യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 568 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
സാധുര്‍വസതി ചോരൌഘേ താവദ്യാവദസൌ നതം
പരിജാനാതി വിജ്ഞായ ന തത്ര രമതേ പുന: (6.2/85/24)
വസിഷ്ഠന്‍ തുടര്‍ന്നു: സങ്കല്‍പ്പത്തിലെ നഗരം വെറും ഭാവനയാണ്. സത്യത്തില്‍ ഉള്ളതല്ല. അതുപോലെയീ സൃഷ്ടിജാലം എന്നത് അനന്തബോധചൈതന്യത്തില്‍ ഉയര്‍ന്നു വിക്ഷേപിക്കപ്പെടുന്ന ഒരു ധാരണ മാത്രമാണ്.
ഭഗവാന് കാളരാത്രിയെന്നത് കാറ്റിനു ചലനം എന്നതുപോലെയാണ്. ശൂന്യാകാശത്ത് കാറ്റ് ചലിക്കുന്നത് അതിനൊരു രൂപമുണ്ടെന്ന മട്ടിലാണ്. അനന്തബോധത്തില്‍ ഭഗവാന്റെ ഇഛയ്ക്കൊത്തെന്നപോലെ അവള്‍ ചലിച്ചുകൊണ്ടേയിരിക്കുന്നു. ആ ചലനം നിലയ്ക്കുമ്പോള്‍ ഭഗവാന്‍ മാത്രം ശേഷിക്കുന്നു.
അവളിങ്ങനെ ആകാശത്ത് നടനമാടിവരുമ്പോള്‍ ആകസ്മികമായി (കാക്കയും പനമ്പഴവും) അവള്‍ ഭഗവാനുമായി കണ്ടുമുട്ടുന്നു. ആ നിമിഷത്തില്‍ അവള്‍ ക്ഷീണിതയായി ശോഷിച്ച് സുതാര്യയാവുന്നു. അവള്‍ തന്റെ ബ്രഹ്മാണ്ഡരൂപമുപേക്ഷിച്ച് ചിലപ്പോള്‍ മലയാവുന്നു, ചെറിയൊരു പട്ടണമാവുന്നു, പിന്നെയൊരു സുന്ദരതരുവാകുന്നു, അവള്‍ ആകാശംപോലെയാകുന്നു. എന്നാല്‍ അവസാനം നദി ചെന്ന് കടലില്‍ച്ചെന്നുചേര്‍ന്ന് സ്വയം കടലാവുന്നതുപോലെ അവള്‍ സ്വയം ഭഗവാന്റെ സ്വരൂപമായിത്തീരുന്നു. അപ്പോള്‍ ഭഗവന്‍ അദ്വൈതഭാവത്തില്‍ പ്രോജ്വലിക്കുന്നു.
രാമന്‍ ചോദിച്ചു: ഭഗവന്‍, എന്തിനാണ് ആ ദിവ്യജനനി അങ്ങനെ പരമപ്രശാന്തയാവുന്നത്?
വസിഷ്ഠന്‍ പറഞ്ഞു: രാമാ അത് ജഗന്മായ, പ്രകൃതി എന്നെല്ലാം അറിയപ്പെടുന്ന അനന്തബോധചടുലചൈതന്യമാണ്. ഒരിക്കലും പ്രക്ഷുബ്ദമാവാത്ത ജനനിയാണവള്‍. ഈ അമ്മയുടെ മേലെ ബോധം മാത്രമേയുള്ളൂ. അതാണെങ്കില്‍ പരമപ്രശാന്തതതന്നെയാണ്.
ഭഗവാന്റെ ഇച്ഛയ്ക്ക് ചാലകതയുള്ളിടത്തോളം ഈ ചൈതന്യധാര പ്രവര്‍ത്തനോന്മുഖമായി തുടരും. ചുരുക്കത്തില്‍ ഭഗവാനെ കാണുന്നതുവരെ അവളുടെ നടനം തുടരും എന്നര്‍ത്ഥം.
ബോധവും ചൈതന്യവും അവിഭാജ്യങ്ങളാകയാല്‍ ഈ ഊര്‍ജ്ജം ഭഗവാനെ അവബോധിക്കുമ്പോള്‍ സ്വയം ഭഗവാനായിത്തീരുന്നു. പ്രകൃതി ഭഗവാനെ തൊടുന്നമാത്രയില്‍ അതതിന്റെ പ്രകൃതിഗുണം – ചടുല പ്രകൃതി- ഉപേക്ഷിക്കുന്നു. നദി സമുദ്രത്തിലെന്നപോലെ അവള്‍ ഭഗവാനില്‍ വിലയിക്കുന്നു. ഒരുവന്റെ നിഴല്‍ അവസാനിക്കുമ്പോള്‍ ആ നിഴല്‍ അവനിലേയ്ക്ക് വിലയിക്കുന്നു എന്ന് പറയുന്നതുപോലെ ചൈതന്യചലനം ബോധത്തിലേയ്ക്ക് മടങ്ങുന്നു. ഈ ചലനം തന്നെ ബോധത്തിലെ ധാരണമാത്രമായിരുന്നല്ലോ.
“ഒരു മഹാത്മാവ് സത്യമറിയുന്നതുവരെ ചിലപ്പോള്‍ കള്ളന്മാരുമായി സഹവാസം ചെയ്തേക്കാം എന്നാല്‍ സത്യമറിഞ്ഞുകഴിഞ്ഞാല്‍പ്പിന്നെ അദ്ദേഹമാ സംഗം ഇഷ്ടപ്പെടുകയില്ല.”
ബോധം ദ്വൈതത്തില്‍ അഭിരമിക്കുന്നത് സ്വയം ആ ദ്വന്ദതയെ തിരിച്ചറിയുന്നതുവരെ മാത്രമാണ്. നിര്‍വാണപദത്തിന്റെ മഹിമയില്‍ എത്തുന്നതുവരെ മാത്രമേ ബോധചൈതന്യനടനം തുടരുകയുള്ളൂ. ബോധത്തെ ‘അറിയുമ്പോള്‍’ അത് ശുദ്ധബോധമാകുന്നു. പരംപൊരുളിനെ സാക്ഷാത്ക്കാരിക്കുന്നത് വരെ മാത്രമേ ഒരുവന്‍ സംസാരത്തില്‍ ആണ്ടുമുഴുകിയിരിക്കുകയുള്ളു. കാണുന്നമാത്രയില്‍ സംസാരം പരമപ്രകാശത്തില്‍ വിലയിക്കുകയാണ്. ദുരിതജീവിതസാഗരത്തില്‍ നിന്നും എന്നെന്നെയ്ക്കുമായുള്ള മോചനം ലഭിച്ചാല്‍പ്പിന്നെ ആരാണതുപേക്ഷിക്കുക?