യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 597 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ഇത: സ്വപിതി കേശവ: കുലമിതസ്തദീയാദ്വിഷാ
മിതോഽപി ശരണാര്‍ത്ഥിന: ശിഖരിപത്രിണ: ശേരതേ
ഇതോഽപി വഡവാനല: സഹ സമസ്തസംവര്‍ത്തകൈ
രഹോ വിതതമൂര്‍ജ്ജിതം ഭരസഹം ച സിന്ധോര്‍വപു: (6.2/115/6)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങനെ യുദ്ധക്കളത്തില്‍ നിന്നും പാലായനം ചെയ്യുന്ന സൈനികര്‍ക്ക് പിന്നാലെ നാല് വിപശ്ചിത് രാജാക്കന്മാരും ഏറെ ദൂരം സഞ്ചരിച്ചു. ഈ നാല്‍വരും കൂടി ഉള്ളിലുള്ള സര്‍വ്വഭൌമമായ അനന്തബോധത്തിന്റെ പ്രേരണയാല്‍ ലോകം കീഴടക്കാനുള്ള ദിഗ്വിജയ പരിശ്രമത്തിലാണ്. അവര്‍ സ്വന്തം സന്നാഹങ്ങളുമായി ഏറെ ദൂരം സഞ്ചരിച്ചു. അവരങ്ങനെ അനവരതം വിശ്രമമില്ലാതെ നീങ്ങുമ്പോള്‍ കൂടെയുള്ള സൈന്യവും, സന്നാഹങ്ങളും ആയുധങ്ങളും അവര്‍ ഓടിച്ചിരുന്ന ശത്രുസൈന്യവുമെല്ലാം ക്ഷീണിതരായി നശിച്ചു.

ഈ (നാല്) രാജാക്കന്മാര്‍ അയച്ച ദിവ്യാസ്ത്രങ്ങളുടെ പ്രാഭവവും ഇല്ലാതായിരിക്കുന്നു. ഇന്ധനമില്ലാതായ അഗ്നിയെന്നപോലെ എല്ലാം അടങ്ങിയിരിക്കുന്നു!. ഈ നാല്‍വര്‍ നാല് സമുദ്രതീരങ്ങളില്‍ എത്തി. അവരുടെ കയ്യില്‍ ബാക്കിയുണ്ടായിരുന്ന അസ്ത്രങ്ങള്‍ മഴപെയ്തുണ്ടായ ചെളിയില്‍ പുതഞ്ഞും പൊടിഞ്ഞും തകര്‍ന്നുപോയി. അനന്തമായ സമുദ്രത്തെ നോക്കി ഈ നാല് സഹോദരന്മാര്‍ വിസ്മയം പൂണ്ടു.

അവരെ പിന്തുടര്‍ന്നു ചെന്നിരുന്ന മന്ത്രിമാര്‍ ഓരോരോ കാഴ്ചകള്‍ രാജാക്കന്മാര്‍ക്ക് ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു. കാടുകള്‍, മരങ്ങള്‍, സമുദ്രങ്ങള്‍, മേഘങ്ങള്‍, മലമുകളിലെ ആദിവാസികള്‍, എല്ലാം അവരവിടെ കാണുകയുണ്ടായി.

ബ്രഹ്മം ഏകമാണെങ്കിലും പലതായി കാണപ്പെടുന്നതുപോലെ, അനന്തമാണെങ്കിലും പരിമിതമായ, ക്ഷണികമായ ഈ ലോകം; ഒന്നാണെങ്കിലും പലതായി പിരിഞ്ഞു കാണുന്ന സമുദ്രം; ആന്തരീകവും ബാഹ്യവുമായ അലകളുടെ ലീലകള്‍, എല്ലാമേ എത്ര വിസ്മയകരം!

മന്ത്രിമാര്‍ സമുദ്രങ്ങളെ ചൂണ്ടിക്കാട്ടി ഇങ്ങനെപറഞ്ഞു: “പ്രഭോ, ഭഗവാന്‍ നാരായണന്റെ ധാമമായ സമുദ്രമാണിത്. ഇതാ, മറ്റേ സമുദ്രത്തില്‍ നാരായണന്റെ ശതുക്കളായ രാക്ഷസരാണ്. മറ്റൊന്നില്‍ മലകള്‍ ഒളിഞ്ഞിരിക്കുന്നു. ഈ സമുദ്രത്തിനടിയില്‍ വിവരണാതീതമായ വീര്യത്തോടെ എരിയുന്ന അഗ്നികൂപമുണ്ട്. വിശ്വപ്രളയഹേതുവായ മേഘങ്ങളും അവിടെക്കാണാം. ഈ സമുദ്രമെത്ര അദ്ഭുതകരം! എത്ര വിസ്തൃതം! എത്ര ദൃഢതരം! എത്രതരം ഭാരങ്ങളാണ് അത് വഹിക്കുന്നത്? കര്‍ത്തവ്യങ്ങളാണ് നിര്‍വഹിക്കുന്നത്!

ചന്ദ്രനെ നോക്കൂ. കിഴക്കേ ചക്രവാളത്തില്‍ ഉദിക്കുമ്പോള്‍ അത് ലോലമായ കിരണങ്ങളാല്‍ മൃദുപ്രകാശം പരത്തുന്നു. എല്ലാവര്‍ക്കും ഐശ്വര്യത്തെ പ്രദാനംചെയ്യുന്നു. രാത്രിയുടെയും ഇരുട്ടിന്റെയും ഭയപ്പാടുകളെ പാടെയകറ്റാന്‍ അതിനാകുന്നു. ഈ ചന്ദ്രനില്‍പ്പോലും കളങ്കം ഉണ്ടല്ലോ.

സ്വര്‍ഗ്ഗീയവസ്തുക്കളില്‍പ്പോലും കളങ്കം ഉള്ളപ്പോള്‍ എന്തിനെയാണ് ഈ ലോകത്തില്‍ കളങ്കരഹിതമായി നമുക്ക് കാണാനാവുക? എന്തിനെയാണ് നാം നന്മയെന്നും ഉത്തമമെന്നും പറയുക? കണ്ണടച്ചുതുറക്കുന്ന ഞൊടിയിടകൊണ്ട് മാറി മറയുന്ന ഭാഗധേയത്തിനു വിധേയമാണല്ലോ എല്ലാം! തീര്‍ച്ചയായും അകളങ്കമായ യാതൊന്നും ഭൂമിയില്‍ ഇല്ല.