യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 599 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

സ്ഫുരതി ച ഘനം സ്മൃത്വാ സ്മൃത്വാ ന ചാപി വിപദ്യതെ
ഗുണവതി ജനേ ബദ്ധാശാനാം ശ്രമോഽപി സുഖാവഹ: (6.2/118/26)

മന്ത്രിമാര്‍ ഇങ്ങനെ തുടര്‍ന്നു: പ്രഭോ, ആ കൊക്കിനെ കണ്ടാലും… *

മീന്‍ പിടിച്ചു തിന്നാനുള്ള ആ കൊക്കിന്റെ ചാതുര്യം നോക്കൂ. എത്ര ജാഗ്രതയോടും അവധാനതയോടും കൂടിയാണത് തന്റെ കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്! ദുഷ്ടജനങ്ങള്‍ കൊക്കിന്റെ പ്രകൃതിസഹജമായ ഈ പ്രവൃത്തിയെ നോക്കി അവരുടെ ദുഷ്പ്രവര്‍ത്തനങ്ങളെയും സ്വാര്‍ത്ഥതയേയും ന്യായീകരിക്കാന്‍ ശ്രമിക്കുന്നു.

എന്നാല്‍ ആ മയിലിനെ നോക്കിയാലും. അത് ശുദ്ധമായ മഴവെള്ളം കൊണ്ടാണ് തന്റെ ദാഹശമനം നടത്തുന്നത്. അഴുക്ക് ചാലുകളിലും അരുവികളിലുമുള്ള ആശുദ്ധജലം അത് കുടിക്കുകയില്ല.

“എന്നാല്‍ ആ മയില്‍ തുടര്‍ച്ചയായി മഴമേഘത്തെത്തന്നെ ധ്യാനിച്ച്‌ മഴയ്ക്കുവേണ്ടി കാത്തിരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. മഹദ്വ്യക്തികളില്‍ ഭക്തിപ്രഹര്‍ഷമുള്ള സദ്‌ജനങ്ങള്‍ അരോചകമായ അനുഭവങ്ങളെപ്പോലും സന്തോഷപ്രദമാക്കാന്‍ പോന്ന ഹൃദയത്തോടു കൂടിയവരാണ്‌.”

രാജാവേ, ആ യുവമിഥുനങ്ങളെ കണ്ടാലും. അവര്‍ പരസ്പരം അനുരാഗവായ്പ്പില്‍ സംവദിച്ച് നിമിഷങ്ങളെ നവാനുഭവങ്ങളാക്കുകയാണ്. ആ യുവാവ് തന്റെ പ്രേയസിയെ ഏറെക്കാലം പിരിഞ്ഞിരുന്നശേഷം ഇപ്പോള്‍ കാണുകയാണ്.

അയാള്‍ പറയുന്നതിതാണ്: പ്രിയേ, നമ്മള്‍ പിരിഞ്ഞിരുന്ന കാലത്ത് എന്താണുണ്ടായതെന്നോ? ഞാന്‍ ആ മേഘത്തോട് നിനക്കായി ഒരു സന്ദേശം കൊണ്ടുപോകാമോ എന്ന് ചോദിച്ചു. നിന്നെക്കാണാന്‍ ആശമൂത്ത് ഞാന്‍ ബോധംകെട്ടുവീണു. എന്റെ ശ്വാസം പോലും നിലച്ചുപോയി. എന്റെ ഓര്‍മ്മശക്തി കെട്ടു. എന്റെ ദേഹം വിറങ്ങലിച്ച് വെറുമൊരു തടിക്കഷണം പോലെയായി. തന്റെ പ്രിയപ്പെട്ടവളെ പിരിഞ്ഞിരിക്കുന്നതിന്റെ പ്രയാസം ആര്‍ക്കാണ് കൃത്യമായി വിവരിക്കുവാന്‍ കഴിയുക? എന്റെ അവസ്ഥ കണ്ടിട്ട് വഴിയാത്രക്കാര്‍ വിചാരിച്ചത് എന്റെ ജീവനറ്റുപോയി എന്നാണ്. അവരെന്റെ ദേഹം ദഹിപ്പിക്കാനുള്ള തയ്യാറെടുപ്പും ആരംഭിച്ചു. എന്നെയൊരു ചുടുകാട്ടിലേയ്ക്ക് കൊണ്ടുപോയി. ദേഹം ചിതയില്‍ വച്ച് തീയും കോളുത്തി.

നിമിഷങ്ങള്‍ക്കുള്ളില്‍ എന്നില്‍ പലവിധ വികാരങ്ങള്‍ തിരതള്ളിവന്നു. വിചിത്രങ്ങളായ അനുഭവങ്ങളും ദൃശ്യങ്ങളും എന്നില്‍ ഉണരാന്‍ തുടങ്ങി. ഭൂമിയിലെ വലിയൊരു കൂപത്തിലേയ്ക്ക് വീഴുന്നതുപോലെ എനിക്ക് തോന്നി. എന്നാല്‍ നിന്റെ പ്രേമത്തിന്റെ കവചം എന്നെ അപ്പോഴും പൊതിഞ്ഞിരുന്നു. നിന്നെക്കുറിച്ചുള്ള ധ്യാനത്താല്‍ എന്റെ മനസ്സു നിറഞ്ഞിരുന്നു. അപ്പോഴും എന്റെ ഹൃദയത്തില്‍ നീയുമായുള്ള സംഗം ഞാന്‍ ആസ്വദിക്കുകയായിരുന്നു. നമ്മുടെ ശൃംഗാരകേളികളുടെ ഓരോ വിശദാംശങ്ങളും എനിക്കോര്‍മ്മയുണ്ടായിരുന്നു. അപ്പോഴേയ്ക്കും എനിയ്ക്ക് ചുറ്റും ഞാന്‍ അഗ്നിനാളങ്ങള്‍ കണ്ടുതുടങ്ങി.

ഇത്രയും കേട്ടപ്പോഴേയ്ക്ക് ആ തരുണി മോഹാലസ്യപ്പെട്ടു. കാമുകന്‍ അവളെ അതില്‍ നിന്നും എഴുന്നേല്‍പ്പിച്ച് തന്റെ കഥ തുടര്‍ന്നു. ‘തീ, തീ’ എന്നലറി വിളിച്ചു കൊണ്ട് ഞാന്‍ എന്റെ അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നു ചാടിയെണീറ്റു. ഞാന്‍ മരണത്തില്‍ നിന്നും തിരിച്ചു വന്നതാണെന്ന് കരുതി ആളുകള്‍ സന്തോഷിച്ചു തുള്ളിച്ചാടി. അവരെന്റെ ചുറ്റും നൃത്തം ചെയ്തു. പിന്നീട് എല്ലാവരും പിരിഞ്ഞു. അങ്ങനെയാണ് ഞാന്‍ നിന്റെയടുക്കലിപ്പോള്‍ ഒാടിയണഞ്ഞത്.

വസിഷ്ഠന്‍ തുടര്‍ന്നു: ഇത്രയും കേട്ടപ്പോള്‍ നാല്‍വരായി നിന്ന വിപശ്ചിത് രാജാവ് അഗ്നിപൂജ ചെയ്തു. അഗ്നിദേവന്‍ അവര്‍ക്ക് മുന്നിലെത്തി. അവരിങ്ങനെ അഗ്നിദേവനോടു പ്രാര്‍ത്ഥിച്ചു: ‘പഞ്ചഭൂത നിര്‍മ്മിതമായ ഈ വിശ്വത്തെ അതിന്റെ സമഗ്രഭാവത്തില്‍ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആ ദൃശ്യം ഉണ്ടാകുന്നതുവരെ മരണം ഞങ്ങളെ തീണ്ടുകയില്ല എന്ന് അനുഗ്രഹിച്ചാലും. സാധിക്കുമെങ്കില്‍ ഈ ദേഹത്തിലിരുന്നു കൊണ്ടുതന്നെ ഞങ്ങള്‍ക്കാ സമഗ്രവിശ്വദര്‍ശനം സാധിപ്പിച്ചു തരണം. മിഴികളാല്‍ കാണാന്‍ കഴിയാത്ത കാഴ്ചകള്‍ മനസ്സില്‍ കാണുമാറാക്കണം’

അഗ്നിദേവന്‍ അവര്‍ ആഗ്രഹിച്ച വരം നല്‍കി മറഞ്ഞു.

*(ഈ ഭാഗത്ത് പ്രകൃതിയിലെ പല പ്രതിഭാസങ്ങളേയും പറ്റിയുള്ള വിശദമായ കാവ്യവര്‍ണ്ണനകള്‍ ഉണ്ട്. ആത്മീയതയിലെ സമാന്തരപാതകളെപ്പറ്റിയും പ്രകൃതിയിലെ സസ്യജാലങ്ങള്‍, മൃഗങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം വിശദമായി പ്രതിപാദിക്കുന്നതില്‍ നിന്നും രണ്ടുദാഹരണങ്ങള്‍ മാത്രം ഇവിടെ കൊടുത്തിരിക്കുന്നു.)