യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 545 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ഇഷ്ടവസ്ത്വര്‍ഥിനാം തജ്ജ്ഞസൂപദിഷ്ടേന കര്‍മണാ
പൌന: പുണ്യേന കരണാത്രേതരഝരണം മുനേ (6.2/67/23)
എങ്ങനെയാണ് ഈ പാറയില്‍ ജീവിച്ചുവന്നത് എന്ന് വസിഷ്ഠന് ചോദിച്ചതിന് ഉത്തരമായി അപ്സരസ്സ് ഇങ്ങനെ പറഞ്ഞു: മാമുനേ, പാറയ്ക്കുള്ളില്‍ ഞങ്ങളുടെ ലോകം അങ്ങയുടെ ലോകം പോലെ തന്നെയാണ്. സ്വര്‍ഗ്ഗ നരകങ്ങള്‍, ദേവാസുരന്മാര്, സൂര്യചന്ദ്രാദികള്‍, ആകാശവും നക്ഷത്രങ്ങളും, ചരാചരവസ്തുക്കള്‍, പര്‍വ്വതങ്ങളും സമുദ്രങ്ങളും, അവയിലെ പൊടിപടലങ്ങള്‍ എന്നപോലെ എണ്ണമില്ലാത്ത ജീവജാലങ്ങളും എല്ലാം ഞങ്ങളുടെ ലോകത്തിലും ഉണ്ട്.
വരൂ ഞങ്ങളുടെ ആ പാറയെ അനുഗ്രഹിച്ചാലും. മുനിമാര്‍ക്ക് വിസ്മയകരമായ എല്ലാത്തിലും താല്‍പ്പര്യമുണ്ടല്ലോ. അനന്താകാശത്തില്‍ ഭൂമിയും ഒരു ചെറിയ കല്ലുമാത്രം!
വസിഷ്ഠന് തുടര്‍ന്നു: അവളുടെ കൂടെ ഞാന്‍ ആകാശഗമനം ചെയ്ത് ലോകാലോകത്തിലെത്തി ആ പാറയെ കണ്ടു, ഞാനവിടെ ഒരു വലിയ കല്ലുമാത്രമേ കണ്ടുള്ളൂ. അപസരസ്സു പറഞ്ഞ ലോകം അവിടെയില്ലായിരുന്നു.
ഞാന്‍ ചോദിച്ചു: എവിടെയാണ് നീ പറഞ്ഞ ലോകം? ദേവാസുരന്മാരും, പര്‍വ്വതങ്ങളും സമുദ്രങ്ങളും എവിടെ? നീ ഇത്ര വിശദമായി വിവരിച്ച ലോകദൃശ്യങ്ങള്‍ ഇപ്പോള്‍ എവിടെയാണ്?
അപ്സരസ്സ് പറഞ്ഞു: ഞാന്‍ നേരത്തെ പാറയില്‍ ഉണ്ടെന്നു പറഞ്ഞ ലോകം എന്നുള്ളില്‍ മാത്രമേയുള്ളൂ എന്ന് ഞാനിപ്പോള്‍ അറിയുന്നു. ആ ദൃശ്യത്തിന്റെ ആവര്‍ത്തിച്ചുള്ള വിക്ഷേപം എന്നില്‍ ആ ലോകത്തെ സത്യമായി കണക്കാക്കാന്‍ ഇടയാക്കി. ഞാനത് കണ്ടുകൊണ്ടിരുന്നു, എന്നാലാ ദൃശ്യം ഇപ്പോള്‍ എന്നിലില്ല. അത് പോയി മറഞ്ഞിരിക്കുന്നു. ആ അനുഭവം എന്നെ ഇപ്പോള്‍ തീണ്ടുന്നില്ല.
അങ്ങില്‍ ദ്വന്ദത എപ്പോഴേ ഇല്ലാതായിരിക്കുന്നു, അതുകൊണ്ട് അത്തരം വ്യര്‍ത്ഥദൃശ്യങ്ങള്‍ അങ്ങേയ്ക്ക് അനുഭവിക്കേണ്ടതായില്ല. എന്നില്‍പ്പോലും ദീര്‍ഘകാലമായി ഞാന്‍ കൊണ്ടുനടന്ന ഈ വിഭ്രാന്തി ശരിയായ കാഴ്ചയുടെ വെളിച്ചത്തില്‍ ഇല്ലാതായിരിക്കുന്നു. ഇപ്പോള്‍ ഞാനാ ലോകത്തെ വ്യക്തമായി കാണുന്നില്ല. എന്നിലിപ്പോള്‍ ഉള്ള ഉള്‍ക്കാഴ്ച പഴയ വിഭ്രാന്തിയേക്കാള്‍ പ്രബലമായതുകൊണ്ടാവണം ഇത്.
“മഹര്‍ഷേ, ഇത് നിര്‍വാണപദത്തിലേയ്ക്കുള്ള കേവലം ഒരു പാത മാത്രം. ഒരുവന് ഒരു ഹിതകരലക്ഷ്യത്തിലേയ്ക്ക് സംപൂര്ണ്ണമായും സ്വയം സമര്‍പ്പിച്ച്, അതിന്റെ സാക്ഷാത്ക്കാരത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്, ശരിയായി പരിശ്രമിക്കണം. മാത്രമല്ല നിസ്തന്ദ്രമായി ഉചിതമായ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയും വേണം.”
ശരിയായ അഭ്യാസം അവിദ്യയെ അകറ്റുന്നു. അജ്ഞാനി പ്രബുദ്ധത കൈവരിക്കുന്നു. ശരിയായ പ്രവര്‍ത്തനങ്ങളാല്‍ കയ്പ് നിറഞ്ഞ അനുഭവങ്ങളെപ്പോലും സഹിക്കാനും ആസ്വദിക്കാനും നമൂക്കു സാധിക്കും. വീണ്ടും വീണ്ടും അടുത്തിടപഴകിയാണ് അപരിചിതര്‍ തമ്മില്‍ സൌഹൃദങ്ങള്‍ ഉണ്ടാവുന്നത്. അടുത്തബന്ധുക്കളില്‍ ആരെങ്കിലും ഒരാള്‍ വേര്‍പെടുമ്പോള്‍ ഈ ആവര്‍ത്തിച്ചുള്ള സംഗം ഇല്ലാത്തതാണ് ആ ബന്ധുതയെ അവസാനിപ്പിക്കുന്നത്. സൂക്ഷ്മശരീരം ഭൌതീകദേഹമാവുന്നത് ഇത്തരം ചാര്‍ച്ചയുടെ ഫലമായാണ്.
തുടര്‍ച്ചയായ പരിശ്രമങ്ങളിലൂടെ അസംഭാവ്യമായത് പോലും നടപ്പിലാവുന്നു. ഇത്തരം തുടര്‍ച്ചയായ ശ്രമമാണ് വ്യര്‍ത്ഥമായ ബന്ധുതകളെ ഉണ്ടാക്കുന്നത്. ഇത്തരം ബന്ധങ്ങളെ ഇല്ലാതാക്കാനും ഒരുവന് തന്റെ ജീവിതാവസാനം വരെ തുടര്‍ച്ചയായ ശ്രമം നടത്തണം.
പരിശ്രമത്തിന്റെ ഫലമായി ഒരുവന് തനിക്കിഷ്ടപ്പെട്ട വസ്തുവിനെ തന്റെ അടുത്തെത്തിക്കാം. അത്തരം പരിശ്രമത്തില്‍ തടസ്സങ്ങളൊന്നും അവനു ബാധകമാവുകയില്ല. നിസ്തന്ദ്രമായ, ആത്മാര്‍ഥമായ പരിശ്രമമാണ് അഭ്യാസം. മനുഷ്യന്റെ പുരുഷാര്‍ത്ഥത്തിലെ ഏറ്റവും പ്രധാനമായ കാര്യം അഭ്യാസം തന്നെയാണ്. തുടര്‍ച്ചയായി, ഏകാഗ്രതയോടെ അനുഷ്ഠിക്കുന്ന അഭ്യാസമൊന്നുമാത്രമാണ് സ്വാനുഭവത്തിലൂടെ സാധകനു നേരറിവിനെ പ്രദാനം ചെയ്യുന്നത്. പൂര്‍ണ്ണതയിലെത്താന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല.
ലോകത്തിലെവിടെയും നിര്‍ഭയനായി വാഴാന്‍ ഇത്തരം അഭ്യാസം ഒരുവന്റെ സജ്ജനാക്കും.