യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 584 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ന നാസ്തിക്യാന്ന ചാസ്തിക്യാത്കഷ്ടാനുഷ്ഠാനവൈദികാ:
മനോജ്ഞമധുരാചാരാ: പ്രിയപേശല വാദിന: (6.2/98/3)

വസിഷ്ഠന്‍ തുടര്‍ന്നു: പവിത്രതയുടെ ശത്രുക്കളായ ലോഭം, മോഹവിഭ്രമം തുടങ്ങിയ കാര്യങ്ങള്‍ ജ്ഞാനികളില്‍ വളരെ ക്ഷീണിതമായിരിക്കും. അവരില്‍ അനാസക്തിയാണ് പ്രബലമായി കാണപ്പെടുക. അവര്‍ പരംപൊരുളില്‍ അഭിരമിക്കുന്നവരാണല്ലോ. അവര്‍ ക്രോധത്തിനോ അമിതാഹ്ളാദത്തിനോ വശംവദരാകുന്നില്ല. അവര്‍ യാതൊന്നിലും പങ്കാളികളല്ല, അവര്‍ക്ക് യാതൊന്നും ആവശ്യവുമില്ല.

അവര്‍ ആളുകളില്‍ കലുഷതയുണ്ടാക്കുന്നില്ല. അവര്‍ മറ്റുള്ളവരാല്‍ കലുഷമാവുന്നുമില്ല.

“അവര്‍ നിരീശ്വരവാദം വെച്ചു പുലര്‍ത്തുന്നവരല്ല, എങ്കിലും പ്രാചീനമായ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമല്ല. ശാസ്ത്രാനുസാരിയാനെങ്കില്‍ക്കൂടി സ്വയം പീഡിപ്പിക്കുന്ന വിധത്തിലുള്ള അചാരങ്ങളോ അഭ്യാസങ്ങളോ അവര്‍ക്കില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ സാമാന്യബുദ്ധിക്കുന്ന നിരക്കുന്നതും, മാധുരിമയാര്‍ന്നതും സൌമ്യവും സ്നേഹപൂര്‍വുമായിരിക്കും.”

അവര്‍ ആളുകളുടെ ഹൃദയത്തെ ആഹ്ളാദപൂരിതമാക്കുന്നു. അവര്‍ ജ്ഞാനമാര്‍ഗ്ഗത്തെ കാണിച്ചുതരുന്നു. പ്രകൃത്യാതന്നെ ക്ഷണനേരം കൊണ്ട് നന്മയുടെ പാതയിലുള്ള അഭികാമ്യമായ പ്രവൃത്തികളില്‍ അവര്‍ ഏര്‍പ്പെടുന്നു.

പുറമേയ്ക്ക് വിവിധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നാലും അവരുടെ ഉള്ളം സുഖശീതളവും പ്രശാന്തവും ആയിരിക്കും. അവര്‍ ശാസ്ത്രഗ്രന്ഥങ്ങളിലുള്ള തത്വങ്ങളെയും അവയുടെ അര്‍ത്ഥതലങ്ങളെപ്പറ്റിയും ഗവേഷണം ചെയ്യാന്‍ ഉത്സുകരായിരിക്കും.

ആളുകള്‍ പാകത വന്നവരാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ ജ്ഞാനിക്ക് കഴിയുന്നു. എന്താണ് ഗ്രാഹ്യമെന്നും ത്യാജ്യമെനും അയാള്‍ക്കറിയാം. ഓരോരോ സന്ദര്‍ഭങ്ങളില്‍ ഉചിതമായ കര്‍ത്തവ്യമെന്തെന്നറിഞ്ഞു പ്രവര്‍ത്തിക്കാന്‍ അവര്‍ക്കറിയാം. നിഷിദ്ധപ്രവര്‍ത്തങ്ങളില്‍ നിന്നുമവര്‍ ഒഴിഞ്ഞു നില്‍ക്കുന്നു. സത്സംഗമാണവര്‍ ആഗ്രഹിക്കുന്നത്. അവരുടെ സത്സംഗം ആഗ്രഹിക്കുന്നവരെ ജ്ഞാനത്തിന്റെ പൂക്കളര്‍പ്പിച്ചാണവര്‍ പൂജിക്കുന്നത്. മറ്റുള്ളവരുടെ ദുഖവും സങ്കടവും കവര്‍ന്ന് കളയാന്‍ അവര്‍ക്ക് സാമര്‍ത്ഥ്യമുണ്ട്.

കൃപാശീലരും മാന്യന്മാരുമാണവര്‍. എന്നാല്‍ ഭൂമിപാലന്മാര്‍ അധാര്‍മ്മികളാവുമ്പോള്‍ അവര്‍ മലകളെപ്പോലും ഇളക്കാന്‍ പോന്നമട്ടില്‍ സടകുടഞ്ഞെഴുന്നെല്‍ക്കുന്നു. ദുരിതമനുഭവിക്കുന്നവരെ അവര്‍ പ്രത്യാശാഭരിതരാക്കുന്നു. സന്തുഷ്ടരുടെ ആഹ്ളാദത്തെ വര്‍ദ്ധിപ്പിക്കുന്നു. അജ്ഞാനികളായ ആളുകളുടെ മൂഢതയെ അവര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു. ദുരിതങ്ങളാലും മാനസീകമായ പിരിമുറുക്കംകൊണ്ടും ദുഖാര്‍ത്തികള്‍ കൊണ്ടും വലയുന്നവരെ സഹായിക്കാന്‍ ഈ മഹാന്മാര്‍ മാത്രമേയുള്ളൂ.

ഇപ്പറഞ്ഞ സ്വഭാവ സവിശേഷതകള്‍ നോക്കി മഹദ് വ്യക്തികളെ കണ്ടുപിടിച്ച് അവരില്‍ അഭയം തേടാം. കാരണം സംസാരസാഗാരത്തെ തരണം ചെയ്യാന്‍ അവരുടെ സഹായം കൂടിയേ തീരൂ. ‘വരുന്നത് വരട്ടെ’ എന്ന മട്ടില്‍ വിധിവിഹിതവും പ്രതീക്ഷിച്ചുകൊണ്ട് ഒരിക്കലും നിഷ്ക്രിയനായി ഇരിക്കരുത്.

ഇപ്പറഞ്ഞ ഗുണങ്ങള്‍ എല്ലാം തികഞ്ഞ വ്യക്തിയല്ലെങ്കില്‍പ്പോലും അവയില്‍ ഒരു ഗുണമെങ്കിലും തികഞ്ഞയാള്‍ മഹാത്മാവ് തന്നെയാണ്. അയാളുടെ മറ്റെല്ലാ പോരായ്മകളും നമുക്കവഗണിക്കാം. മറ്റുള്ളവരിലെ നന്മയെ കാണാനും അംഗീകരിക്കാനും പഠിക്കണം. തിന്മകളെ മനസ്സിലാക്കുകയും വേണം. അങ്ങനെയാണ് സദ്‌വൃത്തരെ കണ്ടെത്തുക. നന്മ നിറഞ്ഞ ഒരാളില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍പ്പോലും അയാളെ സേവിക്കുക. എന്നാല്‍ അയാളിലെ തിന്മകളെ പ്രോത്സാഹിപ്പിക്കരുത്. ദുര്‍വാസനകളെ കീഴടക്കിയില്ലെങ്കില്‍ ഏതൊരു മഹാനും തിന്മയിലേയ്ക്ക് വീണുപോകാം.

ഇതൊക്കെ ഞാന്‍ നേരിട്ട് കണ്ടറിഞ്ഞതാണ്. നന്മയുള്ള ഒരാള്‍ സാഹചര്യങ്ങളുടെ പിടിയില്‍പ്പെട്ട് തിന്മയിലേയ്ക്ക് തിരിയുന്നത് ദൌര്‍ഭാഗ്യകരം തന്നെ. അത് സമൂഹത്തില്‍ ദുരിതം വിതയ്ക്കും. അതിനാല്‍ മറ്റു പ്രവര്‍ത്തികള്‍ എല്ലാം വിട്ട് മഹാത്മാക്കളെ സേവിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുക. ഇതുമാത്രമേ ഇഹത്തിലും പരത്തിലും നമുക്ക് സഹായകരമാവൂ.

മഹാത്മാക്കളില്‍ നിന്നും അകന്നു ജീവിക്കരുത്. കാരണം അവര്‍ സാന്നിദ്ധ്യമാത്രം കൊണ്ട് മഹാത്മാക്കള്‍ എല്ലായിടത്തും നന്മയുടെ സുഗന്ധം പരത്തുന്നവരാണ്.