യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 594 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
അതോ ജീവന്നപി മൃത ഇവ സര്‍വോഽവതിഷ്ഠതേ
അസാവഹം ച ത്വം ചേതി ജീവന്തോഽപി മൃതാ ഇവ (6.2/107/2)
വസിഷ്ഠന്‍ തുടര്‍ന്നു: ഈ ലോകം മുഴുവനും അനന്തബോധം തന്നെയാണെങ്കിലും ഒരു വിഷയമെന്നനിലയ്ക്ക് അതൊരു ജഡദൃശ്യമാണ്.
“അതിനാല്‍ ജീവനുണ്ടെങ്കിലും എല്ലാം ചത്തതുപോലെയാണ്. നീയും ഞാനും ജീവനോടെയുണ്ടെങ്കില്‍പ്പോലും മരിച്ചവരെപ്പോലെയാണ്.”
ലോകമെന്ന ഭാവനാസങ്കല്‍പ്പത്തെ ഈ ലോകത്തുപേക്ഷിച്ചിട്ട്, ‘ഞാന്‍, നീ’, മുതലായ ഭാവനകളെ നമ്മില്‍ത്തന്നെ കളഞ്ഞിട്ട് ഉചിതമായ കര്‍മ്മങ്ങളില്‍ വ്യാപൃതനായാലും.
എന്തുകൊണ്ടാണീ ലോകമെന്ന കാഴ്ച ആദ്യമായി ഉണ്ടാവാന്‍തന്നെ കാരണം?
അതിന് നിയതമായ കാരണം ഒന്നും പറയുക വയ്യ. എന്തിനാണൊരു കുട്ടി കളിക്കുന്നത്? അതിന് കാരണമോ പ്രോല്സാഹനമോ ഒന്നും വേണ്ടല്ലോ? അതിനാല്‍ ഒരുവന്‍ തന്റെ ജീവിതകാലം വസ്തുവിനെയും മനസ്സിനെയും പറ്റിയുള്ള ഗവേഷണം നടത്തി പാഴാക്കരുത്. സ്വര്‍ണ്ണം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആകാശം വൃത്തിയാക്കിയതുകൊണ്ടെന്തുകാര്യം?
ഇനി ഈ കഥ കേട്ടാലും. ഈ ലോകത്ത്, ജംബുദ്വീപമെന്ന ഭൂഖണ്ഡത്തില്‍ തതം എന്ന നഗരത്തില്‍ വിപശ്ചിത്ത് എന്ന പേരുള്ള ജ്ഞാനിയായ ഒരു രാജാവ് വാണിരുന്നു. അയാളുടെ മഹിമ വിവരണാതീതമായിരുന്നു. കൊട്ടാരം കവികളും സ്തുതിപാഠകരുമെല്ലാം അവരവരുടെ കഴിവുകളെല്ലാം ഉപയോഗിച്ചിട്ടും അദ്ദേഹത്തിന്‍റെ മഹിമകളെ പൂര്‍ണ്ണമായി വര്‍ണ്ണിക്കാന്‍ കഴിയാതെ വിഷമിച്ചു. രാജാവിന്റെ സഹവാസം എല്ലാവര്‍ക്കും പ്രിയങ്കരമായിരുന്നു. രാജാവ് സഭാവാസികളെ സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. ബ്രഹ്മണഭക്തി, നിത്യേനയുള്ള അഗ്നിപൂജ എന്നിവയില്‍ അദ്ദേഹം ശ്രദ്ധചെലുത്തിയിരുന്നു.
രാജ്യത്തിന്റെ നാലതിര്‍ത്തികളിലായി നാലു മന്ത്രിമാര്‍ രാജ്യത്തെ പരിരക്ഷിച്ചുവന്നു. അവരുടെ രണവീരവും രാജ്യസ്നേഹവും കാരണം രാജാവെന്നും വിജയശ്രീലാളിതനായിരുന്നു.
ഒരിക്കല്‍ കിഴക്കന്‍ പ്രദേശത്തുനിന്നും വന്ന ഒരു ജ്ഞാനി രാജാവിനെ മുഖം കാണിച്ചു. അയാള്‍ രാജാവിനോട് അശുഭകരമായ ചില അപ്രിയസത്യങ്ങള്‍ പറഞ്ഞു: രാജാവേ, അങ്ങ് കാലും കയ്യുമെല്ലാം ഈ ഭൂമിയില്‍ ബന്ധിച്ച്നിര്‍ത്തി ജീവിതം പാഴാക്കുന്നു. ഇനി ഞാന്‍ പറയുന്നത് കേട്ട് വേണ്ടതെന്താണെന്നു വച്ചാല്‍ ചെയ്യുക. അങ്ങയുടെ കിഴക്കന്‍ അതിര്‍ത്തി കാത്തിരുന്ന മന്ത്രി മരിച്ചു. രാജ്യത്തിന്റെ തെക്കേ അതിര്‍ത്തിയിലേ മന്ത്രി കിഴക്കേ അതിരുകൂടി പരിരക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും അയാളെ ശത്രുക്കള്‍ കീഴടക്കി. അയാളും മരിച്ചു. പടിഞ്ഞാറെ അതിരിലെ മന്ത്രി സൈന്യങ്ങളുമായി തെക്കുദേശത്തേയ്ക്ക് പുറപ്പെട്ടുവെങ്കിലും ശത്രുക്കള്‍ അയാളെയും വകവരുത്തി.
ഇത്രയും പറഞ്ഞപ്പോഴേയ്ക്കും രാജ്യത്തിന്റെ വടക്കെ അതിര്‍ത്തിയിലെ മന്ത്രി കൊട്ടാരവാതില്‍ക്കല്‍ വന്നിട്ടുള്ളതായി ഒരു രാജസേവകന്‍ അറിയിച്ചു.
രാജാവ് സൈന്യത്തെ തയാറാക്കി നിര്‍ത്തി, മന്ത്രിയോട് സഭയില്‍ വരാന്‍ കല്‍പ്പിച്ചു. മന്ത്രി സഭയിലെത്തി രാജാവിനെ അഭിവാദ്യം ചെയ്തു. അയാള്‍ പരിക്ഷീണനായിരുന്നു. ശത്രുക്കള്‍ അയാളെ കീഴടക്കിയിരുന്നു. അയാള്‍ രാജാവിനോട് പറഞ്ഞു: പ്രഭോ, അങ്ങയ്ക്ക് വേണ്ടി പൊരുതി മറ്റു മൂന്നു മന്ത്രിമാരും യമപുരിക്ക് പോയിക്കഴിഞ്ഞു. ഇനി അങ്ങ് വിചാരിച്ചാലേ ശത്രുവിനെ തോല്പ്പിക്കാനാവൂ.
അപ്പോള്‍ മറ്റൊരാള്‍ സഭയിലെത്തി ഇങ്ങനെ പറഞ്ഞു: നഗരം മുഴുവന്‍ ശത്രുക്കള്‍ വളഞ്ഞിരിക്കുന്നു. അവരുടെ ആയുധങ്ങള്‍ എങ്ങുമെങ്ങും കാണാനുണ്ട്. രാക്ഷസവീര്യമാണ് അവര്‍ക്കുള്ളത്. അങ്ങയുടെ മഹിമയ്ക്ക് കിടപിടിക്കുമാറ് അവരുടെ കവചങ്ങള്‍ തിളങ്ങുന്നു.
അവരുടെ സൈന്യത്തില്‍ ഒന്നാന്തരം അണികളുണ്ട്. ക്രോധബാധിതരായ ആ സൈന്യം ഭീതിപ്പെടുത്തുന്ന യുദ്ധകാഹളം മുഴക്കുന്നു. ഈ വിവരം അങ്ങയെ ധരിപ്പിക്കാന്‍ ശത്രുക്കളുടെ നേതാവ് എന്നെ ചുമതലപ്പെടുത്തിയതാണ്. അയാള്‍ സഭയില്‍ നിന്നും പോയി.
രാജാവിന്റെ സൈന്യം, ആയുധമേന്തി യുദ്ധത്തിനായി തയ്യാറെടുത്തു.