യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 566 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
സ ഭൈരവശ്ചിദാകാശ: ശിവ ഇത്യഭിധീയതേ
അനന്യാം തസ്യതാം വിദ്ധി സ്പന്ദശക്തിം മനോമയീം (6.2/84/2)
വസിഷ്ഠന് തുടര്‍ന്നു: “ബോധത്തിന്റേതായ ആ മണ്ഡലം തന്നെയാണ് ഭൈരവനും ശിവനും. ആ ഭഗവാനില്‍ നിന്നും പിരിക്കാനരുതാത്ത ചടുലചൈതന്യശക്തി മനസ്സിന്റെ പ്രകൃതിയാണ്.”
വായുവിനെ ‘കാണാന്‍’ കഴിയുന്നത് അതിന്റെ ചാലകസ്വഭാവത്താലാണ്. ചൂടുള്ളതുകൊണ്ടാണ് അഗ്നിയെ അറിയാന്‍ കഴിയുന്നത്. ശുദ്ധപ്രശാന്തതയാലാണ് ശുദ്ധബോധമായ ശിവനെ അറിയാന്‍ കഴിയുന്നത്.
പരമശിവന് എല്ലാ വിവരണങ്ങള്‍ക്കും അതീതനാണ്. ഭഗവാന്റെ ചടുലചൈതന്യമാണ് അദ്ദേഹത്തിന്റെ ഇച്ഛകളെ നടപ്പിലാക്കുന്നത്. ആ ഇച്ഛകള്‍ ഓരോരോ ദൃശ്യങ്ങളായി വിക്ഷേപിക്കപ്പെടുന്നു. ഈ ഊര്‍ജ്ജം, അല്ലെങ്കില്‍ ചൈതന്യം, അല്ലെങ്കില്‍ മായ, ബോധം തന്നെയാണ്. ‘അവള്’ ജീവശക്തിയാണ്. അതിനാല്‍ ജീവന് എന്നവള്‍ക്ക് പേര്.
അനന്തബോധത്തില്‍ സൃഷ്ടിയെന്നത് പ്രകൃത്യാ സഹജമായതിനാല്‍ അവളെ പ്രകൃതി എന്ന് വിളിക്കുന്നു. കാണപ്പെടുന്ന എല്ലാറ്റിന്റെയും എല്ലാ അനുഭവങ്ങളുടെയും ഹേതു അവളാകയാല് ‘ക്രിയ’ എന്നും അവള്‍ക്ക് പേരുണ്ട്.
ദുഷ്ടതയ്ക്ക് നേരേ ക്രുദ്ധയാവുന്നതിനാല് അവള്‍ക്ക് ചണ്ഡിക എന്നു പേരുണ്ട്. നീലത്താമരയുടെ നിറത്തോടു കൂടിയതിനാല്‍ ഉത്പല എന്നവള്‍ അറിയപ്പെടുന്നു. എല്ലായ്പ്പോഴും വിജയശ്രീയായതിനാല് അവള് ജയ. പൂര്‍ണ്ണതയുടെ ഇരിപ്പിടമാകയാല്‍ അവള് സിദ്ധയാണ്. ജയ, ജയന്തിയും വിജയയുമാണ്.
ഒരിക്കലും കീഴടക്കാന്‍ ആകാത്തതിനാല്‍ അപരാജിത എന്നുമവള്‍ക്ക് പേരുണ്ട്. ദുഗ്രാഹ്യമായ മൂര്‍ത്തിയാകയാല്‍ അവള് ദുര്‍ഗ്ഗ. ഓങ്കാരത്തിന്റെ പൊരുളായതിനാല് അവള് ഉമ. എല്ലാവരാലും ആലപിക്കപ്പെടുന്നതിനാല് അവള് ഗായത്രി. എല്ലാറ്റിന്റെയും സൃഷ്ടിഹേതുവാകയാല് അവള് സാവിത്രി. മഞ്ഞയും ചുവപ്പും നിറത്തോടുകൂടിയതിനാല് അവള് ഗൌരി.
ഒരുവന്റെയുള്ളിലെ ദൃശ്യങ്ങളെ അറിവായി വിസ്ത്രൃതമാക്കുന്നതിനാല് അവള് സരസ്വതി. ഉറങ്ങുന്നവനില്‍ പ്രകാശകിരണമായും പ്രബുദ്ധനില്‍ ധ്യാനസമയത്ത് പ്രണവനിനദത്തിന്റെ സൂക്ഷ്മകമ്പനങ്ങളായും നിലകൊള്ളുന്നതിനാല്‍ അവള് ഇന്ദുകല (ചാന്ദ്രരശ്മി).
ആകാശം ദേഹമാക്കിയ ദേവിക്കും ശിവനും നീലനിറമാണ്. ആകാശമാണവരുടെ മാംസവും എല്ലുകളും എല്ലാമെല്ലാം. ആകാശത്തില്‍ ആകാശമായി അവരിരിക്കുന്നു.
അവളുടെ നൃത്തചേഷ്ഠകള് സൃഷ്ടിയെയും, അപചയത്തെയും മരണത്തെയും കാണിക്കുന്നു. അവളുടെ ഊര്‍ജ്ജചലനം മൂലമാണ് ലോകങ്ങള്‍ കാണപ്പെടുന്നത്. അതിനാല്‍ അവള്‍ക്ക് അനേകം അവയവങ്ങള്‍ ഉണ്ടെന്നു പറയുന്നു. ഈ കാളിയാണ് എല്ലാറ്റിലും അവയുടെ സഹജസ്വഭാവങ്ങളെ നിക്ഷേപിക്കുന്നത്.
എന്നാല്‍ അവളെ അറിയാനോ വിവരിക്കാനോ ആര്‍ക്കുമാവില്ല. വായുവിലെ ചലനംകൊണ്ട് ആകാശത്തെ നാം അറിയുന്നു. അതുപോലെ ബോധത്തിലെ ചൈതന്യം സുവിദിതമാവുന്നത് ആ ബോധത്തില്‍ കര്‍മ്മങ്ങള്‍ പ്രകടമാവുമ്പോഴാണ്. എങ്കിലും ചലനവും കര്‍മ്മവുമൊന്നും ബോധത്തിന്റെ ‘ഗുണ’ങ്ങളായി കണക്കാക്കാന്‍ വയ്യ. കാരണം ബോധത്തിന് ഗുണങ്ങളോ നിയതസ്വഭാവങ്ങളോ ഇല്ല. ബോധം പ്രശാന്തവും ശുദ്ധവുമാണ്. വിവരണങ്ങള്‍ക്കതീതം. വാസ്തവത്തില്‍ ബോധത്തിലെ ചലനം എന്ന ധാരണ തന്നെ അജ്ഞാനമാണ്.