യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 544 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
വരം വൈധവ്യമാബാല്യാദ്വരം മരണമേവ ച
വരം വ്യാധിരഥാപദ്വാ നാഹൃദ്യപ്രകൃതി: പതി: (6.2/65/3)
അപ്സരസ്സ് ഇങ്ങനെ തുടര്‍ന്നു: കാലമേറെക്കഴിഞ്ഞപ്പോള്‍ എന്റെ നാഥനുമായി എനിക്കുണ്ടായിരുന്ന ആസക്തിയും അടുപ്പവും മാറി അനാസക്തിക്കും നിര്‍മമതയും എന്നില്‍ ഉളവായി. അദ്ദേഹം വയസ്സനായി. അദ്ദേഹത്തിന്റെ താല്‍പ്പര്യം ഏകാന്തതയില്‍ മാത്രമായി. എല്ലാവിധ ഇന്ദ്രിയാനുഭവങ്ങളില്‍ നിന്നും വിടുതല്‍ കിട്ടി നിശ്ശബ്ദനായി മാറി അദ്ദേഹം. ‘എനിക്കീ ജീവിതം കൊണ്ട് എന്താണ് നേട്ടം?’
“സ്വഹൃദയാനുകൂലിയല്ലാത്ത ഭര്ത്താവുള്ളതിനേക്കാള് എനിക്ക് ഹിതകരമായി തോന്നിയത് വൈധവ്യമോ മരണം തന്നെയോ രോഗപീഢയോ, മറ്റു ദുരിതങ്ങളോ ആണ്.” തീര്‍ച്ചയായും ഒരു തരുണിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സൌഭാഗ്യകരമായുള്ളത് താരുണ്യവാനായ ഒരു ഭര്‍ത്താവിനെ കിട്ടുകയെന്നത് തന്നെയാണ്. മധുരസ്വഭാവമുള്ള, ജീവിതം ആസ്വദിക്കുന്ന, അവള്‍ക്ക് ഹിതം ചെയ്യുന്ന, ഒരുവനെയാണ് അവള്‍ക്ക് വേണ്ടത്.
ഭര്‍ത്താവ് ജീവിതത്തെ കൊണ്ടാടുന്നവനല്ലെങ്കില് ഒരു സ്ത്രീയുടെ ജീവിതം ദുരിതമയമാണ്. സാംസ്കാരികമായി വളരാത്ത ബുദ്ധി പലപ്പോഴും വിനാശകാരിയാണ്. ദുഷ്ടന്റെ കയ്യിലെത്തുന്ന ധനം നിര്‍ഭാഗ്യത്തെ ക്ഷണിച്ചുവരുത്തുന്നു. ഒരു വേശ്യാ സംസര്‍ഗ്ഗത്തില്‍ ഒരിക്കല്‍ മാനം പോയ ഒരുവന് കൊടിയ വിപത്തിനായി പിന്നെ മറ്റൊന്നും വേണ്ട.
ഉത്തമസ്ത്രീ തന്റെ ഭര്‍ത്താവിനെ പിന്തുടരുന്നവളാണ്. ഉത്തമര്‍ക്ക് വന്നുചേരുന്ന ധനമാണ് ശരിയായ സമ്പത്ത്. ശരിയായ ബുദ്ധിക്ക് പരിമിതികളില്ല. അത് മധുരവും പവിത്രവും സമതാഭാവത്താല് സമ്പന്നവുമാണ്. ഭാര്യാഭര്ത്താക്കന്മാര് പരസ്പരം സ്നേഹിക്കുന്നവരാണെങ്കില്‍ ശരീരമനക്ലേശങ്ങളോ മറ്റു ദുരിതാനുഭവങ്ങളോ, പ്രകൃതിദുരന്തങ്ങളോ അവരുടെ മനസ്സിനെ അലട്ടുകയില്ല.
ഏതൊരു സ്ത്രീയുടെ ഭര്‍ത്താവ് ദുര്ന്നടത്തക്കാരനാണോ എതൊരുവള്ക്ക് ഭര്ത്താവില്ലയോ, അവള്‍ക്ക് ഭൂമിയിലെ നന്ദനോദ്യാനങ്ങള്പോലും എരിയുന്ന മണല്‍ക്കാടാണ്. ഒരുസ്ത്രീയ്ക്ക് അവളുടെ എന്തെന്തു സമ്പത്തുകള്‍ ഉപേക്ഷിച്ചാലും ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ വയ്യ. മഹര്‍ഷേ, എന്റെ കഷ്ടപ്പാടുകള്‍ അങ്ങ് മനസ്സിലാക്കുന്നുണ്ടല്ലോ. എന്നാല്‍ ഇപ്പോള്‍ ഞാനും ഒരു തരം അനാസക്തി എന്നില്‍ വളര്‍ത്തിയെടുത്തിരിക്കുന്നു.
ഇപ്പോള്‍ എനിക്കൊരാഗ്രഹം മാത്രമേയുള്ളൂ. അങ്ങില്‍ നിന്നും ജ്ഞാനം ഗ്രഹിക്കണം. അങ്ങനെ നിര്‍വാണപദം പൂകണം. ഇഹലോകജീവിതത്തില്‍ ദുരിതമയമായി, കലുഷഹൃദയവുമായി ജീവിക്കുന്നതിനേക്കാള്‍ ഉത്തമം മരണമത്രേ. എന്റെ ഭര്‍ത്താവിനും നിര്‍വാണത്തില്‍ ആശയുണ്ട്. മനസ്സിനാല്‍ മനസ്സിനെ നിയന്ത്രിക്കാന്‍ അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഭഗവന്‍, ഞങ്ങള്‍ക്കുള്ളില്‍ അങ്ങയുടെ വാക്കുകള്‍കൊണ്ട് ആത്മജ്ഞാനത്തിന്റെ ദീപം കൊളുത്തിയാലും. എന്റെ ഭര്‍ത്താവിന് എന്നില്‍ യാതൊരഭിനിവേശവും ഇല്ലാത്തതിനാല്‍ ഞാനും അനാസക്തയായി. യോഗാഭ്യാസംകൊണ്ട് എന്നിലെ മനോപാധികള്‍ ക്ഷീണിതമായതിനാല്‍ എനിക്ക് ആകാശഗമനാദിസിദ്ധികള്‍ സ്വായത്തമാണ്. അത് കൂടാതെ പ്രബുദ്ധരായ മഹാത്മാക്കളെ കണ്ടെത്താന്‍ പാകത്തിന് ഞാന്‍ ധ്യാനാഭ്യാസത്തിലൂടെ മനസ്സിന്റെ എകാഗ്രപ്പെടുത്തിയിട്ടുമുണ്ട്.
അതിനെല്ലാം ഇപ്പോള്‍ ഫലം കണ്ടു. ഞാന്‍ എന്റെ ലോകത്തില്‍ നിന്നും പറന്നുയര്‍ന്നപ്പോള്‍ ലോകാലോകപര്വ്വതത്തില് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പാറക്കല്ല് കണ്ടു. ഇതിനെ കാണാന്‍ ഞങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ആത്മജ്ഞാനത്തിനായി ആഗ്രഹമുണ്ട്. മഹാത്മാവായ അങ്ങ് ഞങ്ങള്‍ക്ക് ആത്മജ്ഞാനത്തിന്റെ വരം നല്‍കണം. മഹാത്മാക്കള്‍ ഉചിതമായ അഭ്യര്‍ത്ഥനകളെ തള്ളുകയില്ല എന്നെനിക്കറിയാം. ഞാന്‍ ഏറെ പ്രബുദ്ധരെ കണ്ടിരിക്കുന്നു. എന്നാല്‍ അങ്ങയെപ്പോലെയുള്ള ആരും എന്റെ ദൃഷ്ടിയില് പെട്ടിട്ടില്ല. ഞാന്‍ അങ്ങയുടെ പാദങ്ങളില്‍ അഭയം തേടുന്നു. എന്നെ ഉപേക്ഷിക്കരുതേ.