യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 547 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

യത്ര പ്രത്യക്ഷമേവാസദന്യത്കിം തത്ര സദ്‌ഭവേത്
ക്വ തത് സത്യം ഭവേദ്വസ്തു യദസിദ്ധേന സാധ്യതേ (6.2/68/36)

വസിഷ്ഠന്‍ തുടര്‍ന്നു: സ്തൂലശരീരം നിലകൊള്ളുന്നത് അതിവാഹികന്‍ എന്ന സൂക്ഷ്മശരീരത്തിലാണ്. അത് മരുമരീചികയിലെ ജലംപോലെയാണുള്ളത്. ഒരു മരക്കഷണത്തെ മനുഷ്യനെന്ന് നിനയ്ക്കുമ്പോലെയാണെങ്കിലും ദേഹത്തെപ്പറ്റിയുള്ള തെറ്റായ ധാരണ നിമിത്തമാണ് ഈ ഭൌതീകദേഹത്തെ ഉണ്മയാണെന്നു ധരിക്കാനിടയാവുന്നത്.

ഇല്ലാത്ത വസ്തുവിനെ ഉണ്മയായി ഉറച്ചു വിശ്വസിപ്പിക്കുകയെന്ന മാസ്മരീകമായ ഭ്രമക്കാഴ്ചയുടെ പ്രാഭവം എത്ര അത്ഭുതകരമാണ്!

സത്യം അറിയാത്തത് കൊണ്ട് മാത്രമാണ് ഈ ഭ്രമം നിലനില്‍ക്കുന്നത്. ജീവജാലങ്ങളുടെ പ്രവര്‍ത്തനങ്ങളും സ്വഭാവഗതിവിഗതികളും നിയന്തിക്കുന്നത് യോഗിവര്യന്മാരുടെ ദര്‍ശനത്താലും ഒരു പരിധിവരെ മനസ്സ് വിവക്ഷിക്കുന്നതനുസരിച്ചുമാണ്. അതിനാല്‍ അവയ്ക്ക് യഥാര്‍ത്ഥ്യഭാവം കൈവരുന്നു. എന്നാല്‍ ഇവയെ സത്യമെന്ന് കരുതി അതിനുപുറകെ പായുന്നവര്‍ മരുപ്പച്ചയിലെ ജലം കുടിച്ചു ദാഹം ശമിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്.

നൈമിഷികമായ സുഖം വാസ്തവത്തില്‍ ദുഖദായിയാണ്. എന്നാല്‍ അനുപാധികമായ, ആദിയന്തങ്ങളില്ലാത്ത ആനന്ദത്തിലാണ് ശരിയായ ആഹ്ളാദം ഉണ്ടാവുക. അനാദിയായ സത്യത്തിനെ നേരിട്ടറിയാന്‍ ആത്മജ്ഞാനമാര്‍ഗ്ഗത്തിലേയ്ക്ക് മനസ്സ് തിരിക്കുക. അത്തരം അനുഭവങ്ങളെ അവഗണിച്ച് മായാജാലത്തിനു പിറകെ പായുന്നവന്‍ മൂഢന്‍ തന്നെ. സൂക്ഷ്മവും പദാര്‍ത്ഥരഹിതവുമായ ദേഹം മാത്രമാണ് സത്യം. എന്നാല്‍ ആ ദേഹത്തിന്റെ ഭൌതീകഭാവരൂപങ്ങളും വസ്തുവിഷയവും വെറും മിഥ്യയാണ്. മായയാണ്. എങ്ങനെയാണ്‌ വെറും ധാരണമാത്രമായി സങ്കല്‍പ്പമാത്ര അസ്തിത്വമുള്ളവയ്ക്ക്, ഒരിക്കലും സൃഷ്ടിക്കപ്പെട്ടില്ലാത്തവയ്ക്ക്, അനുഭവത്തെ പ്രദാനം ചെയ്യാനാവുക?

“സ്പഷ്ടമായും മായക്കാഴ്ച എന്താണെന്ന് തിരിച്ചറിവുണ്ടാവുമ്പോള്‍ മറ്റെന്തിനെയാണ് സത്യമായി സ്വീകരിക്കുക? അങ്ങനെ എന്തിനെയെങ്കിലും സത്യമായി കണ്ടുവെങ്കില്‍ അതിനെ എങ്ങനെ അംഗീകരിക്കാനാവും? കാരണം അയാഥാര്‍ത്ഥ്യമായ ഭാവനയല്ലേ ഈ ‘സത്യ’ത്തെ വെളിവാക്കിയത്?”

പ്രത്യക്ഷമായതും അനുഭവസാക്ഷ്യം ഉള്ളതുമായ കാര്യത്തില്‍ ‘കാര്യമില്ല’ എന്ന് തെളിഞ്ഞാല്‍പ്പിന്നെ അതില്‍ നിന്നുണ്ടാവുന്ന അനുമാനങ്ങളെ എങ്ങനെ നാം മൂല്യവത്തായി കണക്കാക്കും? അതിനാല്‍ നേരനുഭവം, അനുമാനം, ശാസ്ത്രനിരീക്ഷണം, തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ വസ്തുനിഷ്ഠമായ ലോകത്തിന്റെ അസ്തിത്വം സ്ഥാപിച്ചു കഴിഞ്ഞാലും അതിനൊരു മൂല്യവുമില്ല. ശരിയായ അറിവല്ല, അത്. ദ്വന്ദതയും വൈവിദ്ധ്യതയും ഉണ്മയല്ല. അനന്തസാന്ദ്രമായ ബോധം മാത്രമേ സത്യമായുള്ളൂ. സ്വപ്നത്തില്‍ കാണുന്ന വസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളവയല്ല എന്നതുപോലെ നാം ഒരു കല്ലായി കാണുന്നത് വാസ്തവത്തില്‍ യഥാര്‍ത്ഥവസ്തുവല്ല. അതും ശുദ്ധമായ അവബോധം മാത്രമാകുന്നു.

ഈ പര്‍വ്വതം, ആകാശം, ലോകം, ഞാന്‍, എന്നുവേണ്ട, എല്ലാമെല്ലാം ഒരനന്ത-അഭിന്ന- അവിച്ഛിന്നബോധം മാത്രം. പ്രബുദ്ധന് ഇതറിയാം. അജ്ഞാനിക്ക് ഈ അറിവില്ല. ‘ഞാന്‍ പ്രബുദ്ധനല്ല’ എന്ന് ചിന്തിച്ചുറച്ച് അജ്ഞാനി തന്റെ ‘സ്ഥാനം’ നിലനിര്‍ത്തുന്നു.

ആരാണോ അനന്തവും അവിച്ഛിന്നവുമായ ബോധസ്വരൂപഭഗവാനെ സാക്ഷാത്ക്കരിക്കുന്ന അനുഭവത്തെ വേണ്ടെന്നു വയ്ക്കുന്നത്, അവന്‍ തീര്‍ച്ചയായും മൂഢന്‍ തന്നെ. അങ്ങനെയുള്ളവരുമായി നമുക്കെന്ത് ബന്ധമാണുള്ളത്?