യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 551 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
യദാ വിക്ഷുഭിതാത്മാസീത്തദാ നിയതിലംഘനാത്
സമുത്സാര്യാര്യമര്യാദാമര്‍ണവാ വിവൃതാര്‍ണസ: (6.2/71/27)
വസിഷ്ഠന്‍ തുടര്‍ന്നു: ഭൂമിതത്വം (ഘടകം) ഒരിക്കല്‍ അങ്ങനെ അനന്തതയില്‍ വിലയനം ചെയ്ത് അതിന്റെ പരിമിതികളെ അതിലംഘിച്ചു. പിന്നീട് ജലതത്വത്തിന്റെ ഊഴമായിരുന്നു. ജലം ചടുലമായി ഇളകിമറിഞ്ഞപ്പോള്‍ സമുദ്രം അതിന്റെ അതിരുകള്‍ വകവെയ്ക്കാതെ നാലുപാടും കരകവിഞ്ഞൊഴുകി.” ഭീകരാരവത്തോടെ അലകള്‍ ആഞ്ഞടിച്ച് കാടുകളെപ്പോലും നശിപ്പിക്കാന്‍ തുടങ്ങി. ഈ ഭീമാകാരമായ അലകള്‍ ആകാശത്തിലെ മേഘങ്ങളുമായി ചേര്‍ന്ന് ഒരു ജലധിയായി, പര്‍വ്വതങ്ങള്‍ അതില്‍ മുങ്ങിപ്പോയി.
ജലജീവികള്‍ പരിഭ്രാന്തരായി ദുരന്തത്തില്‍ നിന്നും അഭയം തേടി അങ്ങുമിങ്ങും ഓടി. മലകളെ തിരമാലകള്‍ തകര്‍ത്തപ്പോള്‍ ഗുഹകളില്‍ നിന്നും സിംഹങ്ങള്‍ പുറത്തു ചാടി മറ്റുമൃഗങ്ങളെ ആക്രമിച്ചു, അവസാനം അവയും മരണത്തിനു കീഴടങ്ങി. ഇതിന്റെ കോലാഹലം അങ്ങുയരെ സൂര്യമണ്ഡലംവരെ ബാധിച്ചു. സമുദ്രം ദേവലോകങ്ങള്‍ വരെ എത്തിയെന്ന് തോന്നുന്നു. തിരമാലകളുടെ ഊക്കില്‍പ്പെട്ട് മലകളും കാടുകളും തകര്‍ന്ന്‍ ആകാശംമുട്ടെ കാടുപോലെ നിറഞ്ഞുകൂമ്പാരമായിരിക്കുന്നു. മഹാമേരുക്കള്‍ പൊടിപടലമായി ജലത്തില്‍ അലിഞ്ഞില്ലാതായി.
ഒരു സമയത്ത് പര്‍വ്വതങ്ങള്‍ പല്ലിളിച്ചുകാണിക്കുകയാണോ എന്ന് സംശയം തോന്നുമാറ് വിലപിടിച്ച കല്ലുകളും രത്നങ്ങളും മലഞ്ചെരുവുകളില്‍ കാണായി. ഇതെല്ലാം ബഹിരാകാശത്തെ വസ്തുക്കളെപ്പോലും ബാധിച്ചിരിക്കുന്നു. അവയില്‍ ചില പര്‍വ്വതങ്ങള്‍ വന്നു പതിച്ച ഭയാനകമായ ശബ്ദം ആകാശം മുഴങ്ങിക്കേട്ടു. വിശ്വത്തെ നശിപ്പിക്കാന്‍ പോന്ന അഗ്നിയും തിരമാലകളുടെ വരവില്‍ ഭയചകിതമായി അണഞ്ഞു.
ഇതിനിടയില്‍ ഭൂമിയിലെ ആനകളും സമുദ്രത്തിലെ ആനകളും തമ്മില്‍ സംഗരമുണ്ടായി. ഭൂമിയിലെ വൈവിദ്ധ്യമാര്‍ന്ന പലപല സാധനങ്ങളും ഒരേയൊരു സമുദ്രത്തില്‍ മുങ്ങി ആകെയോരഭൌമപ്രഭ കാണപ്പെട്ടു. ആകാശംപോലും തകര്‍ന്നു വീണു വിശ്വപ്രളയത്തില്‍ മുങ്ങി. ആകാശത്തെ അലങ്കരിച്ച നക്ഷത്രാദികള്‍ അടക്കം എല്ലാം പ്രളയത്തിലായി.
അഗ്നിനാളങ്ങള്‍ എല്ലാ ദിശകളിലേയ്ക്കും പടര്‍ന്നുപിടിച്ച് ആകാശംവരെയുള്ള എല്ലാറ്റിനേയും ഇല്ലാതെയാക്കി. ബ്രഹ്മാവ് തന്റെ ലോകസാക്ഷാത്ക്കാരം പിന്‍വലിച്ചതിനാല്‍ അസുരന്മാര്‍ അവര്‍ക്ക് തോന്നിയതുപോലെ അഴിഞ്ഞാടാന്‍ തുടങ്ങി. ഇന്ദ്രാദികളായ ദേവന്മാരെ അസുരന്മാര്‍ തോല്‍പ്പിച്ചു. എല്ലായിടത്തും പ്രക്ഷോഭാവസ്ഥ സംജാതമായി. പരമശിവന്‍ മുതലായ ത്രിമൂര്‍ത്തികളുടെ ധാമങ്ങള്‍ക്ക് പോലും ഇളക്കം തട്ടി. നക്ഷത്രങ്ങളും ഗ്രഹങ്ങളും തമ്മില്‍ കൂട്ടിമുട്ടി. വിശ്വത്തിന്റെ അവസാനമായി.
രാജാക്കന്മാര്‍ അവരുടെ ഊക്ക് കാണിച്ചു ‘കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍’ എന്ന മട്ടിലായി. എല്ലാടവും അധര്‍മ്മത്തിന്റെ വിളയാട്ടമായി. നേതൃനിരയിലുള്ളവര്‍ മദ്യത്തിനടിമയായി. ധര്‍മിഷ്ടരും ജ്ഞാനികളും അധര്‍മ്മികളാല്‍ പീഡിപ്പിക്കപ്പെട്ടു. ആളുകള്‍ തങ്ങള്‍ക്ക് സ്വാഭാവികമായും സഹജമായ ധര്‍മ്മനുഷ്ഠാനങ്ങള്‍ക്ക് പകരം പരധര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ തുടങ്ങി. ജ്ഞാനികള്‍ ആക്രമിക്കപ്പെട്ടു. ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. മഹാത്മാക്കള്‍ പോലും മടികൊണ്ട് പൂജാക്രമങ്ങളും യാഗങ്ങളും ‘ഉപായത്തില്‍’ക്കഴിച്ചു.
ആകാശത്തുനിന്നും അഗ്നിമഴപെയ്ത് നഗരങ്ങള്‍ എരിഞ്ഞുകത്തി. ഋതുക്കള്‍ ക്രമം തെറ്റാന്‍ തുടങ്ങി. ബ്രഹ്മാവ് അനന്താവബോധത്തില്‍ വിലീനനായതോടെ പഞ്ചഭൂതങ്ങളിലെ ഭൂമി ഘടകം നാശോന്മുഖമായി.