യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 548 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
യദയം ത്വം മമാഹം തേ യദിദം കഥനം മിഥ:
തത്തരംഗസ്തരംഗാഗ്രെ രണതീവേതി മേ മതി: (6.2/69/30)
വസിഷ്ഠന്‍ തുടര്‍ന്നു: അതുകഴിഞ്ഞ് ആ ദേവത ആ പാറയ്ക്കുള്ളിലെ ലോകത്തിലേയ്ക്ക് കടന്നുപോയി. ഞാനും അവളുടെ ഒപ്പം ചെന്നു. അവിടെ ആ ലോകത്തിന്റെ സൃഷ്ടാവായ ബ്രഹ്മാവിന്റെ അടുക്കലേയ്ക്കാണ് ഞങ്ങള്‍ പോയത്. ഞങ്ങള്‍ സൃഷ്ടാവിന്‍റെ മുന്നില്‍ ആസനസ്ഥരായി. അവള്‍ എന്നോടു പറഞ്ഞു: മഹര്‍ഷേ, ഇതാണെന്റെ ഭര്‍ത്താവ്. എന്നെ ഭാര്യയായി കിട്ടാനായി അദ്ദേഹം എന്നെ സൃഷ്ടിച്ചു. എങ്കിലും ഈ വിവാഹം സംയോഗപൂര്‍ണ്ണതയില്‍ ഇതുവരെ എത്തിയിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും പ്രായമായി. എന്നില്‍ അനാസക്തിയും വന്നുചേര്‍ന്നു. അദ്ദേഹത്തിന്‍റെ ധ്യാനത്തിന് ഇളക്കം തട്ടിയിട്ടില്ല. ദയവായി ഈ സംസാരത്തിന്റെ മൂലഹേതു എന്താണെന്ന് ഞങ്ങളെ ഉദ്ബോധിപ്പിച്ചാലും. അങ്ങനെ ഞങ്ങള്‍ സംസാരത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മോചിതരാവട്ടെ.”
ഇത്രയും പറഞ്ഞ് അവള്‍ തന്റെ ഭര്‍ത്താവിനെ സാധാരണ ബോധതലത്തിലേയ്ക്ക് ഉണര്‍ത്തിയിട്ട് ‘ഇതാ നോക്കൂ ഒരു മഹര്‍ഷി നമ്മുടെ അടുക്കല്‍ വന്നിരിക്കുന്നു’ എന്നറിയിച്ചു. അദ്ദേഹം നമ്മുടെ അതിഥിയാണ്. ഗൃഹസ്ഥരെന്ന നിലയില്‍ അതിഥിസത്ക്കാരവും പൂജയും നമ്മുടെ ധര്‍മ്മമാണ്.
ആ ലോകത്തിന്റെ ബ്രഹ്മാവായ അദ്ദേഹം കണ്ണ് തുറന്നു. തന്റെ അവയവങ്ങളെപ്പറ്റി ബോധവാനായി. ആ അവയവങ്ങള്‍ സൃഷ്ടിക്കപ്പെട്ട ജീവജാലങ്ങള്‍ തന്നെയായിരുന്നു. അവ ഉണര്‍ന്നത് അദ്ദേഹത്തിന്‍റെ അവബോധത്തിലാണ്. പെട്ടെന്നവിടെ ദേവന്മാരും അസുരന്മാരും മാനവരും എന്നുവേണ്ട നാനാവിധത്തിലുള്ള ജീവജാലങ്ങളും പ്രത്യക്ഷപ്പെട്ടു. ഞാനും അദ്ദേഹത്തിന്‍റെ പത്നിയും മുന്നില്‍ ഇരിക്കുന്നത് അദ്ദേഹം കണ്ടു.
എനിക്ക് സ്വാഗതം പറഞ്ഞുകൊണ്ട് അദ്ദേഹമെന്നെ ഒരു രത്നസിംഹാസനത്തില്‍ ഇരുത്തി. ഞാന്‍ തിരികെ അദ്ദേഹത്തെ അഭിവാദ്യം ചെയ്ത് ഇരിപ്പിടം സ്വീകരിച്ചു. ഗന്ധര്‍വ്വന്മാര്‍ ഗീതങ്ങളും മന്ത്രങ്ങളും ആലപിച്ചു. പരസ്പരം ആദരവര്‍പ്പിച്ചു ഞങ്ങള്‍ സന്തുഷ്ടചിത്തരായി ഇരുന്നു.
ആ ‘ബ്രഹ്മാ’വിനോട് ഞാന്‍ ചോദിച്ചു: ഭഗവന്‍, എന്നെ ഇങ്ങു കൊണ്ടുവന്നത് ഈ ദേവതയാണ്. നിങ്ങള്‍ ദമ്പതികള്‍ക്ക് ഉപദേശം നല്‍കാനാണ് അവര്‍ എന്നോടാവശ്യപ്പെട്ടത്. രണ്ടാള്‍ക്കും പ്രബുദ്ധതയില്‍ എത്തിച്ചേരാനുള്ള ഉപദേശം എന്നോടാവശ്യപ്പെട്ടതില്‍ അനൌചിത്യം ഉണ്ടോ? അങ്ങ് സ്വയം എല്ലാ ജീവജാലങ്ങള്‍ക്കും നാഥനാണല്ലോ, ഏറ്റവും ഉയര്‍ന്ന വിജ്ഞാനം അങ്ങില്‍ നിറഞ്ഞിരിക്കുന്നു എന്നെനിക്കറിയാം. അങ്ങയുടെ സഹധര്‍മ്മിണിക്കാണെങ്കിലും ആശകളില്ല. അങ്ങെന്താണ് സഹധര്‍മ്മിണിയായി ഒരുവളെ സൃഷ്ടിച്ചതിന് ശേഷം, അതൊരു വസ്തുതയാണെങ്കില്‍, അവളെ എന്തിനാണ് അവഗണിക്കുന്നത്?
ആ ബ്രഹ്മാവ് പറഞ്ഞു: മഹര്‍ഷേ, കേട്ടാലും എന്താണ് സംഭവിച്ചതെന്ന് ഞാന്‍ പറയാം. ബോധം എന്നത് ഒന്നുമാത്രം. പരമപ്രശാന്തമാണത്. ആ നിശ്ചലബ്രഹ്മത്തില്‍ ചെറിയൊരു പ്രകമ്പനം അല്ലെങ്കില്‍ ഓളം ഉണ്ടായി. അതാണ് ഞാന്‍. ശുദ്ധമായ ആകാശത്തിന്റെ കാതല്‍ ഞാനാണ്. യാതൊരു പൂര്‍വ്വഹേതുക്കളും കൂടാതെ ഉരുത്തിരിഞ്ഞതായത് കൊണ്ട് എന്നെ സ്വയംഭൂ എന്ന് വിളിക്കുന്നു. വാസ്തവത്തില്‍ ഞാന്‍ ഒന്നും സൃഷ്ടിച്ചിട്ടേയില്ല. ഞാനൊന്നും കാണുന്നുമില്ല.
“ഇവിടെ അങ്ങായും ഞാനായും കാണപ്പെടുന്നതും നാം തമ്മില്‍ സംവദിക്കുന്നതും എല്ലാം സമുദ്രോപരി തിരമാലകള്‍ ഉയര്‍ന്നു താഴ്‌ന്നു പരസ്പരം കൂട്ടിമുട്ടി ശബ്ദങ്ങള്‍ ഉണ്ടാവുന്നതുപോലെ മാത്രമേയുള്ളു.”
നാം കടലിലെ തിരകള്‍പോലെയാണ്. അനന്തമായ ബോധസമുദ്രത്തില്‍ നിന്നും ഭിന്നങ്ങളല്ല ഈ അലകള്‍. നാം ആ ബോധത്തില്‍ ആകസ്മികമായി ഉദ്ഭൂതമാവുന്ന ഭാവനകളാണ്.
ഇവിടെയുള്ള മഹിള ആ ബോധത്തില്‍ നിന്നും വ്യതിരിക്തമെന്ന മട്ടില്‍ കാണപ്പെടുന്നുവെങ്കിലും അവരെ ഒരിക്കലും സൃഷ്ടിച്ചിട്ടില്ല. അവര്‍ ഒരിക്കലും ഉണ്ടായിട്ടില്ല. അവര്‍ ഒരു ഭാവന മാത്രം. ഒരു ധാരണാസങ്കല്‍പ്പം!, ചിന്ത, മനോപാധി എന്നെല്ലാം ഇതിനെ വിളിക്കാം
എന്റെയുള്ളിലെ അഹംഭാവലേശമാണ് ഈ ദേഹത്തെ ഉണ്ടാക്കിയത്. എന്നാല്‍ അവര്‍ അഹംഭാവത്തിന്റെ അധിദേവതയാണ്. അതിനാല്‍ അവര്‍ എന്റെ ഭാര്യയല്ല, ഞാന്‍ അവളെ ഒരിക്കലും സൃഷ്ടിച്ചിട്ടുമില്ല.