ഡൗണ്‍ലോഡ്‌ MP3

മദ്ധ്യോദ്ഭവേ ഭുവ ഇളാവൃതനാമ്നി വര്‍ഷേ
ഗൗരീപ്രധാനവനിതാജനമാത്രഭാജി |
ശര്‍വ്വേണ മന്ത്രനുതിഭി: സമുപാസ്യമാനം
സങ്കര്‍ഷണാത്മകമധീശ്വര സംശ്രയേ ത്വ‍ാം || 1 ||

ഭഗവന്‍! ഭൂമിയുടെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നതും ശ്രീപാര്‍വ്വതി മുന്‍പായ വനിതക‍ള്‍ മാത്രം അധിവസിക്കുന്നതുമായ ഇളാവൃതമെന്ന ഭൂമണ്ഡത്തി‍ല്‍ മന്ത്രങ്ങളെക്കൊണ്ടും സ്തോത്രങ്ങളെക്കൊണ്ടും ഉപാസിക്കപ്പെടുന്ന സങ്കര്‍ഷണമൂര്‍ത്തിയായ നിന്തിരുവടിയെ ഞാന്‍ ആശ്രയിക്കുന്നു.

ഭദ്രാശ്വനാമക ഇളാവൃതപൂര്‍വവര്‍ഷേ
ഭദ്രശ്രവോഭി: ഋഷിഭി: പരിണൂയമാനം |
കല്പാന്തഗൂഢനിഗമോദ്ധരണപ്രവീണം
ധ്യായാമി ദേവ ഹയശീര്‍ഷതനും ഭവന്തം || 2 ||

ഹേ ഭഗവന്‍ , ഭദ്രാശ്വമെന്ന പേരോടുകൂടിയ ഇളാവൃതത്തിന്നു കിഴക്കുഭാഗത്തു കിടക്കുന്ന ഭൂഭാഗത്തില്‍ ഭദ്രശ്രവസ്സുകള്‍ എന്ന മഹര്‍ഷിമാരാല്‍ സ്തുതിക്കപ്പെടുന്നവനും കല്പാന്തകാലത്തില്‍ കാണാതായ വേദങ്ങളെ ഉദ്ധരിക്കുന്നതി‍ല്‍ സമര്‍ത്ഥനും ഹയഗ്രിവസ്വരൂപിയുമായ ഭവാനെ ധ്യാനിക്കുന്നു.

ധ്യായാമി ദക്ഷിണഗതേ ഹരിവര്‍ഷവര്‍ഷേ
പ്രഹ്ലാദമുഖ്യപുരുഷൈ: പരിഷേവ്യമാണം |
ഉത്തുംഗശാന്തധവലാകൃതിമേകശുദ്ധ-
ജ്ഞാനപ്രദം നരഹരിം ഭഗവന്‍ ഭവന്തം || 3 ||

ഹേ ഭഗവന്‍! തെക്കുഭാഗത്തുള്ള ഹരിവര്‍ഷമെന്ന ഭൂവിഭാഗത്തി‍ല്‍ പ്രഹ്ലാദ‍ന്‍ മുതലായ ഭക്തന്മാരാല്‍ പരിസേവിക്കപ്പെടുന്നവനും വെളുത്തുയര്‍ന്ന ശാന്തസുന്ദരമായ സ്വരുപത്തോടുകൂടിയവനും ഉല്‍കൃഷ്ടമായ അദ്വൈതജ്ഞാനത്തെ നല്കുന്നവനും നരസിംഹസ്വരുപിയുമായ നിന്തിരുവടിയെ ധ്യാനിക്കുന്നു.

വര്‍ഷേ പ്രതീചി ലലിതാത്മനി കേതുമാലേ
ലീലാവിശേഷലലിതസ്മിതശോഭന‍ാംഗം |
ലക്ഷ്മ്യാ പ്രജാപതിസുതൈശ്ച നിഷേവ്യമാണം
തസ്യാ: പ്രിയായ ധൃതകാമതനും ഭജേ ത്വ‍ാം || 4 ||

പടിഞ്ഞാറുഭാഗത്തെ മനോഹരമായ കേതുമാലമെന്ന പ്രദേശത്ത് ലീലാവിശേഷങ്ങളാലും ചേതോഹരമായ മന്ദസ്മിതംകൊണ്ടും ശോഭിക്കുന്ന ശരീരത്തോടുകൂടിയവനും ലക്ഷ്മീദേവിയാലും പ്രജാപതിയുടെ പുത്രന്മാരാലും പരിസേവിക്കപ്പെടുന്നവനും അവളുടെ സന്തോഷത്തിനുവേണ്ടി കാമദേവസ്വരുപത്തെ കൈകൊണ്ടവനുമായ നിന്തിരുവടിയെ ഞാന്‍ ഭജിക്കുന്നു.

രമ്യേ ഹ്യുദീചി ഖലു രമ്യകനാമ്നി വര്‍ഷേ
തദ്വര്‍ഷനാഥമനുവര്യസപര്യമാണം |
ഭക്തൈകവത്സലമമത്സരഹൃത്സു ഭാന്തം
മത്സ്യാകൃതിം ഭുവനനാഥ ഭജേ ഭവന്തം || 5 ||

ഹേ ലോകേശ ! വടക്കുഭാഗത്തിലേ ഏറ്റവും മനോഹരമായ രമ്യകമെന്ന പ്രദേശത്തി‍ല്‍ ആ പ്രദേശത്തിന്നധിപതിയായ വൈവസ്വതമനുവിനാല്‍ ആരാധിക്കപ്പെടുനവനും ഭക്തവത്സലനും മത്സരബുദ്ധിയോടുകൂടാത്തവരുടെ ഹൃദയത്തില്‍ പ്രകാശിക്കുന്നവനും മത്സ്യാകൃതി കൈക്കൊണ്ടിരിക്കുന്നവനുമായ ഭവാനെ ഭജിക്കുന്നു.

വര്‍ഷം ഹിരണ്മയസമാഹ്വയമൗത്തരാഹ-
മാസീനമദ്രിധൃതികര്‍മ്മഠകാമഠ‍ാംഗം |
സംസേവതേ പിതൃഗണപ്രവരോര്യമായം
തം ത്വ‍ാം ഭജാമി ഭഗവന്‍ പരിചിന്മയാത്മ‍ന്‍ || 6 ||

ഹേ സച്ചിന്മയസ്വരൂപനായ ദേവ! ഹിരണ്മയമെന്ന പറയപ്പെടുന്ന ഉത്തരപ്രദേശത്തിലുള്ള ഭൂഖണ്ഡത്തെ അധിവസിക്കുന്ന മന്ദരമെന്ന മാമലയെ ധരിക്കുന്നതിന്നു കഴിവുള്ളതായ കൂര്‍മ്മസ്വരുപിയായ നിന്തിരുവടിയെ പിതൃഗണങ്ങളി‍ല്‍ മുഖ്യനായ ഈ അര്യമാവു ആരാധിക്കുന്നു.  അപ്രകാരമുള്ള നിന്തിരുവടിയെ ഞാന്‍ ഭജിക്കുന്നു.

കിഞ്ചോത്തരേഷു കുരുഷു പ്രിയയാ ധരണ്യാ
സംസേവിതോ മഹിതമന്ത്രനുതിപ്രഭേദൈ: |
ദംഷ്ട്രാഗ്രഘൃഷ്ടഘനപൃഷ്ഠഗരിഷ്ഠവര്‍ഷ്മ
ത്വം പാഹി വിജ്ഞനുത യജ്ഞവരാഹമൂര്‍ത്തേ || 7 ||

അല്ലയോ ജ്ഞാനികളാല്‍ സ്തുതിക്കപ്പെടുന്ന യജ്ഞവരാഹമൂര്‍ത്തിയായ ഭഗവ‍ന്‍! ഇതു മാത്രമല്ല, ഉത്തരകുരുക്കള്‍ എന്ന് സ്ഥലത്ത് പ്രിയപത്നിയായ ഭൂമിദേവിയാ‍ല്‍ ദിവ്യങ്ങളായ മന്ത്രങ്ങള്‍ സ്തോത്രവിശേഷങ്ങളെന്നിവയാ‍ല്‍ ആരാധിക്കപ്പെടുന്നവനും തേറ്റയുടെ അറ്റംകൊണ്ട് ഉരയ്ക്കപ്പെട്ട മേഘപൃഷ്ടങ്ങളോടും അത്യുന്നതമായ ശരീരത്തോടുകൂടിയവനുമായ നിന്തിരുവടി എന്നെ കാത്തരുളേണമേ.

യാമ്യ‍ാം ദിശം ഭജതി കിംപുരുഷാഖ്യവര്‍ഷേ
സംസേവിതോ ഹനുമതാ ദൃഢഭക്തിഭാജാ |
സീതാഭിരാമപരമാദ്ഭുതരൂപശാലീ
രാമാത്മക: പരിലസന്‍ പരിപാഹി വിഷ്ണോ || 8 ||

ഹേ ഭഗവന്‍ ! തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന കിംപുരുഷം എന്ന പ്രദേശത്ത് ദൃഢമായ ഭക്തിയോടുകൂടിയ ശ്രീ ഹനുമാനാല്‍ പരിസേവിക്കപ്പെട്ടവനായി സീതദേവിക്കു ഏറ്റവും മനോഹരവും, ആശ്ചര്യകരവുമായ രൂപത്തോടുകൂടിയവനായി ശ്രീരാമചന്ദ്രസ്വരൂപിയായി വിളങ്ങുന്ന നിന്തിരുവടി എന്നെ പരിപാലിക്കേണമേ.

ശ്രീനാരദേന സഹ ഭാരതഖണ്ഡമുഖ്യൈ-
സ്ത്വം സാങ്ഖ്യയോഗനുതിഭി: സമുപാസ്യമാന: |
ആകല്പകാലമിഹ സാധുജനാഭിരക്ഷീ
നാരായണോ നരസഖ: പരിപാഹി ഭൂമന‌ന്‍‍   || 9 ||

ഹേ സര്‍വ്വേശ്വര! ഇവിടെ ശ്രീ നാരദമഹര്‍ഷിയാ‍ല്‍ ഭാരതഖണ്ഡത്തിലെ പ്രധാന ഭക്തന്മാരോടുകൂടി സ‍ാംഖ്യം, യോഗം സ്തുതികളെന്നിവയാ‍ല്‍ സേവിക്കപ്പെടുന്നവനും പ്രളയംവരെ സജ്ജനങ്ങളേ പരിപാലിക്കുന്നവനും, നരനോടുകൂടിയ നാരായണമൂര്‍ത്തിയായ നിന്തിരുവടി കാത്തരുളേണമേ.

പ്ലാക്ഷേര്‍ക്കരൂപമയി ശാല്മല ഇന്ദുരൂപം
ദ്വീപേ ഭജന്തി കുശനാമനി വഹ്നിരൂപം |
ക്രൗഞ്ചേംബുരുപമഥ വായുമയം ച ശാകേ
ത്വ‍ാം ബ്രഹ്മരൂപമപി പുഷ്കരനാമ്നി ലോകാ: || 10 ||

ദേവ ! പ്ലക്ഷദ്വീപില്‍ ആദിത്യരൂപനായും ശാല്മലദ്വീപി‍ല്‍ ചന്ദ്രരൂപിയായും കുശമെന്ന ദ്വീപില്‍ അഗ്നിരൂപനായും ക്രൗഞ്ചദ്വീപി‍ല്‍ വരുണരൂപിയായും ശാകദ്വീപി‍ല്‍ വായുസ്വരൂപിയായും ഭഗവന്‍ ! പുഷ്കരദ്വീപില്‍ ബ്രഹ്മമൂര്‍ത്തിയായും നിന്തിരുവടിയെ ജനങ്ങ‍ള്‍ ഭജിക്കുന്നു.

സര്‍വൈര്‍ധ്രുവാദിഭിരുഡുപ്രകരൈര്‍ഗ്രഹൈശ്ച
പുച്ഛാദികേഷ്വവയവേഷ്വഭികല്പ്യമാനൈ: |
ത്വം ശിംശുമാരവപുഷാ മഹതാമുപാസ്യ:
സന്ധ്യാസു രുന്ധി നരകം മമ സിന്ധുശായിന്‍ || 11 ||

ഹേ പാലാഴിയില്‍ പള്ളികൊള്ളുന്ന ഭഗവ‍ന്‍! വാല്‍ തുടങ്ങിയ അവയവങ്ങളി‍ല്‍ സങ്കല്പിക്കപ്പെട്ട ധ്രുവ‍ന്‍ മുതലായ എല്ലാ നക്ഷത്രങ്ങളോടും ഗ്രഹങ്ങളോടും ഉപലക്ഷിതനായി ശിംശുമാരസ്വരൂപത്തോടെ സന്ധ്യകാലങ്ങളില്‍ മഹന്മാര്‍ക്കു  ഉപാസിക്കത്തക്കവനായി ശോഭിക്കുന്ന നിന്തിരുവടി എന്റെ നരകത്തെ തടുക്കേണമേ.

പാതാളമൂലഭുവി ശേഷതനും ഭവന്തം
ലോലൈകകുണ്ഡലവിരാജിസഹസ്രശീര്‍ഷം |
നീല‍ാംബരം ധൃതഹലം ഭുജഗ‍ാംഗനാഭിര്‍ –
ജുഷ്ടം ഭജേ ഹര ഗദാന്‍ ഗുരുഗേഹനാഥ || 12 ||

പാതാളത്തിന്റെ അടിത്തട്ടില്‍ ഇളകുന്ന കുണ്ഡലത്തോടുകൂടി ശോഭിക്കുന്ന ഒരായിരം ശിരസ്സുകളോടുകൂടിയവനും നീലവസ്ത്രമുടുത്ത് ഹലായുധം ധരിച്ചവനായി നാഗകന്യകളാല്‍ ചൂഴപ്പെട്ടനുമായുമിരിക്കുന്ന ആദിശേഷസ്വരൂപിയായ നിന്തിരുവടിയെ ഞാന്‍ ഭജിക്കുന്നു.  ഗുരുവായൂരപ്പ! എന്റെ രോഗങ്ങളെ വേരോടെ നശിപ്പിക്കേണമേ !

ജംബുദ്വീപാദിഷു ഭഗവദുപാസനാപ്രകാരവര്‍ണ്ണനം എന്ന ഇരുപത്തൊന്ന‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 221
വൃത്തം. വസന്തതിലകം
ലക്ഷണം : ചൊല്ല‍ാം വസന്തതിലകം തഗജംജഗംഗാ. ചൊല്ല‍ാം വസന്തതിലകം തഭജം ജഗംഗം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.