് ബ്രഹ്മാ വിഷ്ണു രുദ്രന്മാരെയും കണ്ടു. ഇവയെല്ലാം ബോധത്തിനുള്ളിലാണ്. ഇവയെല്ലാം ബോധം തന്നെയാണ്. എല്ലാമെല്ലാം ബോധം മാത്രമാണ്. ഇതെല്ലാം ഞാന്‍ ബോധത്തില്‍ കണ്ടറിഞ്ഞു.
രാമാ, നീയെന്തെങ്കിലും നോക്കി ‘അതിതാണ്, ഇങ്ങനെയാണ്’, എന്ന് പറയുമ്പോള്‍ ബോധം യഥാതഥമായി ‘അതായും ഇങ്ങനെയായും’ പ്രഭാസിക്കുന്നു. എങ്കിലും സത്യത്തില്‍ എല്ലാം ബോധം മാത്രമാണ്. അതുമാത്രമേ നിലനില്‍ക്കുന്നുള്ളു. നാമരൂപങ്ങള്‍ ഉണ്മയല്ല.
എല്ലായിടത്തും എല്ലായ്പ്പോഴും നിലനില്‍ക്കുന്നത് ബോധം. അതിനെത്തന്നെയാണ് ലോകം എന്ന് പറയുന്നതും. വസ്തു അല്ലെങ്കില്‍ വിഷയപ്രതീതിയെ നാം ആ വസ്തുവിനെപ്പറ്റിയുള്ള വിജ്ഞാനം എന്ന് പറയുന്നു. എന്നാല്‍ അത് വെറും ഭ്രമമാണ്. അവിദ്യയാണ്.
ഞാന്‍ സത്യം അറിഞ്ഞു. ബോധാകാശത്തിനു മാത്രമേ നിലനില്‍പ്പുള്ളൂ എന്ന് ഞാന്‍ അറിഞ്ഞു. ഭാസുരപ്രഭയാര്‍ന്ന മേധാശക്തിയില്‍ എല്ലാമെല്ലാം അവിച്ഛിന്നമായ ശുദ്ധബോധം മാത്രമാണെന്ന പരമസത്യത്തെ ഞാന്‍ അനുഭവിച്ചറിഞ്ഞു.
നാനാത്വമെന്ന സങ്കല്‍പ്പനിഷ്ഠകാരണം അനേകം വസിഷ്ഠന്‍മാരെയും കാലചക്രങ്ങളെയും രാമന്റെ പ്രാഭവം പ്രകടമാക്കുന്ന യുഗങ്ങളെയും ഞാന്‍ കണ്ടു.
നാനാത്വമെന്ന തോന്നല്‍ ഉള്ളപ്പോള്‍ ഇവയെല്ലാം ഉണ്ട്.എന്നാല്‍ സത്യം സാക്ഷാത്ക്കരിക്കുമ്പോള്‍ എല്ലാമെല്ലാം അനന്തമായ അഭേദ്യമായ ശുദ്ധബോധം മാത്രം. അനന്തത്തില്‍ നാമരൂപങ്ങള്‍ ഇല്ല. ‘ഈ ലോകം’, ‘സുഷ്ടി’ എന്നെല്ലാം വ്യതിരിക്തമാക്കാന്‍ പോന്ന ഒന്നും അതിലില്ല.
ബ്രഹ്മം സ്വയം ബ്രഹ്മമായി നിലകൊള്ളുന്നു.