യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 562 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

കാളരാത്രിരിയം സേതി മയാനുമിതദേഹികാ
കാളീ ഭഗവതീ സേയമിതി നിര്‍ണിതസജ്ജനാ (6.2/81/24)

വസിഷ്ഠന്‍ തുടര്‍ന്നു: പിന്നീട് ഞാന്‍ കണ്ടത് ആ രുദ്രന്‍ ആകാശത്ത് ലഹരിപിടിച്ചവനെപ്പോലെ നടനം ചെയ്യുന്നതാണ്. വിശ്വപ്രളയജലം മൂര്‍ത്തീകരിച്ച് ഒരു നര്‍ത്തകന്റെ രൂപം ഉരുവായതുപോലെയുള്ള അത്ഭുതകരമായ കാഴ്ച! രുദ്രന്റെ നടനം കണ്ടിരിക്കേ ഞാന്‍ അദ്ദേഹത്തിന്‍റെ പുറകില്‍ ഒരു നിഴല്‍ കണ്ടു. സൂര്യനില്ലാതെ എങ്ങനെ നിഴലുണ്ടാകാന്‍ എന്ന് ഞാന്‍ അത്ഭുതപ്പെട്ടിരിക്കേ ആ നിഴല്‍ രുദ്രന്റെ മുന്നിലേയ്ക്ക് വന്നു നൃത്തം ചെയ്യാന്‍ തുടങ്ങി.

അവള്‍ക്ക് മൂന്നു കണ്ണുകള്‍ ഉണ്ടായിരുന്നു. കൊലുന്നനെയെങ്കിലും കാളിമയാര്‍ന്ന ഭീമാകാരം! അവളുടെ വദനത്തില്‍ നിന്നും തീ വര്‍ഷിച്ചുകൊണ്ടിരുന്നു. കാളരാത്രിയെന്നോ സ്ത്രീഭാവം പൂണ്ട അനന്താകാശമെന്നോ തോന്നിക്കുന്ന ഒരു സത്വം! ആകാശം പരക്കെ അവളുടെ കൈകള്‍ നീണ്ടു. നീണ്ടു ചടച്ച രൂപമായതിനാല്‍ അവളുടെ ഞരമ്പുകള്‍ ദൃശ്യമായിരുന്നു. നല്ല ഉയരം. ഞരമ്പുകളാകുന്ന കയറുകൊണ്ട് അവള്‍ വീണുപോകാതെ ആരോ കെട്ടിവരിഞ്ഞു മുറുക്കിയതുപോലെ തോന്നിക്കുന്നു.

സൂര്യന്മാരുടെയും ദേവാസുരന്‍മാരുടെയും തലകള്‍ കൊരുത്ത മാലയാണവളുടെ ആഭരണം. നാഗങ്ങളാണ് അവളുടെ കര്‍ണ്ണാഭരണങ്ങള്‍. അവള്‍ക്കിപ്പോള്‍ ഉള്ളത് ഒരു കയ്യാണ്! പെട്ടെന്ന്‍ അവള്‍ക്ക് അനേകം കൈകള്‍ ഉണ്ടായി. ഇപ്പോളിതാ അവളുടെ കൈകള്‍ എല്ലാം ആ നടനവേദിയില്‍ ആരോ തൂക്കിയെറിഞ്ഞിരിക്കുന്നു. അവള്‍ക്ക് ഒരു വായുണ്ടായിരുന്നു. പെട്ടെന്ന് അവള്‍ക്ക് അനേകം വക്ത്രങ്ങള്‍ ഉണ്ടായി. ക്ഷണത്തില്‍ അവള്‍ക്ക് വായില്ലാതെയായി.

അവള്‍ക്ക് ഒരു കാലുണ്ടായിരുന്നു. പെട്ടെന്ന് അവള്‍ക്ക് കാലുകള്‍ അനേകം ഉണ്ടായി. എന്നാല്‍ ക്ഷണത്തില്‍ അവള്‍ക്ക് കാലുകള്‍ ഒന്നും ഇല്ലാതെയായി.

“ഈ കാഴ്ചകളില്‍ നിന്നും അവള്‍ കാളരാത്രിയാണെന്ന് ഞാന്‍ മനസ്സിലാക്കി. മഹാത്മാക്കള്‍ അവളെ കാളിയെന്നും ഭാഗവതിയെന്നും വിളിക്കുന്നു.”

അവളുടെ മൂന്നു കണ്ണുകള്‍ അഗ്നികുണ്ഡങ്ങളത്രേ. അവള്‍ക്ക് ഉയര്‍ന്ന കവിളെല്ലുകളും താടിയുമുണ്ട്. നക്ഷത്രങ്ങളെ വായുവില്‍ കോര്‍ത്ത് അവള്‍ കണ്ഠാഭരണമാക്കിയിരിക്കുന്നു. അവളുടെ നീണ്ട ബാഹുക്കള്‍ എല്ലാ ദിശകളിലും ആകാശം മുഴുവന്‍ പരന്നു നിലകൊണ്ടു. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ശക്തിയാല്‍ മലകള്‍ പോലും പറപറന്നു. നടനവേളയില്‍ അവളുടെ ദേഹം വികസിച്ചു വീണ്ടും വലുതായി.

ഞാനീ നടനദൃശ്യം കാണ്‍കെ അവള്‍ മാമലകളെ പൂക്കള്‍ കൊരുക്കുന്നതുപോലെ ഒരു മാലയാക്കി. മൂലോകങ്ങള്‍ അവളുടെ ദേഹത്തില്‍ താഴെ, മധ്യഭാഗം, മുകളില്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളുള്ള കണ്ണാടിയായി. നഗരങ്ങള്‍, കാടുകള്‍ മലകള്‍, എന്നിവ അവളുടെ കണ്ഠമാല്യത്തിലെ പൂക്കളായി. നഗരങ്ങളും പട്ടണങ്ങളും ഋതുക്കളും മൂലോകങ്ങളും മാസങ്ങളും ദിനരാത്രങ്ങളും അവളുടെ കൈകാലുകളായി. ധര്‍മ്മാധര്‍മ്മങ്ങള്‍ അവളുടെ കമ്മലുകളായി. വേദങ്ങള്‍ ജ്ഞാനദുഗ്ദ്ധം നിറഞ്ഞ മാറിടങ്ങളായിരുന്നു. അവളുടെ കൈകളില്‍ അനേകം ദിവ്യായുധങ്ങള്‍ ഉണ്ടായിരുന്നു. ദേവാദികളും മറ്റുമായ പതിന്നാലുതരം ജീവികള്‍ അവളുടെ ദേഹത്തിലെ രോമങ്ങളായിരുന്നു. വീണ്ടും വീണ്ടും ജനിക്കാനുള്ള ആവേശത്തോടെ ഈ ജീവികള്‍ അവരവരുടെ നഗര-ഗ്രാമവാസികളുമായി ചേര്‍ന്ന് നര്‍ത്തനം തുടരുന്നുണ്ടായിരുന്നു.

വിശ്വം മുഴുവനും നിസ്തന്ദ്രമായ ചലനം തുടരുന്നത് അവളുടെ നാടനത്തിനാലാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വിശ്വമാകെ നിലകൊള്ളുന്നത് അവളിലാണ്. വിശ്വം, ഒരുകണ്ണാടിയിലെന്നപോലെ അവളുടെ ദേഹത്തില്‍ പ്രതിഫലിക്കുകയാണ്. ഞാന്‍ നോക്കിക്കൊണ്ടിരിക്കെ വിശ്വങ്ങള്‍ അനേകം ഉണ്ടായി മറഞ്ഞ് വീണ്ടും ഉണ്ടായിക്കൊണ്ടിരുന്നു.