പ്രിയവ്രതസ്യ പ്രിയപുത്രഭൂതാ-
ദാഗ്നീധ്രരാജാദുദിതോ ഹി നാഭി: |
ത്വാം ദൃഷ്ടവാനിഷ്ടദമിഷ്ടിമധ്യേ
തവൈവ തുഷ്ട്യൈ കൃതയജ്ഞകര്‍മ്മാ. || 1||
പ്രിയവൃതന്റെ ഇഷ്ടപുത്രനായ ആഗ്നിധ്രന്‍ എന്ന മഹാരാജവില്‍നിന്നു ഉത്ഭവിച്ചവനായ നാഭി അങ്ങയുടെ പ്രസാദിത്തിന്നുവേണ്ടിത്തന്നെ ചെയ്യപ്പെട്ട യാഗകര്‍മ്മത്തോടുകൂടിയവനായിട്ട് യജ്ഞമദ്ധ്യത്തില്‍ അഭീഷ്ടത്തെ നല്ക്കുന്നവനായ നിന്തിരുവടിയെ ദര്‍ശിച്ചു.
അഭിഷ്ടുതസ്തത്ര മുനീശ്വരൈസ്ത്വം
രാജ്ഞ: സ്വതുല്യം സുതമര്ഥ്യമാന: |
സ്വയം ജനിഷ്യേഹമിതി ബ്രുവാണ-
സ്തിരോദധാ ബര്‍ഹിഷി വിശ്വമൂര്‍ത്തേ || 2 ||
ഹേ വിശ്വരുപിന്‍ ! നിന്തിരുവടി അവിടെ മുനിശ്രേഷ്ഠന്മാരാല്‍ സ്തുതിക്കപ്പെട്ടവനായിട്ട് ആ മഹാരാജാവിന്ന് അങ്ങയ്ക്കു സദൃശനായ പുത്രനെ പ്രാര്‍ത്ഥിക്കപ്പെട്ടവനായി “ഞാന്‍തന്നെ പുത്രനായി ജനിക്കാം.” എന്ന് അരുളിച്ചെയ്തുകൊണ്ടു യാഗാഗ്നിയില്‍ മറഞ്ഞു.
നാഭിപ്രിയായാമഥ മേരുദേവ്യാം
ത്വമംശതോഭൂ: ൠഷഭാഭിധാന: |
അലോകസാമാന്യഗുണപ്രഭാവ-
പ്രഭാവിതാശേഷജനപ്രമോദ: || 3 ||
അനന്തരം നാഭിരാജാവിന്റെ പന്തിയായ മേരുദേവിയില്‍ ലോക സാധാരണമല്ലാത്ത ഗുണവിശേഷംകൊണ്ടും മഹിമാതിശയംകൊണ്ടും ജനങ്ങള്‍ക്കെല്ലാം പരമാനന്ദം നല്‍കികൊണ്ടു നിന്തിരുവടി ഋഷഭനെന്ന പേരോടെ സ്വാംശഭൂതനായി അവതരിച്ചു.
ത്വയി ത്രിലോകീഭൃതി രാജ്യഭാരം
നിധായ നാഭി: സഹ മേരുദേവ്യാ |
തപോവനം പ്രാപ്യ ഭവന്നിഷേവീ
ഗത: കിലാനന്ദപദം പദം തേ || 4 ||
നാഭിമഹാരാജവ് മൂന്നു ലോകങ്ങളേയും ഭരിക്കുന്ന നിന്തിരുവടിയില്‍ രാജ്യഭാരത്തെ സമര്‍പ്പിച്ച് പന്തിയായ മേരുദേവിയോടുകൂടി തപോവനത്തില്‍ചെന്നു നിന്തിരുവടിയെ സേവിച്ചുകൊണ്ട് പരമാനന്ദത്തിന്നു ആസ്പദമായ അങ്ങയുടെ പരമപദത്തെ പ്രാപിച്ചുപോല്‍.
ഇന്ദ്രസ്ത്വദുത് കര്‍ഷകൃതാദമര്‍ഷാ-
ദ്വവര്‍ഷ നാസ്മിന്നജനാഭവര്‍ഷേ |
യദാ തദാ ത്വം നിജയോഗശക്ത്യാ
സ്വവര്‍ഷമേനദ്വ്യദധാ: സുവര്‍ഷം || 5 ||
ദേവേന്ദ്രന്‍ അങ്ങയുടെ ഉല്‍ക്കര്‍ഷത്തിലുണ്ടായ അസൂയകൊണ്ട് അജനാഭം എന്ന ഈ ഭൂഖണ്ഡത്തില്‍ വര്‍ഷിക്കാതിരുന്ന സമയം നിന്തിരുവടി സ്വന്തം യോഗബലംകൊണ്ട് അങ്ങയുടെ ഈ രാജ്യത്തെ നല്ല മഴുയുള്ളതാക്കിത്തീര്‍ത്തു.
ജിതേന്ദ്രദത്താം കമനീം ജയന്തീ-
മഥോദ്വഹന്നാത്മരതാശയോപി |
അജീജനസ്തത്ര ശതം തനൂജാ-
നേഷാം ക്ഷിതീശോ ഭരതോഗ്രജന്മാ || 6 ||
അതില്‍പിന്നെ നിന്തിരുവടി പരമാത്മവില്‍ ആസക്തിയോടുകൂടിയ മനസ്സോടു കൂടിയവനായിരുന്നിട്ടും തന്നാല്‍ ജയിക്കപ്പെട്ട ഇന്ദ്രനാല്‍ നല്‍കപ്പെട്ട ജയന്തിയെന്നു പേരായ സുന്ദരിയ വിവാഹംചെയ്തു അവളില്‍ നൂറുപുത്രന്മാരെ ജനിപ്പിച്ചു; അവരില്‍ ജ്യേഷ്ഠനായ ഭരതന്‍ രാജാവായി.
നവാഭവന്‍ യോഗിവരാ നവാന്യേ
ത്വപാലയന്‍ ഭാരതവര്‍ഷഖണ്ഡാന്‍ |
സൈകാ ത്വശീതിസ്തവ ശേഷപുത്ര-
സ്തപോബലാത് ഭൂസുരഭൂയമീയു: || 7 ||
അവരില്‍ ഒമ്പതുപേര്‍ യോഗിശ്വരന്മാരായി ഭവിച്ചു; വേറെ ഒമ്പതു പേരാവട്ടെ ഭാരതഖണ്ഡത്തിലുള്ള ഭൂഭാഗങ്ങളെ പരിപാലിച്ചു; അങ്ങയുടെ ബാക്കിയുള്ള എണ്‍പത്തൊന്നു പുത്രന്മാരും തപോബലംകൊണ്ട് ബ്രഹ്മണ്യത്തെ പ്രാപിച്ചു.
ഉക്ത്വാ സുതേഭ്യോഥ മുനീന്ദ്രമധ്യേ
വിരക്തിഭക്ത്യന്വിതമുക്തിമാര്‍ഗ്ഗം |
സ്വയം ഗത: പാരമഹംസ്യവൃത്തി-
മധാ ജഡോന്മത്തപിശാചചര്യാം || 8 ||
അനന്തരം നിന്തിരുവടി മുനീശ്വരന്മാരുടെ ഇടയില്‍വെച്ച് പുത്രന്മാര്‍ക്ക് വൈരാഗ്യം, ഭക്തി എന്നിവയോടുകൂടിയ മോക്ഷമാര്‍ഗ്ഗത്തെ ഉപദേശിച്ചിട്ട് തന്നത്താന്‍ പരമഹംസവൃത്തിയെ പ്രാപിച്ചവനായി ജഡന്‍, ഭ്രാന്തന്‍, പിശാച് എന്നിവരുടെ ചര്യയെ അവലംബിച്ചു.
പരാത്മഭൂതോപി പരോപദേശം
കുര്‍വന്‍ ഭവാന്‍ സര്‍വനിരസ്യമാന: |
വികാരഹീനോ വിചചാര കൃത്സ്നാം
മഹീമഹീനാത്മരസാഭിലീന: || 9 ||
പരമാത്മസ്വരുപനായി അന്യര്‍ക്കു ഉപദേശം നല്ക്കുന്നവനായ നിന്തിരുവടി എല്ലാവരാലും നിന്ദിക്കപ്പെട്ടവനായിരുന്നിട്ടും യാതൊരു വികാരവും കൂടാതെ സമഗ്രമായ ബ്രഹ്മാനന്ദരസത്തില്‍ മുഴുകിയവനായി ഭൂമി മുഴുവന്‍ സഞ്ചരിച്ചു.
ശയുവ്രതം ഗോമൃഗകാകചര്യാം
ചിരം ചരന്നാപ്യ പരം സ്വരൂപം |
ദവാഹൃതാംഗഃ കുടകാചലേ ത്വം
താപാന്‍ മമാപാകുരു വാതനാഥ || 10 ||
അജഗരവ്രതത്തേയും പശു മൃഗ പക്ഷികളുടെ ചര്‍യ്യേയും വളരെക്കാലം ആചരിച്ചുകൊണ്ട് നിന്തിരുവടി പരമാത്മസ്വരൂപത്തെ പ്രാപിച്ച് കുടകുമലയിവെച്ച് കാട്ടുതീയാല്‍ നശിപ്പിക്കപ്പെട്ട ശരീരത്തോടുകൂടിയവനായി ഭവിച്ചു; അല്ലയോ ഗുരുവായൂരപ്പ! എന്റെ താപങ്ങളെ നശിപ്പിക്കേണമെ!
ഋഷഭയോഗീശ്വരചരിതവര്‍ണ്ണനം എന്ന ഇരുപതാം ദശകം സമാപ്തം. ആദിതഃ ശ്ലോകാഃ 209.
വൃത്തം: ഉപജാതി.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.