യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 565 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

മയാ ദൃഷ്‌ടാ തദാകാശമേവ ശാന്തം തദാകൃതി:
മയേവ തത്പരിജ്ഞാതം നാന്യ: പശ്യതി തത്തഥാ (6.2/83/3)

വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍ മുന്‍പ് പരമശിവന്‍ എന്ന് വിസ്തരിച്ചതായ വിശ്വരൂപം വാസ്തവത്തില്‍ ശുദ്ധബോധമാണ്. അത് തന്നെയാണ് രുദ്രനായും നര്‍ത്തക(കി)നായും കാണപ്പെട്ടത്. അങ്ങനെയുള്ള രൂപങ്ങളോ രൂപമില്ലായ്മയോ ഒന്നും വാസ്തവത്തില്‍ ഉണ്ടായിരുന്നില്ല. ബോധഘനത്തില്‍ ഇപ്പറഞ്ഞ അനുഭവങ്ങളുടെ പ്രതീതിയുണ്ടായിരുന്നു എന്ന് മാത്രം.

“ഞാന്‍ കണ്ടത് പരമപ്രശാന്തിയുടെ തലമായ ആകാശമാണ്‌. അനുഭവിച്ചത് ഞാന്‍ വിവരിച്ച രൂപങ്ങളുമാണ്. മറ്റാരും ഈ വിധത്തില്‍ ആ കാഴ്ചകള്‍ കണ്ടിട്ടില്ല.”

ലോകചക്രം അവസാനിക്കുമ്പോള്‍ രുദ്രനായും ഭൈരവിയായും വിവരിക്കപ്പെട്ടതെല്ലാം ഭ്രമാത്മകവിക്ഷേപങ്ങളാണ്. ആ രൂപഭാവങ്ങളില്‍ അവരെ കണ്ടത് ഞാന്‍ മാത്രം. ബോധം മാത്രമാണ് നിലനില്‍ക്കുന്നത്. ഭൈരവനായോ മാറ്റ് ഏതെങ്കിലും രൂപമായോ ചിന്തിച്ചാല്‍ അതപ്രകാരമാവുന്നു. ഒരു വാക്കും അതിന്റെ പൊരുളും അറിവാകാന്‍ ബോധം കൂടിയേ തീരൂ. അത്തരം വസ്തുവിഷയസംബന്ധിയായ അറിവ് നിസ്തന്ദ്രമായി ഉപയോഗിച്ചുറപ്പിക്കുകമൂലം അവയും അവയെക്കുറിക്കുന്ന വാക്കുകളും ഉണ്മയാണെന്ന് തോന്നുകയാണ്.

ഭൈരവനോ ഭൈരവിയോ, രുദ്രനോ കാളരാത്രിയോ വിശ്വപ്രളയമോ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം ഭ്രമാത്മകമായ വിക്ഷേപങ്ങള്‍ മാത്രമായിരുന്നു. അനന്തമായ ബോധം മാത്രമാണ് സത്യം.

അങ്ങനെ മൂര്‍ത്തഭാവത്തിലുള്ള രുദ്രനെയും രുദ്രന്റെ അമൂര്‍ത്ത ഭാവത്തെയും ഞാന്‍ പറഞ്ഞു തന്നു. ഇനിയാ വിശ്വനൃത്തത്തിന്റെ പ്രാധാന്യം എന്തെന്ന് പറയാം. ബോധത്തില്‍ എപ്പോഴും സഹജമായ കമ്പനമുണ്ട്. ആ ചലനത്തിന്റെ അഭാവത്തില്‍ അതിന്റെ ‘ഉണ്മ’യ്ക്ക് അര്‍ത്ഥമില്ലാതെയാവും. അങ്ങനെയാണ്, ബോധത്തിനുള്ളില്‍ സഹജമായ ചലനമാണ് രുദ്രനായി പ്രത്യക്ഷമായത്.

ചലനം ബോധത്തിന്റെ പ്രകൃതമാണ്. ചലനത്തെ ബോധത്തില്‍ നിന്നും വേര്‍പെടുത്താന്‍ വയ്യ. രുദ്രനടനത്തില്‍ ഞാന്‍ ദര്‍ശിച്ചത് ബോധചലനമാണ്. എന്നാല്‍ ആ ചലനം ശുദ്ധമായ ചലനമാണ്. എന്റെ മനസ്സിന്റെ ഉപാധിക്കനുസൃതമായി ഞാനാ ചലനത്തെ ഭഗവാന്റെ നൃത്തമായി വിവക്ഷിച്ചു. ശുദ്ധബോധത്തിലെ ചലനമാണ് ഭഗവാന്റെ വിശ്വനടനം.

രാമന്‍ ചോദിച്ചു: അസത്തായതെല്ലാം വിശ്വപ്രളയസമയത്ത് വിലയിച്ചു എന്ന് പറഞ്ഞുവല്ലോ, അപ്പോള്‍പ്പിന്നെ ബോധം എങ്ങനെയാണ്, എന്തിനെപ്പറ്റിയാണ് അവബോധിച്ചത്?

വസിഷ്ഠന്‍ തുടര്‍ന്നു: തീര്‍ച്ചയായും ബോധം ‘മറ്റൊന്നിനെ’പ്പറ്റി അവബോധിക്കുകയില്ല. ഇവിടെ ‘ദൃശ്യമെന്നു’ പറഞ്ഞത് ബോധത്തിന്റെതന്നെ സഹജഭാവത്തെയാണ്. സ്വപ്നസമയത്ത് ഒരുവന്റെ ദൃശ്യത്തിലുള്ള നഗരങ്ങളും മറ്റും അവന്റെ ബോധത്തിലാണ് സ്ഥിതിചെയ്യുന്നത്. എന്നാല്‍ ആ ബോധം സ്വയം എല്ലാ ചലനങ്ങളെയും അറിയുന്നു. ചലനങ്ങളുടെ ആദിമുതല്‍ അതവസാനിക്കുന്നതുവരെ ബോധത്തില്‍ അവയെപ്പറ്റിയുള്ള അവബോധം സഹജമത്രേ.

അങ്ങനെയാണ് നിമിഷങ്ങള്‍, യുഗങ്ങള്‍, ലോകചക്രങ്ങള്‍, എന്നുവേണ്ട, നീ, ഞാന്‍, എന്നീ ധാരണകളും (കമ്പനങ്ങളും) അവബോധിക്കുന്നത്.

അതിനാല്‍ ബോധത്തില്‍ എകതയോ നാനാത്വമോ നിശ്ശൂന്യതയോ ബോധം എന്നൊരു ‘വസ്തു’വോ അബോധമോ ഇല്ല തന്നെ. ശുദ്ധമായ നിശ്ശൂന്യതമാത്രം – പക്ഷെ അതുപോലുമില്ല. ഉള്ളത് അനന്തമായ ബോധം മാത്രം.