യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 560 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

കാകുത്സ്ഥ രുദ്രനാമാ സാവഹങ്കാരതയോത്ഥിത:
വിഷമൈകാഭിമാനാത്മാ മൂര്‍ത്തിരസ്യാമലം നഭ: (6.2/80/19)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങനെ എല്ലാ ദേവതമാരും പന്ത്രണ്ടു സൂര്യന്മാരും ബ്രഹ്മാവുമായി വിലയിക്കെ, ഈ സൂര്യന്മാര്‍ വിരിഞ്ചന്റെ ലോകത്തെപ്പോലും എരിക്കാന്‍ തുടങ്ങി. ഭൂമിയെ അവര്‍ നേരത്തെതന്നെ ചാരമാക്കിയിരുന്നല്ലോ. സൃഷ്ടാവിന്റെ ലോകം ചുട്ടെരിച്ചുകഴിഞ്ഞ് അവരും ബ്രഹ്മാവിനെപ്പോലെ ധ്യാനത്തിലാണ്ട് എണ്ണയില്ലാതെ കത്തുന്ന ദീപനാളമെന്നപോലെ നിര്‍വാണപദം പൂകി.

കട്ടിപിടിച്ച ഇരുട്ട് എല്ലാടവും നിറഞ്ഞു. അപ്പോള്‍ ഞാനൊരു ഭീകരരൂപം കാണുകയുണ്ടായി. ഇരുട്ട് മൂര്‍ത്തീകരിച്ചതുപോലെയൊരു സത്വം! പ്രളയനാശങ്ങള്‍ ചേര്‍ന്ന് ഉരുവായ ഒരുഗ്രരൂപം. എന്നാല്‍ അതിനൊരു സ്വയംപ്രഭയുണ്ടായിരുന്നു. അഞ്ചു മുഖങ്ങള്‍, പത്തു കയ്യുകള്‍, മൂന്നു കണ്ണുകള്‍! കയ്യില്‍ ത്രിശൂലം! അതിന് കാര്‍മേഘത്തിന്റെ നിറമായിരുന്നു. വിശ്വസമുദ്രം മൂര്‍ത്തീകരിച്ചതുപോലെ വിശ്വസമുദ്രത്തില്‍ നിന്നും ഉയിര്‍ത്തുവന്ന അതിന് ചിറകുവച്ച പര്‍വ്വതത്തിന്റെ ഭാവം. തൃക്കണ്ണും ത്രിശൂലവും കണ്ട് ‘ഇത് രുദ്രന്‍ തന്നെ’ എന്ന് ഞാന്‍ വിചാരിച്ചു. ദൂരെനിന്നതിനെ നമസ്കരിച്ചു.

രാമന്‍ ചോദിച്ചു: ആരാണീ രുദ്രന്‍? എന്താണീ അഞ്ചു മുഖങ്ങളും പത്തു കയ്യുകളും മറ്റും ?

വസിഷ്ഠന്‍ തുടര്‍ന്നു: “രാമാ, അത് രുദ്രനാണ്. അഹംഭാവമാണത്. സമസംതുലിതാവസ്ഥയെ തകിടം മറിക്കുന്നതില്‍ വ്യാപൃതനാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ രൂപം ശുദ്ധബോധത്തിന്റെ, അല്ലെങ്കില്‍ ആകാശത്തിന്റേതാണ്.” ആകാശത്തിന്റെ നിറമാണ്. ശുദ്ധമാകയാല്‍ ആകാശം പോലെ ഛേദിക്കാന്‍ കഴിയാത്ത ഒന്നാണത്. ‘ആകാശാത്മാ; എന്ന് അതിന് പേരുണ്ട്. എല്ലാവരിലെയും ആത്മഭാവമാകയാല്‍ സര്‍വ്വവ്യാപിയാണത്. പരമാത്മാവ്‌, പരംപൊരുള്‍ എന്നൊക്കെയും അതറിയപ്പെടുന്നു.

അഞ്ചുമുഖങ്ങള്‍ ജ്ഞാനേന്ദ്രിയങ്ങളാകുന്നു. അഞ്ചുകര്‍മ്മേന്ദ്രിയങ്ങളും കര്‍മ്മക്ഷേത്രങ്ങളും പത്ത് കൈകള്‍. അനന്തബോധം സ്വയം തിരിച്ചറിയുമ്പോള്‍ മാത്രമേ ഈ മൂര്‍ത്തീകരണം ഉണ്ടാവുന്നുള്ളു. എന്നാല്‍ ഈ രുദ്രരൂപം പോലും അനന്തതയുടെ കേവലം ചെറിയൊരു ഭാഗം മാത്രമാകുന്നു. അനന്തതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ രുദ്രനും മിഥ്യ.

ഈ രൂപം വെറുമൊരു ഭ്രമകല്‍പ്പന മാത്രം. ചിദാകാശം വികസ്വരമാവുമ്പോള്‍ അദ്ദേഹം ഉണ്ടാവുന്നു. ആകാശത്തു വായുവായും ജീവികളില്‍ പ്രാണനായും അത് പ്രകടമാവുന്നു. കാലക്രമത്തില്‍ എല്ലാ ചലനങ്ങളും അവസാനിച്ച് രുദ്രനും സമതയിലെത്തുന്നു.

സത്വ-രാജസ്-തമസ് എന്നീ ത്രഗുണങ്ങളും, ഭൂത-വര്‍ത്തമാന-ഭാവി എന്നീ ത്രികാലങ്ങളും, ചിത്ത-ബുദ്ധി-അഹങ്കാരാദി മൂന്ന് അന്തരേന്ദ്രിയങ്ങളും, ഓങ്കാരത്തിന്റെ മൂന്നു മാത്രകളും, മൂന്നു വേദങ്ങളും രുദ്രന്റെ മൂന്നു കണ്ണുകളാണ്. ത്രിശൂലം നമ്മെ കാണിക്കുന്നത് മൂന്നുലോകങ്ങളും രുദ്രന്റെ കൈയ്ക്കുള്ളില്‍ നിലകൊള്ളുന്നു എന്നാണ്.

പൂര്‍ണ്ണ സത്വത്തിന്റെ തലത്തില്‍ വിരാജിച്ച് എല്ലാവര്‍ക്കും നന്മയെ പ്രദാനം ചെയ്യാന്‍ അവതരിച്ചവനാകയാല്‍ ‘ശിവന്‍’ എന്നും അദ്ദേഹത്തെ വിളിക്കുന്നു. പിന്നീട് അദ്ദേഹം പൂര്‍ണ്ണപ്രശാന്തിയിലെത്തുമ്പോള്‍ ‘കൃഷ്ണന്‍’ എന്നറിയപ്പെടുന്നു. ഭാവനയായി വിശ്വത്തെ സൃഷ്ടിക്കുന്നതും വിശ്വസമുദ്രത്തെ കോരിക്കുടിക്കുന്നതും പൂര്‍ണ്ണപ്രബുദ്ധപ്രശാന്തിയില്‍ വിലയിക്കുന്നതും ഇതേ സത്വമാണ്.