ഡൗണ്‍ലോഡ്‌ MP3

ഹിരണ്യാക്ഷേ പോത്രിപ്രവരവപുഷാ ദേവ ഭവതാ
ഹതേ ശോകക്രോധഗ്ലപിതധൃതിരേതസ്യ സഹജ: |
ഹിരണ്യപ്രാരമ്ഭ: കശിപുരമരാരാതിസദസി
പ്രതിജ്ഞമാതേനേ തവ കില വധാര്ഥം മധുരിപോ || 1 ||

ഹേ മധുവൈരിയായ ഭഗവന്‍! വരാഹസ്വരൂപം ധരിച്ച നിന്തിരുവടിയാല്‍ ഹിരണ്യക്ഷന്‍ കൊല്ലപ്പെട്ടപ്പോള്‍ സഹോദരനായ ഹിരണ്യകശിപു വ്യസനംകൊണ്ടും കോപംകൊണ്ടും അസ്വസ്ഥമായ മനസ്സോടുകൂടിയവനായിട്ട് നിന്തിരുവടിയുടെ വധത്തിനായി അസുരന്മാരുടെ സഭയില്‍ വെച്ച് സത്യംചെയ്തുവത്രെ !

വിധാതാരം ഘോരം സ ഖലു തപസിത്വാ നചിരത:
പുര: സാക്ഷാത്കുര്‍വ്വന്‍ സുരനരമൃഗാദ്യൈരനിധനം |
വരം ലബ്ധ്വാ ദൃപ്തോ ജഗദിഹ ഭവന്നായകമിദം
പരിക്ഷുന്ദന്നിന്ദ്രാദഹരത ദിവം ത്വാമഗണയന്‍  || 2 ||

അവനാവട്ടെ, ഉഗ്രമായ തപസ്സുചെയ്തിട്ട് വളരെ താമസിയാതെ ബ്രഹ്മദേവനെ പ്രത്യക്ഷനാക്കി ദേവ, മനുഷ്യ, മൃഗാദികളാല്‍ കൊല്ലപ്പെടരുതെന്ന വരത്തെ ലഭിച്ച് അഹങ്കാരത്തോടുകൂടിയവനായി ഇവിടെ അങ്ങയുടെ രക്ഷയിലിരിക്കുന്ന ഈ ലോകത്തെ പീഢിപ്പിച്ചുകൊണ്ട് അങ്ങയെ വകവെക്കാതെ ഇന്ദ്രനില്‍നിന്നു സ്വര്‍ഗ്ഗത്തെ അപഹരിച്ചു.

നിഹന്തും ത്വ‍ാം ഭൂയസ്തവ പദമവാപ്തസ്യ ച രിപോര്‍ –
ബഹിര്‍ദൃഷ്ടേരന്തര്‍ദധിഥ ഹൃദയേ സൂക്ഷ്മവപുഷാ |
നദന്നുച്ചൈസ്തത്രാപ്യഖിലഭുവനാന്തേ ച മൃഗയന്‍
ഭിയാ യാതം മത്വാ സ ഖലു ജിതകാശീ നിവവൃതേ || 3 ||

പിന്നീട് അങ്ങയെ വധിപ്പാനായി അങ്ങയുടെ സ്ഥാനമായ വൈകുണ്ഠത്തിലെത്തിച്ചേര്‍ന്ന ബാഹ്യദൃഷ്ടിമാത്രമുള്ളവനായ, ആ ശത്രുവിന്റെ ഹൃദയത്തില്‍ തന്നെ സൂക്ഷ്മശരീരത്തോടുകൂടി മറഞ്ഞിരുന്നു; അവനാകട്ടെ, ഉറക്കെഗര്‍ജ്ജിച്ചുകൊണ്ട് ആ വൈകുണ്ഠത്തിലും മറ്റെല്ലാലോകങ്ങളിലും അങ്ങയെ അന്വേഷിച്ചു പേടിച്ചു ഓടിപ്പോയവനായി കരുതി ജയിച്ചു എന്നഭിമാനിച്ച് മടങ്ങിപ്പോന്നു.

തതോസ്യ പ്രഹ്ലാദ: സമജനി സുതോ ഗര്‍ഭവസതൗ
മുനേ‍ര്‍വീണാപാണേരധിഗതഭവദ്ഭക്തിമഹിമാ |
സ വൈ ജാത്യാ ദൈത്യ: ശിശുരപി സമേത്യ ത്വയി രതിം
ഗതസ്ത്വദ്ഭക്താന‍ാം വരദ പരമോദാഹരണത‍ാം || 4 ||

അനന്തരം ഗര്‍ഭത്തി‍ല്‍ വസിക്കുമ്പോള്‍തന്നെ വീണാപാണിയായ നാരദമഹര്‍ഷിയില്‍നിന്നു ഭഗവത്‍ഭക്തിമാഹാത്മ്യം അറിഞ്ഞവനായ പ്രഹ്ലാദ‍ന്‍ ഇവന്റെ പുത്രനായി പിറന്നു.  അവനാവട്ടെ ജാതിയില്‍ അസുരനും ശിശുവും ആയിരുന്നിട്ടും അങ്ങയില്‍ ആസക്തിയോടുകൂടിയവനായിട്ട് ഹേ വരദനായ ഭഗവ‍ന്‍! അങ്ങയുടെ ഭക്തന്മാരില്‍ ഉത്തമമായ ഉദാഹരണഭാവത്തെ പ്രാപിച്ചു.

സുരാരീണ‍ാം ഹാസ്യം തവ ചരണദാസ്യം നിജസുതേ
സ ദൃഷ്ട്വാ ദുഷ്ടാത്മാ ഗുരുഭിരശിശിക്ഷച്ചിരമമും |
ഗുരുപ്രോക്തം ചാസാവിദമിദമഭദ്രായ ദൃഢമി-
ത്യപാകുര്‍വന്‍ സര്‍വം തവ ചരണഭക്ത്യൈവ വവൃധേ || 5 ||

ദുഷ്ടബുദ്ധിയായ ആ ഹിരണ്യകശിപു സുരദ്വേഷികളായ അസുരന്മാര്‍ക്ക്  പരിഹാസയോഗ്യമായ അങ്ങയുടെ തൃപ്പാദദാസ്യഭാവത്തെ തന്റെ പുത്രനില്‍ കണ്ടിട്ട് ഗുരുജനങ്ങളെക്കൊണ്ട് ഇവനെ വളരെക്കാലം അഭ്യസിപ്പിച്ചു; ഇവനാവട്ടെ ഇതും നല്ലതിനല്ല, നല്ലതിനല്ല തീര്‍ച്ചതന്നെ എന്നിങ്ങിനെ ഗുരുജനങ്ങളുടെ ഉപദേശം മുഴുവ‍ന്‍ തള്ളികഴിഞ്ഞ് അങ്ങയുടെ പാദഭക്തിയോടുകൂടിതന്നെ വളര്‍ന്നുവന്നു.

അധീതേഷു ശ്രേഷ്ഠം കിമിതി പരിപൃഷ്ടേഥ തനയേ
ഭവദ്ഭക്തിം വര്യാമഭിഗദതി പര്യാകുലധൃതി: |
ഗുരുഭ്യോ രോഷിത്വാ സഹജമതിരസ്യേത്യഭിവിദന്‍
വധോപായാനസ്മിന‍ന്‍ വ്യതനുത ഭവത്പാദശരണേ || 6 ||

അനന്തരം ഒരുനാള്‍ “നീ പഠിച്ചവയില്‍ ശ്രേഷ്ഠമായതെന്താണ്? എന്നിങ്ങനെ മകനോടു ചോദിച്ചപ്പോള്‍ നിന്തിരുവടിയോടുള്ള ഭക്തിതന്നെയാണ് ശ്രേഷ്ഠമായിട്ടുള്ളത് എന്നു പറയവേ ആ ഹിരണ്യകശിപു ചിത്തം കലങ്ങിയവനായി ഗുരുക്കന്മാരോടു കോപിച്ച് ഇവന്റെ സ്വാഭാവികബുദ്ധിയാണ് ഇതെന്നു മനസ്സിലാക്കി അങ്ങയുടെ പാദങ്ങളെ ശരണമായിക്കരുതിയിരുന്ന ഇവനെ വധിപ്പാനുള്ള ഉപായങ്ങളെ ചിന്തിച്ചുതുടങ്ങി.

സ ശൂലൈരാവിദ്ധ: സുബഹു മഥിതോ ദിഗ്ഗജഗണൈര്‍ –
മഹാസര്‍പൈര്‍ദഷ്ടോപ്യനശനഗരാഹാരവിധുത: |
ഗിരീന്ദ്രവക്ഷിപ്തോപ്യഹഹ! പരമാത്മന്നയി വിഭോ
ത്വയി ന്യസ്താത്മത്വാത് കിമപി ന നിപീഡാമഭജത ||7||

ഹേ പരമാത്മസ്വരൂപിയായ പ്രഭോ ! അവന്‍ ശൂലത്താ‍ല്‍ കുത്തപ്പെട്ടു; ദിഗ്ഗജങ്ങളാല്‍ വളരെയേറെ മര്‍ദ്ദിക്കപ്പെട്ടു; ഘോരസര്‍പ്പങ്ങളാല്‍ കടിപ്പിക്കപ്പെട്ടു എന്നിട്ടും പട്ടിണി, വിഷാന്നഭക്ഷണം എന്നിവയാല്‍ പീഡീപ്പിക്കപ്പെട്ട വനായിരുന്നിട്ടും കഷ്ടം കഷ്ടം മലയുടെ മുകളില്‍നിന്നു താഴോട്ടു തള്ളപ്പെട്ടവനായിരുന്നിട്ടും അങ്ങയി‍ല്‍ സമര്‍പ്പിക്കപ്പെട്ട മനസ്സോടുകൂടിയവനായതുകൊണ്ട് ഒരുവിധത്തിലുള്ള ക്ലേശവും ഉണ്ടായില്ല.

തത: ശങ്കാവിഷ്ട: സ പുനരതിദുഷ്ടോസ്യ ജനകോ
ഗുരൂക്ത്യാ തദ്ഗേഹേ കില വരുണപാശൈസ്തമരുണത് |
ഗുരോശ്ചാസാന്നിധ്യേ സ പുനരനുഗാന്‍ ദൈത്യതനയാന്‍
ഭവദ്ഭക്തേസ്തത്ത്വം പരമമപി വിജ്ഞാനമശിഷത് || 8 ||‍

അനന്തരം പരമദുഷ്ടനായ അവന്റെ അച്ഛനായ ആ ഹിരണ്യകശിപു ശങ്കയോടുകൂടിയവനായിട്ട് ഗുരുവിന്റെ ഉപദേശംകൊണ്ട് വീണ്ടും അവരുടെ ഗൃഹത്തില്‍ വരുണപാശങ്ങളെകൊണ്ട് അവനെ ബന്ധിച്ചുവത്രെ ! ആ പ്രഹ്ലാദനാവട്ടെ ഗുരു അവിടെ ഇല്ലാത്ത അവസരത്തില്‍ കൂടെയുണ്ടായിരുന്ന അസുരകുമാരന്മാര്‍ക്ക് ഭഗവദ്ഭക്തിയുടെ തത്വത്തേയും ഉല്‍കൃഷ്ടമായ ആത്മജ്ഞാനത്തേയും ഉപദേശിച്ചു.

പിതാ ശൃണ്വന്‍ ബാലപ്രകരമഖിലം ത്വത്സ്തുതിപരം
രുഷാന്ധ: പ്രാഹൈനം കുലഹതക കസ്തേ ബലമിതി |
ബലം മേ വൈകുണ്ഠസ്തവ ച ജഗത‍ാം ചാപി സ ബലം
സ ഏവ ത്രൈലോക്യം സകലമിതി ധീരോയമഗദീത്  || 9 ||

അവന്റെ അച്ഛന്‍ കുട്ടികളെല്ലാവരേയും അങ്ങയുടെ നാമസംകീര്‍ത്തനം ചെയ്യുനന്തിലുത്സുകന്മാരായി കേട്ട് കോപാന്ധനായി “ഹേ കുലത്തെ കെടുത്തവനെ നിനക്കാരാണ് സഹായം” എന്നിങ്ങനെ അവനോട് ചോദിച്ചു. “എനിക്ക് വൈകുണ്ഠവാസിയായ ശ്രീ നാരയണമൂര്‍ത്തിയാണ് സഹായം; അങ്ങയ്ക്കും ചരാചരാത്മകമായ ഈ ലോകത്തിനും അദ്ദേഹം തന്നെയാണ് ബലം ത്രൈലോക്യം മുഴുവനും അദ്ദേഹംതന്നെയാണ്;” എന്നിങ്ങനെ ധൈര്യത്തോടുകൂടി അവ‍ന്‍ ഉത്തരം പറഞ്ഞു.

അരേ ക്വാസൗ ക്വാസൗ സകലജഗദാത്മാ ഹരിരിതി
പ്രഭിന്തേ സ്മ സ്തംഭം ചലിതകരവാലോ ദിതിസുത: |
അത: പശ്ചാദ്വിഷ്ണോ ന ഹി വദിതുമീശോസ്മി സഹസാ
കൃപാത്മന്‍ വിശ്വാത്മന‌ പവനപുരവാസിന്‍ മൃഡയ മ‍ാം || 10 ||

അസുരനായ ഹിരണ്യകശിപു കൈവാളിളക്കിക്കൊണ്ട് “ലോകങ്ങള്‍ക്കെല്ല‍ാം ആത്മസ്വരൂപിയായിരിക്കുന്ന ഈ വിഷ്ണു എവിടെ?” “അവനവിടെ” എന്ന് അലറിക്കൊണ്ട് തൂണിനെ ആഞ്ഞുവെട്ടി; ഹേ സര്‍വ്വവ്യാപിയായ ഭഗവ‍ന്‍! അതിന്നപ്പുറം പെട്ടെന്നു പറയുന്നതിന്ന് ഞാന്‍ ശക്തനല്ല; ഹേ കൃപാലുവായ വിശ്വമൂ‍ത്തേ ! ഗുരുവായൂര്‍പുരേശ! എന്നെ കാത്തരുളേണമേ !

പ്രഹ്ലാദചരിതവര്‍ണ്ണനം എന്ന ഇരുപത്തിനാലം ദശകം.
ആദിതഃ ശ്ലോകാഃ 253.
വൃത്തം : ശിഖരിണി. ലക്ഷണം: യതിക്കാറില്‍ തട്ടും യമനസഭലംഗം ശിഖരിണി.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.