യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 555 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ജഗദ്‌ബ്രഹ്മാ വിരാട് ചേത്തി ശബ്ദാ: പര്യായവാചകാ:
സങ്കല്‍പമാത്രമേവൈതേ ശുദ്ധചിദ്വ്യോമ രൂപിണ: (6.2/74/25)

വസിഷ്ഠന്‍ തുടര്‍ന്നു: വിരാട്പുരുഷന് രണ്ടു ദേഹങ്ങളുണ്ട്. ആദിയന്തങ്ങളില്ലാത്തെ ശുദ്ധബോധമാണ് മുകളില്‍. താഴെയീ വിശ്വവുമാണ്. അതിനാല്‍ അദ്ദേഹത്തിന് ഈ ലോകത്തെ ഒരണ്ഡത്തെയെന്നപോലെ പുറത്തു നിന്ന് പൂര്‍ണ്ണമായിക്കാണാം. അദ്ദേഹമാ അണ്ഡത്തെ രണ്ടാക്കി പകുത്തു. മുകളിലെ പകുതിയെ ആകാശമെന്നും താഴത്തെ പകുതിയെ ഭൂമിയെന്നും പേരിട്ടു വിളിച്ചു.

മുകളിലെ പാതി വിരാട്ടിന്റെ ശിരസ്സായി. താഴത്തെ പാതി പാദമായി. മധ്യഭാഗം പുറവും ജഘനവുമായി. വിസ്താരവും ദൂരവും നിമിത്തം അതിന്റെ മുകള്‍ഭാഗം നീലനിറത്തില്‍ ശൂന്യാകാശമായി. വിഹായസ് വിരാട്ടിന്റെ വായും അതിലെ നക്ഷത്രങ്ങള്‍ വായിലെ രക്തബിന്ദുക്കളുമാകുന്നു. ദേവാസുരമനുഷ്യാദികള്‍ വിരട്ടിന്റെ ദേഹത്തിലെ വായുകണങ്ങളാകുന്നു. ദേഹത്തിലെ സൂക്ഷ്മാണുക്കളും രോഗാണുക്കളും ഭൂതപിശാചുക്കളാകുന്നു. ശരീരത്തിലെ ദ്വാരങ്ങള്‍ മറ്റുലോകങ്ങളാകുന്നു.

വിരാട്ടിന്റെ അരക്കെട്ട് സമുദ്രങ്ങള്‍. നാഡികള്‍ നദികള്‍. ജംബുദ്വീപമെന്ന ഭൂഖണ്ഡം ഹൃദയം. മലകള്‍ കരളും പിത്തഗ്രന്ഥിയും. മേഘങ്ങള്‍ മാംസപേശികള്‍. കണ്ണുകളാവുന്നത് സൂര്യചന്ദ്രന്മാര്‍. ബ്രഹ്മലോകം മുഖം. സോമരസമാണ് ഊര്‍ജ്ജം.

മഞ്ഞുനിറഞ്ഞ മലകള്‍ വിരാട്ടിന്റെ കഫം. കാട്ടുതീയാണ് ജഢരാഗ്നി. കാറ്റാണു പ്രാണാപാനന്മാര്‍. മരങ്ങളും സര്‍പ്പങ്ങളും വിരാട്ടിന്റെ മുടിക്കൂട്ടം. സ്വയം വിശ്വമനസ്സാകയാല്‍ വിരാട്ടിനു വേറെയൊരു മനസ്സില്ല.

അനന്താത്മാവ് സ്വയം അനുഭവമായി, ശുദ്ധബോധസ്വരൂപമായി നിലകൊള്ളുകയാല്‍ അതില്‍ നിന്നും വേറിട്ടൊരനുഭവവും ഇല്ല.

അതുപോലെ എല്ലാ ഇന്ദ്രിയങ്ങളുടെയും അനുഭവം സ്വയമാര്‍ജ്ജിക്കുന്നതിനാല്‍ വിരാട്ടിനു വേറിട്ട്‌ ഇന്ദ്രിയങ്ങള്‍ ഇല്ല. ഈ ഇന്ദ്രിയങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ വെറും ഭാവനയില്‍ മാത്രമേയുള്ളൂ. മനസ്സിനോട് ഇന്ദ്രിയങ്ങള്‍ ചേര്‍ന്നിരിക്കുന്നത് ദേഹത്തോട് അവയവങ്ങള്‍ ചേര്‍ന്നിരിക്കുന്നതു പോലെയാണെന്ന് പറയുന്നത് ശരിയല്ല. കാരണം ദേഹവും അതിലെ അവയവങ്ങളും ഒരൊറ്റ സംഘാതമാണ്‌. അവയവങ്ങള്‍ ഇല്ലെങ്കില്‍ ദേഹമില്ലല്ലോ.

എന്തെല്ലാം കര്‍മ്മങ്ങള്‍ സമാരംഭിക്കുന്നുണ്ടോ അവയെല്ലാം വിരാട്ടില്‍ തുടങ്ങുന്നു. വിരാട്ടിന്റെ പ്രഭാവത്താല്‍ ലോകം സത്യമായി തോന്നുന്നു. വിരാട്ട് നിലയ്ക്കുമ്പോള്‍ ലോകവും നിലയ്ക്കുന്നു. “ലോകം (സൃഷ്ടി), ബ്രഹ്മാവ്‌ (സൃഷ്ടികര്‍ത്താവ്), വിരാട്ട് (വിശ്വപുരുഷന്‍) എന്നെല്ലാമുള്ള വാക്കുകള്‍ ഭാഗ്യന്തരേണ പറയുന്നതാണ്. ഇവയെല്ലാം ശുദ്ധാവബോധത്തില്‍ ഉയര്‍ന്നുവന്ന ധാരണകള്‍ മാത്രമാകുന്നു.”

രാമന്‍ ചോദിച്ചു: ഈ വിശ്വപുരുഷന്‍ വെറും ഭാവന മാത്രമാകുമ്പോള്‍ അദ്ദേഹം എങ്ങനെയാണ് ആ ശരീരത്തില്‍ നിലകൊള്ളുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ധ്യാനാവസ്ഥയില്‍ ഇരിക്കുമ്പോള്‍ എങ്ങനെയാണോ നീ നിന്റെ ഹൃദയത്തില്‍ നിവസിക്കുന്നത് അതുപോലെയാണ് വിശ്വപുരുഷന്റെ കാര്യവും. ഒരു കണ്ണാടിയിലെ പ്രതിബിംബമെന്നപോലെ എല്ലാ ദേഹങ്ങളിലും ജീവന്‍ പ്രതിഫലിക്കുന്നു. അതുപോലെ വിശ്വപുരുഷന്‍ വിശ്വമെന്ന സ്വന്തം ദേഹത്തില്‍ കുടികൊള്ളുന്നു.

വിരാട്ടിന് അവയവങ്ങള്‍ ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിലും അതില്‍ യാതൊരുവിധ വിഭിന്നതകളുമില്ല. ഒരു പാറയെന്നപോലെ പൂര്‍ണ്ണമായി, അവിച്ഛിന്നമായി, അനന്തമായി, ബോധമായി അത് നിലകൊള്ളുന്നു.