യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 591 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

നാബുദ്ധിപൂര്‍വ്വം തത്കര്‍മ സംഭവത്യംഗ കസ്യചിത്
ബുദ്ധിപൂര്‍വ്വം തു യദ്വ്യര്‍ത്ഥം കുര്യാദുന്‍മത്തകോ ഹി ക: (6.2/103/69)

വസിഷ്ഠന്‍ തുടര്‍ന്നു: അജ്ഞാനംകൊണ്ടോ ഭ്രമചിന്തകള്‍ കൊണ്ടോ ഈ ശാസ്ത്രത്തെ നിന്ദിക്കുന്നവരുമായുള്ള സംഗം ഉപേക്ഷിക്കുക. ഞാന്‍ ആരാണെന്ന് എനിക്കറിയാം. നിങ്ങള്‍ എന്താണെന്നും എനിക്കറിയാം. ഞാന്‍ നിങ്ങളുടെ ബോധം തന്നെയാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ ഈ ശാസ്ത്രം പറഞ്ഞുതരാന്‍ ഇരിക്കുന്നു എന്നേയുള്ളു. ഞാന്‍ മനുഷ്യനോ ദേവനോ ഗന്ധര്‍വ്വനോ ഒന്നുമല്ല. നിങ്ങളുടെ പുണ്യം പൂവണിഞ്ഞ ഫലമാണ് ഞാന്‍ എന്നറിയുക. ഞാന്‍ ‘അതോ’, ‘ഇതോ’, ‘മറ്റെന്തെങ്കിലു’മോ ഒന്നുമല്ല.

സംസാരമെന്ന രോഗത്തിനുള്ള, ലോകമെന്ന ഭ്രമക്കാഴ്ചക്കുള്ള പ്രതിവിധി നാം ഈ ജന്മത്തില്‍ ഇവിടെ കണ്ടെത്തുകതന്നെ വേണം.

ഭൌതീകമായ ഈ ലോകത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള വിശ്വാസവും ചിന്തയും കുറച്ചുകൊണ്ടുവന്നില്ലെങ്കില്‍ ഈ ഭാവനാത്മകലോകമെന്ന ധാരണയെ ക്ഷീണപ്രായമാക്കാന്‍ നമുക്ക് കഴിയില്ല. സ്വപരിമിതിയെന്ന അശുദ്ധിയെ ഇല്ലാതാക്കാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ലതന്നെ. വാസനകളെ, പരിമിതികളെ, ഉപാധികളെ, ലോകധാരണകളെ ശോഷിപ്പിച്ചില്ലാതെയാക്കുക മാത്രമാണൊരു വഴി. വസ്തു ഉണ്ടെന്നുവരികില്‍ അതിനെക്കുറിച്ചുള്ള ധാരണ സഹജമാണ്. എന്നാല്‍ ഇല്ലാത്തവസ്തുവിനെ ഉണ്ടെന്നുകരുത്തുന്നത് അന്വേഷണത്തിന്റെ അഭാവമാണ് കാണിക്കുന്നത്. ഈ ലോകമെന്ന കാഴ്ചയ്ക്ക് നിയതമായ കാരണങ്ങള്‍ ഒന്നുമില്ല. അയാഥാര്‍ത്ഥമായ ഒന്നിന്റെ പരിണിതഫലമെങ്ങനെയാണ് യാഥാര്‍ത്ഥ്യമാവുക?

‘അവസ്തു’(ആത്മീയത) വിഷയവസ്തുവിനു കാരണമാകാന്‍ എങ്ങനെകഴിയും? സൂര്യനില്‍ നിഴല്‍ ഉണ്ടാകുമെങ്കില്‍ മാത്രമേ ബോധത്തില്‍ വിഷയം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളൂ. ലോകമെന്നത് അണുക്കളുടെ ഒരു ശുദ്ധ സംഘാതമാണെന്ന് പറഞാല്‍ അതെങ്ങനെ ശരിയാവും? കാരണം അണുക്കളും ജഡവസ്തുക്കള്‍ തന്നെയല്ലേ?

“ലോകമെന്ന സൃഷ്ടി വെറും അജ്ഞതാ കര്‍മ്മമല്ല. എന്നാലത് ബുദ്ധിശക്തിയുടെ പ്രവര്‍ത്തനഫലമാണ് എന്ന് പറഞ്ഞാല്‍ അതും ശരിയല്ല. ഏതൊരു ബുദ്ധിമാനാണ് ഭ്രാന്തുപിടിച്ച ലോകസൃഷ്ടിയെപ്പോലൊരു വൃഥാ വ്യായാമത്തില്‍ ഏര്‍പ്പെടുക?”

അതിനാല്‍ ഒന്ന് ശരിയാണ്; ലോകമെന്ന കാഴ്ച വെറും പ്രകടനം മാത്രമാണ്. സത്തില്ലാത്ത കുമിള മാത്രമാണത്. ശരിയായ അസ്തിത്വം ലോകത്തിനില്ല. സ്വപ്നത്തിലെ വസ്തുക്കളെപ്പോലെ നാം ശുദ്ധശൂന്യതയില്‍ ഉരുവായതാണ്. ലോകം വാസ്തവത്തില്‍ ശുദ്ധബോധം തന്നെയാണ്. രണ്ടും തമ്മില്‍ വ്യത്യാസമില്ല. ഒരേ മൂലധാതുതന്നെ വായുവായും ആകാശത്തുള്ള ചലനമായും (കാറ്റായും) പ്രകടമാവുന്നതുപോലെയാണിത്.

സ്വപ്നം കാണുന്നയാളില്‍ സ്വപ്നമുണ്ടാക്കുന്നതുപോലെ, ജാഗ്രദ് അവസ്തയിലുള്ളവരില്‍ ലോകത്തെയുണ്ടാക്കുന്നതും ബോധമാണ്. രണ്ടും ഉണ്ടായത് ഒരേ വസ്തുഘടകത്തില്‍ നിന്നുമാണ്. കാര്യങ്ങള്‍ അങ്ങനെയിരിക്കെ ബ്രഹ്മാവിന്റെയാണെങ്കില്‍പ്പോലും ശരീരത്തിനെന്താണ് സാംഗത്യം? അത് ആദ്യത്തെ സ്വപ്നവസ്തുവായി ബോധത്തില്‍ ഉരുത്തിരിഞ്ഞുവന്നു എന്നേയുള്ളു

ബ്രഹ്മം മാത്രമേയുള്ളൂ. ഏറെക്കാലമായി സത്യമെന്നപോലെ എല്ലാവരും അനുഭവിച്ചുവരുന്നവയാണെങ്കിലും വിശ്വപുരുഷനെന്നതുപോലും വെറും ഭാവനയാണ്. ഈ കാര്യങ്ങളെല്ലാം, ബ്രഹ്മാവുമുതല്‍ വെറുമൊരു തൂണുവരെ എല്ലാമെല്ലാം മിഥ്യയായ വിഷയക്കാഴ്ചകളാണ്.

സ്വപ്നത്തിലെ വസ്തുക്കളെപ്പോലെയാണെല്ലാം. സ്വപ്നത്തിലെ വസ്തുക്കള്‍ക്ക് രൂപഭാവങ്ങള്‍ ഉള്ളതുപോലെ ലോകത്തിലെ വസ്തുക്കള്‍ക്കും രൂപഭാവങ്ങള്‍ പ്രകടമായിക്കാണുന്നു. അപ്പോള്‍പ്പിന്നെ ഭൌതീകമായ അസ്തിത്വം എന്നാലെന്താണ്? ഈ ലോകമെന്ന കാഴ്ചയില്‍ എന്തെല്ലാം ഉണ്ട്? എവിടെയാണവ? എന്താണവ? എന്താണ് എകാത്മകത? എന്താണ് വൈവിദ്ധ്യത? അസ്തിത്വത്തെ സംബന്ധിച്ച ധാരണകള്‍ എന്തൊക്കെയാണ്? ലോകമെന്ന ധാരണയെ നിലനിര്‍ത്താനായി സ്വപരിമിതികളെപ്പറ്റിയും മനോപാധികളെപ്പറ്റിയും വാസനകളെപ്പറ്റിയുമുള്ള എന്തെല്ലാം ഭാവനകളാണുള്ളത്? എന്തൊക്കെയാണത്! അവയൊന്നും സത്യമല്ല!

ഈ സത്യം തിരിച്ചറിഞ്ഞു നിര്‍വാണപദത്തെ പ്രാപിച്ചാലും. അതില്‍ അഭിരമിച്ചാലും.